SignIn
Kerala Kaumudi Online
Friday, 26 April 2024 4.58 PM IST

മലയാള ഭാവനയിലെ നിരൂപക വിസ്മയം

k-p-appan

മലയാള നിരൂപണത്തെ കാവ്യസാഗരമാക്കിയ കെ.പി അപ്പൻ എന്ന പ്രതിഭയുടെ യാത്ര അവസാനിച്ചില്ലായിരുന്നെങ്കിൽ ഇന്ന് വയസ്സ് 86. മലയാള ഭാവനയുടെ നിത്യകാമുകനാണ് കെ.പി അപ്പൻ. കവികളെപ്പോലും അസൂയപ്പെടുത്തുന്ന ഭാഷയാൽ ഭാവനയുടെ കൽപ്പടവുകളിൽ ചിത്രം വരച്ചിട്ട സാഹിത്യനിരൂപകൻ. അദ്ദേഹം സൃഷ്ടിച്ച ലാവണ്യബോധം വിവേകശാലികളായ വായനക്കാർക്ക് ഒരേസമയം വിസ്മയവും വിചാരവുമാണ്. മുണ്ടശ്ശേരിക്കുശേഷം മലയാളഭാവനയെ ചികിത്സിച്ച 'ഭിഷഗ്വര'നാണ് കെ.പി അപ്പൻ. ക്ഷോഭിക്കുന്ന സൗന്ദര്യരശ്മികൾ വിതറിയ നവീന വിമർശനത്തിന്റെ കമ്രനക്ഷത്രം.
ഭാഷയെ ഇത്രയേറെ ശ്രദ്ധിച്ച മറ്റൊരു നിരൂപകനും മലയാളത്തിലില്ല.
ആഴമേറിയ വായനയും ശുദ്ധജല തടാകം പോലെയുള്ള ചിന്തയും പുണരുമ്പോൾ പിറക്കുന്ന വാക്കുകളാണ് അപ്പൻ വായനക്കാർക്ക് സമ്മാനിച്ചത്. അതുകൊണ്ടാണ് വാക്കുകൾ നൃത്തം ചെയ്യുന്ന നക്ഷത്രങ്ങളായി അനുഭവപ്പെടുന്നത്. സാഹിത്യത്തിലെ ക്ഷീരപഥങ്ങളുടെ ഭാഷയും ശോഭയും ഉജ്ജ്വലമായി കാട്ടിത്തന്നു ഈ നിരൂപകൻ.
'ചിന്തയുടെ സ്വാതന്ത്ര്യമാണ് ആത്മാവിന്റെ ജീവൻ' എന്ന വോൾട്ടയറുടെ വചനം അപ്പന്റെ ആകാശത്തിൽ ഒരിക്കലും ഉറങ്ങാത്ത പറവകളാണ്. മലയാണ്മയുടെ സൗന്ദര്യം കോരിക്കുടിക്കണമെങ്കിൽ അപ്പന്റെ ആശയപ്രപഞ്ചത്തിലൂടെ ഒരുവേളയെങ്കിലും യാത്ര ചെയ്യണം. കാലബോധത്തെ കാവ്യസാഗരമാക്കുന്ന ഭാഷയാണത്. ഭാഷ പ്രത്യക്ഷത്തിൽ കാൽപനികമാണെങ്കിലും അത് അവസാനിക്കുന്നത് ദാർശനിക പ്രപഞ്ചത്തിലാണ്.

'വ്യക്തികളല്ല, ആശയങ്ങളും നിലപാടുകളുമാണ് എന്നെ ക്ഷോഭിപ്പിക്കുന്നത്. എന്റെ ചിന്തയുടെയും അഭിരുചിയുടെയും സ്വാതന്ത്ര്യം പ്രകടിപ്പിക്കാനുള്ള ഉപായം കൂടിയാണ് സാഹിത്യ വിമർശനം. ചിന്തകളും വികാരങ്ങളും ഒളിപ്പിച്ചുവയ്ക്കുവാൻ അറിഞ്ഞുകൂടാത്തതു കൊണ്ടാണ് ഞാൻ എഴുതുന്നത് '.
ക്ഷോഭിക്കുന്നവരുടെ സുവിശേഷത്തിൽ അപ്പൻ എന്ന സാഹിത്യ താപസൻ കുറിച്ചിട്ടു. 'സാഹിത്യം നമ്മുടെ ജീവിതം ഇതിനകം ആയിത്തീർന്ന മരുഭൂമികളെ നനയ്ക്കുന്നു' സി. എസ് ലൂയിസ് കുറിച്ചിട്ടത് സാഹിത്യത്തിന്റെ പരമ ധർമമാണ് . ഈ ധർമ്മമാണ് കെ.പി അപ്പൻ അശ്വതി എന്ന തന്റെ വീട്ടിലിരുന്നുകൊണ്ട്
വിപുലീകരിക്കുകയും വിശദീകരിക്കുകയും വിമലീകരിക്കുകയും ചെയ്തത്.

'കെ.പി അപ്പൻ എന്ന വിമർശകന്റെ ഏറ്റവും വലിയ സംഭാവന ഊഷരഭൂമി പോലെ കിടന്ന മലയാള വിമർശന ഭൂമികയിൽ പുൽമേടുകളും വൃക്ഷങ്ങളും വച്ചുപിടിപ്പിച്ചു എന്നതാണ്. ആ നിയോഗം അത്ഭുതകരമാം വിധം പൂർത്തീകരിച്ചിട്ടാണ് കെ.പി അപ്പൻ വിടവാങ്ങിയത് ' എന്ന എൻ.ആർ.എസ് ബാബുവിന്റെ നിരീക്ഷണം മലയാള നിരൂപണത്തിന്റെ വികാസ പരിണാമമാണ് വരച്ചുകാട്ടുന്നത്.

എഴുതുക എന്നാൽ പൊരുതുക എന്നാണർത്ഥം. വോൾട്ടറുടെ ഈ വചനത്തെ വെളിച്ചത്തിന്റെ കവചം കൊണ്ട് പൊതിഞ്ഞു സൂക്ഷിച്ച ദാർശനികനാണ് കെ.പി അപ്പൻ. 'എഴുതുക എന്ന് പറഞ്ഞാൽ ഭാഷ സൃഷ്ടിക്കുക,' എന്നാണെന്ന് അപ്പൻ അടിവരയിടുന്നു. 'മാറുന്ന ഭാഷ മാറുന്ന ദർശനം തന്നെയാണ് . അതുകൊണ്ട് ഭാഷയിൽ ശ്രദ്ധിക്കുക എല്ലായ്‌പ്പോഴും ഭാഷയിൽ ശ്രദ്ധിക്കുക വീണ്ടും വീണ്ടും ഭാഷയിൽ ശ്രദ്ധിക്കുക എന്നതാണ് വിമർശകന്റ ലക്ഷ്യം. ഈ ലക്ഷ്യത്തിലേക്ക് നീങ്ങുമ്പോൾ സാഹിത്യ ഭാഷയുടെ ലോകത്തിൽ എഴുത്തുകാരൻ നടത്തുന്ന വിപ്ലവപ്രവർത്തനങ്ങളിൽ വിമർശകനും പങ്കാളിയാകുന്നു'. അപ്പന്റെ ഈ പ്രസ്താവന ഭാഷയുടെ മറ്റൊരു ഭാവനയാണ് വിളിച്ചോതുന്നത്.

യാത്രകളെ ഇഷ്ടപ്പെടാത്ത അപ്പൻ അശ്വതിയുടെ നാലു ചുവരുകളിൽ ഇരുന്നുകൊണ്ട് ലോകസാഹിത്യത്തിന്റ അവക്ഷിപ്തം ഒരു തളികയിലാക്കി നമുക്ക് നേരെ നീട്ടിത്തന്നു. അതുകൊണ്ടാണ് അപ്പന്റെ നിരൂപണം മലയാളികളെ ഇപ്പോഴും പ്രചോദിപ്പിക്കുകയും പ്രസാദിപ്പിക്കുകയും ചെയ്യുന്നത്. നിരൂപണത്തിന് പുതിയ ഭാഷയുടെയും ഭാവനയുടെയും രക്തവും മാംസവും നൽകിക്കൊണ്ട് സൗന്ദര്യത്തിന്റെ ചതുരശ്രശോഭ അദ്ദേഹം വർഷിച്ചു. തത്വശാസ്ത്രത്തിന്റയും മന:ശാസ്ത്രത്തിന്റയും അകമ്പടികളോടെ ലാവണ്യശാസ്ത്രത്തിന്റെ അതിരുകളിലും അടരുകളിലും ജീവിതത്തിന്റെ കതിരുകൾ വിന്യസിച്ചുകൊണ്ട് നിരൂപണകലയെ മറ്റൊരു കാവ്യസാഗരമാക്കുകയും ചെയ്തു.

ഭാവനയും വേദനയും സ്വപ്നവും യാഥാർത്ഥ്യവും യുക്തിയും അയുക്തിയും മനഃശാസ്ത്രവും തത്വശാസ്ത്രവും കഥയും കവിതയും മധുവും മലരും വേരുകളും പൂക്കളും സംഗീതവും ചിത്രകലയും ഇടകലർന്ന അപ്പന്റെ ഭാഷ സർറിയലിസ്റ്റിക് ചിത്രം പോലെ കെട്ടുപിണഞ്ഞു കിടക്കുന്നു. വിവേകശാലികളായ വായനക്കാരോടും എഴുത്തുകാരോടും കെ.പി അപ്പൻ മന്ത്രിക്കുന്നു:

'വിമർശകൻ മറ്റുള്ളവരുടെ പുസ്തകങ്ങളെക്കുറിച്ച് എഴുതുന്നവനാണെന്ന് ആക്ഷേപമുണ്ട്. അതേ, അങ്ങനെ എഴുതിക്കൊണ്ട് പുസ്തകങ്ങളുടെ സ്രഷ്ടാക്കൾക്കു പോലും അപരിചിതമായ ലോകം അയാൾ തുറന്നിടുന്നു. ഫോട്ടോഗ്രാഫർ നിഴലുകൾ ശേഖരിക്കുന്നവനല്ല; കാമറയിലൂടെ ജീവിതത്തെ പിടിച്ചെടുക്കുന്നവനാണ്. ഈ വിധം ജീവിതത്തെ പിടിച്ചെടുക്കുകയാണ് വിമർശകനും ചെയ്യുന്നത്. '

ലേഖകന്റെ ഫോൺ - 8921505404

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: K P APPAN
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.