SignIn
Kerala Kaumudi Online
Sunday, 28 April 2024 3.34 AM IST

കേരള സവാരി ; ചെലവ് കുറഞ്ഞ സുരക്ഷിതയാത്ര

kerala-savari

കേരളത്തിൽ ഇന്ന് മറ്റൊരു ചരിത്രം കൂടി പിറക്കുകയാണ്. കേരളത്തിന്റെ സ്വന്തം ഓൺലൈൻ ഓട്ടോ ടാക്സി സംവിധാനമായ കേരള സവാരി ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ഉദ്ഘാടനം ചെയ്യും. രാജ്യത്തിന് മുന്നിൽ കേരള സംസ്ഥാനം മറ്റൊരു രംഗത്ത് കൂടി മാതൃകയാവുകയാണ്. പൊതുവേ ഓൺലൈൻ ടാക്സി മേഖല നിയന്ത്രിക്കുന്നത് ബഹുരാഷ്ട്ര കമ്പനികളാണ്. ആ മേഖലയിലേക്കാണ് സർക്കാർ സ്വന്തം ഓൺലൈൻ ഓട്ടോ ടാക്സി സംവിധാനമായ കേരള സവാരിയുമായി എത്തുന്നത്.

മോട്ടോർ തൊഴിലാളികൾ നിരവധി പ്രയാസങ്ങൾ നേരിടുന്നുണ്ട്. അവർക്കൊരു കൈത്താങ്ങ് എന്ന നിലയിലാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. സർക്കാർ അംഗീകൃത നിരക്ക് ലഭിക്കാത്ത സാഹചര്യം തൊഴിലാളികൾക്ക് പലപ്പോഴും ഉണ്ടാകുന്നുണ്ട്. യാത്രക്കാർക്കാകട്ടെ കൂടിയനിരക്ക് നൽകേണ്ടിയും വരുന്നു. ഈ ഘട്ടത്തിലാണ് പൊതുമേഖലയിൽ ഒരു ഓൺലൈൻ ടാക്സി സംവിധാനം കൊണ്ടുവരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ചിന്തിക്കുന്നത്. തൊഴിൽ വകുപ്പിന്റെ നേതൃത്വത്തിൽ മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ആഭിമുഖ്യത്തിൽ ആരംഭിക്കാനുള്ള ആലോചനകൾ അങ്ങനെ യാഥാർത്ഥ്യമായി. പൊതുജനങ്ങൾക്ക് സർക്കാർ അംഗീകൃത നിരക്കിൽ സുരക്ഷിതവും തർക്കരഹിതവുമായ യാത്ര ഉറപ്പാക്കുക എന്ന ലക്ഷ്യംകൂടി ഈ ആലോചനകളിൽ ഉണ്ടായിരുന്നു.

കേരള സവാരിയുടെ മേന്മകൾ എന്താണെന്ന് നോക്കാം.

നിലവിലെ സംവിധാനങ്ങളിൽ മോട്ടോർ തൊഴിലാളികൾക്ക് ലഭിക്കുന്ന നിരക്കും യാത്രക്കാരിൽ നിന്ന് ഈടാക്കുന്ന നിരക്കും തമ്മിൽ 20 മുതൽ 30 ശതമാനം വരെ വ്യത്യാസമുണ്ടെന്നാണ് നിഗമനം. എന്നാൽ സർവീസുകൾ കൂടുതൽ ലഭിക്കുന്നതുകൊണ്ട് നഷ്ടം സഹിച്ചും തുടരാൻ തൊഴിലാളികൾ നിർബന്ധിതരാവുകയാണ്. ആളുകൾക്കിഷ്ടം ഓൺലൈൻ ടാക്സി സംവിധാനങ്ങളോടാണ്. കാരണം തങ്ങൾ ഉള്ളിടത്തേക്ക് വണ്ടികൾ വരുന്നു എന്നതുതന്നെ.

സർവമേഖലകളിലും ആധുനികവത്‌കരണം നടന്നുവരികയാണ്. മോട്ടോർ തൊഴിലാളികളും ഈ മാറ്റത്തിന്റെ ഭാഗമാകണം. ചാർജുകൾക്ക് സീസണൽ മാറ്റം എന്നത് ഒരു ചൂഷണമാണ്. കേരള സവാരിയിൽ ഒറ്റ നിരക്കേ ഉണ്ടാകൂ. സർവീസ് ചാർജ് എട്ട് ശതമാനം മാത്രമാണ് ഈടാക്കുക. ഇത് മറ്റ് ഓൺലൈൻ ടാക്സി സംവിധാനങ്ങളേക്കാൾ കുറവാണുതാനും.
സർക്കാർ നിശ്ചയിച്ചിട്ടുള്ള നിരക്കിനൊപ്പം സർവീസ് ചാർജായി ഈടാക്കുന്ന തുക പദ്ധതി നടത്തിപ്പിനും യാത്രക്കാർക്കും ഡ്രൈവർമാർക്കും പ്രമോഷണൽ ഇൻസെന്റീവ്സ് നൽകാനും മറ്റുമായി ഉപയോഗപ്പെടുത്തും.

സുരക്ഷയാണ് എടുത്ത് പറയേണ്ട മറ്റൊരു പ്രത്യേകത. സ്ത്രീകൾക്കും മുതിർന്നവർക്കും കുട്ടികൾക്കും സുരക്ഷിതമായി കേരള സവാരിയിൽ യാത്ര ചെയ്യാനുള്ള സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. ഡ്രൈവറുടെ രജിസ്‌ട്രേഷൻ മുതൽ ഈ കരുതലുണ്ടാവും. ഡ്രൈവർമാർക്ക് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. മികച്ച പരിശീലനമാണ് ഡ്രൈവർമാർക്ക് നൽകുന്നത്. കൂടാതെ കേരള സവാരി ആപ്പിൽ ഒരു പാനിക് ബട്ടൺ സംവിധാനവും ഒരുക്കിയിട്ടുണ്ട്. സുരക്ഷാപ്രശ്നം ഉണ്ടെങ്കിൽ ഡ്രൈവർക്കോ യാത്രക്കാർക്കോ പരസ്പരം അറിയാതെ തന്നെ പാനിക് ബട്ടൺ അമർത്താം. പൊലീസ്, ഫയർഫോഴ്സ്, മോട്ടോർവാഹന വകുപ്പ് സംവിധാനങ്ങളെ ബന്ധപ്പെടാൻ പാനിക്ക് ബട്ടൺ അമർത്തിയാൽ കഴിയും. വാഹനങ്ങളിൽ സബ്സിഡി നിരക്കിൽ ജി.പി.എസ് ഘട്ടം ഘട്ടമായി ഘടിപ്പിക്കാനും പദ്ധതിയുണ്ട്. 24 മണിക്കൂറും പ്രവർത്തിക്കുന്ന കാൾസെന്ററും ഇതിന്റെ ഭാഗമാകും.

തിരുവനന്തപുരം നാഗരസഭാ പരിധിയിലാണ് പൈലറ്റ് പദ്ധതി നടപ്പാക്കുക. താമസിയാതെ മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കും.

തിരുവനന്തപുരം നഗരസഭാ പരിധിയിലെ 500 ഓട്ടോ ടാക്സി ഡ്രൈവർമാർക്ക് പരിശീലനം നൽകിക്കഴിഞ്ഞു. ഡ്രൈവർമാരെ ഒരു ടൂറിസ്റ്റ് ഗൈഡ് എന്ന തലത്തിലേക്ക് കൂടി മാറ്റാനുള്ള പരിശീലനവും നൽകുന്നുണ്ട്.

പദ്ധതിയുടെ ഭാഗമാകുന്ന വാഹനത്തിന്റെ ഓയിൽ, വാഹന ഇൻഷുറൻസ്, ടയർ,ബാറ്ററി എന്നിവയ്ക്ക് ഡിസ്‌കൗണ്ട് ലഭ്യമാക്കുന്ന കാര്യം ആലോചനയിലുണ്ട് . യാത്രക്കാർക്കും ഡ്രൈവർമാർക്കും ഇൻഷുറൻസ്, ആക്സിഡന്റ് ഇൻഷുറൻസ് എന്നിവ ഏർപ്പെടുത്തുന്ന കാര്യവും പരിഗണനയിലാണ്. വാഹനങ്ങളിൽ പരസ്യം നൽകി വരുമാന വർദ്ധനയുണ്ടാക്കുന്ന കാര്യവും ആലോചിക്കുന്നുണ്ട്. പരസ്യത്തിന്റെ 60 ശതമാനം വരുമാനവും ഡ്രൈവർമാർക്ക് നൽകും. പൊതുമേഖലയിലെ നൂതനമായ ആശയമാണ് കേരള സവാരി. ഒരു മേഖലയുടെ തന്നെ വികാസത്തിന് പദ്ധതി കാരണമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ സംരംഭത്തിനായി നമുക്കൊരുമിച്ച് കൈകോർക്കാം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KERALA SAVARI
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.