SignIn
Kerala Kaumudi Online
Tuesday, 29 November 2022 8.26 PM IST

കേരളത്തിലെ നദികൾക്ക് നാഥനില്ലാതാവുന്നു

ss

ഇന്ന് ലോക നദീദിനം

...........................

സംസ്ഥാനത്തിന്റെ 44 നദികളും വിവിധ കാരണങ്ങളാൽ നാശത്തിന്റെ വക്കിലാണ്. കേരളത്തിന്റെ ഹരിതാഭയ്ക്കും കുടിവെള്ള ലഭ്യതയ്ക്കും കാരണം നമ്മുടെ നദികളാണ്. നദികളിൽനിന്നുള്ള ജലവൈദ്യുത പദ്ധതികളാണ് നമ്മുടെ വൈദ്യുതി ഉൗർജ്ജത്തിന്റെ പ്രധാന ഉറവിടം. കേരളത്തിന്റെ വ്യവസായ നഗരങ്ങളായ ഏലൂർ - എടയാർ മേഖലയിലെ വ്യവസായങ്ങൾക്ക് ജലം നൽകുന്നത് പെരിയാർനദിയാണ്. നമ്മുടെ കാർഷികമേഖലയ്ക്ക് ജലം നല്കുന്നതിലും വലിയപങ്കാണ് നദികൾക്കുള്ളത്. പെരിയാറിൽ നിന്നും മൂവാറ്റുപുഴയാറിൽ നിന്നും ജലം പമ്പ് ചെയ്തില്ലെങ്കിൽ കൊച്ചിനഗരം സ്തംഭിക്കും.

സംസ്ഥാനത്തെ മിക്കവാറും നദീതീരങ്ങൾ സാംസ്കാരിക കേന്ദ്രങ്ങളാണ്. പമ്പ, പെരിയാർ, ഭാരതപ്പുഴ എന്നിവ അതിൽ ചിലതുമാത്രം. സംസ്ഥാനത്തെ വെള്ളപ്പൊക്ക - വരൾച്ച നിയന്ത്രണത്തിൽ നദികൾക്കുള്ളസ്ഥാനം നിർണായകമാണ്. കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് സംസ്ഥാനത്തെ നദികളിൽ നിന്നും മണൽ വാരിവിറ്റ് കോടികളുടെ സമ്പാദ്യമാണുണ്ടായത്. അടിത്തട്ട് പൊളിച്ചുള്ള രൂക്ഷമായ മണൽവാരൽ പലനദികളെയും മരണാസന്നമാക്കി.

കേന്ദ്ര ജലകമ്മിഷന്റെ 2011ലെ വിദഗ്ദ്ധ റിപ്പോർട്ടിൽ കേരളത്തിലെ കണ്ണാടിപ്പുഴ, ചാലിയാർ, മീനച്ചിലാർ, പയസ്വനിപുഴ എന്നിവ അതീവ ഗുരുതരമായി മലിനീകരിക്കപ്പെട്ടതായി പറയുന്നു. പെരിയാർനദിയിലെ മലിനീകരണത്തിന് പുറമേയാണിത്. പെരിയാറിലെത്തുന്ന കുഴിക്കണ്ടം തോടിന്റെ മലിനീകരണം പരിഹരിക്കാൻ മലിനീകരണ നിയന്ത്രണ ബോർഡിനോട് നാഷണൽ ഹരിത ട്രിബ്യൂണൽ ഉത്തരവിട്ടിരിക്കുകയാണ്. പെരിയാറിന്റെ അടിത്തട്ടിലൂറിയ ജൈവമാലിന്യം കാരണം പുഴയിൽ പുഴുക്കൾ പ്രത്യക്ഷപ്പെട്ടതായി റിപ്പോർട്ടുകളുണ്ടായി.

വാമനപുരം നദീതീരം ക്രമാതീതമായ മണൽവാരൽ മൂലം ഇടിഞ്ഞുതീർന്നിരിക്കുന്നു. രാത്രികാലങ്ങളിൽ കക്കൂസ് മാലിന്യം നദികളിൽ നിക്ഷേപിക്കുന്നു. നദീതീര പട്ടണങ്ങളും, ഗ്രാമങ്ങളും ഖര - ദ്രവ മാലിന്യങ്ങൾ നേരെ നദികളിലേക്ക് തള്ളുന്നു. ചില നദികൾ നിറംമാറി ഒഴുകുന്നതിലൂടെയും മത്സ്യക്കുരുതിയിലൂടെയും വാർത്താപ്രാധാന്യം നേടുന്നു.

മനുഷ്യൻ അവന്റെ തന്നെ കുടിവെള്ള സ്രോതസുകളിൽ വിഷം കലർത്തുന്ന സംസ്കാരശൂന്യമായ പ്രവണത ഏറിവരികയാണ്. ജലസേചന - വൈദ്യുതി അണക്കെട്ടുകളിൽ മണ്ണൊലിപ്പുമൂലം മണ്ണും, ചളിയും ഉൗറി അടിഞ്ഞതിനാൽ സംഭരണശേഷി വലിയ തോതിൽ കുറഞ്ഞു. നദികൾ ഗതിമാറ്റാനുള്ള പരിശ്രമങ്ങളും നടന്നുവരുന്നു. പമ്പ - മണിമലയാർ - വൈപ്പാർ നദീ സംയോജനത്തിന്റെ ഭാഗമായി തമിഴ്‌നാട്ടിലേക്ക് പുഴവെള്ളം തിരിച്ചുവിടാനുള്ള നടപടികൾ ധൃതഗതിയിൽ നടക്കുകയാണ്. പറമ്പിക്കുളം - ആളിയാർ കരാറും, മുല്ലപ്പെരിയാർ കരാറും ലംഘിക്കാൻ തമിഴ്നാട് നടത്തുന്ന ശ്രമങ്ങൾ കേരളത്തിലെ ഭരണ - ഉദ്യോഗസ്ഥ നേതൃത്വം കണ്ടില്ലെന്നു നടിക്കുന്നു. അന്തർസംസ്ഥാന കരാർ പ്രകാരമുള്ള അണക്കെട്ടുകളുടെ ബലക്ഷയം തമിഴ്‌നാട് ശ്രദ്ധിക്കുന്നതു പോലുമില്ല. പറമ്പിക്കുളം അണക്കെട്ടിന്റെ ഷട്ടർ തകർന്നത് ഒടുവിലത്തെ ഉദാഹരണം മാത്രം.

മുല്ലപ്പെരിയാറിന്റെ കാര്യത്തിൽ സംസ്ഥാനം നടത്തിയ അലംഭാവം പെരിയാർ തീരദേശവാസികൾക്ക് ആശങ്കയുണ്ടാക്കുന്നു. പമ്പാ ത്രിവേണിയിൽ അടിഞ്ഞുകൂടിയ മണൽ വിൽക്കാൻ ചീഫ് സെക്രട്ടറിയടക്കം ഹെലികോപ്ടറിൽ സ്ഥലം സന്ദർശിക്കുകയും അനധികൃത മണൽ വില്പനയ്ക്കെതിരെ കേസ് വരികയും അടുത്ത വർഷത്തെ വെള്ളപ്പൊക്കത്തിൽ അടിഞ്ഞുകൂടിയ മണൽ തിരികെ പുഴയിലേക്ക് ഒഴുകിപ്പോകുകയും ചെയ്തു. ഭാരതപ്പുഴയിലെ മണൽവാരൽ നദിയെ പുൽമേടും കുറ്റിക്കാടുമാക്കി മാറ്റിയിരിക്കുന്നു. പമ്പാനദിയിൽ കക്കൂസ് മാലിന്യം എത്തിച്ചേരുന്നതിനാൽ ഇ കോളി ബാക്ടീരിയ ക്രമാതീതമായി വർദ്ധിച്ചിരിക്കുന്നു.

നദിക്കര കൈയേറ്റക്കാർ നദികൾ വീതിച്ചെടുത്തിരിക്കുന്നു. പുരയിടത്തിന്റെ പിറകിലൂടെയുള്ള നദികളുടെ പ്രളയപ്രതലങ്ങൾ സർക്കാർ ചെലവിൽ കരിങ്കൽകെട്ടി പുരയിടത്തിന്റെ ഭാഗമാക്കി മാറ്റുന്നതിൽ മിക്കവാറും സ്ഥലങ്ങളിലും ആളുകൾ വിജയിച്ചിരിക്കുന്നു. വാട്ടർ ഫ്രണ്ടേജ് ഫ്ളാറ്റുകൾ നദിക്കര കൈയേറി പാർക്കും, സെപ്റ്റിക് ടാങ്കും നിർമ്മിച്ചിരിക്കുന്നു. ഇല്ലാത്ത വെള്ളത്തിന്റെയും ജലസേചനത്തിന്റെയും പേരിൽ കനാൽ നിർമ്മാണം, തടയണനിർമ്മാണം, പാലങ്ങൾക്കുള്ള പ്രാരംഭ ജോലികൾ എന്നിവയെല്ലാം നദികളുമായി ബന്ധപ്പെട്ട് അഴിമതി നടക്കുന്ന ഘട്ടങ്ങളാണ് . മണൽവാരി വിറ്റുകിട്ടുന്ന തുകയുടെ നിശ്ചിത ശതമാനം ലോയൽറ്റിയായി ലഭിക്കുന്ന റിവർ മാനേജ്മെന്റ് ഫണ്ട് ജില്ലാ ഭരണകൂടങ്ങൾ നദികളുടെ സംരക്ഷണത്തിന് വേണ്ടിയല്ല ഉപയോഗിക്കുന്നത് . ഇതാണ് നദികൾ നശിക്കാൻ മറ്റൊരു കാരണം.

നദികളുമായി ബന്ധപ്പെട്ട് പണംകൊയ്യുന്ന നിരവധി സർക്കാർ വകുപ്പുകൾ നമുക്കുണ്ട്. എന്നാൽ ഇവയെല്ലാം നദികളെ ചൂഷണം ചെയ്യുന്നു എന്നതൊഴികെ നദീസംരക്ഷണത്തിനായി ഒന്നും ചെയ്യുന്നില്ല. ജലസേചനം, വൈദ്യുതി, റവന്യൂ, ഗതാഗതം, വനം, വ്യവസായം, മൈനിംഗ് ആൻഡ് ജിയോളജി, ഡാം സേഫ്‌റ്റി തുടങ്ങിയ വകുപ്പുകൾ അവയിൽ ചിലതുമാത്രം. ചിലവകുപ്പുകൾ നദികൾ നശിച്ചാൽ നിന്നുപോകുന്നവയാണ്. ഒരു വകുപ്പിനും നദീസംരക്ഷണ ഉത്തരവാദിത്വമില്ല. വ്യവസായം, ഗാർഹിക മലിനീകരണം, അനധികൃത മണൽവാരൽ, നദീതീര കൈയേറ്റം, വൃഷ്ടിപ്രദേശ വനംകൊള്ള, ഉപ്പുവെള്ള കയറ്റം, ഖരമാലിന്യ നിക്ഷേപം എന്നിവ തടയുന്നതിന് ഒരു വകുപ്പും വേണ്ടത്ര ശ്രദ്ധചെലുത്തുന്നില്ലെന്നതാണ് സത്യം. ജലഅതോറിട്ടി വിതരണം ചെയ്യുന്ന കുടിവെള്ളത്തിന്റെ ഗുണനിലവാര തകർച്ച വലിയ വാർത്തയാണെങ്കിലും മലിനീകരണം തടയാൻ നടപടിയില്ല. നദികളിലേക്ക് തുറന്നുവച്ചിട്ടുള്ള അഴുക്കുചാലുകൾ തടയുന്നതിനോ നദീജലം അനധികൃതമായി ഉപയോഗിക്കുന്നതിനോ, നദികൾ നശിപ്പിക്കുന്നതിനോ എതിരായി സർക്കാർ വകുപ്പുകൾ മൗനത്തിലാണ്. തീരകൈയേറ്റം എല്ലാ അതിർവരമ്പുകളും ലംഘിച്ച് തുടരുകയാണ്.

വൃഷ്ടിപ്രദേശം മുതൽ നദീജല പതനം വരെയുള്ള നദികളെ ഒന്നായി കണ്ടുകൊണ്ട് അവയെ സംരക്ഷിക്കുവാൻ നമുക്ക് ഒരു സംവിധാനവുമില്ല എന്നതാണ് വാസ്തവം. നദീതട കാർഷിക മേഖല നിലനിറുത്തുന്നതിനോ കൃഷിഭൂമിയിൽ ജലമെത്തിച്ചു കൃഷി പ്രോത്സാഹിപ്പിക്കുവാനോ നടപടിയില്ല. 44 നദികൾ ഉണ്ടായിട്ടും മഴ മാറിയാൽ വരൾച്ചയെന്ന അവസ്ഥയാണ് കേരളത്തിൽ. കാലാവസ്ഥാ വ്യതിയാനത്തിന്റെ വെളിച്ചത്തിൽ കൂടുതൽ നദികളിലേക്ക് ഉപ്പുവെള്ളം കയറുന്നു.

സംസ്ഥാനത്തെ നദികളുടെ സംരക്ഷണം ഉറപ്പാക്കുന്ന കുടിവെള്ളം ഉറപ്പാക്കുവാൻ, കാർഷിക - വൈദ്യുതിരംഗം ജലസമൃദ്ധമാകാൻ, പുഴകളിൽ ഒഴുക്ക് നിലനിറുത്തണം. അതുകൊണ്ട് പുഴ സംരക്ഷണത്തിനായി പ്രത്യേക സംവിധാനം വേണം. ഇക്കാര്യത്തിൽ സർക്കാരും നയരൂപീകരണം നടത്തുന്നവരും ഉണർന്നു പ്രവർത്തിക്കണം.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: WORLD RIVERS DAY
KERALA KAUMUDI EPAPER
TRENDING IN OPINION
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.