വിഴിഞ്ഞം: സീസൺ എത്തിയിട്ടും കടലിൽ പോകാൻ കഴിയാത്ത അവസ്ഥയിലാണ് വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികൾ. കഴിഞ്ഞ ഏതാനും മാസത്തെ വറുതിക്കാലം കഴിഞ്ഞു നല്ലൊരു ചാകര കാത്തിരുന്ന മത്സ്യത്തൊഴിലാളികൾക്കു പട്ടിണി സമ്മാനിച്ച് വീണ്ടും കടൽക്ഷോഭം രൂക്ഷമായി. ഏതു പ്രതികൂല കാലാവസ്ഥയെയും വകവയ്ക്കാതെ കടലിൽപോയിരുന്ന ഇവർക്ക് ഇപ്പോൾ ഉള്ളിൽ ഭയമാണ്. ഓഖിയുടെ ആഘാതം അത്രയ്ക്കുണ്ട്.
പരമ്പരാഗത മത്സ്യത്തൊഴിലാളികളാണ് ഇവിടെയുള്ളത്. കട്ടമരവും ചെറുവള്ളങ്ങളും മാത്രമാണ് ഇവരുടെ ആശ്രയം. എന്നാൽ ഇപ്പോഴുള്ള കടുത്ത കാറ്റും തിരയുമെല്ലാം ഇവരെ നിരാശരാക്കുകയാണ്. കാലവർഷം എത്താൻ വൈകിയതിനാൽ സീസണും വൈകിയാണ് ആരംഭിച്ചത്. കൊഞ്ചും കണവയും വാളയുമെല്ലാം വല നിറയ്ക്കേണ്ട സമയത്താണ് ഈ പെടാപ്പാട്.
ജൂൺ ആദ്യ ആഴ്ചയോടെ സീസൺ തുടങ്ങുമെന്ന പ്രതീക്ഷയിൽ മത്സ്യത്തൊഴിലാളികൾ തയ്യാറായിരുന്നു. മറ്റ് പ്രദേശങ്ങളിൽ നിന്നും തൊഴിലാളികളും വള്ളങ്ങളും വിഴിഞ്ഞത്ത് എത്തിച്ചേരുകയും ചെയ്തു. വിഴിഞ്ഞം കൂടാതെ സമീപപ്രദേശങ്ങളിൽ നിന്നുള്ള തൊഴിലാളികളും വിഴിഞ്ഞത്തെത്തും. എന്നാൽ കാലാവസ്ഥാ വ്യതിയാനത്തിൽ എന്തുചെയ്യണമെന്നറിയാതെ ബുദ്ധിമുട്ടുകയാണ് മത്സ്യത്തൊഴിലാളികൾ. സുരക്ഷാ ക്രമീകരണങ്ങളും പൂർത്തിയായിരുന്നു.
എന്നാൽ തീരത്ത് മത്സ്യം വാങ്ങാൻ എത്തുന്നവർക്ക് നിരാശരാകേണ്ട അവസ്ഥയാണ്.
ഇപ്പോൾ മത്സ്യ ലഭ്യത വളരെ കുറവാണ്. ലഭിക്കുന്ന മീനിന് വൻ വിലയും. കാലവർഷം നീണ്ടു പോയാൽ മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങൾ പട്ടിണിയിലാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |