ശിവഗിരി: ശ്രീനാരായണഗുരുദേവന്റെ 168-ാമത് ജയന്തി ഇന്ന് ഭക്തിനിർഭരമായ ചടങ്ങുകളോടെ ശിവഗിരിമഠത്തിൽ ആഘോഷിക്കും. ഗുരുദേവ അനുമതിയോടെ സമാരംഭിച്ച ശിവഗിരി തീർത്ഥാടനത്തിന്റെ നവതിയുടെയും മതമഹാപാഠശാലയുടെ സുവർണ ജൂബിലിയുടെയും വിശ്വമഹാകവി രവീന്ദ്രനാഥ ടാഗോർ ശിവഗിരി സന്ദർശിച്ചതിന്റെ ശതാബ്ദിയുടെയും നിറവിലാണ് ഇക്കൊല്ലത്തെ ജയന്തി ആഘോഷ പരിപാടികൾ.
ഇന്ന് വെളുപ്പിന് പർണ്ണശാലയിലെ ശാന്തിഹവനത്തെ തുടർന്ന് ശാരദാമഠത്തിലും മഹാസമാധിയിലും ബ്രഹ്മവിദ്യാലയത്തിലും വൈദികമഠത്തിലും നടക്കുന്ന വിശേഷാൽ സമാരാധനകൾക്ക് ശേഷം 7.15ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പതാക ഉയർത്തുന്നതോടെ ജയന്തി ആഘോഷ പരിപാടികൾ ആരംഭിക്കും.
8.15ന് കലാഗ്രാമം രാജു അവതരിപ്പിക്കുന്ന കലാധാര. 9.30ന്കേന്ദ്രസഹമന്ത്റി വി. മുരളീധരൻ ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്യും. സ്വാമി സച്ചിദാനന്ദ സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ച് ജയന്തി സന്ദേശം നൽകും.
മന്ത്റി പി.എ. മുഹമ്മദ് റിയാസ് മുഖ്യാതിഥിയായിരിക്കും. അടൂർപ്രകാശ് എം.പി മുഖ്യപ്രഭാഷണം നടത്തും. സ്വാമി സച്ചിദാനന്ദ രചിച്ച വിശ്വഗുരു ശ്രീനാരായണഗുരുദേവ് എന്ന ഇംഗ്ലീഷ് ഗ്രന്ഥം കേന്ദ്രമന്ത്റി മുരളീധരൻ മന്ത്റി മുഹമ്മദ് റിയാസിന് നൽകി പ്രകാശനം ചെയ്യും.
ശ്രീനാരായണഗുരുവിന്റെ കാവ്യലോകം എന്ന പഠനസമാഹാരം മന്ത്റി മുഹമ്മദ് റിയാസ് അടൂർപ്രകാശ് എം.പിക്ക് നൽകി പ്രകാശനം ചെയ്യും.
പ്രവാസി ഭാരതീയ അവാർഡ് ജേതാവ് കെ.ജി. ബാബുരാജൻ (ബഹ്റിൻ) വിശിഷ്ടാതിഥിയായിരിക്കും. മഹാസമാധിദിനം വരെ നീണ്ടു നിൽക്കുന്ന ജപയജ്ഞം ധർമ്മസംഘം ട്രസ്റ്റ് ട്രഷറർ സ്വാമി ശാരദാനന്ദ ഉദ്ഘാടനം ചെയ്യും. ഗുരുധർമ്മ പ്രചാരണസഭാ സെക്രട്ടറി സ്വാമി ഗുരുപ്രസാദ് അനുഗ്രഹപ്രഭാഷണം നടത്തും. അഡ്വ. വി. ജോയി എം.എൽ.എ, വർക്കല നഗരസഭ ചെയർമാൻ കെ.എം. ലാജി, ആദിത്യഗ്രൂപ്പ് എം.ഡി ദേശപാലൻ പ്രദീപ്, ഗുരുധർമ്മ പ്രചാരണസഭാ രജിസ്ട്രാർ അഡ്വ. പി.എം. മധു, ബാബുറാം എന്നിവർ സംസാരിക്കും. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ സ്വാഗതവും ജയന്തി ആഘോഷകമ്മിറ്റി സെക്രട്ടറി സ്വാമി വിശാലാനന്ദ നന്ദിയും പറയും. കെ.ജി. ബാബുരാജനെ സമ്മേളനത്തിൽ ആദരിക്കും.
വൈകിട്ട് 4.30ന് വർണ്ണശബളമായ ജയന്തി ഘോഷയാത്ര നഗരപ്രദക്ഷിണം നടത്തും. ഗുരുദേവൻ ഹ്രസ്വയാത്രകൾക്ക് ഉപയോഗിച്ചിരുന്ന പവിത്രമായ റിക്ഷ പ്രത്യേകരഥത്തിൽ ഘോഷയാത്രയിൽ എഴുന്നള്ളിക്കും.
പഞ്ചവാദ്യം, ശിങ്കാരിമേളം, ഗുരുദേവ വിഗ്രഹം വഹിക്കുന്ന കലാരൂപങ്ങൾ, ഭക്തിഗാനസംഘങ്ങൾ, നാദസ്വരം, ബാന്റ്മേളം, നൃത്തരൂപങ്ങൾ, നാസിക് ഡോൾ, ദീപാലങ്കാരങ്ങൾ, ഗുരുദേവ ആദർശങ്ങൾ പ്രതിഫലിപ്പിക്കുന്ന കമനീയമായ ഫ്ലോട്ടുകൾ തുടങ്ങിയവ അണിനിരക്കും.
ശിവഗിരിയിൽ നിന്നു ആരംഭിക്കുന്ന ഘോഷയാത്ര റയിൽവേസ്റ്റേഷൻ, മൈതാനം, എസ്.എൻ. മെഡിക്കൽ മിഷൻ ആശുപത്രി, പുത്തൻചന്ത, മരക്കടമുക്ക് ഗുരുമന്ദിരം, കെടാവിത്തുവിള, പാലച്ചിറ, വട്ടപ്ലാംമൂട്, ശിവഗിരി എസ്.എൻ.കോളേജ്, ശിവഗിരി ഹയർസെക്കൻഡറി സ്കൂൾ, നഴ്സിംഗ്കോളേജ് വഴി രാത്രി 8 ന് മഹാസമാധിയിൽ മടങ്ങിയെത്തും. തുടർന്ന് സമ്മാനദാനം.
ഗുരുദേവ ജന്തിദിനം മുതൽ മഹാസമാധിദിനം വരെ നീണ്ടുനിൽക്കുന്ന ജപയജ്ഞവും അതിനോട് അനുബന്ധമായ പൂജകളും ഭക്തജനങ്ങൾക്ക് വഴിപാടായി സമർപ്പിക്കാവുന്നതാണ്. താത്പര്യമുള്ളവർ ശിവഗിരിമഠം ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 04702602807.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |