പൊന്നാനി: ഭൂമിശാസ്ത്രപരവും ചരിത്ര സാംസ്‌കാരികപരവുമായി ഒട്ടേറെ പെരുമയുള്ള പൊന്നാനിയിൽ നിളയോരത്ത് പച്ചത്തുരുത്ത് ഒരുങ്ങുന്നു. പൊന്നാനി നഗരസഭയുടെ നേതൃത്വത്തിലാണ് വരുംതലമുറയ്ക്കായി ഒത്തൊരുമയുടെ പച്ചത്തുരുത്ത് ഒരുങ്ങുന്നത്. പൊന്നാനിയുടെ വിവിധ മേഖലയിലുള്ളവർ ചേർന്ന് ഒരുമയോടെ വച്ചുപിടിപ്പിക്കുന്ന പച്ചത്തുരുത്തിന് സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ തുടക്കം കുറിച്ചു. ഭൂമിയുടെ നന്മയും പച്ചപ്പും നഷ്ടപ്പെട്ടിട്ടില്ല എന്നും ഇനിയും അവശേഷിക്കുന്ന പച്ചപ്പുകൾ കാത്തു സൂക്ഷിക്കാനാവശ്യമായ നന്മകൾ നിലനിൽക്കുന്നുണ്ടെന്നും സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ പറഞ്ഞു. ഓരോ നാടിനും ആ നാടിന്റേതായ സംസ്‌കൃതിയും സംസ്‌കാരവുമുണ്ട്. ചില കരിയിലകൾ വന്ന് മൂടിയാലും ശുദ്ധവായു വീശി കരിയിലകൾ പറന്ന് യഥാർത്ഥ സംസ്‌കൃതി പുറത്തു വരുമെന്നും സ്പീക്കർ ഓർപ്പിച്ചു. ജനപ്രതിനിധികളും വിദ്യാർത്ഥികളും പ്രകൃതി സ്‌നേഹികളും സന്നദ്ധ പ്രർത്തകരും പൊതു പ്രവർത്തകരും ചേർന്ന് 500 ലേറെ തൈകളാണ് ഒരുമിച്ച് വെള്ളവും വളവും നൽകി വെച്ചുപിടിപ്പിച്ചത്. നവകേരള സൃഷ്ടിക്കായുള്ള കേരള സർക്കാരിന്റെ ഹരിതകേരള മിഷൻ ഇത്തവണത്തെ പരിസ്ഥിതി ദിനത്തോടൊപ്പം ആരംഭിച്ച
പദ്ധതിയാണ് പച്ചത്തുരുത്ത്. ഉപയോഗിക്കാതെ കിടക്കുന്ന പൊതുസ്വകാര്യ സ്ഥലങ്ങൾ കണ്ടെത്തി, തദ്ദേശീയമായ വൃക്ഷങ്ങൾ നട്ടുപിടിപ്പിച്ച് പച്ചത്തുരുത്ത് എന്ന പേരിൽ ചെറുവനങ്ങൾ സൃഷ്ടിക്കുന്നതാണ് പദ്ധതി. പൊന്നാനി കർമ്മ റോഡിന് സമീപം നഗരസഭയുടെ കീഴിലുള്ള പൊതു ശ്മശാന കോമ്പൗണ്ടിലാണ് നഗരസഭ പച്ചത്തുരുത്തുണ്ടാക്കുന്നത്. അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയിലെ പ്രവർത്തകർക്കായിരിക്കും തുടക്കം തൊട്ട് മൂന്ന് മുതൽ അഞ്ച് വർഷം വരെയുള്ള പരിപാലന ചുമതല.
ജനപ്രതിനിധികൾ, സ്റ്റുഡന്റ് പോലീസ് കേഡറ്റ്, എൻ.എസ്.എസ്, എൻ.സി.സി പ്രവർത്തകർ, ഇക്കോ പോലീസ്, കുടുംബശ്രീ പ്രവർത്തകർ, നഗരസഭ ഹരിത കർമ്മ സേന, കർഷകർ, പൊതുപ്രവർത്തകർ, തൊഴിലുറപ്പുതൊഴിലാളികൾ, മാദ്ധ്യമപ്രവർത്തകർ, നഗരസഭ ഉദ്യോഗസ്ഥർ എന്നിവർ ചേർന്നാണ് പച്ചത്തുരുത്തിനായുള്ള തൈകൾ നട്ടത്.
പച്ചത്തുരുത്തിന്റെ നഗരസഭാതല ഉദ്ഘാടനം നിയമസഭ സ്പീക്കർ പി.ശ്രീരാമകൃഷണൻ നിർവ്വഹിച്ചു. പൊന്നാനി നഗരസഭ ചെയർമാൻ സി.പി മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. ഹരിതകേരള മിഷൻ ജില്ലാ കോഓർഡിനേറ്റർ രാജു പദ്ധതി വിശദീകരിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാരായ ഷീന സുദേശൻ, റീന പ്രകാശ്, കൗൺസിലർമാരായ പ്രീത രഞ്ജിത്ത്, വി.വി സുഹറ, ചന്ദ്രവല്ലി, കൃഷി ഓഫീസർമാരായ വിജയശ്രീ, അമല, രജീഷ് ഊപ്പാല, അനീഷ് നെല്ലിക്കൽ എന്നിവർ നേതൃത്വം നൽകി. വികസനകാര്യ സ്ഥിരം സമിതി ചെയർമാൻ ഒ.ഒ ഷംസു സ്വാഗതവും ഹരിതകേരളം മിഷൻ ജില്ലാ ആർ.പി തേറയിൽ ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |