തൃശൂർ: കലാരംഗത്തെ സമഗ്രസംഭാവനയ്ക്ക് മണപ്പുറം ഫിനാൻസ് നൽകുന്ന വി.സി. പത്മനാഭൻ പുരസ്‌കാരം നടൻ ജഗതി ശ്രീകുമാർ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ചെയർമാൻ ജസ്‌റ്റിസ് ആന്റണി ഡൊമിനിക്കിൽ നിന്ന് ഏറ്റുവാങ്ങി. അർഹതയുണ്ടായിട്ടും സർക്കാരിന്റെ ഉന്നത അംഗീകാരമായ പത്മ പുരസ്‌കാരങ്ങൾക്ക് നടൻ ജഗതി ശ്രീകുമാറിനെ ഇതുവരെ പരിഗണിച്ചില്ലെന്ന് മകൾ പാർവതി, മറുപടി പ്രസംഗത്തിൽ പറഞ്ഞു.
മണപ്പുറം ഫിനാൻസ് ലിമിറ്റഡിന്റെ അവാർഡ് വലിയ അംഗീകാരമായി കാണുന്നുവെന്നും പാർവതി പറഞ്ഞു.
പൊതുഭരണ രംഗത്തെ മികവിനുള്ള പുരസ്‌കാരം ടി.കെ.എ നായർക്ക് സമ്മാനിച്ചു. പ്രമുഖ പരിസ്ഥിതി പ്രവർത്തക കർണാടകയിലെ സാലുമരാട തിമ്മക്ക പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്കുള്ള അവാർഡും മുൻ രാജ്യസഭാ ഉപാദ്ധ്യക്ഷൻ പി.ജെ കുര്യൻ പൊതുപ്രവർത്തന രംഗത്തെ മികവിനുളള ബഹുമതിയും ഇൻഡസ് ഇൻഡ് ബാങ്ക് മാനേജിംഗ് ഡയറക്‌ടറും സി.ഇ.ഒയുമായ റൊമേഷ് സോബ്ടി സാമൂഹിക വികസനം സാദ്ധ്യമാക്കുന്ന വ്യവസായ രംഗത്തെ മികവിനുള്ള പുരസ്‌കാരവും സ്വീകരിച്ചു. 'ഭരണനിർവഹണത്തിൽ സിവിൽ സർവീസ്" എന്ന വിഷയത്തിൽ ടി.കെ.എ നായർ വി.സി. പത്മനാഭൻ സ്മാരക പ്രഭാഷണം നടത്തി. മണപ്പുറം ഗ്രൂപ്പ് മാനേജിംഗ് ഡയറക്‌ടർ വി.പി. നന്ദകുമാർ അദ്ധ്യക്ഷത വഹിച്ചു. മണപ്പുറം ഗ്രൂപ്പ് സ്ഥാപകൻ വി.സി. പന്മനാഭന്റെ സ്മരണയ്ക്കായി 2010 മുതൽ നൽകിവരുന്ന പുരസ്‌കാരമാണിത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |