SignIn
Kerala Kaumudi Online
Friday, 26 April 2024 9.04 PM IST

ഗ്രീൻഫീൽഡ് ഹൈവേ കല്ലിടൽ തുടങ്ങി; ഒരുമാസം കൊണ്ട് പൂർത്തിയാക്കും

road
എടപ്പറ്റ പഞ്ചായത്തിലെ മൂനാടി പ്രദേശത്ത് നടന്ന ചടങ്ങിൽ ആദ്യകല്ല് ദേശീയപാത ഭൂമി ഏറ്റെടുക്കൽ വിഭാഗം ഡെപ്യൂട്ടി കളക്ടർ ഡോ.ജെ.ഒ.അരുണും എടപ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വലിയാട്ടിൽ സഫിയയും ചേർന്ന് നിർവഹിക്കുന്നു.

മലപ്പുറം: പാലക്കാട്‌- കോഴിക്കോട് ഗ്രീൻഫീൽഡ് ദേശീയപാതയുടെ സ്ഥലമേറ്റെടുക്കലിന്റെ ഭാഗമായുള്ള ജില്ലയിലെ കല്ലിടലിന് തുടക്കമായി. പാലക്കാട് ജില്ലയിൽ നിന്നും പാത മലപ്പുറം ജില്ലയിലേക്ക് പ്രവേശിക്കുന്ന എടപ്പറ്റ പഞ്ചായത്തിലെ മൂനാടി പ്രദേശത്ത് നടന്ന ചടങ്ങിൽ ആദ്യകല്ല് ദേശീയപാത ഭൂമി ഏറ്റെടുക്കൽ വിഭാഗം ഡെപ്യൂട്ടി കളക്ടർ ഡോ.ജെ.ഒ.അരുണും എടപ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വലിയാട്ടിൽ സഫിയയും ചേർന്ന് നിർവഹിച്ചു. പെരിന്തൽമണ്ണ, നിലമ്പൂർ, ഏറനാട്, കൊണ്ടോട്ടി താലൂക്കുകളിലെ 15 വില്ലേജുകളിൽ കൂടിയാണ് പാത കടന്നുപോകുന്നത്. 121 കിലോമീറ്റർ പാതയിലെ 52.8 കിലോമീറ്റർ ജില്ലയിലൂടെയാണ് കടന്നുപോകുന്നത്.

എടപ്പറ്റ, കരുവാരക്കുണ്ട്, തുവൂർ, ചെമ്പ്രശ്ശേരി, വെട്ടിക്കാട്ടിരി, പോരൂർ, എളങ്കൂർ, കാരക്കുന്ന്, പെരകമണ്ണ, കാവന്നൂർ, അരീക്കോട്, മുതുവല്ലൂർ, ചീക്കോട്, വാഴക്കാട്, വാഴയൂർ, വില്ലേജുകളിലൂടെയാണ് ജില്ലയിലെ പാത കടന്നുപോകുന്നത്. 45 മീറ്റർ വീതിയിൽ പൂർണ്ണമായും പുതിയ പാതയാണ് നിർമ്മിക്കുന്നത്. ഓരോ അമ്പത് മീറ്ററിലും ഇരുവശത്തും അതിർത്തിക്കല്ലുകൾ സ്ഥാപിക്കും. ഇത്തരത്തിൽ 2,​144 അതിർത്തിക്കല്ലുകളാണ് സ്ഥാപിക്കുന്നത്. അലൈൻമെന്റിനെ അടിസ്ഥാനപ്പെടുത്തിയുള്ള ജി.പി.എസ് കോ ഓർഡിനേറ്റ്സിന്റെ അടിസ്ഥാനത്തിലാണ് കല്ലുകൾ സ്ഥാപിക്കുന്നത്. അതിനാൽ കല്ലുകൾക്ക് സ്ഥാന ചലനം സംഭവിച്ചാലും എളുപ്പത്തിൽ പുനഃസ്ഥാപിക്കാനാവും. കല്ലുകൾക്ക് സ്ഥാനചലനം സംഭവിക്കുന്നില്ലെന്ന് അതത് ഭൂവുടമസ്ഥർ ഉറപ്പുവരുത്തണം. അല്ലാത്ത പക്ഷം ക്രിമിനൽ നടപടികൾക്ക് വിധേയമാകും.

ഒരുമാസം കൊണ്ട് പൂർത്തിയാക്കും

ഒരുമാസം കൊണ്ട് ജില്ലയിലെ കല്ലിടൽ പൂർത്തിയാക്കാനാണ് പദ്ധതി. കല്ലിടലിനോടൊപ്പം സർവേ ജോലികളും ആരംഭിക്കും. ദേശീയപാത ഭൂമി ഏറ്റെടുക്കൽ കാര്യാലയത്തിലെ ഉദ്യോഗസ്ഥർ ഓരോരുത്തരിൽ നിന്നും ഏറ്റെടുത്ത ഭൂമി, കെട്ടിടങ്ങൾ ഉൾപ്പടെയുള്ള നിർമ്മിതികൾ, കാർഷിക വിളകൾ, മരങ്ങൾ എന്നിവയുടെ കണക്കെടുക്കും. ഇതിനായി ബന്ധപ്പെട്ട ഭൂ ഉടമസ്ഥർ ആധാരത്തിന്റെയും നികുതി രസീതിയുടെയും പകർപ്പുകൾ സഹിതം സ്ഥലത്ത് ഉണ്ടായിരിക്കണം. ഏറ്റെടുക്കുന്ന ഭൂമിയിലെ അതിർത്തികൾ വ്യക്തമായി കല്ലിട്ട് വേർതിരിക്കും.

നാശനഷ്ടങ്ങളുടെ കണക്കെടുപ്പിന് ശേഷം വില നിർണ്ണയത്തിലേക്ക് കടക്കും. നഷ്ടപ്പെടുന്ന ഭൂമി, നിർമ്മിതികൾ, കാർഷിക വിളകൾ, മരങ്ങൾ എന്നിവയ്ക്ക് ഓരോന്നിനും പ്രത്യേകമായി വില നിശ്ചയിക്കും. ഭൂമിയുടെ വില റവന്യൂ അധികൃതരും നിർമ്മിതികളുടെ വില പൊതുമരാമത്ത് ഉദ്യോഗസ്ഥരും കാർഷിക വിളകളുടേത് കൃഷി ഓഫീസർമാരും മരങ്ങളുടേത് ഫോറസ്റ്റ് അധികൃതരുമാണ് നിശ്ചയിക്കുന്നത്. 2013ലെ ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരമാണ് നഷ്ടപരിഹാര നിർണ്ണയവും പുനരധിവാസവും. ഏറ്റെടുക്കുന്ന ഭൂമിയ്ക്ക് നിശ്ചയിക്കുന്ന വിലയുടെ രണ്ടര ഇരട്ടിയും മറ്റുള്ളവയ്ക്ക് ഇരട്ടി തുകയും നഷ്ടപരിഹാരമായി ലഭിക്കും. നിശ്ചയിച്ച നഷ്ടപരിഹാര തുക ഡെപ്യൂട്ടി കളക്ടർമാരുടെ അക്കൗണ്ടിൽ എത്തിയ ശേഷം മാത്രമേ ഒഴിഞ്ഞുപോകുന്നതിന് നോട്ടീസ് നൽകൂ. ഒഴിയുന്നതിന് 60 ദിവസം വരെ സമയമെടുക്കാം. വിട്ടൊഴിഞ്ഞതിനുശേഷം ദിവസങ്ങൾക്കുള്ളിൽ തന്നെ നഷ്ടപരിഹാരം അക്കൗണ്ടിൽ എത്തും. ശേഷമേ കെട്ടിടം പൊളിക്കലും റോഡ് നിർമാണവും ആരംഭിക്കൂ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, MALAPPURAM, GREENFIELD
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.