കാസർകോട്: ബംഗളൂരുവിനടുത്തുള്ള ബദ്രഹള്ളി 'നൈജീരിയൻ കോളനി' ആരെയും ഭയപ്പെടുത്തുന്ന അന്താരാഷ്ട്ര കുറ്റവാളികളുടെ സ്വന്തം ഗ്രാമമാണ്. കുപ്രസിദ്ധമായ തമിഴ് തിരുട്ടുഗ്രാമങ്ങളുടേതാണ് ഈ മാതൃക. നൈജീരിയക്കാരായ ഗുണ്ടകളും കുറ്റവാളികളും മയക്കുമരുന്ന് കടത്തുകാരുമെല്ലാമുള്ള കോളനിയുടെ അടുത്തുപോലും കർണാടക പൊലീസ് പോകില്ല. ഇതരസംസ്ഥാനങ്ങളിലെ പൊലീസിനാകട്ടെ ഇവിടേക്ക് കടക്കാനും സാദ്ധ്യമല്ല.
അങ്ങനെ അന്വേഷിച്ചുചെല്ലുന്നവരെ തടയാനും ഭയപ്പെടുത്തി അയക്കാനും സർവസജ്ജരായി ഗുണ്ടകളുണ്ട്. കർണ്ണാടക പൊലീസിൽ മാമൂൽ കൃത്യമായി എത്തുന്നതിനാൽ എല്ലാതരം വിവരങ്ങളും ഉടൻ കോളനിയിലെത്തും.ലോകത്തിലെ സകല തട്ടിപ്പുകളുടെയും കേന്ദ്രമായി ഇതുകൊണ്ടുതന്നെ നൈജീരിയൻ കോളനി തഴച്ചുവളർന്നുകഴിഞ്ഞു.
മയക്കുമരുന്ന് നിർമ്മാണമാണ് കോളനിയുടെ പ്രധാന ധനാഗമമാർഗങ്ങളിലൊന്ന്. കേരളത്തിലെ വിവിധ ജില്ലകളിലേക്ക് എം.ഡി.എം.എ ഉൾപ്പെടെ എത്തിക്കുന്നത് ഈ കോളനിയിൽ നിർമ്മിച്ചാണ്. നെതർലാന്റ്, ഇംഗ്ലണ്ട് സ്വദേശികളായ തട്ടിപ്പു സംഘങ്ങളും ബംഗളുരുവിലെ നൈജീരിയൻ കോളനിയിൽ സുരക്ഷിതമായി കഴിയുന്നുണ്ട്.
ആന്റണിയെ പൊക്കിയത് കോളനിയിൽ നിന്ന്
കേരളത്തിലും കർണ്ണാടകയിലും ഗുജറാത്തിലും അനിഗ്ര എന്ന പേരിൽ ലൈംഗിക ഉത്തേജക മരുന്നിന്റെ മറവിൽ കോടികൾ ഓൺലൈൻ വഴി തട്ടിപ്പ് നടത്തിയ നൈജീരിയൻ പൗരൻ ആന്റണി ഒഗനറബോ എഫിധരെ തങ്ങിയതും നൈജീരിയൻ കോളനിയിലാണ്. ഒരു പൊലീസുദ്യോഗസ്ഥന്റെ സഹായത്തോടെ കർണ്ണാടക പൊലീസിനെ അറിയിക്കാതെ അത്യധികം സാഹസപ്പെട്ടാണ് കോളനിക്ക് പുറത്തുചാടിച്ച് കാസർകോട് ടൗൺ ഇൻസ്‌പെക്ടർ പി.അജിത് കുമാർ നിയോഗിച്ച പൊലീസ് സംഘം ആന്റണിയെ സമർത്ഥമായി കുടുക്കിയത്. ഗുജറാത്തിലും സമാന റെയ്ഡ് നടത്തി ഇയാളുടെ കൂട്ടാളികളെ അറസ്റ്റ് ചെയ്തിരുന്നു.
അനിഗ്രയുടെ പേരിൽ കാസർകോട് വിദ്യാനഗറിലെ കെ.മാധവനിൽ നിന്ന് 43 ലക്ഷം രൂപയാണ് ആന്റണി എഫിധരെ തട്ടിയെടുത്തത്.ഫേസ് ബുക്കിലൂടെ പരിചയപ്പെട്ടതിന് ശേഷം വാട്സ് ആപ്പ് വഴി ബന്ധപ്പെട്ടായിരുന്നു ഇടപാട് തുടങ്ങിയത്. അയച്ചുകൊടുത്ത മരുന്നിന്റെ ഗുണനിലവാരം യു.കെയിലെ ഒരു കമ്പനിയിലേക്ക് അയക്കാൻ ആവശ്യപ്പെടുകയായിരുന്നു ഈയാൾ. ഇയാളുമായി ബന്ധമുള്ള കമ്പനി ഗുണനിലവാരം ഉറപ്പുവരുത്തുന്നതോടെ പണം വാങ്ങുകയായിരുന്നു. ഇരട്ടിലാഭം കിട്ടാൻ ബംഗ്ളൂരുവിൽ എത്തണമെന്ന് ആവശ്യപ്പെട്ടതനുസരിച്ച് എത്തിയ മാധവന് ഡോളർ എന്നുപറഞ്ഞ് കൈമാറിയ പെട്ടി തുറന്നപ്പോൾ ഫോട്ടോസ്റ്റാറ്റുകളാണ് ഉണ്ടായിരുന്നത്. ഇതോടെയാണ് ഈയാൾക്കെതിരെ കാസർകോട് പൊലീസിൽ പരാതി നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |