SignIn
Kerala Kaumudi Online
Friday, 26 April 2024 8.21 PM IST

കരമുട്ടിയും കലിപൂണ്ടും നദികൾ പ്രളയപ്പേടിയിൽ മലയോരം

pamba

കാലം തെറ്റിയമഴ മലയോര മേഖലയെ വിരട്ടുകയാണ് . മേയ് അവസാനം തുടങ്ങിയ മഴ ജൂൺ, ജൂലായ്, ആഗസ്റ്റ് മാസങ്ങളിലൂടെ കടന്നു പോവുന്നു. മഴ മുൻവർഷങ്ങളിലേതുപോലെ ശക്തമല്ലെങ്കിലും മിക്കവാറും ദിവസങ്ങളിൽ പെയ്തുകൊണ്ടിരിക്കുകയാണ്. സംസ്ഥാനത്ത് കൂടുതൽ മഴ ലഭിക്കുന്ന ജില്ലകളിലൊന്നാണ് പത്തനംതിട്ട. മുൻ വർഷങ്ങളിലെ ശരാശരി മഴയുടെ അറുപത്തെട്ട് ശതമാനം വരെ എന്നതാണ് ഇൗ വർഷം ജില്ലയിലെ മഴക്കണക്ക്. വനാന്തരങ്ങളിൽ ശക്തമായ മഴ. മറ്റു പ്രദേശങ്ങളിൽ തീവ്രമല്ലാത്ത മഴ എന്നതാണ് ഇപ്പോഴത്തെ സ്ഥിതി. അതുകൊണ്ട് ഡാമുകളിലെയും നദികളിലെയും ജലനിരപ്പ് സുരക്ഷിത നിലയിലല്ല. ഇതിനകം ജില്ലയിലെ മൂഴിയാർ, പമ്പ, കക്കി, ആനത്തോട് ഡാമുകളുടെ ഷട്ടറുകൾ ഉയർത്തി ജലം പുറത്തേക്ക് ഒഴുക്കിവിട്ടിട്ടുണ്ട്. സംസ്ഥാനത്തെ രണ്ടാമത്തെ വലിയ ജലവൈദ്യുതി പദ്ധതിയായ ശബരിഗിരിയുടെ ഭാഗമാണ് ഇൗ ഡാമുകൾ. വെള്ളം തുറന്നു വിട്ടതിനാൽ പമ്പ, അച്ചൻകോവിൽ, മണമല ആറുകൾ കരനിരപ്പിൽ ഒഴുകിയ ദിവസങ്ങളുണ്ടായി. 2018ലെ പ്രളയശേഷമാണ് നദികൾ കര മുട്ടിയും കലിപൂണ്ടും ഒഴുകുന്നത്. മഹാപ്രളയത്തിലും ഉരുൾപൊട്ടലിലും ജില്ലയിലെ ഡാമുകളിൽ ചെളിയും മണലും വലിയ തോതിൽ വന്നടിഞ്ഞിട്ടുണ്ടെന്ന് പഠനങ്ങളുണ്ട്. ഡാമുകളിലെയും നദികളിലെയും ചെളിയും മണലും അടിയന്തരമായി നീക്കം ചെയ്യണമെന്ന നിർദേശം ഭാഗികമായി മാത്രമാണ് നടപ്പായത്. മലമുകളിൽ നിന്നൊഴുകി വരുന്ന വെള്ളം സംഭരിച്ചു നിറുത്താൻ ഡാമുകൾക്ക് കഴിയാതെ പോകുന്നോ എന്ന സംശയം ശക്തമാണ്. അടിത്തട്ടിലെ ചെളിയും മണലും നീക്കിയാൽ മാത്രമേ അണക്കെട്ടുകളിലെ ജലവിതാനം ക്രമപ്പെടുത്താൻ കഴിയൂ. കഴിഞ്ഞ ദിവസങ്ങളിൽ മഴ ശക്തമായിരുന്നില്ലെങ്കിലും കക്കി, ആനത്തോട്, മൂഴിയാർ, മണിയാർ ഡാമുകൾ തുറക്കേണ്ടി വന്നു.

പൂർത്തിയാകാതെ

മണൽ ഒാഡിറ്റിംഗ്

പ്രളയശേഷം എട്ട് നദികളിൽ ക്രമാതീതമായി അടിഞ്ഞ മണലും മാലിന്യങ്ങളും വാരുന്നതിന് സർക്കാർ അനുമതി നൽകി രണ്ട് വർഷം കഴിഞ്ഞിട്ടും ഒാഡിറ്റിംഗ് പൂർത്തിയായില്ല. മണൽ നിയന്ത്രിത രീതിയിൽ വാരുന്നതിന് റവന്യൂ വകുപ്പ് 2019 ഡിസംബറിൽ മാർഗരേഖ പുറപ്പെടുവിച്ചിരുന്നു. സംസ്ഥാന ദുരന്തനിവാരണ വകുപ്പിന് കീഴിലെ റിവർ മാനേജ്മെന്റ് സെൽ രണ്ട് വർഷം മുൻപാണ് മണൽ ഒാഡിറ്റിംഗ് തുടങ്ങിയത്.

പ്രളയശേഷം എട്ട് നദികളിലായി 22.67ലക്ഷം ക്യുബിക് മണൽ അടിഞ്ഞുകൂടിയെന്നായിരുന്നു കണ്ടെത്തൽ. ഇതിന്റെ മൂന്നിലൊന്ന് വാരാൻ റവന്യൂവകുപ്പ് അനുമതി നൽകിയതാണ്. കെട്ടിട നിർമ്മാണങ്ങൾക്ക് ഉപയോഗിക്കാവുന്ന മണൽ വേർതിരിച്ച് വിൽക്കാനായിരുന്നു ലക്ഷ്യം. വാരാൻ പറ്റുന്ന മണൽ എത്രമാത്രം ഉണ്ടാകുമെന്ന ഒാഡിറ്റിംഗ് പൂർത്തിയാക്കാത്തതിനാൽ പദ്ധതി നടപ്പാക്കാനായില്ല. പാരിസ്ഥിതിക അനുമതി ആവശ്യമാണെങ്കിലും പ്രളയ പശ്ചാത്തലത്തിൽ ദുരന്തനിവാരണ നിയമത്തിൽ ഇളവു വരുത്തിയാണ് മണൽ നീക്കം ചെയ്യാൻ തീരുമാനിച്ചത്. വാരുന്ന മണൽ ലേലത്തിലെടുത്ത് കൊള്ളവിലയ്ക് വിൽക്കാൻ മാഫിയ സംഘങ്ങൾ രംഗത്തു വരുന്നത് ഒഴിവാക്കാൻ സർക്കാർ നേരിട്ട് മണൽ വിൽക്കുമെന്നായിരുന്നു പ്രഖ്യാപനം. ഇതിനായി ആവിഷ്കരിച്ച കലവറ പദ്ധതിയും വെളിച്ചം കണ്ടില്ല.

സംസ്ഥാനത്ത് 2017ലാണ് അവസാനമായി മണൽ ഒാഡിറ്റിംഗ് നടന്നത്. അനധികൃത ഖനനം നദികൾക്ക് ഭീഷണിയായതിനെ തുടർന്ന് 2015 ജൂണിൽ മണൽ വാരൽ നിരോധിച്ചിരുന്നു. എന്നാൽ, 2018ലെ മഹാപ്രളയത്തെ തുടർന്ന് വലിയ തോതിൽ മണൽ അടിഞ്ഞ് നദികളിലെ അടിത്തട്ട് ഉയർന്നുവെന്നാണ് ദുരന്തനിവാരണ വകുപ്പിന്റെ കണ്ടെത്തൽ. ഭാവിയിലുണ്ടാകാവുന്ന വെള്ളപ്പൊക്കം ദുരന്തമാകാതിരിക്കാൻ അധിക മണൽ നീക്കം ചെയ്യണമെന്ന നിർദേശവുമുണ്ടായി.

മണൽ

നീക്കേണ്ടെന്ന്

നദികളിൽ നിന്ന് മണൽ നീക്കം ചെയ്യുന്നതിനെ ഒരു വിഭാഗം പരിസ്ഥിതി ശാസ്ത്രജ്ഞർ എതിർക്കുകയാണ്. നദികളിലെ ഭൂജല വിതാനത്തെ മണൽ ഖനനം ഗുരുതരമായി ബാധിക്കുമെന്നാണ് അവർ ചൂണ്ടിക്കാട്ടുന്നത്. ഒരു നദിയിൽ നിന്നും മണൽ വാരാനില്ലെന്നും മുൻ വർഷങ്ങളിൽ ഖനനം നടന്ന ഭാഗങ്ങളിൽ നദികളിൽ അഞ്ച് മീറ്റർ വരെ ജലവിതാനം താഴ്ന്നുവെന്നും അവർ വാദിക്കുന്നു. കടുത്ത വേനലിൽ ഇത് കുടിവെള്ള ക്ഷാമത്തിന് കാരണമാകുന്നു. ഇവിടെ വീണ്ടും മണൽ അടിഞ്ഞ് ഭൂജല വിതാനം ഉയരണം. പ്രളയത്തിൽ നദികൾ കരകവിഞ്ഞൊഴുകി തണ്ണീർത്തടങ്ങൾ നിറയേണ്ടതുണ്ട്. നദികളിലെ ജീവികളുടെ ആവാസ വ്യവസ്ഥയ്ക്ക് ഇത് അത്യാവശ്യമാണ്. നദീ തീരങ്ങളിലെ കൈയേറ്റങ്ങൾ ഒഴിപ്പിച്ചാൽ പ്രളയം വലിയ ദുരിതം വിതയ്ക്കില്ലെന്ന് ഇവർ അഭിപ്രായപ്പെടുന്നു.

  • മണൽ ലോബി രംഗത്ത്

നദികളിലെ മണൽ നീക്കം ചെയ്യണമെന്ന പൊതു അഭിപ്രായമുയർന്നതോടെ മണൽ ലോബിയും രംഗത്തു വന്നു. പമ്പയാറിലെ മൺപുറ്റുകൾ നീക്കം ചെയ്യുന്നതിന്റെ മറവിൽ മണൽ കോരി കരയ്ക്കിടുകയും ലോറികളിൽ കടത്തുകയും ചെയ്ത സംഭവങ്ങളുണ്ട്. കരാറുകാരുടെ നിയന്ത്രണത്തിൽ നടക്കുന്ന മൺപുറ്റ് നീക്കം ചെയ്യലിന് മേൽനോട്ടം വഹിക്കാൻ വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരുണ്ടായിരുന്നില്ല. നദീതീരങ്ങളിൽ താമസിക്കുന്നവർ പ്രതിഷേധിച്ചതോടെയാണ് മണൽ ലോബി പിൻവാങ്ങിയത്.

സർക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ നദികളിലെ മണൽ നീക്കം ചെയ്യേണ്ടതുണ്ട്. മണൽ ലോബിയെ കയറൂരി വിട്ടാൽ അവർക്ക് താൽപ്പര്യമുള്ള ഭാഗങ്ങളിൽ ഖനനം നടക്കും. നദികളിൽ ചുഴികൾ രൂപപ്പെട്ട് അപകടം വിളിച്ചുവരുത്താനേ ഇത് ഇടയാക്കൂ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SOIL AUDITING IN RIVERS
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.