SignIn
Kerala Kaumudi Online
Saturday, 27 April 2024 5.59 AM IST

കൈക്കൂലിക്കും വേണം നല്ല ചികിത്സ

photo

സ്‌ത്രീധനം ചോദിക്കുന്നതും വാങ്ങുന്നതും ശിക്ഷാർഹമായ കുറ്റമാണെന്നാണു വയ്‌പ്. എന്നിട്ടും ഈ ദുഷിച്ച സമ്പ്രദായത്തിന് വല്ല കുറവുമുണ്ടോ? അതുപോലെയാണ് സർക്കാർ സർവീസിലെ കൈക്കൂലി വിഷയവും. കൈക്കൂലി ആവശ്യപ്പെടുന്നതും നൽകുന്നതും ശിക്ഷാർഹമാണെന്ന് ഓരോ ഓഫീസിന്റെയും മുൻവശത്തുതന്നെ വലിയ അക്ഷരങ്ങളിൽ എഴുതിവച്ചിട്ടുണ്ട്. കൈക്കൂലി നൽകിയാലേ കാര്യം നടത്തിക്കൊടുക്കൂ എന്നു ശാഠ്യമുള്ള വളരെയധികം സർക്കാർ ജീവനക്കാരുണ്ട്. കൊടുത്താലും വാങ്ങാത്തവർ അതിലേറെയുമുണ്ട്. കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലെ ഡോക്ടറായ എം.എസ്. സുജിത്‌കുമാറിനെ കൈക്കൂലി കേസുമായി ബന്ധപ്പെട്ട് വിജിലൻസ് അറസ്റ്റ് ചെയ്ത വാർത്ത കണ്ടപ്പോഴാണ് ഇതൊക്കെ ഓർത്തുപോയത്. മുണ്ടക്കയം സ്വദേശിയായ രോഗിക്ക് ഹെർണിയ ശസ്ത്രക്രിയ ചെയ്ത വകയിലാണ് ഡോക്ടർ 5000 രൂപ കൈക്കൂലി ആവശ്യപ്പെട്ടത്. 2000 രൂപ ആദ്യമേ നൽകി. 3000 രൂപ കൂടി വേണമെന്നാവശ്യപ്പെട്ടപ്പോൾ രോഗിയുടെ മകൻ വിജിലൻസിനെ അറിയിച്ച് ഡോക്ടറെ കുടുക്കുകയായിരുന്നു. സർക്കാർ ആശുപ്രതികളിൽ ഡോക്ടർമാരും ജീവനക്കാരും കൈക്കൂലി വാങ്ങുന്നത് അസാധാരണമൊന്നുമല്ല.ശസ്ത്രക്രിയയ്ക്കും മറ്റും പണം ചോദിച്ചു വാങ്ങുന്ന ഡോക്ടർമാരുണ്ട്. രോഗിയുടെ ബന്ധുക്കൾ വച്ചുനീട്ടിയാൽ പോലും നിരസിക്കുന്നവരുമുണ്ട്. ഓരോ ഡോക്ടറുടെയും സ്വഭാവമഹിമയ്ക്കനുസരിച്ചാകും ഇത്തരം കാര്യങ്ങൾ. എന്നാൽ ഏതുനിലയ്ക്കും രോഗിയോട് കൈക്കൂലി നിർബന്ധമായി ആവശ്യപ്പെടുകയും അതു നൽകാത്തതിന്റെ പേരിൽ രോഗിയോടും ബന്ധുക്കളോടും നീരസം പ്രകടിപ്പിക്കുകയും ചെയ്യുന്ന ഡോക്ടർമാർക്ക് സർക്കാർ സർവീസിൽ തുടരാൻ അർഹതയില്ല. കൈക്കൂലി വാങ്ങിയിട്ടായാലും തന്നെ സുഖപ്പെടുത്തിയ ഡോക്ടറോട് കടപ്പാടു കാട്ടുന്നവരാകും ഭൂരിപക്ഷം രോഗികളും. അതുകൊണ്ടാണ് കൈക്കൂലി തൊഴിലിന്റെ ഭാഗമാക്കിയവർ നിയമത്തിന്റെ പിടിയിൽപ്പെടാതെ രക്ഷപ്പെടാറുള്ളത്.

മുൻകാലത്തെപ്പോലൊന്നുമല്ല സർക്കാർ ഡോക്ടർമാരുടെ ഇപ്പോഴത്തെ അവസ്ഥ. ജീവിക്കാൻ മതിയായ മാന്യമായ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും അവർക്ക് ലഭിക്കുന്നുണ്ട്. ചികിത്സ തേടിയെത്തുന്ന രോഗികളോട് സേവനത്തിന് കണക്കുപറഞ്ഞു കൈക്കൂലി വാങ്ങേണ്ട സാഹചര്യമൊന്നുമില്ല. അറിഞ്ഞുകൊണ്ട് അതുനൽകാൻ തയ്യാറുള്ളവരാകും അധികവും. ഇരുചെവി അറിയാതെ അതു നടന്നുകൊള്ളും. ആർക്കും പരാതിയോ പരിഭവമോ ഉണ്ടാകുകയുമില്ല. അതേസമയം ഇത്രരൂപ തന്നെങ്കിലേ ശസ്ത്രക്രിയ നടത്തുകയുള്ളൂ, അഡ്‌മിറ്റ് ചെയ്യുകയുള്ളൂ എന്നും മറ്റും പറഞ്ഞ് രോഗികളെ വിഷമിപ്പിക്കുന്ന ഡോക്ടർമാരെ ചൂണ്ടിക്കൊടുക്കാൻ ആരെങ്കിലുമൊക്കെ മുന്നോട്ടുവരികതന്നെ വേണം. ഒട്ടും സാമൂഹിക പ്രതിബദ്ധതയില്ലാത്ത, പണത്തോട് ആർത്തി പെരുത്ത ഇത്തരം ഡോക്ടർമാർ പാവനമായ ആ തൊഴിലിനെത്തന്നെ കളങ്കപ്പെടുത്തുന്നവരാണ്. കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽ കൈക്കൂലി കേസിൽ അറസ്റ്റിലായ ഡോക്ടർ ഇതിനുമുമ്പും സമാന സംഭവങ്ങളിൽ ഉൾപ്പെട്ടയാളാണെന്ന് വിജിലൻസുകാർ പറയുന്നു. എന്നിട്ട് എന്തുകൊണ്ടാണ് വീണ്ടും സർവീസിൽ തുടരുന്നതെന്ന ചോദ്യം സ്വാഭാവികമായും ഉയർന്നേക്കാം. അറസ്റ്റും ശിക്ഷയുമൊക്കെ അത്രയ്ക്കത്രേയുള്ളൂ എന്നല്ലേ അർത്ഥമാക്കേണ്ടത്.

കൈക്കൂലിക്കാരെ മുഴുവൻ ഒറ്റയടിക്കു പിടികൂടാനോ ശിക്ഷിക്കാനോ ഒരിക്കലും സാദ്ധ്യമല്ലെന്ന് എല്ലാവർക്കുമറിയാം. എന്നാൽ തെളിവു സഹിതം പിടികൂടുന്നവരെയെങ്കിലും മാതൃകാപരമായി ശിക്ഷിക്കാൻ കഴിയണം. എങ്കിലേ മറ്റുള്ളവർക്ക് അത് തെറ്റുചെയ്യാതിരിക്കാനുള്ള പാഠമാവുകയുള്ളൂ. വിജിലൻസുകാർ പിടിക്കുന്ന കേസുകളുടെ എണ്ണം കൂട്ടാൻ മാത്രമാകരുത് കൈക്കൂലിക്കെതിരെയുള്ള പോരാട്ടം. ആത്യന്തികമായി സർക്കാർ സർവീസ് അഴിമതിമുക്തമാക്കുക എന്നതാകണം ലക്ഷ്യം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EDITORIAL
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.