SignIn
Kerala Kaumudi Online
Friday, 26 April 2024 8.30 PM IST

സമരജീവിതത്തിന്റെ പതിനഞ്ചാണ്ട്

chengara

ജീവിക്കാൻ ഭൂമി പിടിച്ചെടുത്ത് ആദിവാസികളും പട്ടികവിഭാഗങ്ങളും ചെങ്ങറയിൽ സമരജീവിതം തുടങ്ങിയിട്ട് പതിനഞ്ച് വർഷം തികയുന്നു. കൃഷിയും ജീവിതവും സമരവും ഒരുമിച്ച് കൊണ്ടുപോകുന്ന അറുന്നൂറോളം കുടുംബങ്ങളാണ് ചെങ്ങറയിലുള്ളത്. പാട്ടക്കാലാവധി കഴിഞ്ഞ ഹാരിസൺ മലയാളം പ്ളാന്റേഷന്റെ തോട്ടം പിടിച്ചെടുത്ത് അവർ താമസം തുടങ്ങിയത് 2007 ആഗസ്റ്റ് നാലിന് അർധരാത്രിയിലായിരുന്നു. മൺമറഞ്ഞ സമരനായകൻ ളാഹ ഗോപാലൻ കൊളുത്തിയ വെളിച്ചമാണ് അവരെ നയിക്കുന്നത്. പാർട്ടികളില്ല, കൊടികളില്ല. മതവും ആരാധനാലയങ്ങളുമില്ല. ചെങ്ങറ മാതൃകാ ഗ്രാമം പോലെയാണ്.

വെളിച്ചത്തിന് ചില വീടുകളിൽ സോളാർ ആയി. താഴ്ന്ന സ്ഥലങ്ങളിൽ വെള്ളത്തിന് കിണർ കുത്തി. വേണ്ടുവോളം പാൽ ഉത്പ്പാദിപ്പിക്കാൻ ചിലർ വീടുകളിൽ പശുക്കളെ വളർത്തുന്നു. പച്ചക്കറികൾ കൃഷി ചെയ്യുന്നു. കോലിഞ്ചിയും കപ്പയും വാഴയും റബറും നട്ട് വരുമാനം കണ്ടെത്തുന്നു. അവ പുറംചന്തകളിൽ വിൽക്കുന്നു. കൃഷി ചെയ്തും കൂലിവേല ചെയ്തും ചിലർ സ്കൂട്ടറുകൾ വാങ്ങി. ചെങ്ങറ സമരഭൂമിയിൽ ഒാട്ടോ സ്റ്റാൻഡുമുണ്ട്.

സർക്കാരിനോട് റേഷൻ കാർഡിന് അപേക്ഷിച്ചിട്ട് അനുവദിച്ചില്ല. കുടിവെളളം എത്തിക്കാൻ പൈപ്പ് ലൈൻ സ്ഥാപിക്കണമെന്ന ആവശ്യം അംഗീകരിച്ചില്ല. കക്കൂസുകൾ നിർമ്മിക്കാൻ പണം കൊടുത്തില്ല. ചോർന്നൊലിക്കുന്ന കൂരകളിൽ ഭൂരിഭാഗവും ജീവിക്കുന്നു. കേരളത്തിൽ ജനിച്ചുവളർന്ന ചെങ്ങറക്കാരെ പൗരൻമാരായി അംഗീകരിക്കാൻ ഭരണകൂടം ഇൗ പതിനഞ്ചാം വർഷവും തയ്യാറായിട്ടില്ല.

കുറുമ്പറ്റി ഡിവിഷനിലെ 143 ഹെക്ടറാണ് സമരക്കാർ കയ്യേറിയത്. 26 ദിവസം അവിടെ തങ്ങി. പിന്നീട് ചേറുവാള ഡിവിഷനിലേക്ക് മാറി. 2008 മാർച്ചിൽ സമരക്കാരെ ഒഴിപ്പിക്കാൻ സർക്കാർ നടത്തിയ നീക്കങ്ങൾ പാളി. സംഘർഷമുണ്ടാക്കി ബലപ്രയോഗവും ലാത്തിച്ചാർജും നടത്തി സമരക്കാരെ ഒഴിപ്പിക്കുകയായിരുന്നു ലക്ഷ്യം. സമരക്കാരെ തീവ്രവാദി മുദ്ര‌യടിച്ച് ബലപ്രയോഗത്തിലൂടെയും ലാത്തിച്ചാർജിലൂടെയും തുരത്താൻ പൊലീസ് ശ്രമിച്ചു.

മണ്ണെണ്ണക്കുപ്പിയും തീപ്പെട്ടിയുമായി സ്ത്രീകളും കഴുത്തിൽ കുരുക്കിട്ട് പുരുഷൻമാരും പൊലീസിനെ ആക്രമിക്കാതെ പ്രതിരോധിച്ചതുകൊണ്ടാണ് ഇന്നും അവർ സമരഭൂമിയിൽ ജീവിക്കുന്നത്. സമരക്കാരെ കായികമായി നേരിടുക അസാദ്ധ്യമാണെന്ന് തിരിച്ചറിഞ്ഞ് 2009 ഒക്ട‌ോബറിൽ വി.എസ്.അച്യുതാനന്ദൻ സർക്കാർ ചർച്ചയ്ക്ക് തയ്യാറായി. തുടർന്ന് പ്രഖ്യാപിച്ച ചെങ്ങറ പാക്കേജ് പ്രഹസനമായി മാറി. 1495 കുടുംബങ്ങൾക്ക് 11 ജില്ലകളിൽ ഭൂമി അനുവദിക്കാൻ ധാരണയായിരുന്നു. ആദിവാസികൾക്ക് ഒരേക്കറും വീടും അടിസ്ഥാന സൗകര്യങ്ങളും. പട്ടികവിഭാഗങ്ങൾക്ക് 50സെന്റും വീടും അടിസ്ഥാന സൗകര്യങ്ങളും. മറ്റുള്ളവർക്ക് 25സെന്റും വീടും അടിസ്ഥാന സൗകര്യങ്ങളും. ഭൂമി ലഭിച്ചത് കാസർകോട്ടും കണ്ണൂരും വാസയോഗ്യവും കൃഷിയോഗ്യവുമല്ലാത്ത പാറ പ്രദേശങ്ങൾ. സമരഭൂമി വിട്ടുപോയവരിൽ വലിയൊരു വിഭാഗം തിരികെയെത്തി. ചിലർ മറ്റിടങ്ങളിലേക്ക് മാറി. തുടർന്നു വന്ന ഉമ്മൻചാണ്ടി സർക്കാർ 1000 പേർക്ക് 25 സെന്റ് വീതം വാഗ്ദാനം ചെയ്തെങ്കിലും നടപ്പായില്ല.

  • സമരത്തെ ശിഥിലമാക്കാൻ രാഷ്ട്രീയ നീക്കങ്ങൾ

ചെങ്ങറ ഭൂസമരം രാഷ്ട്രീയ പാർട്ടികൾക്കു നേരെ ചില ചോദ്യങ്ങളുയർത്തി. ഭൂമിയില്ലാത്ത അടിസ്ഥാന ജനവിഭാഗങ്ങൾ ജീവിക്കാൻ പ്രയാസപ്പെടുമ്പോൾ വൻകിട കോർപ്പറേറ്റ് കമ്പനികൾ ഭൂമി അനധികൃതമായി കൈവശം വയ്ക്കുകയും അവർക്ക് സർക്കാർ ഒത്താശ നൽകുകയും ചെയ്യുകയായിരുന്നു.ചോദിക്കാനും നയിക്കാനും ധീരമായ നേതൃത്വം ഇല്ലാതിരുന്നത് ആദിവാസി, പട്ടിക വിഭാഗങ്ങളുടെ അവകാശങ്ങൾ നിഷേധിക്കാൻ ഇടയാക്കിയ നിരവധി ഉദാഹരണങ്ങളുണ്ട്. ഈ ഘട്ടത്തിലാണ് ളാഹ ഗോപാലൻ എന്ന സംഘാടകനെ അവർക്ക് ലഭിച്ചത്. ചെങ്ങറ ഭൂസമരത്തിന് വ്യക്തമായ ദിശാബോധവും ചിട്ടയുമുണ്ടായിരുന്നു. ഭൂമി കയ്യേറിയവർ ഏതൊക്കെ സ്ഥലങ്ങളിൽ ജീവിക്കണമെന്ന വ്യക്തമായ പദ്ധതി തയ്യാറാക്കിയാണ് ളാഹ ഗോപാലൻ മുന്നോട്ടു പോയത്. സമരസംഘടനയായ സാധുജന വിമോചന സംയുക്ത വേദിയിലുണ്ടായ ഭിന്നതയെ തുടർന്ന് ഗോപാലൻ സമരഭൂമി വിട്ടെങ്കിലും അദ്ദേഹം ആസൂത്രണം ചെയ്ത രീതിയിൽ തന്നെയാണ് ഇപ്പോഴും അനുയായികളുടെ ജീവിതം. രോഗശയ്യയിലായിരുന്ന ഗോപാലൻ 2021സെപ്തംബർ 22ന് നിര്യാതനായി.

ചെങ്ങറ സമരക്കാരിൽ ഭിന്നതയുണ്ടാക്കാനും ഒഴിപ്പിക്കാനും രാഷ്ട്രീയ കരുനീക്കങ്ങൾ ഇന്നും സജീവമാണ്. പാർട്ടിയുടെ അടിസ്ഥാന ജനവിഭാഗങ്ങൾ അകന്നുപോകുമെന്ന് ആശങ്കപ്പെട്ട് സി.പി.എം ചെങ്ങറയിൽ വിഭാഗീയതയുടെ വിത്തു പാകിയെങ്കിലും മുളയിലേ നുള്ളാൻ സമരക്കാർക്ക് കഴിഞ്ഞു. സമരഭൂമിയിൽ ബ്രാഞ്ച് കമ്മിറ്റി രൂപീകരിക്കാനായിരുന്നു സി.പി.എം ശ്രമം. സംഘർഷാവസ്ഥയിൽ എത്തിയപ്പോൾ പൊലീസ് ഇടപെട്ടു. ഇപ്പോൾ ഒരു പാർട്ടിക്കും ചെങ്ങറയിൽ യൂണിറ്റുകളില്ല. ഡോ.ബി.ആർ.അംബേദ്കറുടെ ആശയവും പ്രതിമയുമാണ് അവരുടെ ആദർശം.

തർക്കങ്ങളിൽ പരിഹാരമില്ലാതെ ളാഹ ഗോപാലൻ ചെങ്ങറയിൽ നിന്ന് അകന്നതോടെ സമരക്കാർ ഏകോപനമില്ലായ്മയും അരക്ഷിതാവസ്ഥയും അനുഭവിച്ചു. പല തട്ടുകളിലായ അവരെ ഒരുമിപ്പിച്ച് ദിശാബോധത്തോടെ മുന്നോട്ടു പോകാൻ ചെങ്ങറ ഭൂസമര സഹായ സമിതി ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഭൂസമരത്തിന്റെ പതിനഞ്ചാം വാർഷികത്തിലും അടിസ്ഥാന സൗകര്യങ്ങളില്ലാതെയാണ് സമരക്കാർ ജീവിക്കുന്നത്. റേഷൻ കാർഡ്, വെള്ളം, വെളിച്ചം, ചികിത്സാ സൗകര്യങ്ങൾ എന്നിവയാണ് അവരുടെ ആവശ്യങ്ങൾ. ചെങ്ങറയിൽ നിന്ന് ഇനി സമരക്കാരെ ഒഴിപ്പിക്കുകയെന്നത് എളുപ്പമുള്ള കാര്യമല്ല. വാസയോഗ്യവും കൃഷിയോഗ്യവുമായ ഭൂമി ലഭിച്ചാൽ തങ്ങൾ അവിടേക്ക് പോകാമെന്നാണ് സമരക്കാരുടെ നിലപാട്. സംരക്ഷകരാകേണ്ട ഭരണകൂടങ്ങൾ വാസ യോഗ്യമല്ലാത്ത ഭൂമി അനുവദിച്ച് വഞ്ചിക്കാൻ ശ്രമിച്ചതിന്റെ അമർഷം ഇപ്പോഴും അവരുടെ മനസുകളിൽ പുകയുന്നുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CHENGARA LAND STRIKE
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.