1980 കളിൽ 'ആമ്പൽപൂവ് " എന്ന ചിത്രത്തിലുടെ മലയാള ചലച്ചിത്ര രംഗത്ത് കടന്ന് വന്ന് പ്രശസ്തിയിലേക്ക് ഉയർന്ന ചലച്ചിത്ര സംവിധായകൻ ഹരികുമാർ സിനിമയിൽ 40 വർഷം പിന്നിട്ടു. ഈ കാലയളവിൽ ശ്രദ്ധേയമായ18 ചിത്രങ്ങൾ. സംവിധായകൻ എന്ന നിലയിൽ മലയാള സിനിമ ചരിത്രം പറയുമ്പോൾ ഇദ്ദേഹത്തെ മാറ്റി നിർത്താൻ കഴിയില്ല. മലയാള സിനിമയിൽ പുതുമ കൊണ്ട് വരാൻ എന്നും ശ്രമിക്കുന്ന ഒരു സംവിധായകൻ കൂടിയാണ് ഹരികുമാർ. ആദ്യ സിനിമയായ ആമ്പൽ പൂവ് തന്നെ അതിന് ഒരു ഉദാഹരണമാണ്.
40 വർഷത്തിനിടയിൽ 18 ചിത്രങ്ങൾകുറഞ്ഞുപോയി എന്ന് തോന്നിയിട്ടുണ്ടോ?
എനിക്ക് അങ്ങനെ തോന്നിയിട്ടില്ല, എന്റെ കൂടെ സിനിമാ രംഗത്ത് വന്നവരിൽ ചിലർ മൊത്തം നാൽപ്പതും അമ്പതും സിനിമകൾ ചെയ്തിരിക്കാം. വേണമെങ്കിൽ എനിക്കും അങ്ങനെ ഒത്തിരി സിനിമകൾ ചെയ്യാമായിരുന്നു. പക്ഷേ ഒരു സിനിമ ചെയ്യാൻ എല്ലാം ഒരുപോലെ തരപ്പെട്ടുവരണം നല്ല കഥ , നല്ല നിർമ്മാതാവ് അങ്ങനെയുള്ള ഘടകങ്ങൾ. ഒരു സിനിമയെങ്കിലും ചെയ്യണമെന്ന ആഗ്രഹത്തോടെയാണ് സർക്കാർ ജോലിയിൽ നിന്ന് അവധിയെടുത്ത് ആമ്പൽ പൂവ് ചെയ്തത്. അപ്പോൾ ഇത്രയും സിനിമ ചെയ്യാൻ കഴിഞ്ഞതിൽ സന്തോഷിക്കുന്നു.
ആമ്പൽ പൂവ് ഒരു ദിശ മാറ്റം കൊണ്ടു വന്ന സിനിമയാണല്ലോ?
തീർച്ചയായും , ആമ്പൽ പൂവ് സാമ്പത്തികമായി പരാജയമായിരുന്നു . പക്ഷേ അത് അന്ന് വരെ ഉണ്ടായിരുന്ന സിനിമങ്ങളിൽ നിന്ന് വ്യത്യസ്തമായിരുന്നു . അത് കഴിഞ്ഞ് അടുത്ത ചിത്രം ചെയ്യാൻ എനിക്ക് അവസരം ലഭിച്ചത് ആ സിനിമയുടെ മികവ് തന്നെയാണ്. എനിക്ക് സിനിമ എടുക്കാൻ കഴിയുമെന്ന ആത്മവിശ്വസം തന്ന സിനിമയാണ് ആമ്പൽ പൂവ്.അക്കാലത്തെ പ്രശസ്ത നിരൂപകരായ സിനിക്കും കോഴിക്കോടനും അന്ന് എന്റെ ചിത്രത്തെക്കുറിച്ച് എഴുതിയ നിരൂപണം കൂടുതൽ ആത്മവിശ്വസം തന്നു.
ആദ്യ സിനിമയായി ആമ്പൽ പൂവ് തന്നെ നിശ്ചയിക്കാനുള്ള കാരണം ?
സിനിമ എടുക്കാൻ ഉദ്ദേശിച്ചപ്പോൾ കുറെ കഥകൾ വന്നു. എന്നാൽ അന്ന് എന്നെ സിനിമയിൽ വരാൻ സഹായിച്ച വ്യക്തികളിൽ ഒരാളാണ് ശ്രീവരാഹം ബാലകൃഷ്ണൻ, അതുപോലെ വ്യക്തിപരമായി അറിയാവുന്ന ആളായിരുന്നു പെരുമ്പടവം ശ്രീധരൻ. ആമ്പൽ പൂവിന്റെ തിരക്കഥാകൃത്ത് പെരുമ്പടവം ശ്രീധരൻ ആണ്. കൊല്ലത്തെ ഹോട്ടലിൽ വച്ചാണ് പെരുമ്പടവുമായി ആമ്പൽ പൂവിന്റെ ചർച്ച നടത്തുന്നത്. ഇത് വരെ ആ ചിത്രത്തിനും പെരുമ്പടവത്തിന് പ്രതിഫലം കൊടുക്കാൻ കഴിഞ്ഞിട്ടില്ല. ആദ്യം ഉണ്ടായിരുന്ന നിർമ്മാതാവ് പകുതി വച്ച് പോയി. പിന്നെ ഒരു വർഷം കഷ്ടപ്പെട്ടാണ് ചിത്രം പൂർത്തീകരിച്ചത്. ഒരു കാബറെ നടിയുടെ കഥയാണ് അതിൽ പറയുന്നത്.
താങ്കളുടെ 18ാം ചിത്രത്തിന് ഒരു വലിയ സവിശേഷതയുണ്ട്. എം.മുകുന്ദൻ ആദ്യമായി തിരക്കഥ എഴുതുന്ന സിനിമ. എങ്ങനെയാണ് എം.മുകുന്ദനെ ഇതിലേയ്ക്ക് കൊണ്ടുവന്നത്?
മാതൃഭൂമി ആഴ്ചപതിപ്പിലാണ് 'ഓട്ടോറിക്ഷക്കാരന്റെ ഭാര്യ " എന്ന കഥ അച്ചടിച്ചുവന്നത്. പിന്നെ എം. മുകുന്ദനെ നേരിൽ കണ്ട് സംസാരിച്ചു.
അദ്ദേഹം കഥ എടുത്തോളാൻ പറഞ്ഞു. തിരക്കഥ എഴുതി തരാൻ ഞാൻ ആവശ്യപ്പെട്ടു. എനിക്ക് മാഹിയിൽ തന്നെ ഷൂട്ട് ചെയ്യണമെന്നും മാഹി ഭാഷ വേണമെന്നും ഞാൻ പറഞ്ഞു. മുകുന്ദേട്ടൻ തന്നെ ചെയ്യണം എന്ന് ഞാൻ നിർബന്ധിച്ചു. അവസാനം ഹരി കൂടെ നിന്നാൽ എഴുതാം എന്ന് അദ്ദേഹം സമ്മതിച്ചു. അങ്ങനെയാണ് മുകുന്ദേട്ടൻ തിരക്കഥ എഴുതുന്നത്.
'ഓട്ടോറിക്ഷക്കാരന്റെ ഭാര്യ " എന്ന സിനിമയെ കുറിച്ച് ?
സുരാജും ആൻ അഗസ്റ്റിനുമാണ് ചിത്രത്തിലെ പ്രധാന വേഷങ്ങൾ കെെകാര്യം ചെയ്യുന്നത്. സ്ത്രീ ശാക്തികരണമാണ് പ്രധാന വിഷയം. അലസനായ യുവാവിന്റെ ജീവിതത്തിലേക്ക് രാധിക എന്ന പെൺകുട്ടി കടന്നുവരുന്നു.
സുകൃതത്തിൽ മമ്മുട്ടി അഭിനയിച്ച നായകകഥാപാത്രത്തിൽ എം.ടി യുടെ ആത്മകഥാംശം ഉണ്ടെന്നു പറയുന്നത് ശരിയാണോ?
എന്നോട് അത് പലരും പറഞ്ഞിട്ടുണ്ട്. പക്ഷേ കഥ പറയുമ്പോൾ എനിക്ക് തോന്നിയിരുന്നില്ല. പത്രാധിപർ എന്ന നിലയിൽ അസുഖം ഭേദമായി പത്രം ഓഫീസിൽ വരുമ്പോൾ പത്രാധിപരുടെ മരണക്കുറിപ്പെടുത്ത് വായിക്കുന്ന രംഗം അദ്ദേഹത്തിന്റെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്. മറ്റ് പലരും പറഞ്ഞാണ് ഞാൻ അത് അറിഞ്ഞത്. ആ സിനിമയിലെ വൈകാരികമായ മുഹൂർത്തമായിരുന്നു അത്. മമ്മൂട്ടി പത്രാധിപരായി വരുന്നത് കേരളകൗമുദി ഓഫീസിലാണ്. 42 അവാർഡ് വിവിധ തലത്തിൽ ഈ സിനിമയ്ക്ക് ലഭിച്ചിട്ടുണ്ട്. 100 ദിവസത്തിലധികം തിയേറ്ററിൽ ഓടിയ സിനിമ കൂടിയാണ്.
പിന്നീട് എം.ടിയോട് മറ്റു തിരക്കഥ ചോദിച്ചിട്ടില്ലേ ?
ഇല്ല. അതിന്റെ ഒരു സാഹചര്യം വന്നിട്ടില്ല.
രണ്ടാമത്തെ സിനിമ സ്നേഹപൂർവം മീരയല്ലേ, ?
അതിന്റെ തിരക്കഥ ശ്രീവരാഹം ബാലകൃഷ്ണൻ. നിർമ്മാതാവ് എസ്.എം.ലാൽ അത് എന്റെ സുഹൃത്താണ്. ആദ്യം സുഹാസിനിയെ നായികയാക്കാനാണ് ഇരുന്നത്. എന്നാൽ സുഹാസിനി മലയാളത്തിൽ താത്പ്പര്യം കാണിച്ചില്ല. പൂർണിമ ജയറാമിനെ മദ്രാസിലെ പാംഗ്രു ഹോട്ടലിലെ ഒരു ലിഫ്ടിൽ വച്ചാണ് ഞാനും നിർമ്മാതാവ് ലാലും കാണുന്നത്. അങ്ങനെയാണ് പൂർണിമ ഈ സിനിമയിൽ വരുന്നത്. ചിത്രീകരണം കൊല്ലത്ത് വച്ചായിരുന്നു. എനിക്ക് വളരെ കടപ്പാടുള്ള ഒരു നഗരമാണ് കൊല്ലം.
അതുകഴിഞ്ഞ് ഒരു സ്വകാര്യം എന്ന സിനിമയിലേയ്ക്ക് വന്നു. വൻ താരനിരയുള്ള സിനിമ ആയിരുന്നു ?
അതെ മമ്മൂട്ടി, ഗോപി, നെടുമുടി വേണു തുടങ്ങിയവരുള്ള ചിത്രം. സ്നേഹപൂർവം മീരയുടെ പോസ്റ്റ് പ്രൊഡക്ഷനുവേണ്ടി മദ്രാസിൽ രഞ്ജിത് ഹോട്ടലിൽ താമസിക്കുകയായിരുന്നു ഞാൻ. രാത്രി റെസ്റ്റോറന്റിൽ ഇരിക്കുമ്പോൾ ടി.ജി. രവി വന്നു പറഞ്ഞു, ഒരാൾക്ക് പരിചയപ്പെടണമെന്ന്. സിനിമയിലൊക്കെ അഭിനയിക്കുന്ന മമ്മൂട്ടി എന്ന ആൾ ആയിരുന്നു അത്. ഞാൻ മേള എന്ന സിനിമയിൽ മമ്മൂട്ടിയെ ശ്രദ്ധിച്ചിരുന്നു.അങ്ങനെ മമ്മൂട്ടി വന്നു പരിചയപ്പെട്ടു. നല്ല ഓർമ്മ ഉള്ള വ്യക്തിയാണ് മമ്മൂട്ടി. എന്റെ ചരിത്രം മുഴുവൻ അവിടെ വെച്ച് പറയുകയുണ്ടായി. ഇനി പടമെടുക്കുമ്പോൾ ഞങ്ങളെ കൂടി ഓർക്കണം എന്നു പറഞ്ഞു. അങ്ങനെയാണ് അദ്ദേഹം ഈ സിനിമയിൽ എത്തുന്നത്. എന്റെ അഞ്ചോ,ആറോ സിനിമയിൽ മമ്മൂട്ടി അഭിനയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |