SignIn
Kerala Kaumudi Online
Sunday, 04 October 2026 8.13 AM IST

കലൂരിൽ യുവാവിനെ കുത്തിക്കൊന്ന കേസ്: പ്രതിയുടെ സഹായിയും സഹോദരനും പിടിയിൽ

arrest

കൊച്ചി: കലൂരിൽ മ്യൂസിക് ഷോയുടെ ലൈറ്റിംഗ് യൂണിറ്റിലെ ജീവനക്കാരനെ സഹപ്രവർത്തകരുടെ മുന്നിലിട്ട് കുത്തിക്കൊന്ന കേസിലെ രണ്ടാം പ്രതിയെയും മുഖ്യപ്രതിയുടെ ഇരട്ടസഹോദരനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം അമ്പൂരി കടപ്പനമൂട് സ്വദേശി അഭിഷേക് ജോൺ, കാസർകോട് പുത്തിഗെ കട്ടത്തടുക്ക രാഹിൽ മൻസിലിൽ മുഹമ്മദ് ഹുസൈൻ എന്നിവരാണ് പാലാരിവട്ടം പൊലീസിന്റെ പിടിയിലായത്. അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.

മുഖ്യപ്രതി മുഹമ്മദ് ഹസന്റെ സുഹൃത്തായ യുവതിയെ ചോദ്യം ചെയ്ത് വിട്ടയച്ചു. ഹസൻ മൈസൂരുവിലേക്ക് കടന്നെന്നാണ് വിവരം. ഇയാൾ നേരത്തെ ലഹരിക്കേസിൽ എക്സൈസിന്റെ പിടിയിലായിട്ടുണ്ടെന്ന വിവരവും പൊലീസിന് ലഭിച്ചു.

സംഭവത്തിനു ശേഷം കൊച്ചിയിൽ നിന്ന് ബൈക്കിൽ കടന്ന മുഹമ്മദ് ഹസൻ വയനാട് വച്ച് തലനാരിഴയ്ക്കാണ് പൊലീസിൽ നിന്ന് രക്ഷപ്പെട്ടത്. ബൈക്ക് ഉപേക്ഷിച്ച് മനസനഗുഡി വഴി ഇയാൾ മൈസൂരുവിലേക്ക് കടന്നെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ഇന്നലെ രാവിലെയാണ് അഭിഷേക് പൊലീസിന്റെ വലയിലായത്. ഇയാളും മുഹമ്മദ് ഹസനൊപ്പം കടന്നെന്നാണ് പൊലീസ് അദ്യം കരുതിയത്. മൊബൈൽ ലോക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ എറണാകുളം കച്ചേരിപ്പടിയിൽ നിന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഹുസൈനെയും എറണാകുളത്ത് നിന്നാണ് പൊലീസ് പിടികൂടിയത്. ഇരുവരെയും ഡെപ്യൂട്ടി കമ്മിഷണറുടെ നേതൃത്വത്തിൽ ചോദ്യം ചെയ്തുവരികയാണ്. അടിപിടി നടക്കുമ്പോൾ ഹുസൈൻ സ്ഥലത്തുണ്ടായിരുന്നില്ലെന്നാണ് വിവരം.

കാസർകോടുകാരായ ഹസനും ഹുസൈനും കൊച്ചിയിലെത്തിയ ആദ്യകാലങ്ങളിൽ ഓൺലൈൻ ഭക്ഷണ വിതരണ ജോലിയാണ് ചെയ്തിരുന്നത്. പിന്നീട് മറ്റു ബിസിനസുകളിലേക്ക് തിരിഞ്ഞു. അടുത്തിടെയാണ് ആലുവയിലെ ഫ്ലാറ്രിലേക്ക് താമസം മാറിയത്. ഹസന് ലഹരിയിടപാട് ഉണ്ടായിരുന്നതായി പൊലീസ് സംശയിക്കുന്നുണ്ട്.

ശനിയാഴ്ച കലൂർ സ്റ്റേഡിയത്തോട് ചേർന്നുള്ള ജി.സി.ഡി.എ സ്ഥലത്ത് നടന്ന വോൾഫ് ഇവന്റ് എന്ന പേരിൽ നടന്ന മ്യൂസിക് ലേസർ ഷോയ്ക്കിടെ യുവതിയോട് അപമരിയാതയായി പെരുമാറിയതിന് മുഹമ്മദ് ഹസനെ സംഘാടകർ പുറത്താക്കിയിരുന്നു. ഇതിന്റെ വൈരാഗ്യത്തിൽ, പുറത്താക്കലിന് കാരണക്കാരനായ തൃപ്പൂണിത്തുറ ആർ.എൽ.വി കോളേജിനടത്ത് വാടകയ്ക്ക് താമസിക്കുന്ന മട്ടാഞ്ചേരി പനയപ്പള്ളി അമ്മൻകോവിൽ റോഡിൽ ചെല്ലമ്മ വീട്ടിൽ രാജേഷ് രാധാകൃഷ്ണനെ (28) കുത്തിക്കൊല്ലുകയായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY