SignIn
Kerala Kaumudi Online
Saturday, 27 April 2024 8.24 AM IST

സി.പി.എം സൈദ്ധാന്തികൻ ഇനി പാർട്ടി 'ഹെഡ്മാഷ് '

mv-govindan

കണ്ണൂർ: തളിപ്പറമ്പിലെ മൊറാഴ സമരം കഴിഞ്ഞ് 13 വർഷത്തിന് ശേഷമായിരുന്നു ജനനം. എങ്കിലും ആ സമരത്തീയിൽ നിന്നുള്ള ഊർജ്ജമാണ് എം.വി. ഗോവിന്ദനെ കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തിൽ സജീവമാക്കിയത്. കർഷക സമര ചരിത്രത്തിലെ ആ പോരാട്ട ഭൂമിയുടെ ഉശിരും ആവേശം എന്നും ആ വാക്കുകളിൽ നിറഞ്ഞിരുന്നു. കായികാദ്ധ്യാപകന്റെ യൗവനത്തെ സമര പോരാട്ടങ്ങളിലേക്കും, കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സൈദ്ധാന്തിക പഠനക്ലാസുകളിലേക്കും നയിച്ചതിനു പിന്നിലും, ആഴ്ന്നിറങ്ങിയ മൊറാഴയുടെ സാന്നിദ്ധ്യം തന്നെ.

സാധാരണ പൊതുപ്രവർത്തകനിൽ നിന്നും വ്യത്യസ്തമായി ഫുട്ബാൾ, സാഹിത്യം, സംഗീതം, സിനിമ എന്നിവയും മാഷിന് പ്രിയപ്പെട്ടതാണ്. മൊറാഴയിലെ ലൈബ്രറിയിൽ മാഷ് വായിക്കാത്ത പുസ്തകമില്ല. ടി. പദ്മനാഭന്റെ ആരാധകനായ മാഷ് അദ്ദേഹത്തിന്റെ നൂറ്റി അമ്പത് കഥകളും വായിച്ചിട്ടുണ്ട്. . കമൽഹാസനാണ് ഇഷ്ടനടൻ. കമലിന്റെ മിക്ക സിനിമകളും കണ്ടിട്ടുണ്ട്. ഫുട്ബാൾ ജീവനാണ്.നിരവധി ഫുട്ബാൾ മത്സരങ്ങളിൽ ട്രോഫി നേടിയിട്ടുണ്ട്.

മൊറാഴയിലെ പരേതനായ കെ. കുഞ്ഞമ്പു –എം.വി. മാധവി ദമ്പതികളുടെ മകനായ എം.വി. ഗോവിന്ദൻ 1970 ലാണ് പാർട്ടി അംഗമായത്. കെ.എസ്.വൈ.എഫ് ജില്ലാ പ്രസിഡന്റായും സെക്രട്ടറിയായും പ്രവർത്തിച്ചു. ഡി.വൈ.എഫ്.ഐ രൂപീകരണത്തിനു മുന്നോടിയായി രൂപീകരിച്ച അഖിലേന്ത്യാ പ്രിപ്പറേറ്ററി കമ്മിറ്റിയിൽ അംഗമായിരുന്നു. തുടർന്ന് ഡി.വൈ.എഫ്.ഐയുടെ ആദ്യ സംസ്ഥാന പ്രസിഡന്റും,പിന്നീട് സെക്രട്ടറിയുമായി. പാർട്ടി കാസർകോട് ഏരിയാ സെക്രട്ടറിയായിരുന്നു. അടിയന്തരാവസ്ഥയിൽ ജയിൽവാസവും പൊലീസ് മർദ്ദനവും നേരിട്ടു. 1991ൽ പാർട്ടി സംസ്ഥാന കമ്മിറ്റിയിലെത്തി. 2006 മുതൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം. 1996ലും 2001ലും തളിപ്പറമ്പിൽ നിന്നു നിയമസഭയിലെത്തി. 2002 മുതൽ 2006 വരെ കണ്ണൂർ ജില്ലാ സെക്രട്ടറി.2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ തളിപ്പറമ്പിൽ നിന്നു 22,689 വോട്ടിനാണ് ജയിച്ചത്.

എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് മൊറാഴയിൽ എം.വി. ഗോവിന്ദൻ ബാലസംഘം രൂപീകരിക്കുന്നതും പ്രസിഡന്റാകുന്നതും. മൊറാഴ സെൻട്രൽ യു.പി സ്‌കൂളിലും കല്യാശ്ശേരി സ്‌കൂളിലുമായിരുന്നു വിദ്യാഭ്യാസം. ബാലസംഘം പ്രവർത്തനത്തിലെ മികവ് കണ്ടാണ് പാച്ചേനി കുഞ്ഞിരാമൻ തളിപ്പറമ്പിലേക്ക് കൂട്ടിയത്. പത്താംക്ലാസ് കഴിഞ്ഞു കോഴിക്കോട് കായിക വിദ്യാഭ്യാസ പരിശീലനത്തിനും ചേർന്നു.ലോംഗ് ജംപിലും ഹൈ ജംപിലും മിടുക്കനായിരുന്നു. സംസ്ഥാന ചാമ്പ്യൻഷിപ്പിൽ ലോംഗ് ജംപിൽ മൂന്നാമതെത്തി. 18 വയസായപ്പോൾ പരിയാരം ഇരിങ്ങൽ യു.പി സ്‌കൂളിൽ കായികാദ്ധ്യാപകനായി. രാഷ്ട്രീയമാണ് പ്രധാനമെന്നു തിരിച്ചറിഞ്ഞ് ജോലി വിട്ടു. യോഗ മാത്രമാണ് അതിലിപ്പോൾ ബാക്കി. രാവിലെ ഒരു മണിക്കൂർ യോഗ ചെയ്യും. ഭക്ഷണത്തിൽ വലിയ ചിട്ടകളും പഥ്യവുമില്ല. രാവിലെ പുട്ട്, കടലയാണ് ഇഷ്ടം. ഉച്ചയ്ക്ക് ചോറ് നിർബന്ധം. അത്താഴം ലഘുവായി മാത്രം.

യുവ സംഘടനകളിലുള്ളപ്പോൾ സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസിലായിരുന്നു മിക്കപ്പോഴും രാത്രി വാസം. ഇ.പി. ജയരാജനുമുണ്ടാകും ഒപ്പം. എ.കെ.ജി നാട്ടിലുള്ളപ്പോൾ രാത്രി ഓഫീസിലുണ്ടാകും. രാവിലെ എഴുന്നേറ്റു വരുമ്പോൾ ഉറക്കമാണെങ്കിൽ ശാസനയോടെ എ.കെ.ജി വിളിച്ചുണർത്തും. അദ്ദേഹത്തിന്റെ വാത്സല്യവും ഏറെ അനുഭവിച്ചിട്ടുണ്ട്. 1985ലായിരുന്നു പി.കെ. ശ്യാമളയുമായുള്ള വിവാഹം.. എം.വി. രാഘവനും പി. ശശിയുമാണ് വിവാഹത്തിന് മുൻകൈയെടുത്തത്. ബി.എഡ് കഴിഞ്ഞിരുന്ന ശ്യാമള മൊറാഴ സ്‌കൂളിൽ അദ്ധ്യാപികയായി.അദ്ധ്യാപനം നിറുത്തിയെങ്കിലും പഠിക്കാനും പഠിപ്പിക്കാനുമായിരുന്നു എം.വി. ഗോവിന്ദന് ഏറ്റവും ഇഷ്ടം. വീടിനടുത്തെ വായനശാലയിൽ നടന്നിരുന്ന പാർട്ടി ക്ലാസുകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. പാർട്ടി വിദ്യാഭ്യാസത്തിന്റെ ചുമതലക്കാരനായി മാറിയ എം.വി. ഗോവിന്ദൻ, സൈദ്ധാന്തിക പ്രശ്നങ്ങളിൽ ഇന്ന് കേരളത്തിലെ പാർട്ടിയുടെ അവസാന വാക്കാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MVGOVINDAN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.