ഇടുക്കി: നീരൊഴുക്കിൽ കാര്യമായ കുറവ് വരാത്തതിനെ തുടർന്ന് ഇടുക്കി ഡാമിന്റെ ഷട്ടറുകൾ തുറന്നു. മൂന്ന് ഷട്ടറുകളാണ് ഇന്ന് തുറന്നത്. ഇതിലൂടെ സെക്കൻഡിൽ ഒരു ലക്ഷം ലിറ്റർ വെള്ളമാണ് പുറത്തേക്ക് ഒഴുക്കി വിടുന്നത്. ഇടുക്കി അണക്കെട്ടിൽ നിന്ന് അധികമായി തുറന്നുവിട്ട ജലം ചെറുതോണിയിൽ ഇതിനോടകം എത്തിയിട്ടുണ്ട്.
ഡാമിന്റെ ഷട്ടറുകൾ തുറന്നെങ്കിലും പെരിയാറിന്റെ തീരത്ത് താമസിക്കുന്നവർ ആശങ്കപ്പെടേണ്ടതില്ലെന്ന് അധികൃതർ വ്യക്തമാക്കി. മുൻകരുതലായി 79 കുടുംബങ്ങൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. ക്യാമ്പ് തുടങ്ങാൻ 23 സ്ഥലങ്ങളും കണ്ടെത്തിയിട്ടുണ്ട്.
വയനാട് ബാണാസുര സാഗർ അണക്കെട്ട് നാളെ രാവിലെ തുറക്കുമെന്ന് അധികൃതർ അറിയിച്ചു. നാളെ രാവിലെ എട്ട മണിയോടെ അണക്കെട്ടിന്റെ ഒരു ഷട്ടർ 10 സെന്റിമീറ്റർ തുറക്കാനാണ് നിലവിലെ തീരുമാനം. സെക്കൻഡിൽ 8.50 ക്യുബിക്ക് മീറ്റർ വെള്ളമായിരിക്കും ഈ ഷട്ടറിലൂടെ പുറത്തേക്ക് ഒഴുകുക. ആവശ്യമെങ്കിൽ കൂടുതൽ ഷട്ടറുകളും തുറക്കുമെന്ന് അധികൃതർ പറഞ്ഞു. സെക്കൻഡിൽ 35 ക്യുബിക്ക് മീറ്റർ വെള്ളം വരെ പുറത്തേക്ക് ഒഴുക്കാനുള്ള അനുമതിയുണ്ട്. 773.70 മീറ്ററാണ് നിലവിൽ ഡാമിലെ ജലനിരപ്പ്. വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനാൽ രാത്രിയോടെ ജലനിരപ്പ് അപ്പർ റൂൾ ലെവലായ 774 മീറ്ററിലേക്ക് എത്തുമെന്നാണ് കണക്കാക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |