SignIn
Kerala Kaumudi Online
Saturday, 27 April 2024 12.51 AM IST

പൊന്നാനിയുടെ പ​ത്തേ​മാ​രി​ക്കാ​ലം

ponnani
പൊന്നാനിയിലെ പഴയ കാല പത്തേമാരിയുടെ അപൂർവ്വ ചിത്രങ്ങളിലൊന്ന്

പൊന്നാനി: മുന്തിയ ഇനം പത്തേമാരികളുടെ നിർമ്മാണ കേന്ദ്രമെന്ന പ്രത്യേകത കൂടി പൊന്നാനിക്കുണ്ടായിരുന്നു. പത്തേമാരിയുടെ സ്വാധീനം ശക്തവും ദീർഘവുമായി നിലനിൽക്കാൻ ഇത് പ്രധാന കാരണമാണ്. പാതാറിന് പടിഞ്ഞാറു ഭാഗത്തെ കടലോരത്ത് വച്ചായിരുന്നു പത്തേമാരികളുടെ നിർമ്മാണം നടന്നിരുന്നത്. മഹാഗണിയും തേക്കുമാണ് നിർമ്മാണത്തിന് ഉപയോഗിച്ചിരുന്ന മരങ്ങൾ. മരപ്പലകകൾ നിശ്ചിത അളവിൽ മുറിച്ച് ആവിപ്പെട്ടിയിൽവച്ച് പുഴുങ്ങിയും തീയിൽ കാണിച്ച് ചൂടാക്കിയും ഉദ്ദേശിക്കുന്ന രീതിയിൽ വളച്ചെടുക്കും. പലക രണ്ടു മണിക്കൂറോളം ആവിയിൽവെച്ചാൽ ഏതു തരത്തിലും വളയ്ക്കാനാവും. പിന്നീടിത് തണുപ്പിക്കുമ്പോൾ കരുത്തോടെ ഉറച്ചുനിൽക്കും. പലകകൾ യോജിപ്പിച്ചു വെച്ചശേഷം ഉണ്ടാക്കിയ ദ്വാരത്തിലൂടെ എണ്ണയിൽ മുക്കിയ കയറും പിച്ചളകൊണ്ടുള്ള നട്ടും ബോൾട്ടും ഉപയോഗിച്ച് ബന്ധിപ്പിക്കും. മരപ്പശയും മറ്റു പശകളും പരുത്തി, തുണി, ചുണ്ണാമ്പ് തുടങ്ങിയവയിൽ കുഴച്ചുചേർത്ത് വിടവുകളിൽ പുരട്ടിയാണ് വെളളക്കേടുകൾ ഇല്ലാതാക്കുക. ഇരുമ്പാണികൾക്കു പകരം മരത്തിന്റെ ആപ്പാണ് പ്രധാനമായും ഉപയോഗിക്കുക. മരപ്പലകകൾക്ക് ബലംകിട്ടാൻ എണ്ണയിൽ ചാലിച്ച മിശ്രിതം അകത്തും പുറത്തും പുരട്ടും. രണ്ടരയിഞ്ച് കനമുളള മരത്തടിയാണ് നിർമ്മാണത്തിന് ഉപയോഗിക്കുക. പത്തേമാരിയുടെ നെടുംതൂണായ മണിക്കാൽ നിർമ്മിക്കാൻ ആറിഞ്ച് കനത്തിലുളള തടിയാണ് ഉപയോഗിക്കുക. നാല് പായമരങ്ങളാണ് സാധാരണ പത്തേമാരികളിൽ നിർമ്മിക്കുക. പായമരങ്ങൾ ഉയർത്താൻ മരത്തിൽ നിർമ്മിച്ച വലിയ കപ്പികളാണ് ഉപയോഗിച്ചിരുന്നത്.

ഗുജറാത്തിൽ നിന്നുളള സേട്ടുമാർക്കും സ്വദേശികളായ വ്യാപാരികൾക്കുമായി നൂറിൽപരം പത്തേമാരികൾ പൊന്നാനി തീരത്തുണ്ടായിരുന്നു. ഒരു വർഷത്തിൽ അഞ്ചോ ആറോ തവണ മുംബയ് തുറമുഖത്തേക്ക് ചരക്കുനീക്കം നടത്തും. യാത്രാദ്ധ്യേയുള്ള ഇടത്താവളങ്ങളായ ഏഴുമല, മലപ്പ, ഉന്നാപുരം, കാർവാർ, രത്നഗിരി, മാൽവാർ, ഗോവ, ദേവുക്കാട് തുടങ്ങിയ തീരങ്ങളിൽ പത്തേമാരികൾ നങ്കൂരമിടുകയും ചരക്കുകൾ കയറ്റുകയും ഇറക്കുകയും ചെയ്യും.

ഒരു മാസത്തേക്കുള്ള ഭക്ഷണസാധനങ്ങൾ കരുതിയാണ് പത്തേമാരികൾ യാത്രപുറപ്പെടുക. അരിയും പലവ്യഞ്ജനവും ശുദ്ധജലവുമാണ് പ്രധാനമായും കരുതുക. കറിക്കുള്ള മീൻ അതാത് സമയങ്ങളിൽ ചൂണ്ടയിട്ട് പിടിക്കും. വലിയ മരത്തളികയിൽ ഒരുമിച്ചിരുന്നാണ് ഭക്ഷണം കഴിക്കുക. ശേഷം അൽപ്പം വിശ്രമം. താളംപിടിച്ചും പാട്ടുപാടിയും മനസ്സിനേയും ശരീരത്തേയും കുളിർപ്പിക്കും.
പത്തേമാരികൾ ഒരേ സമയമാണ് ഭക്ഷണത്തിനായി നങ്കൂരമിടുക. ഈ നേരത്ത് മറ്റു പത്തേമാരികളിലെ ജീവനക്കാരുമായി സൗഹൃദം പങ്കിടാനും വിശേഷങ്ങൾ ചോദിച്ചറിയാനും സമയം കണ്ടെത്തും. മലപ്പ, കാർവാർ മേഖലയിൽ പത്തേമാരിയെത്തുമ്പോൾ വിവിധ ദേശങ്ങളിൽ നിന്നുള്ള പത്തേമാരികളും ഉരുക്കളുംകൊണ്ട് പുറംകടൽ നിറയും. ഇവിടെനിന്നങ്ങോട്ട് കൂട്ടമായ യാത്രയാണുണ്ടാകുക.
നൊമ്പരനേരം

യാത്രാദ്ധ്യേയുണ്ടാകുന്ന മരണങ്ങൾ പത്തേമാരി തൊഴിലാളികളെ മാനസികമായി തളർത്തുന്ന ഒന്നാണ്. സ്വാഭാവിക മരണങ്ങൾക്കു പുറമെ ഇടിമിന്നലേറ്റും പായമരങ്ങളിൽ നിന്ന് തെറിച്ചുവീണും മരണങ്ങൾ സംഭവിക്കുക പതിവാണ്. തീരത്തെത്താൻ ദിവസങ്ങളെടുക്കുന്ന സാഹചര്യമാണെങ്കിൽ പത്തേമാരിയിൽ വച്ചുതന്നെ മരണാനന്തര കർമ്മങ്ങൾ നടത്തി മൃതദേഹത്തിൽ കല്ലുകെട്ടി കടലിൽ താഴ്ത്തുന്ന രീതിയാണ് തുടർന്നിരുന്നത്. ബന്ധുക്കൾക്കു മുന്നിൽ മൃതദേഹം പോലും കാണിക്കാനാകാതെ മരണവാർത്ത അറിയിക്കേണ്ടിവന്നിരുന്നത് ചങ്കുപിടച്ചുകൊണ്ടാണ് തൊഴിലാളികൾ ഇപ്പോഴും ഓർത്തെടുക്കുന്നത്. പത്തേമാരികൾ കരയ്ക്കടുക്കുന്ന ദിവസങ്ങൾ തീരത്ത് ഉത്സവാന്തരീക്ഷമായിരുന്നു. വിവിധ നാടുകളിൽ നിന്നുള്ള കച്ചവടക്കാരെക്കൊണ്ട് തീരം നിറയുമായിരുന്നു. ചരക്കുകൾ കൊണ്ടുപോകാൻ കാളവണ്ടികൾ സജ്ജമായിരിക്കും. ആഴ്ചകളുടെ യാത്രയ്‌ക്കൊടുവിൽ തിരിച്ചെത്തിയ പത്തേമാരിയിലെ തൊഴിലാളികളെ സ്വീകരിക്കാൻ കുടുംബങ്ങളുമെത്തും. പത്തേമാരി യാത്രയുടെ നാളുകളിൽ നെഞ്ചിടിപ്പോടെ കഴിഞ്ഞിരുന്ന കുടുംബങ്ങൾക്ക് തൊഴിലാളികളെ നേരിട്ടു കാണുമ്പോഴാണ് ശ്വാസം നേരെ വീണിരുന്നത്.
പത്തേമാരിയിൽ തീരത്തെത്തുന്നവയിൽ ഉപ്പു മുതൽ കുതിര വരെയുളള സകലതുമുണ്ടായിരുന്നു. അറേബ്യൻ നാടുകളിലേക്ക് ചരക്കുമായി പോയിരുന്ന പത്തേമാരികളാണ് കുതിരകളെ കൊണ്ടുവന്നിരുന്നത്. ഇതിനിവിടെ ആവശ്യക്കാർ ഏറെയായിരുന്നു. പൊന്നാനിയിൽ നിന്ന് തൃത്താല മറുകരയിലെ കുളമുക്ക് ചന്തയിലെത്തുകയും ഇവിടെനിന്ന് കുതിരകളെ കുതിരച്ചെട്ടികൾ മുഖേന വിജയനഗരത്തിലേക്ക് കൊണ്ടുപോവുകയുമായിരുന്നു പതിവ്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുളള ചരക്കുകൾ ഇറക്കുമതി ചെയ്തിരുന്നതിനാൽ ധാരാളം മറുനാടൻ വ്യാപാരികൾ കച്ചവടത്തിനായി പൊന്നാനി തീരത്തെ ആശ്രയിച്ചിരുന്നു. ഗുജറാത്തിൽ നിന്നുളളവ്യാപാരികളാണ് ഇതിൽ പ്രധാനികൾ. ഗുജറാത്തിലെ കച്ച് ദേശക്കാരും മുസ്ളിം, ബ്രാഹ്മണ വ്യാപാരികളും പത്തേമാരികളെ ആശ്രയിക്കാൻ പൊന്നാനിയിൽ തമ്പടിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, MALAPPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.