ന്യൂഡൽഹി: എല്ലാ പ്രതിപക്ഷ പാർട്ടികളും ഒന്നിച്ചാൽ 2024ലെ ലോക്‌സഭാ തരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് 50 സീറ്റുകളിൽ കൂടുതൽ ലഭിക്കില്ലെന്ന് ബീഹാർ മുഖ്യമന്ത്രിയും ജെ.ഡി.യു നേതാവുമായ നിതീഷ് കുമാർ. ആ ലക്ഷ്യത്തിനായാണ് താൻ പ്രവർത്തിക്കുന്നതെന്നും പാട്‌നയിൽ നടന്ന പാർട്ടി ജെ.ഡി.യു സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തിൽ നിതീഷ് കുമാർ പറഞ്ഞു. മണിപ്പൂരിലെ അഞ്ച് ജെ.ഡി.യു എം.എൽ.എമാർ ബി.ജെ.പിയിൽ ചേർന്നതിന് പിന്നാലെയാണ് നിതീഷിന്റെ പ്രതികരണം.
പ്രതിപക്ഷ ഐക്യ സാദ്ധ്യതകൾ ചർച്ച ചെയ്യാൻ ഉടൻ ഡൽഹിലെത്തി ഉന്നത നേതാക്കളെ കാണുമെന്നും നിതീഷ് അറിയിച്ചു. കൂടുതൽ വിവരങ്ങൾ അദ്ദേഹം പങ്കുവച്ചില്ല. എല്ലാ പ്രതിപക്ഷ പാർട്ടികളും ഒന്നിച്ചാൽ, ജനവിധി മികച്ചതായിരിക്കും. 2024ൽ വ്യത്യസ്തമായ ഫലമുണ്ടാക്കാൻ അതിന് കഴിയുമെന്നും നിതീഷ് ചൂണ്ടിക്കാട്ടി. മണിപ്പൂരിൽ ബി.ജെ.പി നടത്തിയത് ഭരണഘടനാ അനുസൃതമായ നടപടിയല്ലെന്നും നിതീഷ് പ്രതികരിച്ചു.