SignIn
Kerala Kaumudi Online
Saturday, 27 April 2024 4.51 AM IST

ഉരുൾപൊട്ടലിന്റെ രൂക്ഷത കുറയ്ക്കാൻ

ss

കേരളത്തിലെ മലമ്പ്രദേശങ്ങളിൽ വർഷകാലത്ത് ഉരുൾപൊട്ടൽ ദുരന്തങ്ങളുണ്ടാക്കുകയാണ്. ഇതിന്റെ പ്രധാന കാരണം മേഘവിസ്‌ഫോടനങ്ങളാണെങ്കിലും വേണ്ടരീതിയിൽ വെള്ളം
വാർന്നുപോകാനുള്ള സൗകര്യമില്ലായ്മ, വനനശീകരണം, ഭൂവിനിയോഗത്തിൽ
വരുത്തുന്ന മാറ്റങ്ങൾ എന്നിവയും ദുരന്തങ്ങൾക്ക് കാരണമാണ്. ഭൂവുടമകൾക്കും ജില്ലാ ഭരണാധികാരികൾക്കുമായി ബോധവത്‌കരണ പരിപാടികൾ സംഘടിപ്പിക്കുക, ഉരുൾപൊട്ടൽ തടയാനുള്ള മാർഗങ്ങൾ ഉൾക്കൊള്ളുന്ന ലഘുലേഖകളിൽ കൂടി ശരിയായ ഭൂവിനിയോഗ മാർഗങ്ങളെക്കുറിച്ചും ജലനിർഗമന മാർഗങ്ങളെക്കുറിച്ചുമുള്ള അവബോധം സൃഷ്ടിക്കുക എന്നിവയും ഉരുൾപൊട്ടൽ തടയാൻ പര്യാപ്തമാണ്.
ഉരുൾപൊട്ടലിന്റെ ഫലമായി ചെളി, പാറക്കല്ലുകൾ എന്നിവ അതിവേഗത്തിൽ
ഒഴുകിവന്ന് നാശനഷ്ടങ്ങളുണ്ടാകുന്ന സ്ഥലങ്ങൾ നിശ്ചയിക്കാൻ സർവേ നടത്തുകയാണ് ആദ്യം ചെയ്യേണ്ടത്. മണ്ണ് ഒലിച്ചുപോകാവുന്നതും പാറകളും കല്ലുകളും താഴേയ്ക്കു പതിക്കാൻ സാദ്ധ്യതയുള്ളതുമായ പ്രദേശങ്ങളിലും സർവേ നടത്തണം. വെള്ളം കെട്ടിനിറുത്താനല്ലെങ്കിൽ പോലും ഈ പ്രദേശങ്ങളിൽ തടയണകൾ പണിത് പാറകളും കല്ലുകളും താഴേയ്ക്ക് പതിക്കുന്നത് തടയേണ്ടതാണ്. മുൻകൂട്ടി അറിയാൻ കഴിയാത്തതും ഹിമപാതത്തിന്റെ വേഗത്തിലുള്ളതുമായതുകൊണ്ട് ഉരുൾപൊട്ടൽ ഉണ്ടാക്കുന്ന നാശം വെള്ളപ്പൊക്കം കൊണ്ടുണ്ടാകുന്നതിനേക്കാൾ വളരെ ഭീകരമായിരിക്കും. ഉരുൾപൊട്ടി താഴേക്ക് വരുന്ന വെള്ളത്തിന്റെയും ചെളിയുടെയും പാറകളുടെയും പ്രവാഹത്തിനൊപ്പം മരങ്ങളും കല്ലുകളും മറ്റും ചേരുന്നത് ദുരന്തത്തിന്റെ ആക്കം കൂട്ടും. ഉരുൾപൊട്ടലുണ്ടാകാൻ സാദ്ധ്യതയുള്ള സ്ഥലങ്ങളെക്കുറിച്ച് വിദഗ്ദ്ധർ പഠനം
നടത്തുകയും അവിടെ ദുരന്തസാദ്ധ്യത വർദ്ധിപ്പിക്കുന്ന കൃഷിയും നിർമ്മാണ പ്രവർത്തനങ്ങളും നിയന്ത്രിക്കുകയും വേണം. ഉയർന്ന പ്രദേശങ്ങളിലുൾപ്പെടെ വനവത്കരണം നടപ്പിലാക്കുകയും മണ്ണിന്റെ ഉപരിതലത്തിലും മണ്ണിനടിയിലും ജലനിർഗമന മാർഗങ്ങൾ മെച്ചപ്പെടുത്തി ഭൂഗർഭജലവിതാനം താഴ്ത്താനുള്ള പ്രവർത്തനങ്ങൾ ഏറ്റെടുക്കേണ്ടതുമാണ്. ജനവാസകേന്ദ്രങ്ങൾക്ക് മുന്നിൽ ഉരുൾപൊട്ടലിന്റെ ഗതിമാറ്റം വരുത്താവുന്ന ഭിത്തികൾ നിർമ്മിച്ച് കെട്ടിടങ്ങളെയും ഒരു പരിധിവരെ ചെളിവെള്ളപ്പാച്ചിലിൽ നിന്ന് രക്ഷിക്കാം.

ഭൂമിയുടെ ഘടനമാറ്റി വേണ്ടത്ര ജലനിർഗമന സൗകര്യങ്ങളോടെ തട്ടുകളാക്കൽ, തടയണകളും ഇടുങ്ങിയ ജലപ്രവാഹമാർഗങ്ങളും സൃഷ്ടിക്കൽ എന്നിവയും സുരക്ഷാ
മാർഗങ്ങളായ കല്ലുകൾനിറച്ച കുഴലുകൾ താഴ്ത്തിവെയ്ക്കൽ, ഉൾഭാഗം പൊതിയൽ എന്നിവയും ഉരുൾപൊട്ടലിൽ നിന്ന് സംരക്ഷണം ലഭിക്കാനുള്ള മാർഗ്ഗങ്ങളിൽ ചിലതാണ് . ചില അവസരങ്ങളിൽ ഇരുമ്പഴിയുള്ള ചട്ടങ്ങളോടുകൂടിയ ചെറിയ
അണക്കെട്ടുകൾ പണിയുന്നതിലൂടെ, വലിയ പാറകളും കല്ലുകളും ഒഴുക്കിൽപ്പെട്ട് താഴേയ്ക്കുവന്ന് ജനവാസകേന്ദ്രങ്ങളെ നശിപ്പിക്കുന്നത് തടയാനും ജീവനാശം സംഭവിക്കാതിരിക്കാനും വളരെയധികം സഹായിക്കും.
മണ്ണിന്റെ ഉപരിതലത്തിലെ നീർവാർച്ച ഫലപ്രദമായി നടപ്പിലാക്കുകയും ഭൂഗർഭജലവിതാനം താഴ്ന്ന നിലയിൽ നിറുത്തുകയും ചെയ്താൽ ഉരുൾപൊട്ടൽ കൊണ്ടുണ്ടാകുന്ന ദുരന്തങ്ങൾ തടയാൻ സാധിക്കും. പക്ഷേ, ഭൂമിയുടെ വിനിയോഗത്തിനും നീർവാർച്ചക്കു വേണ്ടിയുള്ള നടപടികൾക്കും വർഷം മുഴുവൻ നീണ്ടുനിൽക്കുന്ന വിപുലമായ പ്രവർത്തനങ്ങൾ ഭൂവുടമകളുടെ പങ്കാളിത്തത്തോടെയും അവരെ ബോധവൽക്കരിച്ചും നടപ്പാക്കണം. ഭൂമിയുടെ ഉപരിതലത്തിലുള്ള നീർവാർച്ചയ്ക്കുവേണ്ടിയുള്ള പലമാർഗ്ഗങ്ങളിൽ വളരെ ഫലപ്രദമാണ് 'സൈഫൺ' സമ്പ്രദായം. സ്വാഭാവിക ചെരിവിനെ പ്രയോജനപ്പെടുത്തി കിണറ്റിലെ വെള്ളത്തെ പൈപ്പുകളിലൂടെ ഉയർന്ന പ്രതലത്തിലേക്ക് കയറ്റുന്ന സമ്പ്രദായമാണിത് . മണ്ണിൽ ഒരു അപൂരിതമേഖല ഉറപ്പാക്കിക്കൊണ്ട് കിണർ-'സൈഫൺ' സമ്പ്രദായത്തിന് ജലവിതാനം ഫലപ്രദമായി കുറയ്ക്കാൻ സാധിക്കും. ഫ്രാൻസിൽ വികസിപ്പിച്ചെടുത്തതും ബ്രിട്ടൻ, അയർലന്റ് എന്നിവിടങ്ങൾ നടപ്പിലാക്കിയിട്ടുള്ളതുമായ ഈ സംവിധാനം അസ്ഥിരമായ ചെരിവുകളിൽ ജലവിതാനം താഴ്ത്താൻ ഏറ്റവും ഫലപ്രദമായ മാർഗമാണ്.

( ലേഖകൻ കോയമ്പത്തൂർ അമൃത സർവകലാശാലയിൽ എമരിറ്റസ് പ്രൊഫസറാണ്. ഹരിയാന ആർ.ഇ.സി കുരുക്ഷേത്രയിൽ വാട്ടർ റിസോഴ്സസ് ഡയറക്ടറും പ്രിൻസിപ്പലുമായി സേവനമനുഷ്‌ഠിച്ചിട്ടുണ്ട്. ഫോൺ - 9605052521 ഇ- മെയിൽ: nnpillai36@gmail.com )

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: FEATURE
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.