തിരുവനന്തപുരം: കേരളത്തില്‍ അടുത്ത അഞ്ചുദിവസം വ്യാപകമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഈ ദിവസങ്ങളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയോടൊപ്പം ഇടി മിന്നലിനും സാദ്ധ്യതയുണ്ട്.
പത്തനംതിട്ടയിൽ കനത്ത മഴയിൽ വായ്പൂർ, മുതുപാല, വെണ്ണിക്കുളം പ്രദേശങ്ങളിൽ വെള്ളം കയറി. മലയാര മേഖലകളിൽ കനത്ത നാശ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. നിരവധി വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വെളളം കയറിട്ടുണ്ട്. ഭക്ഷ്യ ഗോഡൗണുകളിലെ സാധനങ്ങളെല്ലാം നശിച്ചു. കൃഷി ഇടങ്ങളിലും വെള്ളം കയറി.
ഇന്നലെ രാത്രി 12മണിയോടെയാണ് ജില്ലയിൽ മഴ കനത്തത്. പൊലീസ് ക്വാർട്ടേഴ്സിലും റെയിൽവേ സ്റ്റേഷനിലും ഉൾപ്പടെ വെള്ളം കയറി. വീടുകളിൽ നിന്ന് പുറത്തിറങ്ങാൻ കഴിയാതെ നിരവധിയാളുകൾ കഴിയുകയാണ്.
പത്തനംതിട്ടയിൽ വെള്ളം കയറിയ പ്രദേശങ്ങളിൽ നിന്നു വെള്ളം ഇറങ്ങി തുടങ്ങിയെന്ന് ജില്ലാ കളക്ടർ ദിവ്യ എസ് അയ്യർ പറഞ്ഞു. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി കൂടുതൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്നും ജില്ലയിലെ നദികളിൽ നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും കളക്ടർ അറിയിച്ചു.
അതേസമയം, ഇന്നലെയും ഇന്നും ശക്തമായ മഴ പെയ്‌തിട്ടും പത്തനംതിട്ടയിൽ അലർട്ട് പ്രഖ്യാപിച്ചിരുന്നില്ല. മുൻകരുതൽ എടുക്കുന്നതിന് ഇത് വെല്ലുവിളിയായി. കോട്ടയം ജില്ലയിൽ മഴ കടുത്തതോടെ സെപ്‌തംബർ ഒന്നു വരെ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഇടുക്കി തൊടുപുഴയ്ക്ക് സമീപം ഉരുൾപൊട്ടി വീടു മണ്ണിനടിയിലായി അഞ്ചുപേർ മരിച്ചു. കുടയത്തൂർ സംഗമം ജംഗ്ഷനിൽ പുലർച്ചെ രണ്ടരയോടെയുണ്ടായിരുന്നു അപകടം. ചിറ്റടിച്ചാലിൽ സോമൻ, ഭാര്യ ജയ, മാതാവ് തങ്കമ്മ (75), മകൾ ഷിമ, ചെറുമകൻ ദേവാനന്ദ് (നാല്) എന്നിവരാണ് മരിച്ചത്. സോമന്റെ വീട് പൂർണമായും മണ്ണിനടിയിലാണ്.
മുൻകരുതൽ നിർദേശങ്ങൾ
കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതല്‍ തന്നെ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും ഇടിമിന്നല്‍ ദൃശ്യമല്ല എന്നതിനാല്‍ ഇത്തരം മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കരുതെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശിച്ചു. ഇടിമിന്നല്‍ ലക്ഷണം കണ്ടാല്‍ തുറസായസ്ഥലങ്ങളില്‍ നില്‍ക്കുന്നത് ഒഴിവാക്കണം. ജനലും വാതിലും അടച്ചിടണം. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കണം. വൈദ്യുതി ഉപകരണങ്ങളുമായുള്ള സാമിപ്യം ഒഴിവാക്കണം.
ഇടിമിന്നല്‍ സമയത്ത് ടെറസിലോ ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷക്കൊമ്പിലോ ഇരിക്കുന്നത് അപകടകരമാണ്. പട്ടം പറത്തുന്നത് ഒഴിവാക്കണം. അന്തരീക്ഷം മേഘാവൃതമാണെങ്കില്‍, തുറസായ സ്ഥലത്തും, ടെറസ്സിലും കുട്ടികളെ കളിക്കാന്‍ അനുവദിക്കരുത്.
മിന്നലാഘാതമേറ്റ ആളിന്റെ ശരീരത്തില്‍ വൈദ്യുത പ്രവാഹം ഉണ്ടാകില്ല. മിന്നലേറ്റ ആളിന് ഉടന്‍ വൈദ്യ സഹായം എത്തിക്കണം. ജലാശയത്തില്‍ മീന്‍ പിടിക്കാനും കുളിക്കാനും ഇറങ്ങരുത്. ഇടിമിന്നല്‍ സമയങ്ങളില്‍ വാഹനത്തിനുള്ളില്‍ സുരക്ഷിതരായിരിക്കുമെന്നതിനാല്‍ വാഹനമോടിക്കുന്നവര്‍ അതിനുള്ളില്‍ തുടരണം. സൈക്കിള്‍, ബൈക്ക്, ട്രാക്ടര്‍ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഒഴിവാക്കണമെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ജാഗ്രതാ നിര്‍ദേശത്തില്‍ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |