SignIn
Kerala Kaumudi Online
Saturday, 27 April 2024 3.42 AM IST

എച്ച്.എസ്.ആർ.പി വരുമ്പോൾ

ss

രാജ്യത്തെ ടോൾ പ്ലാസകൾ ഇല്ലാതാക്കാനുള്ള ചുവടുവയ്പ്പിന്റെ ഭാഗമായി എല്ലാ പഴയ വാഹനങ്ങളിലും പുതിയ ഹൈ സെക്യൂരിറ്റി രജിസ്‌ട്രേഷൻ നമ്പർ പ്ലേറ്റുകൾ (HSRP) സ്ഥാപിക്കാനൊരുങ്ങുകയാണ് കേന്ദ്രം. ജി.പി.എസും അത്യാധുനിക സംവിധാനങ്ങളും ഇതുമായി സംയോജിപ്പിക്കും.

രാജ്യത്ത് ഓരോ വാഹനത്തിനും ഓരോ നമ്പർ എന്നതുപോലെ ഹൈ സെക്യൂരിറ്റി രജിസ്‌ട്രേഷൻ നമ്പർ പ്ലേറ്റുകൾ വഴി ഓരോ വാഹനത്തിന്റെയും നമ്പർ പ്ലേറ്റുകളെ കൃത്യമായി സ്റ്റാൻഡേർഡൈസ് ചെയ്യുകയാണ് സർക്കാർ. കേന്ദ്ര മോട്ടോർ വെഹിക്കിൾ ചട്ടം (CMVR) 1989 അനുസരിച്ച് 2002 മുതൽ രാജ്യത്തെ എല്ലാ വാഹനങ്ങളിലും ഹൈ സെക്യൂരിറ്റി രജിസ്‌ട്രേഷൻ പ്ലേറ്റുകൾ കൊണ്ടുവരാനുള്ള ശ്രമങ്ങൾ ആരംഭിച്ചിരുന്നു. എന്നാൽ പല കാരണങ്ങളാൽ ഇത് നടപ്പിലാക്കാനായില്ല. 2019ൽ കേന്ദ്രം ചട്ടം ഭേദഗതി ചെയ്യുകയും പുതിയ വാഹനങ്ങൾക്ക് നിരത്തിലിറങ്ങുമ്പോൾ തന്നെ നിർദ്ദേശിക്കപ്പെട്ട രീതിയിൽ നമ്പർ പ്ലേറ്റ് നിർബന്ധമാക്കുകയും ചെയ്തു. പല സംസ്ഥാനങ്ങളിലും ഇതിനോടകം ഇത് നിലവിൽവന്നു കഴിഞ്ഞു. വാഹനത്തിന്റെ സുരക്ഷ ഉറപ്പാക്കാനും അപകടമോ കളവോ തീപ്പിടുത്തമോ സംഭവിച്ചാൽ വാഹനം തിരിച്ചറിയാനും എച്ച്.എസ്.ആർ.പി ഉപകരിക്കുമെന്നാണ് വിദഗ്ദർ ചൂണ്ടികാണിക്കുന്നത്.


വ്യത്യസ്തമാകുന്നത്

എങ്ങനെ?


ഓരോ സേഫ്‌ടി പ്രൊഡക്ടിനും അതിന്റേതായ സ്റ്റാൻഡേർഡ് നിർണയിക്കപ്പെട്ടിട്ടുണ്ടാകും. അത്തരത്തിൽ AIS 159 എന്ന സ്റ്റാൻഡേർഡ് പ്രൊഡക്ടാണ് ഹൈ സെക്യൂരിറ്റി രജിസ്‌ട്രേഷൻ നമ്പർ പ്ലേറ്റ്. ഇത്തരത്തിൽ നിർദ്ദേശിക്കപ്പെട്ട അളവിലും ഫോണ്ടിലും നിറത്തിലുമായിരിക്കും ഒരു വാഹനത്തിൽ എച്ച്.എസ്.ആർ.പി നമ്പർ പ്ലേറ്റുകൾ ഘടിപ്പിക്കുക. റെസ്റ്റ് പ്രൂഫ് അലൂമിനിയം ബേസ് പ്ലേറ്റുകളുപയോഗിച്ച് നിർമ്മിക്കുന്ന നമ്പർ പ്ലേറ്റുകളുടെ കോണുകൾ അർത്ഥ വൃത്താകൃതിയിലായിരിക്കും. വശങ്ങളിൽ പ്രതിഫലിപ്പിക്കുന്ന മെറ്റീരിയൽ ഉപയോഗിച്ച് ‘India’ എന്ന് പ്രിന്റ് ചെയ്തവയുമാണ്. വ്യക്തവും കാലങ്ങളോളം നിലനിൽക്കുന്നതുമായ രീതിയിലായിരിക്കും നമ്പർ പഞ്ച് ചെയ്യുക. നാഷണൽ ഐഡി, ഹോളോഗ്രാം, എന്നിവയും ഇന്ത്യൻ മുദ്രയോടുകൂടിയതാണ്. ട്രാക്കിങ്ങിനും ട്രേസിങ്ങിനും സഹായിക്കുന്ന ലേസർ ഐഡിയും മുന്നിലും പിന്നിലുമുള്ള പ്ലേറ്റുകളിൽ മുദ്രണം ചെയ്തിരിക്കുന്നു. ഇങ്ങനെ ഡിസൈൻ ചെയ്തിട്ടുള്ള നമ്പർ പ്ലേറ്റുകൾ വാഹനത്തിൽ ഘടിപ്പിക്കുന്നത് സ്നാപ് ലോക്ക് രീതിയിലാണ്. ഇത് പെട്ടെന്ന് അഴിച്ചുമാറ്റാനോ പിന്നീട് ഘടിപ്പിക്കാനോ സാധിക്കുന്നവയല്ല എന്നതും വാഹനത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നു. ടൂ വീലർ ഒഴിച്ച് വിൻഡ് ഷീൽഡുള്ള എല്ലാ വണ്ടികളിലും തേർഡ് ലൈസൻസ് പ്ലേറ്റ് വേണമെന്നതും എച്ച്.എസ്.ആർ.പിയുടെ ഭാഗമാണ്. മുൻപിലും പിൻപിലും പഞ്ച് ചെയ്ത നമ്പർ പ്ലേറ്റുകൾ സ്ഥാപിക്കുന്നതുപോലെ തന്നെ ഗ്ലാസിലും ഇത്തരത്തിൽ എല്ലാ മാനദണ്ഡങ്ങളും പാലിച്ചുള്ള നമ്പർ പ്ലേറ്റ് ഒട്ടിച്ചിരിക്കണമെന്നതാണ് ചട്ടം.


എന്താണ് ഗുണങ്ങൾ?


വാഹനങ്ങളുടെ സുരക്ഷ തന്നെയാണ് പ്രധാനമായും എച്ച്.എസ്.ആർ.പി നമ്പർ പ്ലേറ്റുകൾകൊണ്ട് ലക്ഷ്യമിടുന്നത്. വാഹനം ഉപയോഗിച്ചുള്ള കുറ്റകൃത്യങ്ങൾ തടയുന്നതിന് ഇതുവഴി സാധിക്കും. സ്നാപ് ലോക്ക് സംവിധാനം ഉപയോഗിച്ച് ഘടിപ്പിക്കുന്ന നമ്പർ പ്ലേറ്റുകൾ എളുപ്പത്തിൽ ഇളക്കിമാറ്റാനോ മാറ്റിയാൽത്തന്നെ വീണ്ടും ഉപയോഗിക്കാനോ സാധിക്കില്ല. എച്ച്.എസ്.ആർ.പി നമ്പർ പ്ലേറ്റുകളോടുകൂടിയ വാഹനങ്ങൾ എളുപ്പത്തിൽ ട്രാക്ക് ചെയ്യാനും ട്രേസ് ചെയ്യാനും സാധിക്കും. രാത്രി കാലങ്ങളിൽപ്പോലും 200 മുതൽ 300 മീറ്റർ ദൂരത്ത് വരെ നമ്പർ പ്ലേറ്റ് കൃത്യമായി കാണാൻ സാധിക്കുമെന്നും ഈ രംഗത്തെ പരിചയസമ്പന്നർ പറയുന്നു. അംഗീകൃത നമ്പർപ്ലേറ്റ് എംബോസിംഗ് സ്റ്റേഷനിലേക്കെത്തുന്ന വാഹനത്തിന്റെ ആർ.സി ബുക്ക് അടക്കം പരിശോധിച്ചശേഷം എല്ലാ പഴുതുകളുമടച്ചായിരിക്കും എച്ച്.എസ്.ആർ.പി പ്ലേറ്റുകൾ നൽകുന്നത്. അതുകൊണ്ട് തന്നെ ആ നമ്പർ പ്ലേറ്റ് മറ്റൊരു വാഹനത്തിൽ ഘടിപ്പിക്കാൻ സാധിക്കില്ല. പഴയതുമാറ്റി പുതുതായി നമ്പർ പ്ലേറ്റ് മാറ്റണമെങ്കിലും മതിയായ കാരണങ്ങൾ ഉണ്ടവണമെന്നു മാത്രമല്ല ഉടമസ്ഥന്റെ സമ്മതപത്രം നിർബന്ധവുമാണ്.


പഴയ വാഹനങ്ങളിലും

എച്ച്.എസ്.ആർ.പി


2019ലെ ചട്ടഭേദഗതി പ്രകാരം എച്ച്.എസ്.ആർ.പി നമ്പർ പ്ലേറ്റുകൾ ഘടിപ്പിക്കുന്ന ഉത്തരവാദിത്വം സർക്കാർ വാഹനനിർമ്മാണ കമ്പനികളെ തന്നെ ഏൽപ്പിച്ചു. വിലയിൽ ഇതുകൂടി ഉൾപ്പെടുത്തിയാണ് വാഹനം ഉപഭോക്താവിന് ലഭിക്കുന്നത്. രജിസ്‌ട്രേഷൻ പൂർത്തിയാക്കി വാഹനം ഉപഭോക്താവിലേക്കെത്തേണ്ടത് എച്ച്.എസ്.ആർ.പി നമ്പർ പ്ലേറ്റുകൾ ഘടിപ്പിച്ചായിരിക്കണം. അതേസമയം 2019ന് മുൻപ് നിരത്തിലിറങ്ങിയ ഒന്നര കോടിയിലധികം വാഹനങ്ങളാണ് കേരളത്തിലുള്ളതെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നു. ഇന്ത്യയൊട്ടാകെ 30 കോടിയിൽ അധികവും. ഈ വാഹനങ്ങളിലും എച്ച്.എസ്.ആർ.പി നമ്പർ പ്ലേറ്റുകൾ നിർബന്ധമാണ്. മോട്ടോർ വെഹിക്കിൾ ആക്ട് പ്രകാരം നിർദ്ദേശിക്കപ്പെട്ട മാതൃകയിലുള്ള നമ്പർ പ്ലേറ്റുകൾ ഘടിപ്പിക്കാത്ത വാഹനങ്ങൾ നിരത്തിൽ ഓടാനോ പാർക്ക് ചെയ്യാനോ പാടില്ല. എഐ ഡ്രിവൺ കാമറകൾ കൂടി കേരളത്തിൽ സജീവമാകുന്നതോടെ നമ്പർ പ്ലേറ്റുകൾക്കും ഇനി പിടിവീഴും. ടോൾ പ്ലാസകളിലുൾപ്പടെ നമ്പർ പ്ലേറ്റ് റെക്കഗ്‌നിഷൻ കാമറകൾ വരുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി പാലമെന്റിൽ വ്യക്തമാക്കിയത് ഉടൻ തന്നെ നമ്പർ പ്ലേറ്റുകളിലേക്ക് പ്രത്യേക ശ്രദ്ധയെത്തുമെന്നതിന്റെ സൂചനയാണ്. ഓട്ടോമേറ്റഡ് നമ്പർ പ്ലേറ്റ് റെക്കഗ്നിഷൻ കാമറ ഉപയോഗിച്ചാണ് പല രാജ്യങ്ങളിലും ടോൾ വാങ്ങുന്നത്.


ആർക്കൊക്കെ

ഘടിപ്പിക്കാം?


ഭേദഗതി ചെയ്ത ചട്ടപ്രകാരം നിലവിൽ നിർമ്മാണ കമ്പനികൾ (ഒ.ഇ.എം), രജിസ്റ്ററിംഗ് അഥോറിറ്റി (സ്റ്റേറ്റ്), അപ്രൂവ്ഡ് നമ്പർ പ്ലേറ്റ് നിർമ്മാണ കമ്പനികൾ എന്നിവർക്കാണ് എച്ച്.എസ്.ആർ.പി പ്ലേറ്റുകൾ ഘടിപ്പിക്കാനുള്ള അധികാരമുള്ളത്. രാജ്യത്ത് 16 കമ്പനികളാണ് ഇത്തരത്തിൽ അംഗീകൃത നമ്പർ പ്ലേറ്റ് നിർമ്മാണ കമ്പനികളായി പ്രവർത്തിക്കുന്നത്. ഇതിൽ കേരളത്തിൽനിന്ന് ഒരു കമ്പനിയും ഉൾപ്പെടുന്നു.


പുത്തൻ

തൊഴിലവസരങ്ങൾ


ഇത്തരത്തിലുള്ള ഏകീകൃത നമ്പർ പ്ലേറ്റ് സംവിധാനം നിലവിൽ വരുമ്പോൾ നാട്ടിൽ പഴയതരം നമ്പർ പ്ലേറ്റുകൾ എഴുതിയിരുന്ന കലാകാരന്മാർ, അക്രലിക് ബോർഡ് നിർമ്മാതാക്കൾ, സാധാരണ ബോർഡ് എംബോസ്സർമാർ എന്നിവർക്ക് തൊഴിൽ നഷ്ടമാകുമെന്ന് വലിയ ആശങ്കയുണ്ട്. എന്നാൽ ഈ ആശങ്കയിൽ കഴമ്പില്ലെന്നാണ് വിദഗ്ദ്ധർ പറയുന്നത്.

പുതിയ സുരക്ഷാ നമ്പർ പ്ലേറ്റുകൾ നിർമ്മിക്കാൻ അനുമതി ലഭിച്ച നിർമ്മാണ കമ്പനികൾ പ്ലേറ്റുകളിൽ നാഷണൽ ഐഡി, ഹോളോഗ്രാം, എന്നിവയും ഇന്ത്യൻ മുദ്ര, ട്രാക്കിങ്ങിനും ട്രേസിങ്ങിനും സഹായിക്കുന്ന ലേസർ ഐഡി എന്നിവ മാത്രമേ മുദ്രണം ചെയ്യുന്നുള്ളൂ. വാഹനങ്ങളുടെ നമ്പറുകൾ എമ്പോസിങ് സ്റ്റേഷനുകൾ എന്നറിയപ്പെടുന്ന ആയിരക്കണക്കിനു ചെറുകിട ഏജന്റുമാർ ആയിരിക്കും മുദ്രണം ചെയ്യുക. മേല്പറഞ്ഞ വകുപ്പിൽ ഇപ്പോൾ നമ്പർപ്ലേറ്റുകൾ നിർമ്മിക്കുന്നവർക്കു എമ്പോസിങ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ വലിയ സാങ്കേതിക ബുദ്ധിമുട്ടുകളുണ്ടാവില്ല. പക്ഷേ ദേശീയ നിർമ്മാണ അനുമതിയുള്ള കമ്പനികളുടെ ഏജന്റുമാരായി മാത്രമേ പ്രവർത്തിക്കാൻ കഴിയുകയുള്ളൂ. ഇന്ത്യയൊട്ടാകെ ഇത്തരത്തിലുള്ള 50000 ലധികം എമ്പോസിങ് സ്റ്റേഷനുകളും ഫിറ്റ്‌മെന്റ് ടെക്നീഷ്യനുകളും ആവശ്യമായി വരും. പുതുതായി കേരളത്തിൽ മാത്രം 25000 തൊഴിലവസരങ്ങൾ ഉണ്ടാകുമെന്നാണ് കണക്കുകൂട്ടൽ. ദേശീയ അനുമതികളുള്ള കമ്പനികൾ ഇത്തരത്തിൽ തിരഞ്ഞെടുക്കുന്ന ഏജന്റുമാർക്കും ഡാറ്റ എൻട്രി സ്റ്റാഫുകൾക്കും തൊഴിലാളികൾക്കും പരിശീലനം നൽകും.

(ലേഖകൻ എച്ച്.എസ്.ആർ.പി നിർമ്മാണ കമ്പനികളുടെ ഉപദേഷ്‌ടാവാണ് ഫോൺ - 7994485311)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: HSRP
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.