SignIn
Kerala Kaumudi Online
Friday, 26 April 2024 9.37 AM IST

ബാണാസുര സാഗർ ഡാം ഇന്ന് തുറക്കും

banasura
banasura

കൽപ്പറ്റ: ബാണാസുര സാഗർ ഡാമിലെ ജലനിരപ്പ് അപ്പർ റൂൾ ലെവലായ 774 മീറ്ററിലേക്ക് ഉയരാനുള്ള സാദ്ധ്യത മുന്നിൽകണ്ട് ഇന്ന് രാവിലെ 8ന് അണക്കെട്ടിന്റെ ഒരു ഷട്ടർ 10 സെന്റിമീറ്റർ തുറക്കും. സെക്കൻഡിൽ 8.50 ക്യുബിക് മീറ്റർ വെള്ളമാണ് പുറത്തേക്ക് ഒഴുക്കുക. ആവശ്യമെങ്കിൽ ഘട്ടം ഘട്ടമായി കൂടുതൽ ഷട്ടറുകൾ തുറക്കും. സെക്കൻഡിൽ 35 ക്യുബിക് മീറ്റർ വരെ വെള്ളം പുറത്തേക്ക് ഒഴുക്കാൻ അനുമതിയുണ്ട്. വെള്ളം പുറത്തേക്ക് ഒഴുക്കുമ്പോൾ സമീപ പ്രദേശങ്ങളിൽ വെള്ളം കയറാൻ സാദ്ധ്യതയുള്ളതിനാൽ പ്രദേശവാസികൾക്ക് മുന്നറിയിപ്പ് നൽകാൻ നടപടി സ്വീകരിച്ചു. ജനങ്ങളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റുന്നതിന് ബന്ധപ്പെട്ട സെക്രട്ടറിമാരെ ചുമതലപ്പെടുത്തി. പുഴയോരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ഡാം തുറക്കുന്ന സമയത്ത് ഡാമിന്റെ ഭാഗത്തേയ്ക്ക് പോവുകയോ, വെള്ളം ഒഴുകിപ്പോകുന്ന പുഴകളിൽ നിന്ന് മീൻ പിടിക്കുകയോ, പുഴയിൽ ഇറങ്ങുകയോ ചെയ്യരുതെന്ന് കളക്ടർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

കക്കയംഡാം: ജലനിരപ്പ് 757.5 മീറ്റർ
കവിഞ്ഞാൽ ഷട്ടറുകൾ തുറക്കും

കോഴിക്കോട്: കക്കയംഡാമിൽ ജലനിരപ്പ് 757.5 മീറ്റർ കവിയുന്നതോടെ ഷട്ടറുകൾ തുറക്കാൻ അനുമതി നൽകിയതായി ജില്ലാ കളക്ടർ ഡോ. എൻ. തേജ് ലോഹിത് റെഡ്ഢി അറിയിച്ചു. നിലവിൽ 756.12 മീറ്ററാണ് ജലനിരപ്പ്. അതിനാൽ കുറ്റ്യാടി പുഴയുടെ കരകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്.

വയനാട് ബാണാസുര ഡാമിന്റെ വൃഷ്ടി പ്രദേശത്ത് മഴ കൂടുതലായ സാഹചര്യത്തിൽ ഡാമിലെ ജലനിരപ്പ് ഉയർന്ന് 773 .5 മീറ്ററിൽ എത്തിയിട്ടുണ്ട്. അപ്പർ റൂൾ കർവ് ലെവലിൽ (774 മീറ്റർ) എത്തിയാൽ ഡാമിന്റെ ഷട്ടറുകൾ ഉയർത്തുന്നതിന് വയനാട് ജില്ലാ കളക്ടർ അനുമതി നൽകിയിട്ടുണ്ട്. ബാണാസുര ഡാമിൽ നിന്നും തുറന്നു വിടുന്ന വെള്ളം കോഴിക്കോട് ജില്ലയിൽ പ്രവേശിക്കില്ലെന്നും കബനി നദിയിലേക്കാണ് ഒഴുകുന്നതെന്നും കെ.എസ്.ഇ.ബി ഡാം സേഫ്റ്റി ഡിവിഷൻ എക്‌സിക്യൂട്ടീവ് എൻജിനീയർ ബാബുരാജ് അറിയിച്ചു.

ഇന്നലെ പരക്കെ മഴ

കോഴിക്കോട്: ജില്ലയിൽ ഇന്നലെ പരക്കെ മഴ ലഭിച്ചു. കോഴിക്കോട് 13.5 മില്ലിമീറ്റർ, കുന്ദമംഗലം എട്ട് മില്ലിമീറ്റർ, ഉറുമി 31.5 മില്ലിമീറ്റർ, വടകര എട്ടു മില്ലിമീറ്റർ എന്നിങ്ങനെയായിരുന്നു മഴ ലഭിച്ചത്. മദ്ധ്യ കിഴക്കൻ അറബിക്കടലിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നതിനാൽ പതിനൊന്നു വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. ജില്ലയിൽ കൂടുതൽ ദുരിതാശ്വാസക്യാമ്പുകൾ തുറന്നിട്ടില്ല. എന്നാൽ നിലവിലെ ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ട്.
വിവിധ പ്രദേശങ്ങളിലായി 15 ക്യാമ്പുകളാണുള്ളത്. 196 കുടുംബങ്ങളിലെ 606 പേരാണ് ക്യാമ്പുകളിൽ കഴിയുന്നത്. 222 പുരുഷന്മാരും 259 സ്ത്രീകളും 125 കുട്ടികളും ക്യാമ്പുകളിലുണ്ട്. 85 മുതിർന്ന പൗരന്മാരും രണ്ട് ഗർഭിണികളും ക്യാമ്പുകളിൽ കഴിയുന്നുണ്ട്. കോഴിക്കോട് താലൂക്കിൽ രണ്ട് ക്യാമ്പുകളാണുള്ളത്. കച്ചേരിക്കുന്ന് അങ്കണവാടിയിലെ ക്യാമ്പിൽ രണ്ടു കുട്ടികൾ ഉൾപ്പെടെ ഒരു കുടുംബത്തിലെ അഞ്ച് അംഗങ്ങളുണ്ട്. കുമാരനല്ലൂർ വില്ലേജിലെ ലോലയിൽ അങ്കണവാടിയിലെ ക്യാമ്പിൽ മൂന്ന് അംഗങ്ങൾ ഉള്ള ഒരു കുടുംബമാണ് താമസിക്കുന്നത്.

കൊയിലാണ്ടി താലൂക്കിൽ നിലവിൽ മൂന്ന് ക്യാമ്പുകളാണുള്ളത്. ചക്കിട്ടപ്പാറ, കൂരാച്ചുണ്ട് വില്ലേജുകളിലെ 51 കുടുംബങ്ങളിൽ നിന്നുള്ള 178 പേരാണ് ഇവിടെയുള്ളത്.

വടകര താലൂക്കിൽ എട്ട് ക്യാമ്പുകളിലായി 143 കുടുംബങ്ങളാണുള്ളത്. 79 കുട്ടികൾ ഉൾപ്പെടെ 417 പേരാണ് ഇവിടെ താമസിക്കുന്നത്. ഇതിൽ 160 പുരുഷൻമാരും , 178 സ്ത്രീകളും ഉൾപ്പെടും. താമരശ്ശേരി താലൂക്കിലെ രണ്ട് ക്യാമ്പുകളിലായി 13 കുടുംബങ്ങളിൽ നിന്നുള്ള 42 പേരാണുള്ളത്. 12 പുരുഷൻമാർ, 16 സ്ത്രീകൾ, 14 കുട്ടികൾ എന്നിവർ ക്യാമ്പിലുണ്ട്.

ജില്ലയിലെ താലൂക്കുകളിൽ കൺട്രോൾ റൂമുകൾ സജ്ജമാണ്. വിവരങ്ങൾക്ക് കോഴിക്കോട് 0495 2372966, കൊയിലാണ്ടി 0496 2620235, വടകര 0496 2522361, താമരശ്ശേരി 0495 2223088, ജില്ലാ ദുരന്ത നിവാരണ കൺട്രോൾ റൂം 0495 2371002. ടോൾഫ്രീ നമ്പർ 1077.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.