ലുധിയാന; വീടിന് ചേർന്നുള്ള ഓഫീസിൽ നിന്ന് പതിവായി പണം നഷ്ടപ്പെടുന്നത് ശ്രദ്ധയിൽപ്പെട്ട വ്യാപാരി സിസിടിവിയിൽ കണ്ടത് ഞെട്ടിക്കുന്ന ദൃശ്യങ്ങൾ. മോഷണം നടത്തുന്ന കള്ളനെ കണ്ടുപിടിക്കാൻ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച വ്യാപാരി കണ്ടത് പ്രതിയ്ക്ക് താക്കോൽ കൈമാറുന്ന സ്വന്തം മകളെയാണ്. തുടർന്ന് പതിനഞ്ചുകാരിയെ ചോദ്യം ചെയ്തപ്പോൾ ലഭിച്ചത് ഞെട്ടിക്കുന്ന പീഡനവിവരങ്ങൾ. പഞ്ചാബിലെ ലുധിയാനയിലാണ് സംഭവം.
കൽക്കരി വ്യാപാരിയുടെ ഓഫീസിൽ പൂട്ട് പൊളിച്ചതിന്റെയോ ബലം പ്രയോഗിച്ച് തുറന്നതിന്റെയോ യാതൊരു ലക്ഷണങ്ങളും ഇല്ലായിരുന്നു. മാത്രമല്ല താക്കോൽ യഥാസ്ഥാനത്ത് തന്നെ ഉണ്ടായിരുന്നതും സംശയം ബലപ്പെടുത്തി. കുടുംബാംഗങ്ങളോ വിശ്വസ്തരോ അല്ലാതെ ഓഫീസ് മുറിയിൽ പ്രവേശിക്കാറുമില്ലായിരുന്നു. ഇതോടെയാണ് ജൂലായിൽ സിസിടിവി ക്യാമറ സ്ഥാപിച്ചത്. വ്യാഴാഴ്ച ദൃശ്യങ്ങൾ പരിശോധിച്ച വ്യാപാരി ഞെട്ടി. വീട്ടിൽ അതിക്രമിച്ചു കടന്ന പ്രതി മകളുടെ മുറിയിൽ പ്രവേശിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. തുടർന്ന് മകൾ തന്നെ താക്കോൽ എടുത്ത് നൽകുന്നതാണ് വ്യാപാരി കണ്ടത്.
പിന്നാലെ മകളെ ചോദ്യം ചെയ്തപ്പോൾ ഞെട്ടിക്കുന്ന പീഡനവിവരങ്ങൾ പുറത്തുവരികയായിരുന്നു. സമൂഹമാദ്ധ്യമത്തിലൂടെ പരിചയപ്പെട്ട യുവാവാണ് വീട്ടിൽ മോഷണം നടത്തിയിരുന്നത്. പെൺകുട്ടിയുമായി അടുപ്പത്തിലായ പ്രതി ഹോട്ടൽ മുറികളിലും മറ്റിടങ്ങളിലും എത്തിച്ച് പീഡിപ്പിച്ചിരുന്നു. ഇതിനിടെ പീഡനദൃശ്യങ്ങൾ പകർത്തുകയും പുറത്തുപറഞ്ഞാൽ കൊല്ലുമെന്നും നഗ്നചിത്രങ്ങൾ പുറത്തുവിടുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി താക്കോൽ കൈക്കലാക്കുകയുമായിരുന്നു. സംഭവമറിഞ്ഞതിന് പിന്നാലെ വ്യാപാരി പൊലീസിൽ പരാതി നൽകി. സിസിടിവി ദൃശ്യങ്ങളിൽ നിന്ന് പ്രായപൂർത്തിയാകാത്ത ആളാണ് പ്രതിയെന്ന് മനസിലാക്കുന്നതായും തിരച്ചിൽ ആരംഭിച്ചതായും പൊലീസ് വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |