SignIn
Kerala Kaumudi Online
Thursday, 19 September 2024 12.59 PM IST

വി.സി സെർച്ച് പാനലിലേക്ക് പ്രതിനിധി: ക്വോറം തികയ്ക്കാതെ ഗവർണറുടെ നിർദ്ദേശം തള്ളും

Increase Font Size Decrease Font Size Print Page
ku

തിരുവനന്തപുരം: കേരള സർവകലാശാലയുടെപുതിയ വൈസ്ചാൻസലറെ കണ്ടെത്താനുള്ള സെർച്ച് കമ്മിറ്റിയിലേക്ക് സെനറ്റിന്റെ പ്രതിനിധിയെ അറിയിക്കണമെന്ന ഗവർണറുടെ ആവർത്തിച്ചുള്ള ആവശ്യത്തെതുടർന്ന് സെനറ്റ് വിളിച്ചാലും ക്വോറം തികഞ്ഞില്ലെന്ന കാരണം പറഞ്ഞ് പ്രതിനിധിയെ നിശ്ചയിച്ചേക്കില്ല. 105പേരാണ് സെനറ്റിൽ. ക്വോറം തികയാൻ അഞ്ചിലൊന്ന് അംഗങ്ങൾ വേണം. പത്തിൽ താഴെ യു.ഡി.എഫ് അംഗങ്ങളാണുള്ളത്. ഗവർണർ ശുപാർശ ചെയ്ത 14പേർ സെനറ്റിലുണ്ടെങ്കിലും അവരും പങ്കെടുത്തേക്കില്ല. സർക്കാർ നൽകിയ പട്ടികയിൽ നിന്നാണ് ഇവരെ ഗവർണർ നാമനിർദ്ദേശം ചെയ്തിട്ടുള്ളത്. നേരത്തേ ഗവർണർ സ്വന്തം നിലയിൽ സെർച്ച് കമ്മിറ്റി രൂപീകരിച്ചതിനെതിരെ സെനറ്റ് പ്രമേയം പാസാക്കിയപ്പോഴും ഇവർ എതിർത്തിരുന്നില്ല.

ഗവർണറുടെ നിർദ്ദേശപ്രകാരം 10ദിവസത്തെ നോട്ടീസ് നൽകി പേരിന് യോഗം വിളിച്ചാലും ക്വോറം തികഞ്ഞില്ലെന്ന സാങ്കേതികത്വം പറഞ്ഞ് സെർച്ച് കമ്മിറ്റിയിലേക്കുള്ള സെനറ്റ് പ്രതിനിധിയെ നിശ്ചയിക്കാനിടയില്ല. വി.പി.മഹാദേവൻ പിള്ളയുടെ കാലാവധി ഒക്ടോബർ 24ന് അവസാനിക്കുകയാണ്. സെനറ്റിന്റെ പ്രതിനിധിയെ ഒഴിച്ചിട്ട് ഗവർണർ നേരത്തേ സെർച്ച് കമ്മിറ്റി രൂപീകരിച്ചിരുന്നു. ഇത് നിയമവിരുദ്ധവും ജനാധിപത്യ വിരുദ്ധവുമാണെന്നും സെർച്ച് കമ്മിറ്റി റദ്ദാക്കണമെന്നും സെനറ്റ് പ്രമേയം പാസാക്കിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി വൈസ്ചാൻസലർ ഗവർണർക്ക് കത്ത് നൽകിയെങ്കിലും, ഉടനടി സെനറ്റ് വിളിച്ച് പ്രതിനിധിയെ കണ്ടെത്താൻ ഗവർണർ നിർദ്ദേശിക്കുകയായിരുന്നു. രണ്ടുവട്ടം നിർദ്ദേശിച്ചിട്ടും സെനറ്റ് പ്രതിനിധിയെ നൽകിയില്ലെന്ന കാരണത്താൽ, വൈസ്ചാൻസലർ നിയമനത്തിന് വിജ്ഞാപനമിറക്കുന്നതടക്കമുള്ള നടപടികളുമായി ഗവർണർ മുന്നോട്ടുപോയേക്കും.

ജൂൺ15ന് സെനറ്റ് ചേർന്ന് ആസൂത്രണബോർഡ് ഉപാദ്ധ്യക്ഷൻ പ്രൊഫ.വി.കെ.രാമചന്ദ്രനെ സെനറ്റിന്റെ പ്രതിനിധിയാക്കിയിരുന്നെങ്കിലും വി.സി നിയമനത്തിൽ ഗവർണറുടെ അധികാരം കവരുന്ന ബിൽ നിയമസഭയിലെത്തും മുൻപ്, പ്രൊഫ. രാമചന്ദ്രൻ സ്വയം ഒഴിഞ്ഞു. വീണ്ടും സെനറ്റ് വിളിച്ച് പ്രതിനിധിയെ നിശ്ചയിക്കാൻ കൂടുതൽ സമയം തേടി കേരള വി.സി ഗവർണർക്ക് കത്തെഴുതിയതിന് പിന്നാലെയാണ് സെനറ്റ് പ്രതിനിധിയെ ഒഴിച്ചിട്ട്, ആഗസ്റ്റ് അഞ്ചിന് ഗവർണർ സെർച്ച് കമ്മിറ്റി രൂപീകരിച്ചത്. മൂന്നുമാസമാണ് സെർച്ച്കമ്മിറ്റിയുടെ കാലാവധി. ഒരുമാസം കൂടി ഗവർണർക്ക് കാലാവധി നീട്ടാം. മൂന്നംഗ പാനലിൽ രണ്ട് അംഗങ്ങളെ ഗവർണർ നിയമിച്ചതോടെ സെർച്ച് കമ്മിറ്റിയിൽ ഭൂരിപക്ഷമായെന്നും വി.സി നിയമന വിജ്ഞാപനമിറക്കുന്നതിൽ തെറ്റില്ലെന്നും ഗവർണർക്ക് നിയമോപദേശം ലഭിച്ചിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: KU
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.