SignIn
Kerala Kaumudi Online
Saturday, 27 April 2024 6.06 AM IST

നവചരിത്രമെഴുതി ഇന്ത്യയെ ഒന്നിപ്പിക്കാൻ...

rahul-gandhi

ഭരണകൂടം ഭയവും വെറുപ്പും വിതറി മലിനപ്പെടുത്തിയ ഭാരതത്തിന്റെ വഴികളിലൂടെ, രാജ്യത്തെ ഒന്നിപ്പിക്കുക എന്ന മഹത്തായ ലക്ഷ്യത്തോടെ കന്യാകുമാരി മുതൽ കാശ്മീർ വരെ 3500 കിലോമീറ്റർ കാൽനടയായി പിന്നിടാനൊരുങ്ങുകയാണ് രാഹുൽഗാന്ധിയും സംഘവും. അവർ രാജ്യതലസ്ഥാനത്തു തിരിച്ചെത്തുമ്പോൾ രാജ്യം ആഗ്രഹിക്കുന്ന ഒരു പുതുചരിത്രം പിറവിയെടുക്കും. ഇന്ന് മുതൽ 150 ദിവസങ്ങൾ സംഘപരിവാറിൽ നിന്ന് മോചിപ്പിച്ച് ഇന്ത്യയെ അതിന്റെ യഥാർത്ഥ ആത്മാവിലേക്ക് തിരികെയെത്തിക്കാനുള്ള പോരാട്ടങ്ങളുടെ ദിനങ്ങളാണ്. രാഹുൽഗാന്ധിക്കൊപ്പം രാജ്യത്തെ ജനലക്ഷങ്ങളും അണിചേരും.

മിലേ കദം, ജോഡോ വദൻ, അഥവാ, 'ഒരുമിക്കുന്ന ചുവടുകൾ, ഒന്നാകുന്ന രാജ്യം' എന്ന സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ട് രാഹുൽഗാന്ധിയും സംഘവും 12 സംസ്ഥാനങ്ങളും രണ്ട് കേന്ദ്രഭരണപ്രദേശങ്ങളും കാൽനടയായി പിന്നിടുമ്പോൾ ഇന്ത്യയുടെ വേദനകൾക്കുള്ള പരിഹാരങ്ങൾ കണ്ടെത്തിക്കൊണ്ടുള്ള മഹായാത്ര കൂടിയാകും അത്.

തകർന്നടിയുന്ന

സമ്പദ് വ്യവസ്ഥ

ഇന്ത്യയുടെ ആഭ്യന്തര ഉത്പാദനം (ജി.ഡി.പി) ഉയർച്ചയിലേക്ക് പോകുന്ന ഘട്ടത്തിലാണ് ഡോ. മൻമോഹൻ സിങ് എന്ന സാമ്പത്തിക വിദഗ്ദ്ധനിൽ നിന്ന് നരേന്ദ്രമോദി രാജ്യത്തിന്റെ അധികാരമേറ്റെടുക്കുന്നത്. നോട്ടുനിരോധനവും ജി.എസ്.ടിയും മുതൽ ഇന്ത്യയുടെ സമ്പദ്ഘടനയുടെ നട്ടെല്ല് തകർക്കാൻ മോദിയെന്ന ഭരണാധികാരി കഴിയാവുന്നതൊക്കെയും ചെയ്‌തുകഴിഞ്ഞു. ലോകബാങ്കിന്റെ മുൻ ചീഫ് ഇക്കോണമിസ്റ്റായ കൗശിക് ബസു ദിവസങ്ങൾക്കു മുൻപു പറഞ്ഞതു കേൾക്കണം: ' 2016ന് ശേഷം രാജ്യത്തെ നിക്ഷേപ ജി.ഡി.പി അനുപാതം കുറഞ്ഞു. അത് രാജ്യത്തെ സൂക്ഷ്മഇടത്തര വ്യാപാരങ്ങളെ ബാധിച്ചു. തൊഴിൽസൃഷ്ടിയെ ബാധിച്ചതോടൊപ്പം യുവാക്കൾക്കിടയിലെ തൊഴിലില്ലായ്മയും വർദ്ധിപ്പിച്ചു. ലോകബാങ്കിന്റെ കണക്കുപ്രകാരം 2004 മുതൽ 2014 വരെയുള്ള ശരാശരി വളർച്ച 7.58 ശതമാനമാണ്. അത് രണ്ട് യു.പി.എ സർക്കാരുകളുടെയും കാലമാണെന്നോർക്കുക. മൻമോഹൻസിങ് സർക്കാർ നിലനിറുത്തിയ സാമ്പത്തിക വളർച്ചയുടെ ഉപഭോക്താവ് കൂടിയായിരുന്നു 2016 വരെ നരേന്ദ്രമോദിയും. എന്നാൽ മോദിയുടെ ഭരണവിളകൾ ഫലത്തിലേക്ക് വരാൻ തുടങ്ങിയതോടെ 2016 മുതൽക്ക് സാമ്പത്തികരംഗം താഴേക്ക് പതിച്ചു. നോട്ടുനിരോധനമായിരുന്നു ആരംഭം. അനാവശ്യമായൊരു പ്രഖ്യാപനവും മുന്നൊരുക്കങ്ങളുടെ സമ്പൂർണ അഭാവവും മൂലം സമ്പദ് വ്യവസ്ഥ തകർന്നടിഞ്ഞു. ബാങ്കുകൾക്ക് മുന്നിൽ വരിനിന്നു മരണപ്പെട്ടവരുടെ കണക്കുകൾ ഔദ്യോഗികമായി സൂക്ഷിക്കാൻപോലും സർക്കാരിനായിട്ടില്ല. ഇതിനൊപ്പം ജി.എസ്ടി നടപ്പാക്കുന്നതിലെ പിഴവുകൂടി നേരിട്ടതോടെ, 2016ന് മുൻപ് കൈവരിച്ച നേട്ടത്തിലേക്ക് ഒരിക്കൽക്കൂടിയെത്താൻ ഇന്ത്യക്ക് കഴിഞ്ഞില്ല.

സാമ്പത്തികമായി തകർന്നുനിൽക്കുന്ന ജനതയുടെ തലയിലേക്ക് അധികഭാരമായി വിലക്കയറ്റവും ഇന്ധനവിലയുടെ അസാധാരണമായ വർദ്ധനവും കൂടി വന്നതോടെ ചരിത്രം കാണാത്തൊരു അപകടത്തിലേക്കാണ് ഇന്ത്യ പോകുന്നത്. രാജ്യത്തെ ജനതയുടെ ചുമലിൽ ഉയർന്ന നികുതിഭാരം അടിച്ചേൽപ്പിച്ച മോദി സർക്കാർ സമ്പന്നരുടെ 1086 ലക്ഷം കോടി രൂപയുടെ വായ്പകൾ എഴുതിത്തള്ളിയതും ഓർക്കേണ്ടതുണ്ട്.

അടുത്ത 18 മാസത്തിനുള്ളിൽ 10 ലക്ഷം പേർക്ക് തൊഴിൽ എന്നായിരുന്നു ഈ വർഷം പ്രധാനമന്ത്രി നടത്തിയ പ്രഖ്യാപനം. ഇതിന് മുൻപ് നടത്തിയ വാഗ്ദാനങ്ങളൊക്കെ മറന്നുകൊണ്ട് വീണ്ടുമൊരു പ്രഖ്യാപനത്തിന് കൂടി രാജ്യം കാതോർത്തപ്പോൾ ഓർക്കേണ്ടതായി ചിലതുണ്ട്. സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കോണമി അഥവാ സി.എം.ഐ.ഇയുടെ കണക്കുപ്രകാരം ഈ വർഷത്തെ ഏറ്റവും വലിയ തൊഴിലില്ലായ്മ നിരക്കായ 8.3 ശതമാനമാണ് ആഗസ്റ്റ് മുതൽ രാജ്യത്ത് നിലനിൽക്കുന്നത്. നഗരമേഖലയിൽ ഇത് 9.6 ശതമാനവും ഗ്രാമങ്ങളിൽ 77 ശതമാനവുമാണ്. ഇക്കഴിഞ്ഞ മാസത്തെ കണക്കുകൾ പ്രകാരം ബി.ജെ.പി ഭരിക്കുന്ന ഹരിയാനയിലാണ് തൊഴിലില്ലായ്മ ഏറ്റവുമധികം. 373 ശതമാനം. കോൺഗ്രസ് ഭരിക്കുന്ന ഛത്തീസ്ഗഡിലാണ് തൊഴിലില്ലായ്മ ഏറ്റവും കുറവ്, 0.4 ശതമാനം. ഒരിക്കലും തിരിച്ചുവരാൻ കഴിയാത്ത ദുഷ്‌കരമായ സാഹചര്യത്തിലേക്ക് ഇന്ത്യ കൂപ്പുകുത്തും മുൻപ് ജനങ്ങൾ വസ്തുതകൾ തിരിച്ചറിയേണ്ടതിന്റെ ആവശ്യകതയിലാണ് ഭാരത് ജോഡോ വളരെ നിർണായകമാകുന്നത്.

ജനം തിരിച്ചറിഞ്ഞ

നാളുകൾ

ഒരുവർഷത്തിലധികം നീണ്ടുനിന്ന സമരത്തിനൊടുവിൽ കർഷക കരിനിയമങ്ങൾ പിൻവലിക്കുന്നതായി പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വന്നു. ഇന്ത്യ കണ്ട ഏറ്റവും ശക്തമായ ജനകീയ സമരത്തിന്റെ ഗുണപരമായ ഫലം. ജനാഭിപ്രായങ്ങളെ വെല്ലുവിളിച്ചുകൊണ്ട് അടിമുടി കർഷകവിരുദ്ധമായ കരിനിയമങ്ങൾ നടപ്പിലാക്കാൻ തുനിഞ്ഞ ഭരണകൂടത്തിന്റെ അഹന്ത ട്രാക്ടറുകളിലും കലപ്പകളിലും തട്ടിത്തകരുന്ന കാഴ്ചയായിരുന്നു അത്. കാർഷികമേഖലയുടെ ഉത്പാദന വിപണന രംഗമൊന്നാകെ കൈയടക്കാൻ തുനിഞ്ഞ കോർപ്പറേറ്റ് ഭീമന്മാർ വളർത്തുന്നൊരു ഭരണകൂടം ഞെട്ടിവിറച്ചു ആ നാളുകളിൽ. കൊവിഡിനും കാലാവസ്ഥയ്ക്കും തകർക്കാൻ കഴിയാത്ത പോരാട്ട വീര്യവുമായി ജീവൻ പണയം വെച്ചുകൊണ്ട് ഡൽഹിയിലും സംസ്ഥാനാതിർത്തികളിലും കർഷകർ നിലയുറപ്പിക്കുകയായിരുന്നു. ഇനിയുമിതാവർത്തിച്ചാൽ പാർലമെന്റിനുള്ളിൽ ബില്ലുകൾ പാസ്സാക്കിയെടുക്കാൻ ഉപയോഗിക്കുന്ന മൃഗീയഭൂരിപക്ഷത്തിനും സാദ്ധ്യമാകില്ലെന്ന ഓർമ്മപ്പെടുത്തൽ കൂടിയാണിത്.

വിഭജനം തുടരുന്നു

ബ്രിട്ടീഷുകാർ നടപ്പാക്കിയ ഭിന്നിപ്പിച്ച് ഭരിക്കുകയെന്ന തന്ത്രം, ബ്രിട്ടീഷുകാർക്ക് മാപ്പെഴുതി നൽകിയ ആളുടെ രാഷ്ട്രീയ പ്രസ്ഥാനവും പയറ്റുന്ന കാഴ്ച ഇന്ന് രാജ്യത്ത് സർവസാധാരണമായിക്കഴിഞ്ഞിരിക്കുന്നു. അയോദ്ധ്യയിൽ രാമക്ഷേത്രം വന്നാൽ പ്രശ്നപരിഹാരമുണ്ടാകുമെന്ന ചിന്തയെ അപ്പാടെ തകർത്തുകൊണ്ട് മറ്റൊരു പ്രശ്നവുമായി ബി.ജെ.പി രംഗപ്രവേശം ചെയ്തു. വാരാണസിയിൽ പള്ളിയും ക്ഷേത്രവുമുണ്ട്. അയോദ്ധ്യയ്ക്കുശേഷം വാരാണസി പുതിയ പ്രശ്നമാക്കി ഉയർത്താൻ ബി.ജെ.പി നിരന്തരം ശ്രമിക്കുന്നു. വസ്ത്രധാരണവും ഒരു വിഷയമാക്കി ഉയർത്തി ന്യൂനപക്ഷങ്ങളെ അസ്വസ്ഥരാക്കുകയെന്ന കൃത്യമായ പ്ലാൻ ഓഫ് ആക്‌ഷൻ ബി.ജെ.പി രാജ്യത്ത് നടപ്പാക്കുന്നു. ന്യൂനപക്ഷങ്ങളോടുള്ള വിവേചനപരമായ

സമീപനം തുടരുക എന്നതിനൊപ്പം ഭിന്നിപ്പിച്ച് ഭരിക്കാനുള്ള അടവുനയവും ഇവിടെക്കാണാം. രാജ്യം വിറ്റുതുലയ്ക്കുന്ന കോർപ്പറേറ്റ് ഭീമന്മാരെ ഊട്ടിയുറക്കുന്ന കാഴ്ചകളിൽ നിന്ന് ജനങ്ങളുടെ കണ്ണുകളെ മൂടിക്കെട്ടാമെന്ന ഗൂഢലക്ഷ്യവും ഇവിടെയുണ്ട്.

ഭരണഘടനയെയും

ദേശീയ പതാകയെയും

തള്ളിപ്പറഞ്ഞവർ

ഒരു സ്വതന്ത്ര പരമാധികാര മതേതര റിപ്പബ്ലിക്കായി ഇന്ത്യയെ അംഗീകരിക്കാൻ എല്ലാക്കാലവും മടിയുണ്ടായിരുന്ന ആർ.എസ്.എസ് ഇന്ത്യയുടെ അന്തസ്സത്തയെ മുറിവേൽപ്പിക്കാൻ ലഭിച്ച അവസരമായി 2014 ലെ തിരഞ്ഞെടുപ്പ് വിജയത്തെ കണ്ടു. ഭരണഘടന മുതൽ ഇന്ത്യയുടെ ദേശീയ പതാകയെപ്പോലും അംഗീകരിക്കാൻ തയ്യാറാകാതിരുന്ന യഥാർത്ഥ ആർ.എസ്.എസിനെ ഉള്ളിൽപ്പേറിയാണ് നരേന്ദ്ര മോദിയുടെ ബി.ജെ.പി രാജ്യം ഭരിക്കുന്നത്. ഇന്ത്യയുടെ ഭരണഘടനയെ അടിമുടി തള്ളിപ്പറഞ്ഞവരെ രാജ്യത്തെ ആരാധനാമൂർത്തികളായും താത്വികാചാര്യന്മാരായും മനസിലും ഹൃദയത്തിലും സൂക്ഷിച്ച്, അവരുടെ ആഗ്രഹ പൂർത്തീകരണത്തിന് വേണ്ടി പ്രവർത്തിക്കുന്നൊരു ഭരണകൂടമാണ് നരേന്ദ്ര മോദിയുടേതെന്ന് ബോദ്ധ്യപ്പെടുത്തേണ്ടത് കോൺഗ്രസിന്റെ ഉത്തരവാദിത്തമാണ്. ഭരണഘടനയിൽ തീരുന്ന ദേശദ്രോഹമല്ല ആർ.എസ്.എസിന്റെ ജീനുകളിൽ പടർന്നുകിടക്കുന്നത്. 2002 ജനുവരി 26 നാണ് ആർ.എസ് ഇന്ത്യയുടെ ദേശീയ പതാകയെ അംഗീകരിച്ചുകൊണ്ട് അവരുടെ ആസ്ഥാനത്ത് ദേശീയപതാക ഉയർത്തിയത്, സ്വാതന്ത്ര്യം ലഭിച്ചതിന് 55 വർഷങ്ങൾക്കിപ്പുറം ! ഇങ്ങനെ വേറൊരു വഴിയുമില്ലാതെ ഭരണഘടനയെയും ദേശീയപതാകയെയും അംഗീകരിക്കാൻ നിർബന്ധിതമായ ഒരു പ്രസ്ഥാനം ദേശീയതയുടെ അപ്പോസ്തലന്മാരാകാൻ നടത്തുന്ന ശ്രമം തുറന്നു കാണിക്കാൻ കോൺഗ്രസ് ബാദ്ധ്യസ്ഥരാണ്.

ഇങ്ങനെ ഭരണകൂടത്തിന്റെ ജനവിരുദ്ധതയെ ചോദ്യംചെയ്തുകൊണ്ട് ഭാരത് ജോഡോ യാത്ര നൂറ്റമ്പതോളം ദിവസം രാജ്യത്തിന്റെ വിരിമാറിൽക്കൂടി ജനങ്ങൾക്കൊപ്പം നടക്കും.

രാഹുൽ ഗാന്ധിയിലൂടെ, ഇന്ത്യൻ ജനത രാജ്യത്തിന്റെ പൊതുശത്രുവിനെ തിരിച്ചറിയും. സമീപകാലത്തു കർഷകരുടെ മുന്നിൽ മുട്ടുമടക്കേണ്ടി വന്നവർക്ക് ഇന്ത്യ എന്ന വികാരത്തിന് മുന്നിൽ പരാജയം അനുഭവിക്കേണ്ടി വരും. സംഘപരിവാർ വിഭജിക്കാൻ ശ്രമിക്കുന്ന ഇന്ത്യ,​ ഭാരത് ജോഡോ യാത്രയിലൂടെ ഒന്നിക്കും. അതുവഴി വീണ്ടെടുക്കുന്നത് ഗാന്ധിയും നെഹ്രുവും ആസാദും അംബേദ്കറുമൊക്കെ പതിറ്റാണ്ടുകൾ ജീവനും രക്തവും ഹൃദയവും നൽകി കാത്തുസൂക്ഷിച്ച ഇന്ത്യയുടെ ആത്മാവിനെയാകും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BHARATH JODO YATHRA
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.