സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ (എസ്.എസ്.സി )കേന്ദ്ര പൊലീസ് സേനയിൽ ഒഴിവുള്ള 4300 സബ് ഇൻസ്പെക്ടർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. സെൻട്രൽ ആംഡ് പൊലീസ് ഫോഴ്സ് (സി.എ.പി.എഫ്), ഡൽഹി പൊലീസ്, ബോർഡർ സെക്യൂരിറ്റി ഫോഴ്സ്, സെൻട്രൽ റിസർവ് പൊലീസ് (സി.ആർ.പി.എഫ്)തുടങ്ങിയ വിഭാഗങ്ങളിലാണ് സ്ത്രീകൾക്കുൾപ്പെടെ അവസരമുള്ളത്. സി.എ.പി.എഫിൽ 3960 ഒഴിവുകളും ഡൽഹി പൊലീസിൽ 340 ഒഴിവുകളുമാണുള്ളത്.
ബിരുദമോ തത്തുല്യയോഗ്യതയോ ഉള്ളവർക്ക് അപേക്ഷിക്കാം. ഡൽഹി പൊലീസിലെ സബ് ഇൻസ്പെക്ടർ തസ്തികയിൽ അപേക്ഷിക്കുന്ന പുരുഷ ഉദ്യോഗസ്ഥർ ശാരീരിക പരിശോധനകൾക്ക് മുമ്പ് എൽ.എം.വി ഡ്രൈവിംഗ് ലൈസൻസ് (മോട്ടോർ സൈക്കിൾ ആൻഡ് കാർ )നേടിയിരിക്കണം. പ്രായം 20-25 വരെയാണ്. എസ്.സി, എസ്.ടി വിഭാഗക്കാർക്ക് അഞ്ചുവർഷത്തെയും ഒ.ബി.സി വിഭാഗത്തിന് മൂന്ന് വർഷത്തെയും ഇളവുണ്ട്. വിമുക്തഭടൻമാർക്ക് സർവീസ ചട്ടങ്ങൾക്ക് അനുസരിച്ചുള്ള ഇളവ് ലഭിക്കും. ഡൽഹി പൊലീസിലെ സബ് ഇൻസ്പെക്ടർ പോസ്റ്റിലേക്ക് വിധവകൾക്കും പുനർവിവാഹിതരാകാത്തവർക്കും 35 വയസുവരെ അപേക്ഷിക്കാം. എസ്.സി, എസ്.ടി വിഭാഗക്കാർക്ക് 40 വയസുവരെയും അപേക്ഷിക്കാം.
ശാരീരിക യോഗ്യത: പുരുഷൻ: ഉയരം: 170 സെമീ, നെഞ്ചളവ് 80-85 സെമീ, എസ്.സി വിഭാഗത്തിലുള്ളവർക്ക് ഉയരം 162.5 സെമീ, നെഞ്ചളവ് 77-82 സെ.മീ ഉണ്ടായിരിക്കണം. സ്ത്രീകൾക്ക് ഉയരം 157 സെമീ ഉണ്ടായിരിക്കണം, തൂക്കം ഉയരത്തിന് ആനുപാതികമായിരിക്കണം. പുരുഷൻമാർ 16 സെക്കൻഡിൽ നൂറുമീറ്റർ ഒാട്ടം, 6.5 മിനിറ്റിൽ 1.6 കിലോമീറ്റർ ഓട്ടം, ലോംഗ് ജംപ്: 3.65 മീറ്റർ, ഹൈജംപ്: 1.2 മീറ്റർ, ഷോട്ട്പുട്ട് (16 എൽ.ബി.എസ്) 4.5 മീറ്റർ, ലോംഗ് ജംപ്, ഹൈ ജംപ്, ഷോട്ട് പുട്ട് എന്നിവയ്ക്ക് മൂന്ന് അവസരങ്ങൾ ലഭിക്കും. വനിതകൾ 18 സെക്കൻഡിൽ നൂറുമീറ്റർ ഓട്ടം, നാലുമീറ്റർ 800 മീറ്റർ ഓട്ടം, ലോംഗ് ജംപ്- 2.7 മീറ്റർ, ഹൈജംപ് 0.9 മീറ്റർ (മൂന്ന് അവസരങ്ങൾ)
കണ്ണട ഉപയോഗിക്കാതെ രണ്ടുകണ്ണുകൾക്കും 6/6, 6/9 വേണം. കാൽമുട്ടുകൾ കൂട്ടിമുട്ടുകയോ, പരന്നപാദമോ, ഞരമ്പുകൾ പിടച്ചതോ, കോങ്കണ്ണോ എന്നിവയുണ്ടാകുന്നത് അയോഗ്യതയാണ്. ജോലി ചെയ്യാൻ തടസമാകുന്ന രീതിയിലുള്ള വൈകല്യങ്ങളൊന്നും ഉണ്ടായിരിക്കരുത്.
പരീക്ഷ നടക്കുന്നത് രണ്ടു ഘട്ടങ്ങളിലായാണ്. എഴുത്തുപരീക്ഷ, കായികക്ഷമതാ പരീക്ഷ, വൈദ്യപരിശോധന എന്നിവ ഉണ്ടായിരിക്കും. ആദ്യഘട്ട എഴുത്തു പരീക്ഷയിൽ വിജയിക്കുന്നവരെ ഫിസിക്കൽ എൻഡ്യുറൻസ് ടെസ്റ്റ്, ഫിസിക്കൽ സ്റ്റാൻഡേർഡ് ടെസ്റ്റിന് വിളിക്കും. ഇതിലും വിജയിച്ചെങ്കിൽ മാത്രമേ രണ്ടാംഘട്ട പരീക്ഷ എഴുതാൻ കഴിയൂ.
നൂറുരൂപയാണ് അപേക്ഷാഫീസ്. വനിതകൾക്കും എസ്.സി, എസ്.ടി വിഭാഗക്കാർക്കും വിമുക്തഭടൻമാർക്കും അപേക്ഷാ ഫീസ് ഇല്ല. ഒാൺലൈനായും എസ്.ബി.ഐ ചലാൻ വഴിയും ഫീസടക്കാം. ചലാൻ ആഗസ്റ്റ് 30 നകം ജനറേറ്റ് ചെയ്യണം. ആഗസ്റ്റ് 31 വരെ ഫീസടക്കാം. തെറ്റുകൾ സെപ്തംബർ ഒന്നിന് തിരുത്താം. അവസാന തീയതി ആഗസ്റ്റ് 30.
കർണാടക, കേരള റീജിയണിലാണ് കേരളവും ലക്ഷദ്വീപും. ആറ് പരീക്ഷാ കേന്ദ്രങ്ങളാണ് കേരളത്തിൽ. തിരുവനന്തപുരം, കൊല്ലം, കോട്ടയം, തൃശൂർ, കോഴിക്കോട്, കണ്ണൂർ എന്നിവയാണത്. ഉദ്യോഗാർത്ഥികൾക്ക് മൂന്ന് കേന്ദ്രങ്ങൾ തിരഞ്ഞെടുക്കാം. വിശദവിവരങ്ങൾ ഉൾപ്പെടുന്ന വിജ്ഞാപനം www.ssc.nic.in ൽ ലഭിക്കും. ഇത് വായിച്ച് മനസിലാക്കി ഓൺലൈൻ വഴി അപേക്ഷിക്കാം. കളർ പാസ്പോർട്ട് സൈസ് ഫോട്ടോ, ഒപ്പ് എന്നിവ നിർദേശങ്ങൾക്കനുസരിച്ച് അപ്ലോഡ് ചെയ്യണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |