ലണ്ടൻ: എലിസബത്ത് രാജ്ഞിയ്ക്ക് അന്ത്യോപചാരം അർപ്പിക്കുന്നതിനായി ലണ്ടനിലെത്തിയ രാഷ്ട്രപതി ദ്രൗപതി മുർമു സംസ്കാര ചടങ്ങുകൾക്ക് മുന്നോടിയായി ചാൾസ് രാജാവിനെ സന്ദർശിച്ചു. ഇന്നലെ ബക്കിംഹാം കൊട്ടാരത്തിലെത്തിയാണ് മുർമു ചാൾസ് രാജാവുമായി കൂടിക്കാഴ്ച നടത്തിയത്.
സെപ്തംബർ 17നാണ് രാഷ്ട്രപതി ലണ്ടനിലെത്തിയത്. പിന്നാലെ വെസ്റ്റ് മിൻസ്റ്റർ ഹാളിൽ എത്തി ആദരാഞ്ജലി അർപ്പിച്ചിരുന്നു. ഇന്ന് വൈകിട്ട് ഇന്ത്യൻ സമയം 3.30ന് ലണ്ടനിലെ വെസ്റ്റ്മിൻസ്റ്റർ ആബിയിലാണ് സംസ്കാരം. കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മക്രോൺ, ഇറ്റാലിയൻ പ്രസിഡന്റ് സെർജിയോ മറ്റാരെല്ലാ, യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് ചാൾസ് മൈക്കൽ, യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുലാ വോൺ ഡെർ ലെയൻ, ചൈനീസ് ഉപരാഷ്ട്രപതി വാംഗ് ഖിഷാൻ, നാറ്റോ സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോൾട്ടൻബർഗ് എന്നിവരാണ് മുർമുവിന് പുറമേ സംസ്കാര ചടങ്ങിൽ പങ്കെടുക്കുന്ന ലോകനേതാക്കൾ.
സ്കോട്ട്ലൻഡിലെ ബാൽമോറൽ കൊട്ടാരത്തിൽ സെപ്തംബർ എട്ടിനായിരുന്നു രാജ്ഞിയുടെ അന്ത്യം. കഴിഞ്ഞ ബുധനാഴ്ച ലണ്ടനിലെ വെസ്റ്റ്മിൻസ്റ്റർ കൊട്ടാരത്തിൽ തുടങ്ങിയ പൊതുദർശനം ഇന്ന് രാവിലെ 11നോടെ അവസാനിച്ചിരുന്നു. ആയിരക്കണക്കിന് പേർ രാജ്ഞിയ്ക്ക് അന്തിമോപചാരം അർപ്പിക്കാനെത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |