SignIn
Kerala Kaumudi Online
Friday, 26 April 2024 9.16 AM IST

സിനിമയിൽ പണിയെടുക്കുന്ന സ്ത്രീകൾക്ക് അന്തസോടെ ജീവിക്കാനുള്ള  നടപടികളാണ് വേണ്ടത്, സർക്കാരിന്റെ ഇടപെടൽ ആവശ്യപ്പെട്ട്  ഡബ്ല്യൂ സി സി

wcc

സിനിമയിൽ ഒരു സ്ത്രീ പീഡിപ്പിക്കപ്പെട്ടാൽ ആർക്കും ഒന്നുമില്ലെന്ന നില മനുഷ്യത്വഹീനവും നിയമ വിരുദ്ധവുമാണെന്ന് വുമൻ ഇൻ സിനിമാ കളക്‌ടീവ്. അതിജീവിതമാർക്ക് നീതി ലഭിക്കാനായി വനിതാ കമ്മീഷൻ മുൻകൈ എടുക്കണമെന്നും ഡബ്ല്യൂ സി സി ആവശ്യപ്പെട്ടു.

പടവെട്ട് സിനിമയുടെ സംവിധായകന്റെയും എക്സിക്യൂട്ടീവ് പ്രൊഡ്യൂസറുടെയും പേരുകൾ സിനിമയുടെ ക്രെഡിറ്റിൽ നിന്ന് ഒഴിവാക്കണമെന്ന് പീഢനത്തിനിരയായ പെൺകുട്ടികൾ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഡബ്ല്യൂ.സി.സിയുടെ പ്രതികരണം. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് ഇവർ തങ്ങളുടെ നിലപാട് അറിയിച്ചത്.

പടവെട്ട് സിനിമയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ബിബിൻ പോളിനെതിരെയാണ് മീ ടു ആരോപണവുമായി യുവ നടി എത്തിയത്. 'വുമൻ എഗെൻസ്റ്റ് സെക്‌ഷ്വൽ ഹരാസ്മെന്റ്' എന്ന ഫേസ്‌ബുക്ക് പേജിലൂടെയായിരുന്നു നടിയുടെ വെളിപ്പെടുത്തൽ. ബിബിൻ പോളും ലിജു കൃഷ്ണയും ചേർന്ന് പെൺകുട്ടികളെ സിനിമ എന്ന പേരിൽ കബളിപ്പിക്കുകയാണെന്നും നടി കുറിച്ചു. നേരത്തെ പടവെട്ട് സിനിമയുടെ സംവിധായകൻ ലിജു കൃഷ്ണ മറ്റൊരു പെൺകുട്ടിയുടെ പരാതിയെത്തുടർന്ന് അറസ്റ്റിലായിരുന്നു.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

വീണ്ടും മലയാളസിനിമയിലെ ഒരതിജീവിതമാർ മൗനം വെടിഞ്ഞ് പരാതിയുമായി രംഗത്ത് വന്നിരിക്കുന്നു. കേസു കൊടുത്ത പെൺകുട്ടികൾ കടന്നു പോകുന്ന അവസ്ഥ ഭീകരമാണ്. നീതിയിലുള്ള വിശ്വാസം തന്നെ ഇവിടെ ജീവിയ്ക്കുന്നവരിൽ നഷ്ടപ്പെട്ടു പോകുന്ന നിലയിലേക്കാണ് കാര്യങ്ങൾ ചെന്നെത്തി നിൽക്കുന്നത്.

" പടവെട്ട് " എന്ന സിനിമയുടെ സംവിധായകൻ ലിജു കൃഷ്ണക്കെതിരെ, ഒരു പെൺകുട്ടി പോഷ് ആക്ട് (2018 ) അനുസരിച്ച് ഐ.സി ഇല്ലാത്ത യൂണിറ്റ് ആയിരുന്നു. പരാതി കേൾക്കാൻ ബാദ്ധ്യസ്ഥരായവരെല്ലാം മുഖം തിരിച്ചു. ഒടുവിൽ അവൾക്ക് പൊലീസിനെ സമീപിക്കേണ്ടി വന്നു. തുടർന്ന് പോലീസ് ഇടപെടലിൽ സംവിധായകൻ അറസ്റ്റിലാവുകയും ചെയ്തു.

എന്നാൽ ജാമ്യത്തിലിറങ്ങിയ അയാൾ ഇപ്പോൾ തന്റെ സിനിമ റിലീസുമായി ബന്ധപ്പെട്ട ആഘോഷത്തിലാണ്. അതിജീവിതയാകട്ടെ ആശുപത്രിയിൽ ജീവൻ നിലനിർത്താനായി കഠിനമായ ജീവിത സാഹചര്യങ്ങളോട് പൊരുതുകയുമാണ്. കഴിഞ്ഞ ദിവസം അവളുടെ ദയനീയാവസ്ഥ മാതൃഭൂമി ഓൺലൈൻ വഴി പുറത്തുവന്നതിനെ തുടർന്ന് മറെറാരു പെൺകുട്ടി കൂടി പരാതിയുമായി രംഗത്ത് വന്നിരിക്കുന്നു. അതേ സിനിമയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർക്കെതിരെ " ഓഡിഷന് " പങ്കെടുത്ത പെൺകുട്ടിയാണ് പരാതി പരസ്യമാക്കിയത്.

സംവിധായകന്റെ പീഢനത്തിന് ഇരയായ പെൺകുട്ടിയുടെ അവസ്ഥ കേട്ട് സഹിയ്ക്ക വയ്യാതെയാണ് ഈ പുതിയ വെളിപ്പെടുത്തലുണ്ടായത് എന്നത് ശ്രദ്ധേയമാണ് . സിനിമകളുടെ ഓഡിഷന്റെ പേരിൽ വീണ്ടും പല പെൺകുട്ടികളും ഇതുപോലെ ചൂഷണം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു എന്ന സൂചന ഇത് കൃത്യമായി നൽകുന്നുണ്ട്.

ഗുരുതരമായ പരാതികൾ ഉണ്ടായിരുന്നിട്ടും പടവെട്ടിന്റെ നിർമ്മാതാക്കൾ ഈ സിനിമയുടെ നിർമ്മാണത്തിലൂടെ പീഡനത്തിനിരയായ യുവതികളോടുള്ള അവരുടെ ധാർമികവും നിയമപരവുമായ ഉത്തരവാദിത്തം നഗ്നമായി ലംഘിക്കുകയാണ്. വിഷയത്തെ അഭിസംബോധന ചെയ്യുന്നതിനുപകരം അവർ അത് അവഗണിക്കുകയും സിനിമയുടെ വാണിജ്യ ചൂഷണത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്നു.

ഒരു പരാതി ഉണ്ടായാൽ നിയമപരമായി അത് ഉന്നയിയ്ക്കാൻ ആവശ്യമായ ഒരു അഭ്യന്തര പരാതി പരിഹാരസമിതി ഇല്ലാതെ നടത്തിയെടുത്ത സിനിമയാണ് "പടവെട്ട്". പക്ഷി മൃഗാധികൾ സിനിമയുടെ ഭാഗമായിട്ടുണ്ടെങ്കിൽ അവയെ ഷൂട്ടിംഗ് വേളയിൽ ദ്രോഹിച്ചിട്ടില്ല എന്ന സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ മാത്രം സെൻസർ സർട്ടിഫിക്കറ്റ് കിട്ടുന്ന സംവിധാനമാണ് ഇവിടെയുള്ളത്. എന്നാൽ സിനിമയിൽ ഒരു സ്ത്രീ പീഢിപ്പിക്കപ്പെട്ടാൽ ആർക്കും ഒന്നുമില്ലെന്ന നില മനുഷ്യത്വഹീനവും നിയമ വിരുദ്ധവുമാണ്. തങ്ങൾ അനുഭവിച്ച പീഢനങ്ങൾക്ക് ഉത്തരവാദികളായ പടവെട്ട് സിനിമയുടെ സംവിധായകൻ്റെയും എക്സിക്യൂട്ടീവ് പ്രൊഡ്യൂസറുടെയും പേരുകൾ സിനിമയുടെ ക്രെഡിറ്റിൽ നിന്ന് ഒഴിവാക്കണമെന്ന് ഈ പെൺകുട്ടികൾ ആവശ്യപ്പെടുന്നത്. അതിജീവിതമാർക്ക് നീതി ലഭിക്കാനായി വനിതാ കമ്മീഷൻ മുൻകൈ എടുക്കണം എന്നാണ് ഞങ്ങൾ കരുതുന്നത്.

നിയമങ്ങൾ നിലവിലുണ്ടെങ്കിലും പല ഒഴികഴിവുകളുടെ മറവിൽ അത് നടപ്പിലാക്കാതിരിക്കാനായിരുന്നു ഇത്രകാലവും സിനിമാരംഗം ശ്രമിച്ചിരുന്നത്. കേരള ഹൈക്കോടതിയിൽ ഡബ്ല്യുസിസി നൽകിയ റിട്ട് ഹർജിക്ക് മറുപടിയായി, ഓരോ ഫിലിം യൂണിറ്റിനും അവരുടേതായ ഐസി ഉണ്ടായിരിക്കണമെന്നും പോഷ് നിയമങ്ങൾ പാലിക്കണമെന്നും കോടതി ഉത്തരവ് ഈ വർഷമാണ് നിലവിൽ വന്നത്. എന്നിട്ടും പല നിർമ്മാതാക്കളും നഗ്നമായ നിയമവിരുദ്ധ നടപടികൾ തുടരുകയാണ്.

സിനിമയിൽ പണിയെടുക്കുന്ന സ്ത്രീകൾക്ക് അന്തസ്സോടെ ജീവിയ്ക്കാൻ ആവശ്യമായ മേൽ നടപടികളാണ് അടിയന്തരമായി ആവശ്യമുള്ളത്. അതിനാവശ്യമായ ശക്തമായ പ്രായോഗിക പ്രവർത്തനങ്ങൾ മുന്നോട്ട് വെക്കുമെന്ന് പ്രതീക്ഷിച്ച ഹേമ കമ്മിറ്റി നിർദേശങ്ങൾ ഇപ്പോഴും കാണാമറയത്താണ്.

മലയാള സിനിമാ പ്രൊഡക്ഷനിൽ ഐ.സി രൂപീകരിക്കാൻ വനിതാ കമ്മീഷൻ്റെ നേതൃത്വത്തിൽ എല്ലാ ചലച്ചിത്ര സംഘടനകളുടെയും അംഗങ്ങൾ ചേർന്ന് മോണിറ്ററിങ്ങ് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ശരിയായ രീതിയിൽ ഐ സി പ്രവൃത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തി ഒരു നല്ല മാതൃക കാണിക്കാൻ ഈ കമ്മിറ്റിക്ക് സാധ്യമാകുന്ന നിയമക്രമങ്ങൾ എത്രയും പെട്ടെന്നു ഉണ്ടാക്കേണ്ടതുണ്ട്. നിയമം പാലിക്കാത്ത നിർമ്മാതാക്കൾക്കെതിരെ നിയമപരമായ നടപടികൾ എടുക്കുന്നതും മോണിറ്ററിംഗ് കമ്മിറ്റിയുടെ പരിധിയിൽ പെടുത്തുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഗവൺമെൻറിന്റെ ഗൗരവപ്പെട്ട ഇടപെടൽ ഈ സാഹചര്യത്തിൽ വീണ്ടും ഡബ്ലു.സി.സി. ആവശ്യപ്പെടുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: WCC, WCC FB POST
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.