SignIn
Kerala Kaumudi Online
Thursday, 30 March 2023 2.48 PM IST

നായശല്യം ഒഴിവാക്കണം,​ സർക്കാ‌‌‌ർ പണം തരില്ല! ---വേണ്ടത് 150 കോടി

dog

തിരുവനന്തപുരം: നായശല്യം സുപ്രീംകോടതിവരെ എത്തി നാണക്കേടുണ്ടാക്കുമ്പോഴും പ്രശ്നത്തിനു പരിഹാരം കാണാൻ ആവശ്യമായ പണം മുടക്കുന്നതിൽ പിന്നാക്കം നിൽക്കുകയാണ് സംസ്ഥാന സർക്കാ‌‌ർ. കേരളത്തിൽ കഴിഞ്ഞ നാലു മാസത്തിനുള്ളിൽ 1.83ലക്ഷം പേർക്കാണ് നായകടിയേറ്റത്.

നായശല്യം പരിഹരിക്കാൻ ചുരുങ്ങിയത് 150 കോടി രൂപയെങ്കിലും വേണ്ടിവരുമെന്നാണ് കണക്ക്. ഇത്രയും പണം സംസ്ഥാനസർക്കാർ നൽകില്ല. തദ്ദേശ സ്ഥാപനങ്ങളുടെ തനതു ഫണ്ടിൽ നിന്ന് കണ്ടെത്തണമെന്നാണ് നിർദ്ദേശം. പദ്ധതിറിപ്പോർട്ട് പൂർത്തിയായെങ്കിലും അതിൽ ഭേദഗതി വരുത്തി നായപിടിത്തം കൂടി ഉൾപ്പെടുത്താൻ കഴിഞ്ഞദിവസം സർക്കാർ അനുമതി നൽകിയെങ്കിലും അതിന് ആവശ്യമായ ഫണ്ട് അനുവദിക്കുന്നതിൽ മൗനമാണ്. പണം തദ്ദേശസ്ഥാപനങ്ങൾതന്നെ കണ്ടെത്തണമെന്നാണ് സർക്കാർ നിലപാട്. ഇതാണ് മുഖ്യ പ്രതിസന്ധി.

കൊവിഡ് മഹാമാരിക്കാലത്ത് തദ്ദേശസ്ഥാപനങ്ങൾ വൻ സാമ്പത്തികബാദ്ധ്യതയാണ് ഏറ്റെടുത്തത്. പല പദ്ധതികളും ഉപേക്ഷിക്കേണ്ടിവന്നു. ഈ സ്ഥിതിയിൽ നായശല്യം പരിഹരിക്കുന്നതിനായി കൂടുതൽ സാമ്പത്തികബാദ്ധ്യതയേറ്റെടുക്കാൻ പല തദ്ദേശസ്ഥാപനങ്ങൾക്കും കഴിയുന്നില്ല.

--പണം ആര് കണ്ടെത്തും?​

നായശല്യ നിർമ്മാർജ്ജന പദ്ധതിയിൽ പറയുന്ന ഷെൽട്ടറുകൾ, വാക്സിനേഷൻ ക്യാമ്പുകൾ, വാഹനങ്ങൾ വാടകയ്ക്ക് എടുക്കൽ, ജനകീയസന്നദ്ധസേനകളെ രൂപീകരിക്കൽ, 10 ദിവസത്തെ പരിശീലനം നൽകൽ, അടിസ്ഥാനസൗകര്യങ്ങളൊരുക്കൽ, വെറ്ററിനറി വിദ്യാർത്ഥികൾക്ക് സൗകര്യം, പരിശീലനം എന്നിവ വൻ ചെലവുണ്ടാക്കുന്ന പരിപാടികളാണ്. ഇതിനു പുറമെയാണ് വാക്സിനേഷനും വന്ധ്യംകരണത്തിനുമുള്ള ചെലവുകളും.

പുതിയ പദ്ധതിയനുസരിച്ചു ബ്ലോക്ക് തലത്തിൽ പ്രത്യേക മെഡിക്കൽ സംഘം രൂപീകരിക്കും. വെറ്ററിനറി സർജൻ, നാല് മൃഗപരിപാലകർ, തിയേറ്റർ സഹായി, ശുചീകരണസഹായി, നായപിടുത്തക്കാരൻ എന്നിവരടങ്ങുന്നതാണ് മെഡിക്കൽ സംഘം. ഇതിന്റെ ഭൗതിക സാഹചര്യങ്ങളൊരുക്കേണ്ടത് അതത് ബ്ലോക്കുകളാണ്. നായകളുടെ എണ്ണമനുസരിച്ച് രണ്ടു ബ്‌ളോക്കുകൾക്ക് ഒന്നു വീതം ഓപറേഷൻ തിയേറ്ററും നായകളെ പാർപ്പിക്കാനുള്ള കേന്ദ്രവും ഒരുക്കണമെന്നാണ് നിർദ്ദേശം. ഇതിനെല്ലാം തദ്ദേശസ്ഥാപനങ്ങൾ പണം കണ്ടെത്തണം.

-ചെലവ് 60+ 48+ 42 കോടി

ഒരു നായയെ വന്ധീകരിച്ചാൽ 2100രൂപയാണ് നൽകുന്നത്. ഇതിൽ 1000രൂപ കുടുംബശ്രീ യൂണിറ്റിനാണ്. ഡോക്ടർക്ക് 400, മരുന്നിന് 500രൂപയും വാഹനസൗകര്യത്തിനായി 200രൂപയും ലഭിക്കും. സംസ്ഥാനത്ത് രണ്ടര മുതൽ മൂന്നു ലക്ഷം വരെ തെരുവുനായകളുണ്ടെന്നാണ് കണക്ക്. ഈ ഇനത്തിൽ മാത്രം 60കോടിയിലേറെ രൂപ കണ്ടെത്തേണ്ടിവരും. വാക്സിനേഷന് ചെലവ് 1600രൂപയാണ്. കൂടാതെ പിടിച്ചുകൊണ്ടുവരുന്നവർക്ക് 500രൂപയും നൽകണം. ഇതിനായി 48കോടിരൂപയെങ്കിലും കണ്ടെത്തേണ്ടിവരും. ഇതിനെല്ലാം അടിസ്ഥാന സൗകര്യം ഒരുക്കാൻ 42 കോടിയോളം വേണ്ടിവരുമെന്നാണ് അധികൃതർ കണക്കാക്കുന്നത്.

--വന്ധ്യംകരിക്കാൻ ആളില്ല

തെരുവുനായകളെ പിടികൂടി വന്ധ്യംകരിക്കാൻ ആളില്ലാത്തത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ചുരുങ്ങിയ വേതനത്തിന് ജോലി ചെയ്യാൻ തമിഴ്നാട്, നേപ്പാൾ എന്നിവിടങ്ങളിൽ നിന്നു തൊഴിലാളികളെത്താൻ തയ്യാറാകാത്തതാണ് തദ്ദേശസ്വയംഭരണസ്ഥാപനങ്ങളെ വെട്ടിലാക്കുന്നത്. കൊവിഡിനുശേഷം മടങ്ങിപ്പോയ പട്ടിപിടുത്തക്കാരിൽ 80 ശതമാനവും മടങ്ങിവന്നിട്ടില്ല.

സർക്കാർ ഇക്കാര്യത്തിൽ ആവശ്യത്തിന് ഫണ്ടു ചെലവഴിക്കാൻ തയ്യാറാകാത്തതാണ് നായപിടുത്തത്തിന് ആളെ കിട്ടാത്തതെന്നാണ് തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ ഭരണകർത്താക്കൾ പറയുന്നത്. നായയെ പിടിക്കുന്ന പൈസ വളരെ കുറവായതാണ് നേരത്തെ താത്പര്യത്തോടെ വന്നവർ പോലും പിൻവലിയാൻ കാരണം. നായപിടിത്തം തൊഴിലാക്കിയ നേപ്പാളികളെ കഴിഞ്ഞവർഷം 17,000 രൂപ ശമ്പളം നൽകി എത്തിച്ചുവെങ്കിലും ഇത്തവണ ഈ തുകയ്ക്കും വരാൻ കഴിയില്ലെന്ന നിലപാടിലാണവർ. ചുരുങ്ങിയത് 25,​000 രൂപയെങ്കിലും നേപ്പാളികൾക്ക് നൽകേണ്ടി വരും. പൊതുവിഭാഗ വികസന ഫണ്ടിനൊപ്പം തനത് ഫണ്ടുപയോഗിച്ചാണ് തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ എ.ബി.സി നടപ്പിലാക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: DOG
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.