SignIn
Kerala Kaumudi Online
Saturday, 27 April 2024 9.19 AM IST

കരുവന്നൂർ ബാങ്കിലേത് ഒറ്റപ്പെട്ട സംഭവം,​ സഹകരണ പ്രസ്ഥാനത്തെ തകർക്കാൻ ഗൂഢശ്രമം നടത്തുന്നെന്ന് സി പി എം

kk

തിരുവനന്തപുരം: കരുവന്നൂർ ബാങ്ക് തട്ടിപ്പിനിരയായ നിക്ഷേപകർക്ക് പണം തിരികെ കിട്ടാത്തതിന്റെ വാർത്തകൾ പുറത്തുവരുന്നതിനിടെ പ്രതികരണവുമായി സി.പി.എം. സഹകരണ പ്രസ്ഥാനത്തെ തകർക്കാൻ ഗൂഢ ശ്രമം നടത്തുകയാണെന്ന് സി.പി.എം പ്രസ്താവനയിൽ വ്യക്തമാക്കി. മാദ്ധ്യമങ്ങൾ സംഘ പരിവാർ അജണ്ടക്ക് കുഴലൂത്ത് നടത്തുകയാണെന്നും സി.പി.എം കുറ്റപ്പെടുത്തുന്നു. വിവാദം ഒറ്റപ്പെട്ടതാണ്. സഹകരണ പ്രസ്ഥാനത്തെ തകർക്കാൻ നീക്കം നടക്കുന്നു. ഒറ്റ പൈസ നിക്ഷേപകർക്ക് നഷ്ടം വരില്ലെന്ന് മുഖ്യമന്ത്രി തന്നെ ഉറപ്പ് നൽകിയതാണെന്നും സഹകരണ ബാങ്കുകളിൽ ഉണ്ടായത് ഒറ്റപ്പെട്ട സംഭവമാണെന്നും സി.പി.എം വിശദീകരിച്ചു.

കേരളത്തിന്റെ വികസനത്തിന്‌ വമ്പിച്ച സംഭാവനയാണ്‌ സഹകരണ പ്രസ്ഥാനം നല്‍കിയിട്ടുള്ളത്‌. ഗ്രാമീണ മേഖലയെ ഹുണ്ടിക വ്യാപാരികളുടെ വ്യവഹാരങ്ങളില്‍ നിന്ന്‌ രക്ഷപ്പെടുത്തി പുതിയ പാത വെട്ടിത്തുറന്നത്‌ സഹകരണ പ്രസ്ഥാനങ്ങളാണ്‌. ഇന്ന്‌ കേരളത്തിന്റെ സമസ്‌ത മേഖലകളിലും വ്യാപിച്ചു നിന്നുകൊണ്ട്‌ ജനങ്ങള്‍ക്ക്‌ വമ്പിച്ച സേവനങ്ങളാണ്‌ അവ നല്‍കികൊണ്ടിരിക്കുന്നത്‌. 2.5 ലക്ഷം കോടിയോളം നിക്ഷേപം ഈ മേഖലയിലുണ്ട്‌. അത്രത്തോളം തന്നെ വായ്‌പയും ഈ സംഘങ്ങള്‍ നല്‍കിയിട്ടുണ്ട്‌. ഒരു ലക്ഷത്തോളം ജീവനക്കാരും സഹകരണ പ്രസ്ഥാനത്തെ ആശ്രയിച്ച്‌ ജീവിക്കുകയാണ്‌.

ആഗോളവത്‌കരണ ശക്തികളുടെ താത്പര്യങ്ങള്‍ക്ക്‌ തടസ്സമായി നില്‍ക്കുന്ന സഹകരണ പ്രസ്ഥാനത്തെ തകര്‍ക്കാനുള്ള നടപടികള്‍ നേരത്തെ തന്നെ ആരംഭിച്ചിട്ടുള്ളതാണ്‌. നോട്ട്‌ നിരോധനത്തിന്റെ കാലത്തും സഹകരണ പ്രസ്ഥാനത്തെ തകര്‍ക്കാനുള്ള ശക്തമായ ശ്രമങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ചിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ ശക്തമായ ഇടപെടലാണ്‌ അതിന്‌ തടസമായി നിന്നത്‌. സംസ്ഥാനത്തിന്റെ വിഷയമായ സഹകരണ മേഖലയില്‍ നിയമമുണ്ടാക്കുന്ന ഇടപെടലും കേന്ദ്ര സര്‍ക്കാര്‍ നടത്തുകയുണ്ടായി. ഇവയെല്ലാം പ്രതിരോധിച്ചുകൊണ്ടാണ്‌ കേരളത്തിന്റെ സഹകരണ മേഖല മുന്നോട്ട്‌ പോകുന്നത്‌.

കേരളത്തിലെ സഹകരണ പ്രസ്ഥാനത്തെ തകര്‍ക്കുക എന്ന സംഘപരിവാര്‍ അജണ്ടകള്‍ക്ക്‌ കുഴലൂത്ത്‌ നടത്തുന്ന പ്രവര്‍ത്തനമാണ്‌ ചില മാധ്യമങ്ങള്‍ നടത്തുന്നത്‌. പൊടിപ്പും തൊങ്ങലുംവെച്ച്‌ വാര്‍ത്ത ചമക്കുന്നതിന്‌ പിന്നിലുള്ള ഈ താത്പര്യങ്ങളും തിരിച്ചറിയണം. പൊതുമേഖലാ ബാങ്കുകളെ കൊള്ള ചെയ്‌ത്‌ കോടികള്‍ മുക്കിയ കോര്‍പ്പറേറ്റുകള്‍ക്ക്‌ വീണ്ടും അത്തരം കൊള്ളക്ക്‌ അവസരം കൊടുക്കുന്ന ബി.ജെ.പി സര്‍ക്കാരിന്റെ സമീപനമല്ല എല്‍.ഡി.എഫ്‌ സര്‍ക്കാര്‍ സ്വീകരിച്ചത്‌.

സഹകരണ ബാങ്കുകളില്‍ ഉയര്‍ന്നുവന്ന ഒറ്റപ്പെട്ട സംഭവത്തെ ഉയര്‍ത്തിക്കാട്ടി സഹകരണ പ്രസ്ഥാനത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരെ തിരിച്ചറിയേണ്ടതുണ്ട്‌. ഒറ്റ പൈസ പോലും നിക്ഷേപകര്‍ക്ക്‌ നഷ്ടമാകില്ലെന്നും അവ സര്‍ക്കാര്‍ സംരക്ഷിക്കുമെന്നും മുഖ്യമന്ത്രി തന്നെ ഉറപ്പ്‌ നല്‍കിയിട്ടുണ്ട്‌. ഉയര്‍ന്നുവന്ന പ്രശ്‌നങ്ങളില്‍ ശരിയായ പരിശോധന സംസ്ഥാന സര്‍ക്കാര്‍ നടത്തുകയും, ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്‌തിട്ടുണ്ട്‌. വസ്‌തുത ഇതായിരിക്കെ ആശങ്കകള്‍ വാരിയെറിഞ്ഞ്‌ സഹകരണ പ്രസ്ഥാനത്തെ തകര്‍ക്കാനുള്ള നീക്കങ്ങളെ ശക്തമായി പ്രതിരോധിക്കണമെന്നും പ്രസ്താവനയിൽ പറയുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CPM, KARUVANUR, KARUVANNUR BANK
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.