SignIn
Kerala Kaumudi Online
Friday, 26 April 2024 3.01 PM IST

ഒറ്റ രാത്രിയിൽ ഇല്ലാതായി ഒരു കുടുംബം

urul
കുടയത്തൂരിലുണ്ടായ ഉരുൾപൊട്ടൽ ദുരന്തം

രാത്രി ശക്തമായി മഴ പെയ്യുന്നുണ്ടായിരുന്നു. തലേദിവസം രാത്രി മുതൽ വൈദ്യുതിയും ഇല്ലായിരുന്നു. പാറകൾ കൂട്ടിയിടിക്കുന്നതിന്റെയും മരങ്ങൾ ഒടിയുന്നതിന്റെയും ശബ്ദം കേട്ടാണ് കുടയത്തൂർ സ്വദേശിയായ അശോകൻ പുലർച്ചെ ഞെട്ടിയെഴുന്നേറ്റത്.

ഉടൻ മൊബൈൽ ഫോണിൽ അടുത്ത വീട്ടിലെ സോമനെ വിളിച്ചു. കിട്ടാതായതോടെ അവരുടെ മറ്റൊരു ഫോണിലും വിളിക്കാൻ ശ്രമിച്ചു. പക്ഷേ, അതും കിട്ടിയില്ല. വീടിന്റെ മുന്നിലൂടെ ഒഴുകുന്ന ചെറിയ കൈത്തോടിലൂടെ ചെളി ഒഴുകുന്നതു കണ്ടതോടെ ആശങ്കയായി. ഉരുൾപൊട്ടിയതാണെന്നു മനസിലായതോടെ മറ്റൊരു അയൽക്കാരനെ ഫോണിൽ വിളിച്ചു. അവർ സുരക്ഷിതരാണെന്നു മറുപടി ലഭിച്ചു. സോമന്റെ വീടിരുന്ന ഭാഗത്തേക്കു ടോർച്ച് അടിച്ചു നോക്കിയ അവർക്ക് കാണാനായത് ഒരു മൺകൂന മാത്രമാണ്.

തൊടുപുഴയ്ക്കടുത്ത് കുടയത്തൂരിൽ പുലർച്ചെയുണ്ടായ ശക്തമായ ഉരുൾപൊട്ടലിൽ വീടിന് മുകളിലേക്ക് പാറക്കല്ലും ചെളിമണ്ണും മരങ്ങളും പതിച്ച് കുട്ടിയടക്കം ഒരു കുടുംബത്തിലെ അഞ്ച് പേരാണ് ദാരുണമായി കൊല്ലപ്പെട്ടത്. സംഗമം കവലയ്ക്ക് സമീപം പന്തപ്ലാവ് ചിറ്റടിച്ചാലിൽ തങ്കമ്മ (70), മകൻ സോമൻ (53), സോമന്റെ ഭാര്യ ഷിജി (50), മകൾ ഷിമ (25), ഷിമയുടെ മകൻ ദേവാക്ഷിദ് (അഞ്ച്) എന്നിവരാണ് മരിച്ചത്. ഏഴ് മണിക്കൂറോളം നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് മണ്ണിനടിയിൽ പുതഞ്ഞുപോയ അഞ്ച് മൃതദേഹങ്ങളും പുറത്തെടുത്തത്. ആഗസ്റ്റ് 29ന് പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു നാടിനെ നടുക്കിയ ദുരന്തം. കുടയത്തൂർ സംഗമംകവലയിൽ നിന്ന് രണ്ട് കിലോമീറ്റർ മുകളിലായി മോർക്കാട് പന്തപ്ലാവ് റോഡിന് താഴ്ഭാഗത്താണ് ഉരുൾപൊട്ടിയത്. കൂറ്റൻ പാറക്കല്ലും ചെളിമണ്ണും വൻമരങ്ങളും നിമിഷനേരം കൊണ്ട് അഞ്ചംഗ കുടുംബത്തിനെ മൂടി. ഉടൻതന്നെ അയൽവാസികൾ പൊലീസിലും ഫയർഫോഴ്‌സിലും വിവരമറിയിക്കുകയായിരുന്നു. പുലർച്ചെ 3.50ന് കാഞ്ഞാർ പൊലീസും മൂലമറ്റത്ത് നിന്നുള്ള ഫയർഫോഴ്‌സ് സംഘവുമാണ് ആദ്യം സ്ഥലത്തെത്തുന്നത്. ഇവർ നടത്തിയ തെരച്ചിലിൽ അഞ്ച് മണിയോടെ തങ്കമ്മയുടെ മൃതദേഹമാണ് ആദ്യം കിട്ടിയത്. തുടർന്ന് സമീപത്തെ എട്ട് സ്റ്റേഷനുകളിൽ നിന്നുള്ള ഫയർഫോഴ്‌സ് സംഘത്തിന്റെയും സമീപ സ്റ്റേഷനുകളിലെ പൊലീസിന്റെയും നേതൃത്വത്തിൽ മണ്ണുമാന്തി യന്ത്രത്തിന്റെ സഹായത്തോടെ ഊർജ്ജിതമായ തെരച്ചിൽ നടത്തി. ഏഴരയോടെ വീടിരുന്നതിന് പത്ത് മീറ്റർ താഴെ നിന്ന് അഞ്ചുവയസുകാരൻ ദേവാക്ഷിതിന്റെ മൃതദേഹം കണ്ടെടുത്തു. എട്ടരയോടെ ഇതിന് സമീപത്ത് നിന്ന് തന്നെ അമ്മ ഷിമയുടെയും മൃതദേഹം കിട്ടി. 10.30ന് വീടിരുന്ന സ്ഥലത്തിനോട് ചേർന്ന് സോമന്റെയും ഭാര്യ ഷിജിയുടെയും മൃതദേഹം കണ്ടെത്തിയെങ്കിലും 11ഓടെയാണ് പുറത്തെടുക്കാനായത്. കുടയത്തൂരിന് സമീപത്തെ തോട്ടങ്ങളിലെ റബ്ബർ വെട്ടിയാണ് സോമനും കുടുംബവും ഉപജീവനം നടത്തിയിരുന്നത്. എടാട് ഗവ. എൽ.പി സ്‌കൂളിൽ പാർട്ട്‌ടൈം സ്വീപ്പറായിരുന്നു ഭാര്യ ഷിജി. ഇരുവരും ചേർന്ന് വളരെ കഷ്ടപ്പെട്ട് നിർമ്മിച്ചതായിരുന്നു നാല് സെന്റ് സ്ഥലത്തെ നാല് മുറി വീട്. എപ്പോഴും വീട് മോടിപിടിപ്പിക്കുന്നത് സോമന്റെ ശീലമായിരുന്നു. അടുത്തിടെയാണ് റൂഫിംഗ് ജോലികൾ ചെയ്തത്. കാഞ്ഞാറിലെ സ്വകാര്യ ലാബിലെ ടെക്‌നീഷ്യയായ ഷിമ വിവാഹിതയാണെങ്കിലും രണ്ട് വർഷമായി സ്വന്തം വീട്ടിൽ തന്നെയായിരുന്നു താമസം. എപ്പോഴും തങ്ങളുടെ വീട്ടുമുറ്റത്തും തൊടിയിലും ഓടിക്കളിക്കുന്ന ഒന്നാം ക്ലാസ് വിദ്യാർത്ഥിയായ ദേവാക്ഷിദിന്റെ മരണം അയൽവാസികൾക്ക് വലിയ ആഘാതമായി.

ഗതിമാറിയതിനാൽ 50 കുടുംബങ്ങൾ രക്ഷപ്പെട്ടു

ചിറ്റടിച്ചാലിൽ വീടിനു മുകളിൽ വീണ ഉരുൾ പാറയിൽ തട്ടി ഗതിമാറി ഒഴുകിയത് അപകടത്തിന്റെ തീവ്രത കുറച്ചു. അമ്പതിലേറെ കുടുംബങ്ങൾ താമസിക്കുന്ന പ്രദേശമാണ് മാളയേക്കൽ കോളനി. പന്തപ്ലാവ് ഭാഗത്തു നിന്ന് ഉദ്ഭവിച്ച ഉരുൾ തോട്ടുങ്കരയിൽ സലീമിന്റെ വീടിന്റെ തൊട്ടുമുകളിൽ കൂറ്റൻപാറയിൽ തട്ടി ഇടത്തോട്ടു ഗതിമാറി ഒഴുകുകയായിരുന്നു. ഉരുൾവന്ന വഴിയിലെ ആദ്യ വീടായിരുന്നു ഇത്. താന്നിക്കൽ തോടിന്റെ ഇരുവശങ്ങളിലേക്ക് ഒഴുകിയ വെള്ളം ചിറ്റടിച്ചാലിൽ സോമന്റെ വീട് പൂർണമായും തകർത്തു മുന്നോട്ടുകുതിച്ചു. നൂറ് മീറ്റർ മുന്നോട്ട് ഒഴുകിയ ശേഷം നാരമംഗലത്ത് അശോകന്റെ വീടിന്റെ തൊട്ടുമുകളിൽ നിന്നു വീണ്ടും ഗതിമാറി. തുടർന്ന്, താന്നിക്കൽ തോടിന്റെ വലതു ഭാഗത്തേക്ക് ഒഴുകി മാളയേക്കൽ കോളനിയെ ചെളിയിൽ മുക്കി. ചിറ്റടിച്ചാലിൽ സോമന്റെ വീട് പൂർണമായും തോട്ടുങ്കരയിൽ സലീമിന്റെ വീട് ഭാഗികമായും തകർന്നു. മറ്റു വീടുകൾക്കു കേടുപാടുകൾ ഉണ്ടായിട്ടില്ല.

കാരണമായത് തീവ്രമഴ

കുടയത്തൂർ മേഖലയിലെ ഉരുൾപൊട്ടലിനു കാരണമായത് തലേദിവസം പെയ്ത തീവ്ര മഴ. കുളമാവ് കാലാവസ്ഥാ കേന്ദ്രത്തിൽ 142 മില്ലീമീറ്റർ മഴയാണു രേഖപ്പെടുത്തിയത്. ഞായർ രാത്രി 11ന് ആരംഭിച്ച മഴ തിങ്കൾ പുലർച്ചയോടെയാണു തോർന്നത്. ചെരിവുള്ള മലയോരപ്രദേശങ്ങളിൽ കനത്ത മഴ പെയ്തതോടെയാണു മണ്ണിടിച്ചിൽ ഭീഷണി ആരംഭിച്ചത്.
കനത്ത മഴയിൽ മേൽമണ്ണിന്റെ പാളി കുതിർന്നിളകി, അതിനു തൊട്ടു താഴെയുള്ള പാളിയുമായോ അല്ലെങ്കിൽ അവയ്ക്കും താഴെയുള്ള അടിസ്ഥാനപാറയുടെ പ്രതലവുമായോ ഉള്ള ബന്ധം വിച്ഛേദിക്കപ്പെടുന്നതോടെ മണ്ണിടിച്ചിൽ തുടങ്ങിയതാകാമെന്നു വിദഗ്ദ്ധർ പറയുന്നു. മേൽമണ്ണിന്റെ പാളിക്കു കട്ടി കുറവാണെങ്കിലും ഉരുൾപൊട്ടൽ സാദ്ധ്യത വർദ്ധിക്കും. മരങ്ങളും പാറക്കെട്ടുകളും ഇടിയുന്നതോടെ ഉരുൾപൊട്ടൽ ശക്തി പ്രാപിക്കുന്നു. ഒരു മണിക്കൂറിൽ 100 മില്ലീമീറ്റർ മഴ പെയ്താൽ അതിനെ മേഘവിസ്‌ഫോടനമായി കണക്കുകൂട്ടാമെന്ന് കാലാവസ്ഥാ നിരീക്ഷകർ വ്യക്തമാക്കുന്നു. ഈർപ്പമുള്ള കാറ്റിനെ തടഞ്ഞുനിർത്തി അതിനെ ഉയർത്തി മേഘമാക്കുന്നതിലും മഴ പെയ്യിക്കുന്നതിലും പശ്ചിമഘട്ടത്തിലെ കുന്നുകളും മലങ്കാടുകളും പങ്കുവഹിക്കുന്നത് കൊണ്ട് ഈ പ്രദേശങ്ങളിൽ തന്നെയാണ് മേഘവിസ്‌ഫോടനത്തിനും സാദ്ധ്യതകൾ കൂടുതൽ. ചരിവുള്ള പ്രദേശങ്ങളായതിനാൽ ഉരുൾപൊട്ടാനുള്ള സാദ്ധ്യതകളും കൂടുതലാണ്. മേഘവിസ്‌ഫോടനം കുറഞ്ഞ സമയത്തിൽ ചെറിയൊരു പ്രദേശത്ത് നടക്കുന്ന പ്രതിഭാസമായതിനാൽ നേരത്തേ പ്രവചിക്കാനാവില്ല. റഡാറുകളും ഉപഗ്രഹ ചിത്രങ്ങളും ഉപയോഗിച്ച് ഏതാനും മണിക്കൂറുകൾക്ക് മുമ്പു പറയാൻ സാധിക്കും. പക്ഷേ, എല്ലായിടത്തും പ്രായോഗികമല്ല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: IDUKKI DIARY
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.