SignIn
Kerala Kaumudi Online
Saturday, 27 April 2024 4.34 AM IST

തദ്ദേശീയ ജനതയ്‌ക്കൊപ്പം കൈകോർക്കാം

മികച്ച വിദ്യാഭ്യാസം മെച്ചപ്പെട്ട ആരോഗ്യം' എന്ന മുദ്രാവാക്യത്തിലൂന്നിയാണ് ഈ വർഷത്തെ തദ്ദേശീയ ജനതയുടെ അന്തർദേശീയദിനം കേരളം ആചരിക്കുന്നത്. തദ്ദേശീയ ജനതയെ ചേർത്ത് പിടിക്കുന്നതിന്റെ ഭാഗമായി ഇന്ന് മുതൽ സ്വാതന്ത്ര്യദിനമായ ആഗസ്റ്റ് 15 വരെ ഒരാഴ്ച വൈവിദ്ധ്യമാർന്ന പരിപാടികൾ സംഘടിപ്പിക്കും.

തനതുസംസ്‌കാരം, പാരമ്പര്യം, ഭാഷ അറിവുകൾ തുടങ്ങി വ്യത്യസ്തമായ കഴിവുകളുടെ അക്ഷയഖനിയാണ് കേരളത്തിലെ തദ്ദേശീയരായ പട്ടികവർഗ ജനസമൂഹം. പൊതുസമൂഹത്തിന്റെ പുരോഗതിക്കൊപ്പം ഇവരെയും ചേർത്തുനിറുത്തുക എന്നതാണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യം. 1994 ഡിസംബർ 23ന് ഐക്യരാഷ്ട്ര സംഘടന നടത്തിയ പ്രഖ്യാപനത്തിലൂടെയാണ് തദ്ദേശീയ ജനതയ്ക്കായി ഒരുദിനം പിറക്കുന്നത്. കേരളത്തിൽ ഇന്ന് 1,07,965 കുടുംബങ്ങളിലായി 4,84,839 പട്ടികവർഗത്തിൽപ്പെട്ടവരാണ് ഉള്ളത്. കേരള ജനതയുടെ 1.44 ശതമാനം വരും ഇത്.

സാമൂഹ്യ , സാമ്പത്തിക സഹകരണം, പങ്കാളിത്തം, പാർപ്പിടം, വിദ്യാഭ്യാസം, തൊഴിൽ, മനുഷ്യാവകാശം, വികസനം, ആരോഗ്യം തുടങ്ങിയ കാര്യങ്ങളിൽ തദ്ദേശീയ ജനതയെക്കൂടി ഉൾപ്പെടുത്തിയുള്ള വികസനമാണ് നടപ്പാക്കേണ്ടത്. എന്നാൽ ദശാബ്ദങ്ങളായി വികസന വിഷയങ്ങളിൽ ഈ സമൂഹം പിൻനിരയിലായിരുന്നു. മുതലാളിത്ത അധിനിവേശമുണ്ടായ എല്ലാ രാജ്യങ്ങളിൽനിന്നും സ്ഥലങ്ങളിൽനിന്നും തദ്ദേശീയ ജനത ആട്ടിയോടിക്കപ്പെടുകയാണുണ്ടായത്. തങ്ങളുടെ മുൻഗാമികൾ നടത്തിയ ക്രൂരമായ അടിച്ചമർത്തലുകൾക്കും പീഡനങ്ങൾക്കും പിന്മുറക്കാർ പരിഹാരം ചെയ്ത് മാപ്പ് പറയുന്ന കാഴ്ചകളാണ് ഇപ്പോൾ വിവിധ രാജ്യങ്ങളിൽ കാണുന്നത്. അടിച്ചമർത്തപ്പെട്ടവർ അനുഭവിച്ച വേദനകൾക്കും യാതനകൾക്കും കണക്ക് ചോദിക്കാതെ ഒരു കാലവും കടന്നുപോയിട്ടില്ലെന്നത് നമുക്ക് മറക്കാനാകില്ല.

സ്വാതന്ത്ര്യം കിട്ടി 75 വർഷമായിട്ടും ഇന്ത്യയിലെ പട്ടികവർഗ - ജാതി ജനസമൂഹം ദുരിതങ്ങളിലൂടെയാണ് മുന്നോട്ടുപോകുന്നത്. ചങ്ങാത്ത മുതലാളിത്തത്തിന്റെ കപട വികസനത്തിൽ പിടിച്ചുനിൽക്കാനാകാതെ മണ്ണും കിടപ്പാടവുമൊക്കെ ഉപേക്ഷിച്ച് പലായനം ചെയ്യേണ്ടി വരുന്നവരുടെ ദുരന്തകഥകൾ ഇന്ത്യയിലെ പല ആദിവാസി മേഖലകളിൽനിന്നും പുറത്തുവരുന്നുണ്ട്.
ഇന്ത്യയിൽ ആദ്യമായി പ്രസിഡന്റ് പദവിയിൽ പട്ടികവർഗ വനിത എത്തിയത് അഭിമാനകരമാണെങ്കിലും ആദിവാസികളുടെ ജീവിത നിലവാരം ഇന്നും വളരെ ദുരിതപൂർണമാണെന്ന വസ്തുത നിലനിൽക്കുകയാണ്. എന്നാൽ ഇന്ത്യൻ സാഹചര്യത്തിൽ നിന്ന് ഏറെ വ്യത്യസ്തമാണ് കേരളം. സമൂഹത്തിൽ പാർശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങളുടെ ഉന്നതി വിദ്യാഭ്യാസത്തിലൂടെ കൈവരിക്കാനാണ് ഈ സർക്കാരിന്റെ ലക്ഷ്യം. ഇതിനായി പ്രീ-പ്രൈമറി മുതൽ പി.എച്ച്.ഡി.വരെയുള്ള പഠനത്തിനും വിദേശ ഠനത്തിനും സിവിൽ സർവീസ് പരിശീലനത്തിനും വരെ സൗകര്യങ്ങൾ ഏർപ്പെടുത്തി കഴിഞ്ഞു. വൈജ്ഞാനിക സമൂഹത്തെ കെട്ടിപ്പടുക്കുക എന്ന എൽ.ഡി.എഫ് നയത്തിൽ പട്ടികജാതി- പട്ടികവർഗ വിഭാഗക്കാർ പിന്തള്ളപ്പെടുന്നില്ലെന്നും സർക്കാർ ഉറപ്പാക്കുന്നു. പട്ടികവർഗ്ഗക്കാരായ ബിരുദധാരികളിൽ നിന്നും ഒരു മാസത്തെ പരിശീലനത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 30 പേർക്ക് ഇന്ത്യയിലെവിടെയും ഐ.എ.എസ് പരീക്ഷാ പരിശീലനത്തിന് വിവിധ സിവിൽ സർവീസ് അക്കാഡമികളിൽ സൗകര്യമൊരുക്കി.

ഈ സർക്കാർ വന്നശേഷം 185 പട്ടികജാതി-പട്ടികവർഗ വിദ്യാർത്ഥികൾക്ക് വിദേശത്ത് പഠിക്കാൻ അവസരം നൽകിയെന്നതും കേരളത്തിനാകെ അഭിമാനിക്കാവുന്ന ഇടപെടലാണ്. ഇതുവഴി ആ കുട്ടികൾ മാത്രമല്ല അവരുടെ കുടുംബങ്ങളുടെ ജീവിത നിലവാരം കൂടിയാണ് ഉയരുന്നത്. ഒരുകാലത്ത് അറിവും അക്ഷരവും നിഷേധിക്കപ്പെട്ട ഒരു ജനതയ്ക്ക് എല്ലാവിധ പിന്തുണയും നൽകി അവരുടെ സോഷ്യൽ ക്യാപിറ്റൽ ഉയർത്തുകയാണ് എൽ.ഡി.എഫ് സർക്കാർ. ഇ ഗ്രാന്റ് സ്‌കോളർഷിപ്പിലൂടെ പട്ടികജാതി പട്ടികവർഗ പിന്നാക്ക വിഭാഗങ്ങളിലെ പത്തുലക്ഷത്തിലധികം വരുന്ന വിദ്യാർത്ഥികളാണ് പഠിക്കുന്നത്.

പാർപ്പിടപ്രശ്നം പരിഹരിക്കാൻ എല്ലാ പട്ടികജാതി - പട്ടികവർഗക്കാർക്കും നാലുവർഷത്തിനുള്ളിൽ ഭൂമിയും വീടും ലഭ്യമാക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. നിലവിലുള്ള ഭവന പൂർത്തീകരണ പദ്ധതി കൂടുതൽ ജനകീയമാക്കി, സമഗ്ര ഭവനമാക്കുന്നതും രണ്ടാം പിണറായി സർക്കാരിന്റെ നയമാണ്.

സ്ഥിരവരുമാനദായകമായ മാന്യമായ തൊഴിലവസരങ്ങളുടെ കുറവാണ് ഈ സമൂഹം അഭിമുഖീകരിക്കുന്ന മറ്റൊരു പ്രധാനപ്രശ്നം. പട്ടികജാതി പട്ടികവർഗവകുപ്പിന്റെ ഐ.ടി.ഐകൾ നവീകരിച്ച് എല്ലായിടത്തും നിലവിലുള്ള ട്രേഡുകളിൽ Add-on കോഴ്സുകൾ കൂട്ടിച്ചേർത്ത് ഈ അദ്ധ്യയനവർഷം തന്നെ ആരംഭിക്കും. പ്രൊഫഷണൽ കോഴ്സുകൾ പാസായവർക്ക് സർക്കാർ സംവിധാനത്തിലുള്ള തൊഴിലവസരവും പരിശീലനം നൽകുന്നതിനും അവസരമൊരുക്കുന്നു.

അക്രഡിറ്റഡ് എൻജിനീയർമാർ, പാരാമെഡിക്കൽ ജീവനക്കാർ, സോഷ്യൽ വർക്കർമാർ, അദ്ധ്യാപകർ തുടങ്ങി വ്യത്യസ്ത മേഖലകളിൽ ആയിരങ്ങൾക്ക് തൊഴിലവസരം ലഭ്യമാക്കി. ഇതിനു പുറമേ എസ്.സി. പ്രമോട്ടർമാരായി 1231 പേരെയും പട്ടികവർഗ പ്രൊമോട്ടർമാരായി 1182 പേരെയും നിയമിച്ചു. സർക്കാരിന്റെ വികസന പദ്ധതികൾ ഗുണഭോക്താക്കളിലെത്തിക്കുന്ന വകുപ്പിന്റെ തേരാളികളാകുകയാണ് ഈ പ്രൊമോട്ടർമാർ.

മികച്ച വിദ്യാഭ്യാസം, മെച്ചപ്പെട്ട ആരോഗ്യം എന്ന സന്ദേശമുയർത്തി ആഗസ്റ്റ് 15വരെ മറ്റ് വകുപ്പുകളുടേയും സഹകരണത്തോടെ കേരളത്തിലെ 140 മണ്ഡലങ്ങളിലും വിവിധ പരിപാടികൾ നടത്തും. ആരോഗ്യം, വിദ്യാഭ്യാസം, ശുചിത്വം, ലഹരിവിമുക്ത ബോധവൽക്കരണം, ഊരുകൂട്ട യോഗങ്ങൾ, മികച്ചവിജയം നേടിയ വിദ്യാർത്ഥികളേയും വിശിഷ്ട വ്യക്തികളേയും ആദരിക്കൽ, മോണിറ്ററിങ് സമിതി യോഗങ്ങൾ എന്നിവയും സംഘടിപ്പിക്കും.

വികസന പദ്ധതികൾ ഫലപ്രദമായി നടപ്പാക്കുന്നതിലൂടെ പാർശ്വവത്കരിക്കപ്പെട്ട ജനതയുടെ സാമൂഹ്യ മൂലധനം ഉയർത്തണം. ദാരിദ്ര്യവും അവഗണനയും അസമത്വവും സാമ്പത്തിക അരക്ഷിതാവസ്ഥകളും അനുഭവിച്ച ഇവരെക്കൂടി സമഭാവനയോടെ പൊതുസമൂഹത്തിനൊപ്പം ചേർത്ത് നിറുത്താനാണ് എൽ.ഡി.എഫ് സർക്കാരിന്റെ പരിശ്രമം. അതിനുള്ള പ്രചോദനവും ആവുകയാണ് തദ്ദേശീയ ദിനാചരണ പരിപാടികൾ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: WORLD TRIBAL DAY
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.