കൊച്ചി: വാർഷിപ്പ് ഡിസൈൻ ബ്യൂറോ ഡയറക്ടർ ജനറലായി തിരുവനന്തപുരം സ്വദേശി റിയർ അഡ്മിറൽ കെ.എം.ബിമൽ ന്യൂഡൽഹിയിലെ നാവിക ആസ്ഥാനത്ത് ചുമതലയേറ്റു. ഇതോടെ, അന്തർവാഹിനികൾ ഉൾപ്പെടെ നാവികസേനയുടെ കപ്പലുകൾ രൂപകല്പന ചെയ്യുന്ന വാർഷിപ്പ് ഡിസൈൻ ബ്യൂറോയുടെ ആദ്യത്തെ മേധാവിയെന്ന നേട്ടം അദ്ദേഹത്തിനു സ്വന്തമായി.
പൂജപ്പുര വട്ടവിള സ്വദേശിയായ കെ.എം. ബിമൽ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ നിന്നാണ് ബി.ടെക് നേടിയത്. 1986ൽ സബ് ലെഫ്റ്റനന്റായി നാവികസേനയിൽ പ്രവേശിച്ചു. സേനയുടെ സ്കോളർഷിപ്പുമായി പഠിച്ചാണ് 1990ൽ ബിരുദം നേടിയത്.
അന്തർവാഹിനികളുടെ രൂപകല്പനയിൽ വിദഗ്ദ്ധനായ ഇദ്ദേഹം യുദ്ധക്കപ്പലുകളിലും വിശാഖപട്ടണം, മുംബയ് ഡോക്ക്യാർഡുകളിലും ന്യൂഡൽഹിയിലെ സേനാആസ്ഥാനത്തും പ്രവർത്തിച്ചിട്ടുണ്ട്.
വിമാനവാഹിനി കപ്പൽ വിക്രാന്ത് ഉൾപ്പെടെ രൂപകല്പന ചെയ്ത ഡയറക്ടറേറ്റ് ഒഫ് നേവൽ ഡിസൈൻ ആണ് വാർഷിപ്പ് ഡിസൈൻ ബ്യൂറോയാക്കി മാറ്റിയത്.
തിരുവനന്തപുരം വിദ്യാധിരാജ സ്കൂൾ, ആർട്സ് കോളേജ് എന്നിവിടങ്ങളിലായിരുന്നു പഠനം. ഭാര്യ: പ്രീതി. മകൾ: ദീക്ഷിത.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |