SignIn
Kerala Kaumudi Online
Saturday, 27 April 2024 2.19 AM IST

ചുവപ്പു ബോർഡുള്ള സാറന്മാരെ... ഞങ്ങളും കൂടി പൊയ്ക്കോട്ടെ

opinion

പറയുന്നത് തിരുവനന്തപുരം പേട്ട റെയിൽവെ സ്റ്റേഷനിലെ ഒരു പതിവ് കാഴ്ചയെക്കുറിച്ചാണ്. ഒരു റെയിൽവേ സ്റ്റേഷനിലെ പതിവ് കാഴ്ചയ്ക്ക് ഇത്രവലിയ പ്രാധാന്യം എന്തെന്ന് ആരെങ്കിലും സംശയിച്ചാൽ അതും ന്യായമാണ്. എന്നാൽ അപ്രധാനം എന്നു തോന്നാവുന്ന ഒരു ചെറിയ കാര്യം എന്തെല്ലാം അസൗകര്യങ്ങൾക്കും ബുദ്ധിമുട്ടുകൾക്കും വഴിവയ്ക്കുമെന്ന് സൂചിപ്പിക്കാനാണ് ഈ കുറിപ്പ്. മാത്രമല്ല സാമൂഹികമായും ഔദ്യോഗികമായും നിർണ്ണായക തീരുമാനങ്ങളെടുക്കുകയും നടപ്പാക്കുകയും ചെയ്യേണ്ടവർ കാട്ടുന്ന വകതിരിവില്ലായ്മയിലേക്ക് പൊതുജനത്തിന്റെ ശ്രദ്ധ ക്ഷണിക്കുകയുമാണ് ഈ കുറിപ്പ്.

ഇപ്പോൾ പ്രധാന റെയിൽവേ സ്റ്റേഷൻ തിരുവനന്തപുരം സെൻട്രൽ ആണെങ്കിലും തലസ്ഥാന നഗരിയിലെ അതിപുരാതനമായ റെയിൽവേ സ്റ്റേഷൻ പേട്ടയാണ്. ട്രെയിൻ മാർഗ്ഗമുള്ള യാത്രകളിൽ തിരുവിതാംകൂർ മഹാരാജാവ് വന്നിറങ്ങിയിരുന്നത് പേട്ടയിലാണെന്ന് ചരിത്രം പറയുന്നു. അക്കാലത്ത് ചരക്ക് നീക്കവും പ്രധാനമായി നടന്നിരുന്നത് പേട്ട സ്റ്റേഷൻ വഴിയാണ്. അടുത്ത കാലം വരെ പേട്ട സ്റ്റേഷൻ മന്ദിരത്തിന് ആ പൗരാണിക തനിമയുണ്ടായിരുന്നുതാനും. റെയിൽവേ ജീവനക്കാർക്ക് വേണ്ടിയുള്ള റെയിൽവേ ആശുപത്രി സ്ഥിതി ചെയ്യുന്നത് പേട്ട സ്റ്റേഷനോട് ചേർന്നാണ്. ഇത് റെയിൽവേ മെഡിക്കൽ കോളേജ് ആക്കാൻ ഇടക്കാലത്ത് ആലോചനയുണ്ടായിരുന്നെങ്കിലും സ്ഥലപരിമിതി തടസമായി.

കോട്ടയം, ആലപ്പുഴ, കൊല്ലം ജില്ലകളിൽ നിന്ന് തലസ്ഥാന നഗരിയിലെ സർക്കാർ ഓഫീസുകളിലും അർദ്ധസർക്കാർ സ്ഥാപനങ്ങളിലും സ്വകാര്യ സ്ഥാപനങ്ങളിലുമെല്ലാം നിത്യേന നൂറുകണക്കിന് ഉദ്യോഗാർത്ഥികളാണ് ഇവിടെ വന്നിറങ്ങുന്നത്. തലസ്ഥാന നഗരിയുടെ തെക്കൻ മേഖലകളിൽ നിന്നും എത്തുന്നവരുടെ എണ്ണവും കുറവല്ല. സെക്രട്ടേറിയറ്റ്, നിയമസഭ, പബ്ളിക് ഓഫീസ്, കേരള സർവകലാശാല, ആരോഗ്യവകുപ്പ് ഡയറക്ടറേറ്റ്, വികാസ് ഭവൻ, വാട്ടർ അതോറിറ്റി, മെഡിക്കൽ കോളേജ്, ജനറൽ ആശുപത്രി , വഞ്ചിയൂർ കോടതി തുടങ്ങി നിരവധി ഓഫീസുകളിലേക്കുള്ള ജീവനക്കാരും പൊതുജനങ്ങളും വന്നിറങ്ങുന്നത് പേട്ട സ്റ്റേഷനിലാണ്. രാവിലെ അഞ്ചോളം ട്രെയിനുകൾക്കാണ് ഇവിടെ സ്റ്റോപ്പുള്ളത്. സർക്കാർ സർവീസിലെ പല ഏമാന്മാർക്കും ഔദ്യോഗിക വാഹനം അനുവദിച്ചിട്ടുണ്ട്. ഇതിൽ പലരും ട്രെയിൻ മാർഗം വന്നു പോകുന്നവരാണ്. സർവീസിലെ മേലായ്മ അനുസരിച്ച് അവർ സർക്കാർ വാഹനത്തിൽ മലർന്നുകിടന്ന് സഞ്ചരിച്ചോട്ടെ, ആർക്കും എതിർപ്പില്ല. പക്ഷേ റെയിൽവെ സ്റ്റേഷനിൽ വന്നിറങ്ങിയാൽ പ്ളാറ്റ് ഫോമിൽ നിന്ന് സർക്കാർ വാഹനത്തിലേക്കേ കാലെടുത്തു വയ്ക്കുള്ളൂ എന്ന് വാശി പിടിച്ചാലോ! ഏറ്റവുമധികം ഉദ്യോഗസ്ഥർ സഞ്ചരിക്കുന്ന ഇന്റർസിറ്റി എന്ന ട്രെയിൻ വന്നു നിൽക്കുമ്പോഴത്തെ അവസ്ഥയാണ് ഏറെ ഖേദകരം. സ്റ്റേഷന് മുന്നിൽ ചുവന്ന ബോർഡ് വച്ച സർക്കാർ വാഹനങ്ങളുടെ വലിയൊരു നിര. അതിന്റെ എതിർവശത്ത് ഓട്ടോറിക്ഷാ സ്റ്റാൻഡും. മിക്ക ഉദ്യോഗസ്ഥ മേധാവികളും നിവർന്നു നിൽക്കാനോ നടക്കാനോ സ്വന്തമായി ചലിക്കാനോ ശേഷിയില്ലാത്തവരല്ല. ട്രെയിനിൽ നിന്ന് തോളിലേറ്റിയോ ട്രോളിയിലോ കൊണ്ടു പോകേണ്ടവരുമല്ല. അത്യാവശ്യം ആരോഗ്യവും ചലന സ്വാതന്ത്ര്യവുമുള്ളവരാണ്. പക്ഷേ ട്രെയിനിൽ നിന്നിറങ്ങിയാൽ ഭൂമിസ്പർശം ഏൽക്കാതെ നേരെ ശീതീകരണ സംവിധാനമുള്ള ഔദ്യോഗിക വാഹനത്തിലേക്കേ ഇവർ കയറൂ. ജനിച്ചപ്പോൾ മുതൽ ശീലിച്ചു പോയതുകൊണ്ടാവാം ഇങ്ങനെയൊക്കെ ചെയ്യുന്നത്. പുറത്തിറങ്ങി നടന്നാൽ സൂര്യപ്രകാശത്താൽ ചർമ്മകാന്തിക്ക് പരിക്കേറ്റ് ശോഭ കെടുമെന്നോ, മഴച്ചാറ്റലുണ്ടായാൽ തലമുടിയിൽ കറുപ്പിന്റെ അഴക് കൂട്ടാൻ വിതാനിച്ച ഡൈ തോളിലൂടെ ഒഴുകി ഇറങ്ങുമെന്ന് ഭയന്നോ ഒക്കെയാവാം കാത്തുകിടക്കുന്ന സർക്കാർ വാഹനത്തിലേക്ക് ഇക്കൂട്ടർ ഓടിക്കയറുന്നത്. ഇതെല്ലാം സ്വന്തം പരിശ്രമഫലമായി അവർക്കൊക്കെ ലഭിച്ച തൊഴിൽപരമായ സൗഭാഗ്യങ്ങളായി നമുക്ക് കാണാം. അസൂയപ്പെടേണ്ട കാര്യമില്ല. പക്ഷേ ചുവന്ന ബോർഡുള്ള വാഹനങ്ങളിൽ സ്വന്തം ഇഷ്ടപ്രകാരം സഞ്ചരിക്കാൻ അനുവാദമില്ലാത്ത സാധാരണ ഗുമസ്തപ്പണിയോ മറ്റു ജോലികളോ ചെയ്യുന്ന ഉദ്യോഗസ്ഥരാണ് റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങുന്നവരിലധികവും. കാത്തു കിടക്കുന്ന കെ.എസ്.ആർ.ടി.സി ബസിലോ ഓട്ടോ റിക്ഷകളിലോ കയറിക്കൂടാൻ പരക്കം പായുകയാണ് സാധാരണക്കാരായ സർക്കാർ ജീവനക്കാരും മറ്റ് ആൾക്കാരും. പലപ്പോഴും ട്രെയിനുകൾക്ക് സമയക്ളിപ്തത എന്നത് ഉണ്ടാവാറില്ല. വളരെ വൈകി എത്തുമ്പോൾ കിട്ടുന്ന വാഹനത്തിൽ ഓഫീസിലേക്ക് പോകാനുള്ള തത്രപ്പാടിലാവും മിക്കവരും. ഇങ്ങനെ പരക്കം പായുമ്പോഴാണ് ആർഭാട സമൃദ്ധമായ സർ‌ക്കാർ വാഹനങ്ങൾ ഞെങ്ങിയും ഞെരുങ്ങിയും തങ്ങളുടെ 'മോലാളി'മാരുമായി തിരക്കിലൂടെ ഒഴുകി നീങ്ങുന്നത്. ഒരു ഉദ്യോഗസ്ഥ പ്രഭുവിനെ വരവേൽക്കാൻ ഒരു സർക്കാർ വണ്ടിയും ഒരു സർക്കാർ ഡ്രൈവറും പിന്നെ പ്രഭുവിന്റെ പദവിക്ക് അനുസരണമായി മറ്റു അകമ്പടി ജീവനക്കാരുമാണ് അവരുടെ അസൗകര്യങ്ങൾ മാറ്റിവച്ച് കാത്തുകിടക്കേണ്ടത്. യഥാസമയം ശമ്പളപരിഷ്കരണം സർക്കാർ നടത്തുന്നതിനാൽ ഇത്തിരി കാത്തുകെട്ടി കിടന്നാലും സാരമില്ലെന്ന് സമാധാനിക്കാം. എന്നാൽ കുറച്ച് ദൂരം മാറി ഈ വാഹനങ്ങൾ പാർക്കു ചെയ്താൽ ഓടിക്കിതയ്ക്കുന്ന മറ്റു യാത്രക്കാർക്ക് കിട്ടുന്ന ആശ്വാസം ചെറുതല്ല. അവരുടെ സുഗമമായ സഞ്ചാരത്തിന് അത് വലിയ ഗുണം ചെയ്യും.

കഴിഞ്ഞ പിണറായി സർക്കാരിന്റെ കാലത്ത് ഔദ്യോഗിക വാഹനങ്ങൾ ദുരുപയോഗം ചെയ്യുന്നതു സംബന്ധിച്ച് പരാതികൾ ഉയർന്നപ്പോൾ, അനൗദ്യോഗിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന നിരവധി വാഹനങ്ങൾ പിടികൂടിയിരുന്നു. ഇപ്പോഴും ധനവകുപ്പ് നിരീക്ഷിക്കുന്നുണ്ട് ഇങ്ങനെ ദുരുപയോഗം ചെയ്യുന്ന വാഹനങ്ങൾ.

ഇതു കൂടി കേൾക്കണേ

നിയമവും വ്യവസ്ഥയുമൊന്നും നമ്മുടെ നാട്ടിൽ തെല്ലും കുറവില്ല. അതിനെ മാനിക്കാനുള്ള മനസാണ് വേണ്ടത്. ജനം നൽകുന്ന നികുതിപ്പണം കൊണ്ട് എന്തു ധൂർത്തും കാണിക്കാമെന്ന് ചിന്തിക്കുന്ന കുറച്ചു പേരെങ്കിലും നമ്മുടെ പൊതു സംവിധാനത്തിന്റെ ഭാഗമായുണ്ട്. 'ഉളുപ്പ് ' എന്നൊരു വാക്ക് കൂടി നമ്മുടെ ഭാഷാ സംവിധാനത്തിലുണ്ടെന്ന് ഇക്കൂട്ടർ എന്നെങ്കിലും ഒന്നു മനസിലാക്കാൻ ശ്രമിച്ചാൽ എത്ര നന്നായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: FEATURE
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.