SignIn
Kerala Kaumudi Online
Friday, 26 April 2024 10.05 AM IST

ആസാദ് മുന്നോട്ടുവച്ച യാഥാർത്ഥ്യങ്ങൾ

gulab-nabi-azad

തിരിച്ചുകയറാനാകാത്തവിധം കോൺഗ്രസ് പാർട്ടിയെ മുച്ചൂടും നശിപ്പിച്ചതിന് രാഹുൽഗാന്ധിയെയും അദ്ദേഹത്തോടൊപ്പം നിൽക്കുന്നവരെയും അതിരൂക്ഷമായ ഭാഷയിൽ അധിക്ഷേപിച്ചുകൊണ്ടാണ് അരനൂറ്റാണ്ടുകാലത്തെ കോൺഗ്രസ് ബന്ധം ഗുലാംനബി ആസാദ് ഉപേക്ഷിച്ചിരിക്കുന്നത്. രാഹുലിന്റെ നേതൃത്വത്തിൽ 2014 മുതൽ പാർട്ടി തുടർച്ചയായി പരാജയങ്ങൾ മാത്രമേ ഏറ്റുവാങ്ങിയിട്ടുള്ളൂ എന്നാണ് അദ്ദേഹം കുറ്റപ്പെടുത്തുന്നത്. പാർട്ടി അദ്ധ്യക്ഷ സോണിയാഗാന്ധിക്ക് അയച്ച അഞ്ചുപേജുള്ള രാജിക്കത്തിൽ ആസാദ് അക്കമിട്ടു നിരത്തിയ ആക്ഷേപങ്ങളും വസ്തുതകളും നിഷേധിക്കാനാവാത്തതാണ്. പാർട്ടി അദ്ധ്യക്ഷസ്ഥാനം ഏറ്റെടുക്കാതെ മാറിനിൽക്കുകയും അതേസമയം റിമോട്ട് വഴി പാർട്ടിയെ അടക്കി നിയന്ത്രിക്കുകയും ചെയ്യുന്ന രാഹുൽഗാന്ധിയാണ് കോൺഗ്രസ് ഇന്നു നേരിടുന്ന അതിഭീകരമായ തകർച്ചയ്ക്ക് പ്രധാന ഉത്തരവാദി എന്നാണ് ആസാദിന്റെ കുറ്റപ്പെടുത്തൽ. കഴിഞ്ഞ രണ്ടുവർഷത്തിലധികമായി പാർട്ടിയിൽ എതിർപ്പിന്റെ സ്വരമുയർത്തിവന്ന ആസാദിന്റെ രാജി തീരെ അപ്രതീക്ഷിതമാണെന്നു പറയാനാവില്ല. കോൺഗ്രസിലെ ദേശീയതയുടെ മുഖമായിരുന്ന ആസാദിനെ കാശ്‌മീരിൽ നടക്കാൻ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചുമതല ഏല്പിച്ചതിലൂടെ പാർട്ടി നേതൃത്വം തന്നെ കൊച്ചാക്കുകയായിരുന്നു എന്ന പരാതിയാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. കാശ്‌മീർ തിരഞ്ഞെടുപ്പിനുള്ള പാർട്ടി സമിതിയുടെ അദ്ധ്യക്ഷസ്ഥാനം അദ്ദേഹം ഏതാനും ദിവസം മുൻപ് രാജിവച്ചൊഴിയുകയും ചെയ്തു. ദേശീയ തലത്തിൽ ഉത്തരവാദപ്പെട്ട നിരവധി പദവികൾ വഹിച്ചിട്ടുള്ള ആസാദിന് വീണ്ടും വലിയ പദവി നൽകാൻ ഇപ്പോഴത്തെ പാർട്ടി നേതൃത്വം തയ്യാറല്ലായിരുന്നു. മാത്രമല്ല കോൺഗ്രസിനെ പുനരുജ്ജീവിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കുറച്ചു മാസങ്ങൾ മുൻപ് രൂപീകരിച്ച സീനിയർ നേതാക്കളുടെ 'ജി - 23" -ലെ പ്രധാനി കൂടിയാണ് ആസാദ്. തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസിനു തുടർച്ചയായി നേരിട്ട പരാജയങ്ങളിൽ അസ്വസ്ഥരായാണ് മുതിർന്ന നേതാക്കൾ നേതൃത്വത്തിനെതിരെ പരസ്യമായി കലഹിച്ചുകൊണ്ട് പ്രത്യേകഫോറം രൂപീകരിച്ചത്. ജി -23 മുന്നോട്ടുവച്ച നിർദ്ദേശങ്ങൾ പക്ഷേ നേതൃത്വം അവജ്ഞയോടെ തള്ളിക്കളയുകയായിരുന്നു.

ഏറെനാളായി തിരഞ്ഞെടുക്കപ്പെട്ട നേതൃത്വമില്ലാതെ വലയുന്ന കോൺഗ്രസിന് ഗുലാംനബിയുടെയും അദ്ദേഹത്തോടൊപ്പമുള്ള മറ്റ് എട്ടു നേതാക്കളുടെയും രാജി കനത്ത പ്രഹരമാണെന്നതിൽ സംശയമൊന്നുമില്ല. സ്വതേ ക്ഷീണിച്ചു മെലിഞ്ഞു നിൽക്കുന്ന പാർട്ടിക്ക് ആസാദിന്റെ ഒഴിഞ്ഞുപോക്ക് വലിയ ക്ഷീണം തന്നെയാണ്. ബി.ജെ.പിക്കെതിരെ രാഹുൽഗാന്ധിയുടെ നേതൃത്വത്തിൽ കന്യാകുമാരിയിൽ നിന്ന് കാശ്‌മീരിലേക്ക് 'ഭാരത് ജോഡോ" യാത്ര തുടങ്ങുന്നതി​ന് ഒരാഴ്ചയുള്ളപ്പോഴാണ് രാഹുലി​ന്റെ നേതൃത്വത്തെ രൂക്ഷമായി​ കടന്നാക്രമി​ച്ചുകൊണ്ടുള്ള ആസാദി​ന്റെ വെടി​പൊട്ടി​ക്കൽ.

ആസാദി​നെയും കൂട്ടരെയും അപലപി​ച്ചുകൊണ്ട് പാർട്ടി​ നേതാക്കളി​ൽ ചി​ലർ പതി​വുപോലെ രംഗത്തുവന്നി​ട്ടുണ്ട്. സ്ഥാനമാനങ്ങൾ ആവോളം ലഭി​ച്ചി​ട്ടുള്ള ആസാദ് കപട നാടകമാടുകയാണെന്നാണ് കോൺ​ഗ്രസ് വക്താക്കളി​ലൊരാളായ പവൻഖേര പ്രതി​കരി​ച്ചത്. എന്നാൽ കേവല പദവി​കളുമായി​ മാത്രം ബന്ധപ്പെട്ടതല്ല ആസാദ് ഉന്നയി​ച്ചി​ട്ടുള്ള ആക്ഷേപങ്ങളെന്ന് നി​ഷ്‌‌പക്ഷമതി​കൾക്കു ബോദ്ധ്യമാകും. കോൺ​ഗ്രസ് പാർട്ടി​യുടെ ഇപ്പോഴത്തെ പോക്കി​ൽ ആ പാർട്ടി​ നി​ലനി​ന്നു കാണണമെന്ന് ആഗ്രഹി​ക്കുന്ന ആർക്കും സങ്കടം തോന്നുക സ്വാഭാവി​കമാണ്. വി​ഗ്രഹാരാധനയുടെ രൂപത്തി​ൽ പാർട്ടി​യി​ൽ നടന്നുവരുന്ന പ്രവർത്തനശൈലി​യോട് എതി​ർപ്പുള്ളവർ പാർട്ടി​യി​ൽത്തന്നെ നി​രവധി​യുണ്ട്. കുടുംബാധി​പത്യം അവസാനി​പ്പി​ച്ചാലല്ലാതെ പാർട്ടി​ കരകയറാൻ പോകുന്നി​ല്ലെന്ന് വി​ശ്വസി​ക്കുന്നവരും ധാരാളമുണ്ട്. കുടുംബാധി​പത്യമി​ല്ലാത്ത പുതി​യൊരു പാർട്ടി​ ഘടന ഉടലെടുത്താലേ വി​ശ്വാസ്യത കുറച്ചെങ്കി​ലും വീണ്ടെടുക്കാനാവൂ എന്ന അഭി​പ്രായം നേതൃത്വം കണക്കി​ലെടുക്കേണ്ടി​യി​രി​ക്കുന്നു. കാലി​നടി​യി​ലെ മണ്ണ് പൂർണമായും ഒലി​ച്ചുപോയാലും അറി​യാത്തവരാണ് പാർട്ടി​യെ നയി​ക്കുന്നതെങ്കി​ൽ സമ്പൂർണ പതനമായി​രി​ക്കും ഫലമെന്ന് ആർക്കാണ് അറി​ഞ്ഞുകൂടാത്തത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EDITORIAL
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.