SignIn
Kerala Kaumudi Online
Friday, 26 April 2024 6.29 PM IST

സമ്പാതിയും നിശാകരമുനിയും

ss

രാമായണത്തിലെ അതീന്ദ്രതുല്യനായ പക്ഷീന്ദ്രനാണ് സമ്പാതി. ഒരുനാൾ, ജടായുവും സമ്പാതിയും വേഗബലങ്ങൾ പരീക്ഷിപ്പതിന്നതിവേഗം സൂര്യമണ്ഡലത്തിലേക്കു പറന്നുയർന്നു. അനുജനായ ജടായു വാശിയോടെ സൂര്യനെ സ്പർശിയ്ക്കുമെന്നായപ്പോൾ ജടായുവിന്റെ ചിറകുകൾ കരിയാതിരിയ്ക്കാൻ അതിനും മുകളിൽ സമ്പാതി ചിറകുവിരിച്ച് നിന്നു. സൂര്യരശ്മികളേറ്റു സമ്പാതിയുടെ ചിറകുകൾ കരിയുകയും ചിറകറ്റ ശരീരം ഭൂമിയിലേക്കു പതിയ്ക്കുകയുംചെയ്തു. ജടായു അങ്ങനെ രക്ഷപ്പെട്ടു. താഴെ
വീണു ദിഗ്ഭ്രമം കൊണ്ടുഴലുന്ന സമ്പാതി നിശാകരമുനിയുടെ ആശ്രമസവിധത്തിലാണെത്തിയത്. ത്രേതായുഗത്തിൽ ദാശരഥിയായി മഹാവിഷ്ണു അവതരിയ്ക്കുമ്പോൾ സീതാന്വേഷണത്തിനായിവരുന്ന വാനരവീരരോട് അതിനുള്ള മാർഗ്ഗം പറഞ്ഞുകൊടുക്കുന്ന മാത്രയിൽ പക്ഷങ്ങൾ വീണ്ടും മുളയ്ക്കുമെന്ന് അദ്ദേഹം അനുഗ്രഹിച്ചു.
സീതാന്വേഷകരായി പുറപ്പെട്ട വാനരാധീശന്മാർ മഹേന്ദ്രാചലത്തിലെ ഗുഹയിൽനിന്നും പുറത്തേക്ക് കടക്കാൻ ശ്രമിയ്ക്കുന്ന സമ്പാതിയെക്കണ്ട്, തങ്ങളെ ആക്രമിക്കുമോ എന്ന ഭയന്നു. തങ്ങൾക്ക് അഭയമായി മാറുമെന്ന പ്രതീക്ഷ വന്നപ്പോൾ താരേയനായ അംഗദനിൽനിന്നും തന്റെ സഹോദരനായ ജടായുവിന്റെ മോക്ഷപ്രാപ്തിയെക്കുറിച്ച് അറിയുന്ന മാത്രയിൽ ആ കർണ്ണപീയൂഷ സമാനമാം വാക്കുകൾ കേട്ട് കണ്ണുനീർ വാർത്ത് ഗദ്ഗദഹൃദയത്തോടെ പറയുന്നത്, തന്നെയെടുത്ത് സഹോദരന്റെ ഉദകക്രിയാദികൾ ചെയ്യുന്നതിനായി ജലാന്തികേ കൊണ്ടുവയ്ക്കുകയെന്നാണ്. അപ്രകാരം വാനരർ ആദരപൂർവം
സമ്പാതിയെ സമുദ്രതീരത്തുകൊണ്ടിരുത്തുകയും സമ്പാതി സ്നാനാദികൾ നടത്തി ദിവ്യാഞ്ജലിയർപ്പിയ്ക്കുകയും ചെയ്യുന്നു. ഭ്രാതൃസ്നേഹത്തിന്റെ
ഉദാത്തമായ കാഴ്ച ! (തുടർന്ന് ,ഒരുനൂറുയോജന അകലെ എത്രയോ ഉന്നതമായ ത്രികുടാചലത്തിന്റെ മുകളിൽ ലങ്കാപുരിയിൽ രാക്ഷസസ്ത്രീകളുടെ നടുവിൽ സീതാദേവി ദുഖാർത്തയായിക്കഴിയുന്നുവെന്നു വാനരന്മാരെ സമ്പാതി ധരിപ്പി
യ്ക്കുന്നു.) ദേഹം നിമിത്തമീ ദുഃഖമറിക നീ ദേഹമോർക്കിൽ കർമ്മസംഭവം നിർണ്ണയം ദേഹത്തിലുള്ളൊരഹം ബുദ്ധികെെക്കൊണ്ടു
മോഹാദഹം കൃതികർമ്മങ്ങൾ ചെയ്യുന്നു . സമ്പാതിയോടുള്ള നിശാകരമുനിവാക്യം, സ്വാർത്ഥതയുടെ നീഡത്തിൽ അടയിരിയ്ക്കുന്ന അഹംഭാവംകൊണ്ട് അന്ധരായിപ്പോയ വെറും ദേഹാഭിമാനികളായ മനുഷ്യർക്ക് എപ്പോഴും ആത്മപരിശോധനാപരമാണ്. ഓരോ മനുഷ്യന്റെയും ജീവിതഗതിയെ സൂചിപ്പിയ്ക്കുന്ന ആത്മോപദേശസന്ദേശമാണ് നിശാകരമുനിയുടേത്: ശരീരം ദുഃഖകാരണമാണ്. കർമ്മഫലമാണ്,
ശരീരമായിത്തീരുന്നത്. ശരീരത്തിലുള്ള അഹങ്കാരം മോഹത്തെ ജനിപ്പിക്കുന്നു. മോഹം മൂലമാണ് നാം കർമ്മങ്ങൾ ചെയ്യുന്നത്. മോഹമില്ലാതെ ആത്മജ്ഞാനിയാവുക. സത്യവും സനാതനവുമാണ് ഈശ്വരൻ. അത് ചിന്തിയ്ക്കുമെങ്കിൽ നമ്മുടെ മായാമോഹംതീരും. നിർമ്മമമായി കർമ്മംചെയ്യുക .അതിലൂടെ ദുഃഖസാഗരം മറികടക്കാൻകഴിയും. നിർമ്മലമായ രാമായണത്തിന്റെ സംക്ഷിപ്തതയും ഇതുതന്നെയാണ് .

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: RAMAYANAM
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.