SignIn
Kerala Kaumudi Online
Friday, 26 April 2024 12.06 PM IST

ഹോമിയോ ‌ഡോക്ടർമാരോട് ചിറ്റമ്മനയം പാടില്ല

photo

അനാവശ്യ കോടതി വ്യവഹാരങ്ങൾ സമയവും പണവും വെള്ളം പോലെ ചെലവാകാനിടയാക്കും. പഴയ ചില കാരണവന്മാർക്ക് ഭൂമിസംബന്ധിച്ച വ്യവഹാരവുമായി കോടതി കയറിയിറങ്ങുന്നത് ചൂതുകളി ഭ്രമം പോലെയായിരുന്നു. ഇതുകാരണം പല കുടുംബങ്ങളും നശിച്ചുപോയിട്ടുമുണ്ട്. ചിലപ്പോഴെങ്കിലും ജനാധിപത്യ സർക്കാരുകൾക്കും ഇത്തരമൊരു ഭ്രമമുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കാരണം പത്ത് മിനിട്ടുകൊണ്ട് തീർപ്പാക്കാവുന്ന കാര്യങ്ങളിൽ അതിനു മുതിരാതെ തെറ്റായ ഉപദേശത്തിന്റെ അടിസ്ഥാനത്തിൽ സുപ്രീംകോടതി വരെ കേസ്സിനു പോയിട്ടുള്ള ഒട്ടേറെ സംഭവങ്ങളുണ്ട്. ഏറ്റവുമൊടുവിലത്തെ ദൃഷ്ടാന്തം സ‌ർക്കാർ ഹോമിയോ ഡോക്ടർമാരുടെ വിരമിക്കൽ പ്രായം സംബന്ധിച്ച കേസാണ്.

ആരോഗ്യവകുപ്പിന് കീഴിലുള്ള അലോപ്പതി ഡോക്ടർമാരുടെ വിരമിക്കൽ പ്രായം സർക്കാർ 2017-ൽ 60 ആയി ഉയർത്തിയിരുന്നു. കുറഞ്ഞത് പത്തുവർഷം മുമ്പെങ്കിലും ചെയ്യേണ്ട നടപടിയാണ് സർക്കാർ വളരെ വെെകി അന്ന് ചെയ്തത്. കാരണം സർക്കാർ കോളേജിൽ പഠിക്കുന്ന ഒരു മെഡിക്കൽ വിദ്യാർത്ഥിയുടെ വിദ്യാഭ്യാസം പൂർത്തിയാക്കാൻ സർക്കാർ ലക്ഷങ്ങൾ ചെലവാക്കേണ്ടി വരും. ഉയർന്ന സ്പെഷ്യലെെസേഷൻ ഡിഗ്രിയൊക്കെ എടുത്ത് നല്ല ഡോക്ടറായി അറിയപ്പെടാൻ കുറഞ്ഞത് 40 വയസ് കഴിയണം. കായികമായ ജോലിയല്ല ഡോക്ടറുടേത്. വൈദഗ്ദ്ധ്യമാണ് അവിടെ പ്രധാനം. അതിനാൽ വിദേശ രാജ്യങ്ങളിലും മറ്റും വളരെ ഉയർന്ന വിരമിക്കൽ പ്രായമാണ് ഡോക്ടർമാരുടേത്. ഇവിടെ അത് 58 ആയി നിജപ്പെടുത്തിയതിന്റെ ഗുണം പിന്നീട് പത്തിരുപത് വർഷത്തോളം അവർ ജോലി ചെയ്യുന്ന സ്വകാര്യ ആശുപത്രികൾക്കാണ് ലഭിക്കുന്നത്. ഇത്തരം കാര്യങ്ങൾ പലരും ചൂണ്ടിക്കാണിച്ചതിന്റെ ഫലമായാണ് പെൻഷൻ പ്രായം 60 ആക്കിയത്. എന്നാൽ അന്ന് ഇതേ ആവശ്യം ഉന്നയിച്ച ആയുഷ് വകുപ്പിന് കീഴിലുള്ള ഹോമിയോ ഡോക്ടർമാരെ തഴഞ്ഞു. മാറിവരുന്ന എല്ലാ സർക്കാരും ഹോമിയോ ‌ഡോക്ടർമാരോട് ഏതാണ്ട് ചിറ്റമ്മനയമാണ് തുടരുന്നത്.

മന്ത്രിമാർക്കും ഉയർന്ന ഉദ്യോഗസ്ഥർക്കും അസുഖം വന്നാൽ ആദ്യം ആശ്രയിക്കുന്നത് അലോപ്പതി ‌ഡോക്ടർമാരെയാണെന്നതിനാൽ സ്വാഭാവികമായും ആ രംഗത്ത് പ്രവർത്തിക്കുന്നവരുടെ ആവശ്യങ്ങൾക്ക് ചില മുൻഗണനകൾ ലഭിക്കാറുണ്ട്. പക്ഷേ അതിന്റെ പേരിൽ ഹോമിയോ ‌ഡോക്ട‌ർമാരുടെ തികച്ചും ന്യായമായ ആവശ്യങ്ങൾ പോലും കോൾഡ് സ്റ്രോറേജിൽ കയറ്റി വയ്ക്കുന്നതിന്റെ ന്യായം എന്താണ്? തങ്ങളെ ചികിത്സാരംഗത്തെ രണ്ടാംതരം പൗരന്മാരായി കാണുന്ന രീതിയാണ് പലപ്പോഴും സർക്കാർ പിന്തുടരുന്നതെന്ന അവരുടെ ആരോപണത്തിൽ വസ്തുതയുണ്ട്. ഇല്ലെങ്കിൽ അവരുടെ പെൻഷൻ പ്രായം കൂട്ടുന്നത് സംബന്ധിച്ച് സുപ്രീംകോടതി വരെ കേസ് നീളാൻ സർക്കാർ അനുവദിച്ചതിന്റെ കാരണമെന്താണ്? ഇക്കാര്യത്തിൽ മൂന്നുമാസത്തിനുള്ളിൽ തീരുമാനമെടുക്കണമെന്ന് സുപ്രീംകോടതി സർക്കാരിന് നി‌ർദ്ദേശം നൽകിയിരിക്കുകയാണ്. പെൻഷൻപ്രായം നിശ്ചയിക്കുന്നത് സർക്കാരിന്റെ നയപരമായ കാര്യമാണെന്നും കോടതി ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അതിനാൽ സർക്കാരിന് ഇത് സംബന്ധിച്ച് ഏതു തീരുമാനവുമെടുക്കാം. നാട്ടിൽ നിരവധിയാളുകൾ ഹോമിയോ ചികിത്സയെ ആശ്രയിക്കുന്നുണ്ടെന്നത് സർക്കാർ കാണാതിരിക്കരുത്. വിരമിക്കൽ പ്രായം സംബന്ധിച്ച് സർക്കാർ കാണിക്കുന്ന വിവേചനത്തിന് യാതൊരു യുക്തിയുമില്ലെന്ന് മാത്രമല്ല വിഡ്ഢിത്തവുമാണ്. അതിനാൽപിടിവാശി ഉപേക്ഷിച്ച് വിരമിക്കൽ പ്രായം ഉയർത്താൻ തയ്യാറാകണം. സർക്കാരിൽനിന്ന് ആയുഷ് വകുപ്പിൽ ജോലിചെയ്യുന്ന ‌ഡോക്ടർമാർക്ക് അനുകൂലമായ തീരുമാനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: HOMEO DOCTORS
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.