SignIn
Kerala Kaumudi Online
Friday, 26 April 2024 9.30 AM IST

ശ്രീനാരായണ ജയന്തി വാരാഘോഷവും അനുഷ്ഠാന പദ്ധതിയും

photo

ശ്രീനാരായണ ഗുരുദേവന്റെ 168-ാമത് തിരുജയന്തി മഹാമഹം കടന്നുവരികയാണ്. ഈ വർഷം ശിവഗിരി മതമഹാപാഠശാലയുടെ കനകജൂബിലിയും ശിവഗിരി തീർത്ഥാടനത്തിന്റെ നവതിയും ടാഗോറിന്റെ ഗുരു സന്ദർശന ശതാബ്ദിയും ഈ അവസരത്തിലാണ്. ഈ വർഷത്തെ ഗുരുദേവജയന്തി ഒരാഴ്ച നീളുന്ന വാരാഘോഷമായി ഗുരുഭക്തർ സംഘടിപ്പിക്കേണ്ടതാണെന്ന് അഭ്യർത്ഥിക്കുന്നു.

സെപ്തംബർ നാല് മുതൽ ഗുരുജയന്തിയായ 10 വരെ നീളുന്ന ആഘോഷ പരിപാടിയിലേക്ക് ഗുരുദേവ പ്രസ്ഥാനങ്ങളും ഗുരുഭക്തരും ആമഗ്നരാകണം. ഈ ദിനങ്ങളിൽ ഗുരുദേവകൃതികൾ പാരായണം ചെയ്യുകയും പഠിക്കുകയും വേണം. ദിവസവും കുടുംബയോഗങ്ങൾ, പ്രാർത്ഥനായോഗങ്ങൾ, ഗുരുപൂജ, സമൂഹാർച്ചന, ഗൃഹദർശന പരിപാടി, ഗുരുദേവകൃതികളും ഗുരുദേവ സൂക്തങ്ങളും ചിത്രങ്ങളും അച്ചടിച്ച് ധർമ്മപ്രചരണാർത്ഥമുള്ള വിതരണം എന്നിവ സംഘടിപ്പിക്കുക. ഗുരുമന്ദിരങ്ങളും ഗുരുക്ഷേത്രങ്ങളും ശുചിയാക്കുന്നതിനൊപ്പം ആശുപത്രികൾ, സ്‌കൂളുകൾ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയും ശുചീകരിക്കുക. ആർത്തരും രോഗികളുമായവർക്കായി സാമ്പത്തികസഹായം ചെയ്യുന്നതിലൂടെയും ഗുരുസന്ദേശ പ്രചരണത്തിൽ മുഴുകുക.

കുറേവർഷങ്ങളായി ചിങ്ങമാസം ശ്രീനാരായണ മാസമായും തുടർന്ന് ബോധാനന്ദ സ്വാമികളുടെ സമാധിദിനം വരെ ധർമ്മചര്യാ യജ്ഞവും ഒട്ടേറെ പ്രദേശങ്ങളിലായി നടന്നു വരികയാണ്. 2016 -ൽ ശിവഗിരിയിൽവച്ചു കൂടിയ ധർമ്മസംഘത്തിന്റേയും എസ്.എൻ.ഡി.പി.യോഗത്തിന്റേയും നേതൃത്വത്തിൽ ഇത്തരമൊരു തീരുമാനം കൈക്കൊണ്ടിട്ടുമുണ്ട്.

' ആചാര പ്രഭവോ ധർമ്മ: ധർമ്മസ്യ പ്രഭുരച്യുത ' എന്നാണ് വ്യാസമഹാമുനിയുടെ വചനം . ആചാരാനുഷ്ഠാനത്തിലൂടെയാണ് ധർമ്മം പ്രകാശിക്കുന്നത്. ധർമ്മത്തിന്റെ ഇരിപ്പിടമാകട്ടെ സാക്ഷാൽ ഭഗവാനും. എവിടെ ധർമ്മമുണ്ടോ അവിടെ ജീവിതവിജയമുണ്ട്. ഗുരുദേവൻ അരുതെന്ന് വിലക്കിയ 'ജാതി ചോദിക്കരുത്, പറയരുത്, വിചാരിക്കരുത്, മദ്യം വിഷമാണ് ; അതുണ്ടാക്കരുത്, കൊടുക്കരുത്, കുടിക്കരുത് - ' എന്നീ പ്രധാന ഉപദേശങ്ങളിൽ നിഷ്ഠ കൈവരുത്തണം. ജന്മംകൊണ്ടു മാത്രമല്ല കർമ്മംകൊണ്ടും ശ്രീനാരായണീയരായി മാറാനുള്ള അനുഷ്ഠാനപദ്ധതിയാണ് ശ്രീനാരായണ മാസാചരണവും ധർമ്മചര്യായജ്ഞവും.

എല്ലാ മതദർശനങ്ങളിലും നിയതമായ ആചാരാനുഷ്ഠാന പദ്ധതിയുണ്ട്. ശ്രീനാരായണപ്രസ്ഥാനം മതപ്രസ്ഥാനമല്ലെങ്കിലും കൃത്യമായ അനുഷ്ഠാനപദ്ധതി ഗുരുദേവൻ ഉപദേശിച്ചിട്ടുണ്ട്. 'ആത്മനോ മോക്ഷാർത്ഥം ജഗത്ഹിതായ ച' എന്നത് - ആത്മീയതയോടും ഗുരുക്കന്മാർ വിധിച്ച ആചാരാനുഷ്ഠാനങ്ങളോടും കൂടിയ ജീവിതമാണ് ശാശ്വതപുരോഗതിക്ക് നിദാനമെന്ന് മനസ്സിലാക്കണം.

പണ്ട് മനുസ്മൃതി, ആപസ്തംഭ സ്മൃതി, സൂതസ്മൃതി തുടങ്ങിയ സ്മൃതി ഗ്രന്ഥങ്ങളുണ്ടായിരുന്നു. സ്മൃതികളിലൂടെയാണ് മനുഷ്യരുടെ ആചാരാനുഷ്ഠാന പദ്ധതിയെ വിധിച്ചിരിക്കുന്നത്. ഗുരുദേവൻ ദേശകാലോചിതമായി ഉപദേശിച്ച സ്മൃതിയാണ് ശ്രീനാരായണ സ്മൃതി. ജനനം മുതൽ മരണം വരെയുള്ള മുഴുവൻ ജീവിതചര്യകളും എങ്ങനെയാകണമെന്ന് മഹാഗുരു ശ്രീനാരായണ സ്മൃതിയിലൂടെ ഉപദേശിച്ചിട്ടുണ്ട്. സത്‌സന്താനങ്ങൾ ജനിക്കാൻ ഭാര്യാഭർത്താക്കന്മാർ എങ്ങനെ ജീവിക്കണം, ഗർഭിണിയുടെചര്യ എങ്ങനെ, കുഞ്ഞിന്റെ ശുശ്രൂഷ, നാമകരണം, ചോറൂണ്, വിദ്യാരംഭം, പഠനം, സ്‌കൂൾ ഗുരുകുല വിദ്യാഭ്യാസം, വിവാഹം, ഗൃഹസ്ഥന്റെ ജീവിതചര്യ, മരണാനന്തരകർമ്മങ്ങൾ, സംന്യാസം, പഞ്ചശുദ്ധി, പഞ്ചകർമ്മം, പഞ്ചമഹായജ്ഞം തുടങ്ങി മനുഷ്യജീവിതത്തിൽ അറിഞ്ഞിരിക്കേണ്ട പ്രധാന അനുഷ്ഠാന പദ്ധതികളെല്ലാം ശ്രീനാരായണ സ്മൃതിയിലൂടെ ഗുരുദേവൻ ഉപദേശിച്ചിട്ടുണ്ട്.

ചിങ്ങം ഒന്ന് മുതലുള്ള ശ്രീനാരായണ മാസാചരണവും അതിൽത്തന്നെ ഉൾപ്പെടുന്ന ഗുരുദേവജയന്തി വാരാഘോഷവും യഥാർത്ഥ ശ്രീനാരായണീയ സമൂഹത്തെ വാർത്തെടുക്കാനുള്ള അനുഷ്ഠാന പദ്ധതിയാണ്. ഗുരുദേവ ധർമ്മപ്രചരണം ജീവിത പദ്ധതിയാക്കി മാറ്റാൻ അനുഷ്ഠാന പദ്ധതികൾ സഹായകമാകും. വാക്കുകൊണ്ടും മനസ്സുകൊണ്ടും പ്രവൃത്തികൊണ്ടും യഥാർത്ഥ ശ്രീനാരായണീയരാകണം. ശ്രീനാരായണജയന്തി വാരാഘോഷവും ശ്രീനാരായണ മാസാചരണവും ധർമ്മചര്യായജ്ഞവും ചിങ്ങം ഒന്ന് മുതൽ കന്നി ഒൻപത് വരെ കൃത്യമായി നടപ്പിൽ വരുത്തണം. അതിനായി ഗുരുധർമ്മപ്രചാരകർ നേരത്തേ യോഗം കൂടി തീരുമാനമെടുത്ത് പ്രായോഗികമാക്കണമെന്ന് ഗുരുദേവന്റെ തിരുനാമധേയത്തിലും ശിഷ്യപരമ്പരയുടെ പേരിലും സാദരം അഭ്യർത്ഥിക്കുന്നു. എസ്.എൻ.ഡി.പി. യോഗം, ഗുരുധർമ്മപ്രചരണ സഭ, ഗുരുദേവ ക്ഷേത്രങ്ങൾ, ഗുരുദേവ മന്ദിരങ്ങൾ, തുടങ്ങി മുഴുവൻ ഗുരുദേവപ്രസ്ഥാനങ്ങളും ശ്രീനാരായണീയ സമൂഹവും ഈ അനുഷ്ഠാന പദ്ധതി സാധനാപാഠമാക്കണം. എല്ലാവർക്കും ഗുരുകാരുണ്യമുണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SREENARAYANA JAYANTHI
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.