SignIn
Kerala Kaumudi Online
Friday, 26 April 2024 2.49 PM IST

മഹാപരിനിർവാണം അറിയിച്ച പത്രങ്ങളിലൂടെ

sreenarayana-guru

ശ്രീനാരായണ ഗുരുദേവന്റെ 95-ാമത് മഹാപരിനിർവാണം ലോകമെമ്പാടും ഇന്നേദിവസം ആചരിക്കുകയാണ്. ജനന മരണങ്ങൾക്കപ്പുറത്തുള്ള പരംപൊരുളാണ് ഗുരുദേവൻ. ഗദ്യപ്രാർത്ഥനയിലൂടെ ഗുരുദേവൻ നിജസ്വരൂപം വെളിപ്പെടുത്തി - 'നാം ശരീരമല്ല അറിവാകുന്നു. ശരീരമുണ്ടാകുന്നതിന് മുമ്പിലും അറിവായ നാം ഉണ്ടായിരുന്നു. ഇനി ഇതൊക്കെയും ഇല്ലാതെയും നാം ഇപ്രകാരം പ്രകാശിച്ചുകൊണ്ടിരിക്കും.' നിർവാണ നിമഗ്നനായ ആ മഹാഗുരുവിനെക്കുറിച്ച് അന്നത്തെ പത്രങ്ങളുടെ മുഖപ്രസംഗങ്ങളിൽ നിന്നും ശേഖരിച്ച ജ്ഞാനമുത്തുകൾ ചുവടെ ചേർക്കുന്നു.


മലയാളി
ശ്രീനാരായണ ഗുരുസ്വാമി അവർകൾ ഇന്നലെ വൈകിട്ട് നാലുമണിയ്ക്ക് ശിവഗിരിയിൽവച്ച് സമാധിയടഞ്ഞിരിക്കുന്നു. ഈ വാർത്ത കേരളത്തിന്റെ സകലഭാഗങ്ങളിലും കാട്ടുതീ പോലെ വ്യാപിച്ചു. എത്ര സഹസ്രം ഹൃദയങ്ങൾക്ക് പ്രക്ഷോഭമുണ്ടാകുമെന്ന് ഊഹിക്കുന്നതിന് കൂടി നിവൃത്തിയില്ല. പരിവർത്തനഘട്ടത്തിന്റെ ആദ്യഭാഗത്തിൻ മുമ്പിൽ ഉദിച്ചുയർന്നുനിന്നിരുന്ന ഈ മഹാഭാസ്‌ക്കരന്റെ പ്രഭാവം സകല ഭിന്നതകളേയും ദൂരീകരിച്ചിരുന്നു. ഏതുകാര്യത്തിനും അവസാന തീർച്ച അവിടെയായിരുന്നു.



മലയാളമനോരമ
കഴിഞ്ഞ വ്യാഴാഴ്ച ശ്രീനാരായണഗുരുസ്വാമികൾ വർക്കലയിലുള്ള അദ്ദേഹത്തിന്റെ ശിവഗിരിമഠത്തിൽ വെച്ചു ചരമഗതിയടഞ്ഞ വിവരം ഞങ്ങൾ വ്യസനസമേതം രേഖപ്പെടുത്തിക്കൊള്ളുന്നു. കേരളത്തിലെ അധഃകൃതരുടെ ഉന്നമനത്തിനുവേണ്ടി അദ്ദേഹം ചെയ്തിട്ടുള്ള പരിശ്രമങ്ങളെപ്പറ്റി കേൾക്കാത്തവർ ചുരുങ്ങും. അധഃപതിച്ചവരെ ഉദ്ധരിക്കുന്നതിനായിരുന്നു അദ്ദേഹത്തിന്റെ ജീവിതസന്ദേശം. ആ സന്ദേശത്തിന് കുടിലിലും കൊട്ടാരത്തിലും പ്രവേശനം ലഭിക്കാൻ അദ്ദേഹം നിരന്തരം യത്നിച്ചുവന്നു. അയിത്തം, മൃഗബലി മുതലായ ആചാരങ്ങൾക്ക് അടിമപ്പെട്ട് നാശഗർത്തത്തിലേക്ക് കാൽവെച്ചു തുടങ്ങിയ ഹിന്ദുസമുദായത്തെ പരിഷ്‌കരിക്കുന്നത് അദ്ദേഹത്തിന്റെ ജീവിതത്തിലെ പ്രധാന കൃത്യമായിരുന്നു. ഏകജാതി, ഏകദൈവം, ഏകമതം എന്ന ആദർശത്തെയായിരുന്നു അദ്ദേഹം മുൻനിറുത്തിയിരുന്നത്. തീയ്യസമുദായത്തെ ബാധിച്ച ദോഷങ്ങളെ പരിഹരിക്കുവാൻ ആ സമുദായത്തിന്റെ നേതാവായിരുന്ന അദ്ദേഹം ചെയ്ത പരിശ്രമങ്ങൾ ഏറ്റവും സ്തുത്യർഹമാണ്. കുറേക്കാലം മുമ്പ് തീയ്യർക്കു യോജിപ്പോ ശക്തിയോ ഉണ്ടായിരുന്നില്ല. ഈശ്വരാരാധന ചെയ്യുന്നതിനു സ്വന്തമായി ക്ഷേത്രങ്ങൾ പോലും അവർക്കുണ്ടായിരുന്നില്ല. എന്നാൽ ശ്രീനാരായണഗുരുവിന്റെ നിരന്തരപരിശ്രമത്താൽ അവർക്കു ക്ഷേത്രങ്ങളുണ്ടായി, യോജിപ്പുണ്ടായി. ശക്തിയും ഉണ്ടായി. ശ്രീനാരായണഗുരുവിന്റെ ചരമത്താൽ അധ:കൃതർക്ക് ഉത്തമനേതാവും, കേരളത്തിനു ഒരു തത്വചിന്തകനും ഹിന്ദു സമുദായത്തിന് ഒരു യഥാർത്ഥപരിഷ്‌കാരിയും നഷ്ടമായിരിക്കുന്നു. അദ്ദേഹത്തിന്റെ ആത്മാവിന്റെ നിർവൃതിക്കായി ഞങ്ങൾ ജഗദീശ്വരനോട് പ്രാർത്ഥിച്ചുകൊള്ളുന്നു.


മഹതി
ശ്രീനാരായണ ഗുരുസ്വാമികൾ ഈ കഴിഞ്ഞ അഞ്ചാം തീയതി വൈകുന്നേരം വർക്കല ശിവഗിരിമഠത്തിൽവച്ചു സമാധി അടഞ്ഞിരിക്കുന്ന വർത്തമാനം കേരളത്തിലെങ്ങും മാറ്റൊലി കൊള്ളുന്നു. ദുരഭിമാനത്തിന്റെയും ജാതിപ്പിശാചിന്റേയും ബാധനിമിത്തം ഹിന്ദുക്കളിൽപ്പെട്ട വമ്പിച്ച സമുദായങ്ങളും ബുദ്ധമതോന്മുഖരാകുവാനും ക്രിസ്തുമതത്തിൽ ചേരുവാനും ആരംഭിച്ച ഘട്ടത്തിലാണ് ശ്രീനാരായണഗുരു ശശാങ്കൻ ഹിന്ദുമത നഭോമണ്ഡലത്തിൽ സമഗ്രകാന്തിയോടുകൂടി പ്രകാശിക്കുവാൻ തുടങ്ങിയത്. ആ പുണ്യാത്മാവിനെ ഈഴവരുടെ സ്വകാര്യസ്വത്തായി പരിഗണിക്കുവാൻ ഞങ്ങൾ സമ്മതിക്കുന്നതല്ല. ലോകാനുഗ്രഹാർത്ഥം ഭൂജാതരാകുന്ന ലോകഗുരുക്കന്മാരെ ഒരു സമുദായത്തിന്റെ ഉള്ളിലോ, ഒരു രാജ്യത്തിനകത്തോ അടച്ച് സൂക്ഷിപ്പാൻ ആർക്കും സാധിക്കുന്നതല്ല.


മാതൃഭൂമി
ശ്രീനാരായണഗുരുസ്വാമികൾ ! അതേ കാൽനൂറ്റാണ്ടിലധികം കാലത്തോളമായി കേരളത്തിൽ എങ്ങുമുള്ള ഏവർക്കും സുപരിചിതനായിരുന്ന പുണ്യാത്മാവ് ലക്ഷോപലക്ഷം ജനങ്ങളുടെ ഭക്ത്യാദരങ്ങൾക്കു പാത്രമായിരുന്ന വന്ദ്യഗുരു - ഒരു വമ്പിച്ച സമുദായത്തിന്റെ ജീവദായകനായിരുന്ന അമൂല്യ സമ്പത്തായിരുന്ന മഹാൻ അദ്ദേഹം നമ്മെ എന്നന്നേക്കും വിട്ടുപിരിഞ്ഞിരിക്കുന്നു എന്നു വിശ്വസിക്കുവാൻ പ്രയാസമായിരി ക്കുന്നു. ശ്രീനാരായണഗുരു സ്വാമികളെക്കൂടാതെ കേരളത്തെക്കുറിച്ചു ചിന്തിക്കുന്നതു അസാദ്ധ്യമായിരുന്നു . നവീനകേരളത്തിന്റെ ജീവിതത്തിൽ അദ്ദേഹത്തിനുള്ള സ്ഥാനം വിപുലമായിരുന്നു. എന്നാൽ അതെല്ലാം ഇന്നു ഒരു ചരിത്രസംഭവമായി തീർന്നിരിക്കുന്നു. ആ മഹാത്മാവിന്റെ സാന്നിദ്ധ്യം നമുക്കു നഷ്ടമായിപ്പോയിരിക്കുന്നു. കേരളത്തിന്റെ ഉദ്ധാരണത്തിനായി അദ്ദേഹം ചെയ്തിട്ടുള്ള പ്രവൃത്തി അത്രത്തോളം മഹത്തരവും, മറ്റാരാലും എളുപ്പത്തിൽ പൂർത്തീകരിക്കുവാൻ കഴിയാത്തതുമാണ്. സ്വസമുദായത്തിന്റെ അഭിവൃദ്ധിക്കായി ശ്രമിച്ചിരുന്ന ഒരു സമുദായ നേതാവുമാത്രമല്ലായിരുന്നു അദ്ദേഹം. മനുഷ്യസമുദായത്തിന്റെ പൊതുവിലുള്ള ക്ഷേമപ്രവൃത്തിയായിരുന്നു അദ്ദേഹത്തിന്റെ ആദർശം. ആ ആദർശത്തെ നിറവേറ്റുന്നതിനുള്ള ഒരു മാർഗ്ഗമെന്നപോലെയാണ് അദ്ദേഹം സ്വസമുദായത്തിന്റെ ഉദ്ധാരണത്തെ കരുതിയിരുന്നത് .

സർവീസ് - (മന്നത്ത് പദ്മനാഭൻ)
അസാമാന്യമായ ഒരു ദിവ്യചൈതന്യമാണ് സ്വാമികൾ പ്രസരിപ്പിച്ചുകൊണ്ടിരുന്നത്. ' ഒരു ജാതി, ഒരു മതം, ഒരു ദൈവം ' എന്ന ലോകോപകാരപ്രദമായ മഹദ് വാക്യത്തെ സനാതന ധർമതത്വത്തെ നാടടക്കം വിളംബരം ചെയ്തു, ' പലജാതി, പലമതം, പല ദൈവം' എന്ന ലോകോപ്രദവകരമായ അനാചാരത്തേയും അന്ധവിശ്വാസത്തേയും ലോകത്തിൽനിന്നു വിപാടനം ചെയ്യുന്നതിനുള്ള ഒരു മഹത്തായ സംഘടിതശക്തിയെ രൂപവല്ക്കരിച്ച് ശ്രീനാരായണഗുരുസ്വാമികളുടെ നിര്യാണം കേരളത്തിനും ഇന്ത്യയ്ക്കും മാത്രമല്ല ലോകത്തിനു തന്നെ ഒരു മഹാനഷ്ടമാകുന്നു . സ്വാമികളെ ജാതിനോക്കി ഈഴവരുടെ ഗുരുവായിട്ടാണ് സാധാരണലോകം ഗണിച്ചുവന്നിട്ടുള്ളതെങ്കിലും ഹിന്ദുക്കളിൽ എല്ലാ വർഗക്കാരും അദ്ദേഹത്തിന്റെ ശിഷ്യപരമ്പരയിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ പ്രധാന ശിഷ്യർ പലരും ഈഴവരല്ലെന്നും സ്മരണീയമാകുന്നു.

സമത്വവാദി
കേരളീയർക്കു പൊതുവിൽ ആരാധ്യനായും , അവശസമുദായങ്ങൾക്ക് ഒരു കാരുണ്യമൂർത്തിയായും കാലയാപനം ചെയ്തുപോന്നിരുന്ന ആൾക്ക് ഒരു പ്രത്യേക രക്ഷകനായും, അണുജീവിയിലും കരുണയോടുകൂടി ശ്രീനാരായണപരമഹംസപാദങ്ങൾ വർക്കല ശിവഗിരിയിൽവെച്ചു സമാധിയടഞ്ഞ വിവരം വ്യസനപൂർവം ഇവിടെ രേഖപ്പെടുത്തിക്കൊള്ളട്ടെ . തീയ്യസമുദായത്തിനെന്നല്ല കേരളഭൂമിയ്ക്ക് തന്നെ തൃപ്പാദങ്ങളെപ്പോലുള്ള മഹാത്മാക്കളെ ലഭിക്കയെന്നത് വളരെ ദുർല്ലഭമാണല്ലോ.
സ്വാമി വിവേകാനന്ദൻ കേരളത്തിന്റെ മതപരമായ മാലിന്യങ്ങളകറ്റി പരിഷ്‌കരിക്കാൻ തീവ്രമായ ശ്രമങ്ങൾ ചെയ്ത് ഒടുവിൽ ഭഗ്നാശയനായി കേരളത്തെ ഭ്രാന്തശാല'യെന്നു ശപിച്ചിട്ടുള്ള കഥയെക്കുറിച്ചാലോചിച്ചാൽ യാതൊരുവിധമായ ക്ലേശങ്ങളും കൂടാതെ തന്റെ സന്ദേശങ്ങളെക്കൊണ്ടു ഇത് ക്ഷണത്തിൽ അത്ഭുതകരമായ മാറ്റം കേരളത്തിൽ വരുത്തിയ ശ്രീനാരായണഗുരുസ്വാമികൾ സാക്ഷാൽ ശ്രീനാരായണന്റെ അവതാരം തന്നെയായിരുന്നു.


അൽഅമീൻ
തീയ്യർക്കു മതസംബന്ധവും സാമുദായികവും സാന്മാർഗികവുമായ എല്ലാ വിഷയത്തിലും മാർഗദർശിയായിരുന്ന് ആ സമുദായത്തെ ഇന്നത്തെ നിലയിലെത്തിച്ച ശ്രീനാരായണഗുരു അവർകൾ കഴിഞ്ഞ വ്യാഴാഴ്ച കാലഗതിയടഞ്ഞിരിക്കുന്നു.


ധർമ്മം ( സ്വാമി ധർമ്മതീർത്ഥർ)
ഇതേവരെ സ്വാമിതൃപ്പാദങ്ങൾ നമുക്ക് ഒരു അവതാരപുരുഷനായിരുന്നു . ലോകാവസാനം വരെ നിലനിൽക്കേണ്ടതായ ദർശങ്ങളും സ്ഥാപനങ്ങളും അമാനുഷമായ ചൈതന്യശക്തിയോടുകൂടി ലോകർക്കായി പ്രദാനം ചെയ്തു.
പഞ്ചഭൂത നിർമിതമായ ഒരു പ്രത്യേകകോശത്തിൽ സ്ഥിതിചെയ്തിരുന്ന ഗുരുദേവൻ മേലിൽ നമ്മുടെ ഓരോരുത്തരുടേയും ഹൃദയത്തിൽ വിളങ്ങിക്കൊണ്ടിരിക്കുകയാണ് . ഒരു അവതാരപുരുഷന്റെ നിലയെവിട്ടു സ്വാമിതൃപ്പാദങ്ങൾ ലോകർക്കെല്ലാം ആരാധ്യനായ ഒരു മഹാദേവൻ തന്നെയായിത്തീർന്നിരിക്കുന്നു. ഇതു ചരമമോ സമാധിയോ അല്ല, ഉയിർത്തെഴുന്നേല്ക്കലാകുന്നു.



നവജീവൻ - സ്വാമി ശ്രീനാരായണതീർത്ഥർ
കേരളത്തിനും ഭാരതത്തിനും - അല്ല, ലോകത്തിനും പൊതുവേ സമാധാനവും ശ്രേയസ്സും ലബ്ധമാകത്തക്കവിധം കാലത്തിനുതകുന്ന ധർമതത്വങ്ങളെ ഉപദേശിച്ച് മതതത്വങ്ങളുടെ ഉപദേശങ്ങളെ പ്രത്യക്ഷപ്പെടുത്തിയ ദിവ്യതേജോനിധി കന്നി അഞ്ചിന് പകൽ മൂന്നരമണിക്കുശേഷം, ശുക്ലഷഷ്ഠിയും അനിഴം നക്ഷത്രവും കൂടിയ പുണ്യദിനത്തിൽ ശിവഗിരി വൈദികമഠത്തിൽവച്ച് മഹാസമാധി പ്രാപിച്ചിരിക്കുന്നു . ക്രിസ്തുവും ബുദ്ധനും നബിയും മറ്റു മഹാത്മാക്കളും സാധിച്ചിട്ടില്ലാത്തവിധം തന്റെ പ്രശാന്തമായ ധർമ്മോപദേശം കൊണ്ട് ജീവിതകാലത്തു ലക്ഷോപലക്ഷം ജനസഞ്ചയത്തിന് ആരാധ്യനായിത്തീർന്ന ആ മഹാപുരുഷന്റെ മഹാസമാധി ഒരു മഹാനഷ്ടവും തീരാദുഃഖവും തന്നെയാണ്. ജാതിഭ്രാന്ത് പിടിച്ച് കേരളീയർ വട്ടംചുറ്റുന്ന കാലഘട്ടത്തിലാണ് കേരളത്തിൽ ആചാര്യദേവൻ അവതരിച്ചത് .


യോഗക്ഷേമം
തന്റെ അനന്യസുലഭമായ വ്യക്തിമാഹാത്മ്യംകൊണ്ട് ഒരു സമുദായത്തെ ആകമാനം ഏകോപിച്ചുനിറുത്തി അഭിവൃദ്ധിപന്ഥാവിൽക്കൂടി വിജയകരമാംവണ്ണം നയിച്ചുപോന്ന ഒരു മഹാനാണ് നഷ്ടമായിരിക്കുന്നത്. തീയ്യരുടെ ആത്മീയഗുരുവെന്ന നിലയിൽ മാത്രമല്ല സർവജനങ്ങൾക്കും അനുകരണീയമായ ആദർശങ്ങളുടെ പ്രയോക്താവെന്ന നിലയിൽ ഏവർക്കും സമാരാധ്യനായിത്തീർന്നിട്ടുള്ള ഒരു പുണ്യപുരുഷനായിരുന്നു ഗുരുസ്വാമികൾ. തികഞ്ഞ പാണ്ഡിത്യവും അനുപമമായ ഒരു ചിത്തസംസ്‌കാരവും അഭിവന്ദ്യമായ ആത്മീയശക്തിയും ഒത്തുചേർന്ന് ജനസമുദായത്തിന്റെ ആത്മീയനേതൃത്വം വഹിക്കുവാൻ തന്നെ സംജാതനായ ഒരു പുമാനായിരുന്നു അദ്ദേഹമെന്ന് ആ മഹാത്മാവുമായി കുറച്ചു നേരമെങ്കിലും പരിചയപ്പെടുവാനിടയായിട്ടുള്ള ആർക്കും ബോദ്ധ്യപ്പെട്ടിട്ടുള്ളതാണ്. ശ്രീനാരായണ ഗുരുസ്വാമികളുടെ ദേഹവിയോഗം തീയ്യസമുദായത്തിന് മാത്രമല്ല കേരളത്തിനൊട്ടാകെ തീർത്താൽ തീരാത്ത ഒരു നഷ്ടമായിട്ടുണ്ട്.


മിതവാദി - സി. കൃഷ്ണൻ വക്കീൽ
കേരളത്തിൽ എന്നു മാത്രമല്ല, മറ്റു രാജ്യങ്ങളിലും നാനാവിധ ഗുണ ങ്ങളുടെ കീർത്തികൊണ്ടു മുപ്പതു നാല്പതുസംവത്സരമായി പ്രശോഭിച്ചു കൊണ്ടിരുന്ന ഒരു അതിമാനുഷനായിരുന്നു ശ്രീനാരായണഗുരുസ്വാമികൾ എന്നു സർവരും സമ്മതിക്കുന്നതാണ്.
' ഒരു ജാതി , ഒരു മതം എന്നു പറയുന്നതു ജാതിയും മതവും മനുഷ്യനു ആവശ്യമില്ലെന്നുള്ള തത്വത്തെ സൂചിപ്പിക്കുകയാണു യഥാർത്ഥത്തിൽ ചെയ്യുന്നത്. മതം മനുഷ്യന് അത്യാവശ്യമല്ലെന്നു പറയത്തക്കവണ്ണം സ്വാമികളുടെ ബുദ്ധിക്കു വിശാലത ഉണ്ടായിരുന്നു. ഇങ്ങനെ ഒരു മഹാൻ തീയ്യസമുദായത്തിൽ ഇതുവരെ ഉണ്ടായിട്ടില്ലെന്നു മാത്രമല്ല തെക്കേ ഇന്ത്യയിൽ രണ്ടുമൂന്നു നൂറ്റാണ്ടുകൾക്കുള്ളിൽ ഇത്രവലിയ ഒരു സാമുദായിക പ്രവർത്തകനും നേതാവും അവതരിച്ചിട്ടില്ലെന്നുകൂടി തീർച്ചയായും പറയാവുന്നതാണ്. വടക്കേയിന്ത്യയിൽ രാമകൃഷ്ണ പരമഹംസൻ, ദയാനന്ദൻ, രാജാറാം മോഹൻ റോയി, ഇങ്ങനെയുള്ള മഹാത്മാക്കളെ ഞങ്ങൾ വിസ്മരിക്കുന്നില്ല. പക്ഷേ മതപരമായ ആശയങ്ങളിൽ അവരെക്കാൾ എത്രയോ കവിഞ്ഞു നില്ക്കുന്ന ഒരാളായിരുന്നു നാരായണഗുരുസ്വാമികൾ എന്നാകുന്നു ഞങ്ങളുടെ പൂർണ്ണമായ വിശ്വാസം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MAHASAMADHI
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.