കോഴിക്കോട്: ലൈംഗിക പീഡനക്കേസിൽ സാഹിത്യകാരനും സാംസ്കാരിക പ്രവർത്തകനുമായ സിവിക് ചന്ദ്രനെ വെളളിയാഴ്ചവരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി. കൊയിലാണ്ടി പൊലീസ് രജിസ്റ്റർ ചെയ്ത രണ്ടാമത്തെ പീഡനക്കേസിലാണ് കോടതിയുടെ നിർദേശം. കേസ് കോഴിക്കോട് ജില്ലാ കോടതി വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.
ആക്ടിവിസ്റ്റ് കൂടിയായ യുവ എഴുത്തുകാരിയാണ് സിവിക് ചന്ദ്രനെതിരെ രണ്ടാമത്തെ പരാതി നൽകിയത്. കേസുമായി ബന്ധപ്പെട്ട റിപ്പോർട്ട് പൊലീസ് ഇതുവരെ നൽകിയിട്ടില്ല. 2020 ഫെബ്രുവരി 18ന് നന്തി കടപ്പുറത്ത് ആളൊഴിഞ്ഞ സ്ഥലത്ത് യുവ എഴുത്തുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് കൊയിലാണ്ടി പൊലീസ് രജിസ്റ്റർ ചെയ്തിട്ടുള്ള കേസ്.
ആദ്യത്തെ പീഡനക്കേസിൽ സിവിക്കിന് കോടതി കഴിഞ്ഞ ദിവസം മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.ഹയർ സെക്കൻഡറി സ്‌കൂൾ അദ്ധ്യാപികയായ എഴുത്തുകാരിയോട് ലൈംഗികാതിക്രമം കാണിച്ചെന്ന കേസിലാണ് ജാമ്യം. അറസ്റ്റ് ചെയ്യുകയാണെങ്കിൽ രണ്ട് ആൾ ജാമ്യത്തിൽ വിട്ടയയ്ക്കണമെന്ന വ്യവസ്ഥയോടെയാണ് കോഴിക്കോട് ജില്ലാകോടതി ജാമ്യം അനുവദിച്ചത്.
2021 ഏപ്രിൽ 17ന് പുസ്തക പ്രകാശനത്തിന് കൊയിലാണ്ടിയിൽ എത്തിയ ദളിത് യുവതിയോട് ലൈംഗികാതിക്രമം കാണിച്ചെന്നാണ് കേസ്. കൊയിലാണ്ടി പൊലീസിൽ നൽകിയ പരാതി പ്രകാരം എസ്.സി - എസ്.ടി ആക്ട് അനുസരിച്ച് ജാമ്യമില്ലാ വകുപ്പുകൾ ചേർത്താണ് കേസെടുത്തതെങ്കിലും എസ്.സി - എസ്.ടി ആക്ട് ബാധകമല്ലെന്ന പ്രതിയുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |