കോട്ടയം . ഇളംകാറ്റേറ്റ് ചൂട് ബജിയും കഴിച്ച് സൊറ പറഞ്ഞ് സായാഹ്നം ആസ്വദിക്കണോ? വാര്യമുട്ടത്തേക്ക് പോരൂ..വെള്ളം നിറഞ്ഞു കിടക്കുന്ന പാടശേഖരങ്ങൾക്ക് മദ്ധ്യഭാഗത്ത് കൂടെ കടന്നു പോകുന്ന അതിരമ്പുഴ - ആർപ്പൂക്കര പഞ്ചായത്തിന്റെ അതിർ ഭാഗത്താണ് വാര്യമുട്ടം നാലുമണിക്കാറ്റ് മോഡൽ സായാഹ്ന തീരം സ്ഥിതി ചെയ്യുന്നത്. റോഡരികിലെ തണൽ മരങ്ങൾക്കിടയിലെ ഇരിപ്പിടങ്ങളും ചെറുതോടുമാണ് പ്രധാന ആകർഷണം. വെയിലാറിയാൽ ഇവിടെ സഞ്ചാരികളുടെയും യാത്രക്കാരുടെയും തിരക്കാണ്. ആർപ്പൂക്കര, അതിരമ്പുഴ പഞ്ചായത്തുകൾ അതിർത്തി പങ്കിടുന്ന ഈ ഭാഗം ബാബു ചാഴികാടൻ റോഡ് എന്നും അറിയപ്പെടുന്നു. ഉത്തരവാദിത്വ ടൂറിസം ഗ്രാമമായി പ്രഖ്യാപിച്ച ആർപ്പൂക്കര പഞ്ചായത്തിന്റെ എട്ടാം വാർഡിലാണ് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഇവിടെ സായാഹ്ന വിശ്രമകേന്ദ്രം ആരംഭിച്ചത്. മാന്നാനം, മെഡിക്കൽ കോളേജ്, അതിരമ്പുഴ എന്നിവിടങ്ങളിലെ സ്കൂൾ, കോളേജ് തുടങ്ങിയ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളും പ്രദേശവാസികളുമാണ് സ്ഥിരം സന്ദർശകർ.
ചൂണ്ടയിടാൻ തിരക്ക്.
വെള്ളം നിറഞ്ഞുകിടക്കുന്ന പാടശേഖരത്തിൽ ചൂണ്ടയിടാൻ എത്തുന്നവരുമുണ്ട്. കൊച്ചുവള്ളങ്ങളിൽ വല വീശാൻ എത്തുന്നവരെയും കാണാം. വൈകുന്നേരങ്ങളിൽ ഇവിടേയ്ക്കെത്തുന്നവരുടെ വാഹനതിരക്കാണ്. വൈകിട്ട് ഏഴ് വരെ സായാഹ്ന തീരം സജീവമായുണ്ടെന്ന് പ്രദേശവാസിയായ വ്യാപാരി അപ്പു പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |