SignIn
Kerala Kaumudi Online
Friday, 26 April 2024 4.30 PM IST

ടോംഗയിലെ അഗ്നിപർവതം സാർ ബോംബയേക്കാൾ ഭീകരൻ !

tonga

ലണ്ടൻ : ഈ വർഷം ആദ്യമാണ് തെക്കൻ പസഫിക് ദ്വീപ് രാജ്യമായ ടോംഗയിൽ കടലിനടിയിൽ ഭീമൻ അഗ്നിപർവത സ്ഫോടനവും പിന്നാലെ സുനാമിയുമുണ്ടായത്. അഗ്നിപർവത സ്ഫോടനം കടലിനടിയിലൂടെയുള്ള ഇന്റർനെറ്റ് കേബിളുകൾ തകർത്തിരുന്നു. സുനാമി ടോംഗ തീരത്ത് കനത്ത നാശനഷ്ടം വിതച്ചു.

എന്നിരുന്നാലും മരണ സംഖ്യ ഒരു ഡസനുള്ളിൽ ഒതുങ്ങിയത് ആശ്വാസമായി. പക്ഷേ, ഞെട്ടിക്കുന്ന മറ്റൊരുകാര്യമെന്തെന്നാൽ ലോകത്ത് ഇതുവരെ പൊട്ടിത്തെറിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും ശക്തമായ ന്യൂക്ലിയർ ബോംബിനേക്കാൾ കൂടുതൽ ഊർജം ടോംഗയിലെ അഗ്നിപർവത സ്ഫോടനത്തിലൂടെ പുറന്തള്ളിയെന്നതാണ്. യൂണിവേഴ്സിറ്റി ഒഫ് ഷെഫീൽഡിന്റേതാണ് ഈ കണ്ടെത്തൽ.

ടോംഗയിലെ ഫോനുവഫോ ദ്വീപിൽ നിന്ന് 30 കിലോമീറ്റർ തെക്ക് കിഴക്കായുള്ള ' ഹംഗ - ടോംഗ - ഹംഗ - ഹാപായി " എന്ന സജീവ അഗ്നിപർവതത്തിൽ ജനുവരി 15നാണ് അതിശക്തമായ പൊട്ടിത്തെറിയുണ്ടായത്. പിന്നാലെ തലസ്ഥാനമായ നുകുഅലോഫയ്ക്ക് സമീപം 4 അടിയോളം ഉയരത്തിൽ സുനാമിത്തിര ആഞ്ഞടിച്ചിരുന്നു.

ടോംഗയിൽ നിന്ന് 7,000 കിലോമീറ്റർ അകലെയുള്ള മഞ്ഞുമൂടിയ അന്റാർട്ടിക്കയിൽ പോലും പിന്നീട് അഗ്നിപർവത സ്ഫോടനത്തിന്റെ ഫലം പ്രകടമായിരുന്നു. ടോംഗയിലെ അഗ്നിപർവത സ്ഫോടനത്തിന് പിന്നാലെ പുറന്തള്ളിയ എയറോസോളുകൾ അന്റാർട്ടിക്കയുടെ അന്തരീക്ഷത്തിലെ സ്ട്രാറ്റോസ്ഫിയർ പാളിയിൽ തങ്ങിനിന്നത് ജൂലായിൽ പർപ്പിൾ കലർന്ന ആകാശത്തിന് കാരണമായിരുന്നു. സമാന പ്രതിഭാസം ഓസ്ട്രേലിയയിലും ന്യൂസിലൻഡിലും കാണപ്പെട്ടിരുന്നു.

അഗ്നിപർവത സ്ഫോടനത്തിന്റെ ഫലമായുണ്ടായ ശബ്ദ - ഗുരുത്വാകർഷണ തരംഗങ്ങൾ ബഹിരാകാശത്തിന്റെ പരിധിയ്ക്ക് അരികിൽ വരെയെത്തിയെന്നും ഇത് ഉപഗ്രഹങ്ങളും ലോകമെമ്പാടുമുള്ള കാലാവസ്ഥാ നിരീക്ഷണ ഉപകരണങ്ങളിലും രേഖപ്പെടുത്തിയെന്നും മറ്റൊരു പഠന റിപ്പോർട്ടിലും പറയുന്നു.

ഇതിനെ കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടെ സംഭവിക്കുന്ന ഏറ്റവും വലിയ ഊർജ പ്രതിഭാസമെന്ന് തന്നെ പറയാം. ടോംഗ അഗ്നിപർവത സ്ഫോടനത്തിലൂടെ പുറന്തള്ളിയ ഊർജം ഏകദേശം 61 മെഗാടൺ ടി.എൻ.റ്റിയ്ക്ക് സമാനമാണ്. ലോകത്ത് ഇതുവരെ പൊട്ടിത്തെറിച്ചിട്ടുള്ളതിൽ ഏറ്റവും ശക്തിയേറിയ ന്യൂക്ലിയർ ബോംബായ സോവിയറ്റ് യൂണിയന്റെ സാർ ബോംബയ്ക്കാകട്ടെ ഇത് 50 - 58 മെഗാടൺ ആയിരുന്നു. റിക്ടർ സ്കെയിലിൽ 8.4 തീവ്രതയിലുള്ള ഭൂകമ്പത്തിന്റെ ഫലമായുണ്ടാകുന്നത്ര ഊർജം ടോംഗ അഗ്നിപർവത സ്ഫോടനത്തിലൂടെ പുറന്തള്ളപ്പെട്ടു.

 വിനാശകാരിയായ സാർ ബോംബ

ഭൂമിയിൽ മനുഷ്യൻ വരുത്തിവച്ച ഏറ്റവും വിനാശകരമായ സ്ഫോടനം ഏതാണെന്ന് ചോദിച്ചാൽ പലർക്കും ജപ്പാനിലെ നാഗസാക്കിയിലും ഹിരോഷിമയിലുമുണ്ടായ അണുബോംബ് സ്ഫോടനങ്ങളായിരിക്കും ഓർമ്മ വരിക. എന്നാൽ, ഹിരോഷിമയിലും നാഗസാക്കിയിലും വർഷിച്ച ന്യൂക്ലിയർ ബോംബിനേക്കാൾ 1,500 മടങ്ങ് ശക്തമായ ഒരു മാരക ബോംബായിരുന്നു സാർ ബോംബ ( Tsar Bomba ). 1961ൽ സോവിയറ്റ് യൂണിയൻ വികസിപ്പിച്ച സാർ ബോംബ ന്യൂക്ലിയർ ബോംബുകളുടെ രാജാവെന്നാണ് അറിയപ്പെടുന്നത്. റഷ്യൻ ഭാഷയിൽ ബോംബുകളുടെ രാജാവ് എന്നാണ് സാർ ബോംബയുടെ അർത്ഥം.

1961 ഒക്ടോബർ 30ന് ആർട്ടിക് സമുദ്രത്തിലെ ജനവാസമില്ലാത്ത നോവ്ര സെംല്യ ദ്വീപിലാണ് സോവിയറ്റ് യൂണിയൻ ഹൈഡ്രജൻ ന്യൂക്ലിയർ ബോംബായ സാർ ബോംബയുടെ പരീക്ഷണം നടത്തിയത്. ഇതുവരെ രേഖപ്പെടുത്തിയതിൽ വച്ച് ഏറ്റവും ശക്തമായ മനുഷ്യനിർമ്മിത സ്ഫോടനമാണിത്. RDS - 202 എന്ന കോഡ് നാമത്തിലും ബിഗ് ഇവാൻ എന്നും സാർ ബോംബ അറിയപ്പെടുന്നു.

57 മെഗാടൺ ബോംബ് പൊട്ടിത്തെറിച്ചതിന്റെ ഫലമായി കൂണിന്റെ ആകൃതിയിൽ 100 കിലോമീറ്ററോളം പ്രദേശത്ത് പുകമേഘങ്ങൾ ഉയർന്നുപൊങ്ങിയത് 64 കിലോമീറ്റർ ഉയരത്തിലാണ്. ആയിരം കിലോമീറ്ററുകൾക്കപ്പുറം വരെ പൊട്ടിത്തെറിയുടെ പ്രകമ്പനം രേഖപ്പെടുത്തി. സ്ഫോടന സ്ഥലത്ത് നിന്ന് 55 കിലോമീറ്റർ അകലെയുള്ള സെവെർനി എന്ന പ്രദേശം പൂർണമായും നശിച്ചു. 160 കിലോമീറ്റർ അകലെയുള്ള കെട്ടിടങ്ങൾക്ക് നാശനഷ്ടമുണ്ടായി. മനുഷ്യർക്ക് ജീവഹാനി സംഭവിച്ചില്ലെങ്കിലും 100 കിലോമീറ്റർ അകലെയുള്ളവരിൽ പോലും ഗുരുതരമായ പൊള്ളലേൽപ്പിക്കാൻ സാർ ബോംബയ്ക്ക് കഴിയുമായിരുന്നുവെന്നാണ് വിലയിരുത്തപ്പെട്ടത്.

Tu-95V ബോംബർ വിമാനമായിരുന്നു 27 ടൺ ഭാരവും 8 മീറ്റർ നീളവുമുള്ള സാർ ബോംബയെ വഹിച്ചത്. നിലത്ത് പതിക്കുന്നതിന് ഏകദേശം 60 കിലോമീറ്റർ മുകളിൽ വച്ച് തന്നെ സാർ ബോംബ പൊട്ടിത്തെറിച്ചു. ആകാശത്ത് വച്ച് തന്നെ പൊട്ടിത്തെറിച്ചതിനാൽ റേഡിയേഷന്റെ അളവ് വളരെ കുറവായിരുന്നു.

ആൻഡ്രേ സഖറോവിന്റെ നേതൃത്വത്തിലുള്ള സോവിയറ്റ് ഗവേഷകരാണ് സാർ ബോംബയെ വികസിപ്പിച്ചത്. 100 മെഗാടൺ ശേഷിയായിരുന്നു സാർ ബോംബയ്ക്ക് ആദ്യം. പരീക്ഷണ സമയത്ത് ഇത് 50 മെഗാടണ്ണായി കുറച്ചു. കാരണം 100 മെഗാടൺ പൊട്ടിത്തെറിച്ചാൽ പിന്നെ ലോകത്തിന്റെ അവസ്ഥ എന്താകുമെന്ന് പോലും പറയാനാകില്ല. പ്രത്യേക ഫ്യൂഷൻ പ്രക്രിയയിലൂടെ സാർ ബോംബയുടെ അണുപ്രസരണ ശേഷിയിലും കുറവ് വരുത്തിയിരുന്നു. എന്നിട്ട് പോലും സാർ ബോംബ ലോകത്തെ ഞെട്ടിച്ചു.

 സാർ ബോംബ എവിടെ ?

യുക്രെയിൻ അധിനിവേശ പശ്ചാത്തലത്തിൽ സാർ ബോംബയെ റഷ്യ വീണ്ടും രംഗത്തിറക്കുമോ എന്ന് ആശങ്ക വേണ്ട. കാരണം, സാർ ബോംബയെ പിന്നെ ഒരിക്കലും ഉപയോഗിച്ചില്ല. ഭീമാകാരമായ വലിപ്പമായതിനാൽ സാർ ബോംബ ഉപയോഗിക്കാനുള്ള അനുമതി നിഷേധിക്കപ്പെട്ടു. അന്ന് സാർ ബോംബയെ വഹിക്കാനുള്ള ഏക മാർഗ്ഗം അത്രത്തോളം ശക്തിയുള്ള ബോംബർ വിമാനമായിരുന്നു. പക്ഷേ, ശത്രുവിമാനങ്ങൾക്ക് അവയെ എളുപ്പം കീഴ്പ്പെടുത്താമെന്നതിനാൽ അത് പ്രയോഗികമായിരുന്നില്ല.

സാർ ബോംബയ്ക്കെതിരെ സൃഷ്ടാടാവ ആൻഡ്രേ സഖറോവ് പോലും രംഗത്തെത്തി. ആണവായുധങ്ങൾക്കെതിരെ നടത്തിയ പ്രവർത്തനങ്ങൾക്ക് സഖറോവിന് 1975ൽ സമാധാനത്തിനുള്ള നോബൽ സമ്മാനവും ലഭിച്ചു. എന്നാൽ 100 മെഗാടൺ സ്ഫോടന ശേഷിയുള്ള ഒരു ആണവായുധം ഇപ്പോഴും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ മനസിലുണ്ടത്രെ. അങ്ങനെയൊന്ന് ഇനി ഉണ്ടാകുമോ എന്ന് കാണേണ്ടിയിരിക്കുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.