SignIn
Kerala Kaumudi Online
Friday, 03 May 2024 2.53 PM IST

തുറക്കുമോ തുറമുഖക്കാലം

gg

പൊന്നാനി: തുറമുഖമില്ലാത്ത തുറമുഖ നഗരമാണ് ഇന്ന് പൊന്നാനി. ചരിത്രാതീത കാലം മുതൽ തുറമുഖ പട്ടണമായി കേളികേട്ട അറബിക്കടലിന്റെ ഈ തീരപ്രദേശം കപ്പലടുക്കുന്ന പുതിയ പ്രഭാതത്തിനായി കടലറ്റത്തേക്ക് കണ്ണും നട്ടിരിക്കാൻ തുടങ്ങിയിട്ട് കാലമേറെയായി. തുറമുഖ പട്ടണമെന്ന പ്രതാപകാലം ഇതാ തിരിച്ചു വരുന്നുവെന്ന കടലാഴമുള്ള വാഗ്ദാനം ഇപ്പോഴും ഗതിയറിയാതെ കടലിൽ അലയുകയാണ്. അത്യാധുനിക സൗകര്യത്തോടെയുള്ള വാണിജ്യ തുറമുഖമെന്ന ആശയം തീരമണയാൻ ഇനിയെത്ര കാത്തിരിക്കണമെന്ന ചോദ്യം പൊന്നാനി ഉയർത്തുന്നുണ്ട്. ഓരോ വർഷവും അറുപതിലേറെ കപ്പലുകൾ എത്തിയ തുറമുഖമായിരുന്നു പൊന്നാനി. കഴിഞ്ഞ അരനൂറ്റാണ്ടായി ഒരു കപ്പൽപോലും ഇവിടെയെത്തിയിട്ടില്ല. സമ്പന്നമായൊരു തുറമുഖ പാരമ്പര്യത്തിൽ നിന്ന് ഒന്നുമില്ലായ്മയിലേക്ക് പൊന്നാനി എത്തിയത് കാലത്തിന്റെ സ്വാഭാവിക മാറ്റത്തിന്റെ ഭാഗമല്ലെന്ന് കരുതാൻ കാരണങ്ങളേറെ. കപ്പലുകൾക്ക് അടുക്കാനാകാത്ത തുറമുഖമെന്നതിലേക്ക് പൊന്നാനിയെ മാറ്റുന്നതിൽ ബോധപൂർവ്വമായ ശ്രമങ്ങൾ നടന്നിട്ടുണ്ടെന്ന വസ്തുതയാണെന്ന് അക്കമിട്ട് പറയുന്നവരുണ്ട്. മറ്റേത് തുറമുഖത്തേക്കാളും ആഴവും പരപ്പുമുണ്ടായിരുന്ന പൊന്നാനിയുടെ സവിശേഷതയെ നിലനിറുത്തുന്നതിൽ ചില കേന്ദ്രങ്ങൾ കാണിച്ച നിസ്സംഗതയാണ് പൊന്നാനി തുറമുഖത്തിന്റെ തകർച്ച സ്വാഭാവികമല്ലെന്ന നിഗമനത്തിലേക്കെത്തിക്കുന്നത്.

ചരിത്രം രേഖപ്പെടുത്തിയ ''തിണ്ടീസ്' പൊന്നാനി തുറമുഖമായിരുന്നുവെന്ന് വ്യാഖ്യാനിക്കുന്ന ചരിത്രകാരന്മാരേറെ. ഫ്രഞ്ച്, പോർച്ചുഗീസ് അധിനിവേശം മുതൽ ഇങ്ങോട്ട് പൊന്നാനി തുറമുഖത്തിന്റെ പ്രാധാന്യം രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ഫ്രാൻസിസ് ബുക്കാനൻ, ആർ.സി. മജുംദാർ, വിൽഫ്രണ്ട് എച്ച്. ഷോപ്പ്, ഷേഖ് സൈനുദ്ദീൻ മഖ്ദൂം തുടങ്ങിയവരുടെ ചരിത്ര ഗ്രന്ഥങ്ങളിൽ പൊന്നാനി തുറമുഖത്തിന്റെ പ്രൗഢി രേഖപ്പെടുത്തിയിട്ടുണ്ട്. 1810ൽ പൊന്നാനിയിൽ ശാസ്ത്രീയമായ വാർഫ് നിർമ്മിക്കപ്പെട്ടതായി ചരിത്രരേഖകളുണ്ട്. കോടതിപ്പടിയോട് ചേർന്ന് ഇന്നറിയപ്പെടുന്ന പാതാറായിരുന്നു അത്. 1905ൽ 516 അടി നീളത്തിൽ ഇത് വിപുലീകരിച്ചു. 1939ൽ 964 അടിയാക്കി പുനർനിർമ്മിച്ചു. പായക്കപ്പലുകളും പത്തേമാരികളും നങ്കൂരമിട്ടിരുന്നത് ഇവിടെയായിരുന്നു. വിദേശത്തു നിന്നെത്തുന്ന കപ്പലുകൾ അഴിമുഖത്തോട് ചേർന്ന് നങ്കൂരമിടും. ചെറിയ കപ്പലുകൾ പുഴ ഭാഗത്തേക്ക് കടന്നാണ് നിറുത്തിയിരുന്നത്. ഒരേ സമയം നൂറ് പത്തേമാരികൾ വരെ നങ്കൂരമിട്ടിരുന്ന കാലം പൊന്നാനിക്കുണ്ടായിരുന്നതായി പഴമക്കാർ പറയുന്നു. പൊന്നാനിയിലേക്ക് ഗോതമ്പുമായി കപ്പൽ എത്തിയിട്ടുണ്ട്. മ്യാൻമർ, സിന്ധ്, ശ്രീലങ്ക തുടങ്ങിയ വിദേശ തുറമുഖങ്ങളുമായി പൊന്നാനി തുറമുഖത്തിന് ബന്ധമുണ്ടായിരുന്നു. ഗുജറാത്ത്, ബോംബെ തുറമുഖങ്ങളിൽ നിന്ന് പതിവായി കപ്പലെത്തിയിരുന്നു. സരസ്വതി, സബർമതി തുടങ്ങിയ ഗുജറാത്തി കപ്പലുകളാണ് അവസാന കാലത്ത് പൊന്നാനിയിലേക്ക് ചരക്കുമായെത്തിയവ

1955ൽ കപ്പലുകളുടെ വരവ് നിലച്ചെങ്കിലും 1970 വരെ പത്തേമാരികൾ എത്തിയിരുന്നു. 70കൾ മുതലാണ് പൊന്നാനി തുറമുഖം ഇല്ലാതാകാൻ തുടങ്ങിയത്. കർണ്ണാടകയിൽ ഉന്നാപുരം പാലം വന്നതോടെ റോഡ് ഗതാഗതത്തിലുണ്ടാക്കിയ മാറ്റമാണ് പൊന്നാനി തുറമുഖത്തിന്റെ പ്രസക്തി നഷ്ടമാക്കിയതെന്നാണ് വിശദീകരിക്കപ്പെടുന്നത്. എന്നാൽ കോയമ്പത്തൂർ, തിരുപ്പൂർ തുടങ്ങിയ മേഖലകളുടെ വ്യാപാര സാദ്ധ്യത പൊന്നാനിക്ക് ഉപയോഗപ്പെടുത്താൻ കഴിയാതെ പോയതും മണൽത്തിട്ട ശാസ്ത്രീയമായി നീക്കം ചെയ്യാത്തതുമാണ് പൊന്നാനി തുറമുഖത്തിന്റെ പ്രസക്തിയെ ഇല്ലാതാക്കിയതെന്നാണ് വിമർശനം. (തുടരും)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PORT
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.