SignIn
Kerala Kaumudi Online
Friday, 26 April 2024 9.40 PM IST

പാതയോരങ്ങളിലെ കൊടി തോരണങ്ങൾ രാഷ്‌ട്രീയ പാർട്ടികൾ നീക്കണം

opinion

പാതയോരങ്ങളിലെ കൊടി തോരണങ്ങൾ ഒഴിവാക്കാൻ കഴിഞ്ഞ ഒരു വർഷമായി ഹൈക്കോടതി ഭഗീരഥപ്രയത്നത്തിലാണ്. കർശനമായ ഭാഷയിലൂടെ നിരവധി തവണ സർക്കാരിന് മുന്നറിയിപ്പും നൽകി. എന്നാൽ, സർക്കാർ മെല്ലപ്പോക്ക് നയം തുടരുകയാണ്. സർവകക്ഷിയോഗം വിളിച്ചെങ്കിലും കോടതി ഉത്തരവിനെ എങ്ങനെ മറികടക്കാമെന്ന ചിന്തയാണ് അവിടെ ഉയർന്നത്. കേസുകൾ പരിഗണിക്കുമ്പോൾ ജസ്‌റ്റിസ് ദേവൻ രാമചന്ദ്രൻ ഓരോ തവണയും മുന്നറിയിപ്പ് നൽകിയെങ്കിലും സർക്കാർ കേട്ടഭാവം നടിച്ചില്ലെന്ന് പറയേണ്ടിവരും. എന്തിനാണ് ഈ കടുംപിടുത്തമെന്ന് വ്യക്തമല്ല. പൊതുജനങ്ങൾക്ക് ഉപകാരപ്രദമായ കാര്യങ്ങളിലേക്ക് കോടതികൾ വിരൽ ചൂണ്ടുമ്പോൾ ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ടവർ അത് നടപ്പാക്കുകയാണ് വേണ്ടത്.

കോടതി ഉത്തരവുകളും സർക്കുലറുകളുമൊക്കെ ഉണ്ടായിട്ടും പാതയോരങ്ങളിൽ രാഷ്ട്രീയ പാർട്ടികൾ ഉൾപ്പെടെ അനധികൃതമായി കൊടിതോരണങ്ങളും ബാനറുകളും സ്ഥാപിക്കുന്നത് ഭരണപരാജയം കൊണ്ടാണെന്നായിരുന്നു ഹൈക്കോടതിയുടെ കഴിഞ്ഞ ദിവസത്തെ വിമർശനം. ഭാരത് ജോഡോ യാത്രയുടെ പേരിൽ ദേശീയപാതയോരത്ത് അനധികൃതമായി കൊടിതോരണങ്ങളും ബാനറുകളും സ്ഥാപിച്ചതു വ്യക്തമാക്കി അമിക്കസ് ക്യൂറി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി വിഷയം പരിഗണിച്ചത്. കോടതിയുടെ ഉത്തരവുകൾ സർക്കാർ നടപ്പാക്കുകതന്നെ വേണം. നിയമവിരുദ്ധമായി സ്ഥാപിച്ച സിനിമാ, വാണിജ്യ പോസ്റ്ററുകളുൾപ്പെടെ നീക്കം ചെയ്യണം. നഗരങ്ങൾ സൗന്ദര്യവത്‌‌കരിക്കാൻ ഓരോ ബഡ്ജറ്റിലും നഗരസഭകൾ കോടികൾ നീക്കിവയ്‌ക്കുമ്പോഴാണ് മറുഭാഗത്ത് അതിന് തുരങ്കം വയ്‌ക്കുന്ന നടപടികൾക്ക് സർക്കാർതന്നെ ഒത്താശ ചെയ്യുന്നത്.

പാതയോരങ്ങളിൽ നിയമവിരുദ്ധമായി കൊടിതോരണങ്ങളും ബാനറുകളും ബോർഡുകളും സ്ഥാപിച്ചതിനെതിരെ സർക്കാർ നടപടിയെടുക്കാത്തതിന് കോടതിയെയാണ് ചിലർ കുറ്റപ്പെടുത്തുന്നതെന്നായിരുന്നു ഹൈക്കോടതിയുടെ പരിഭവം. കൊടിയുടെ നിറം നോക്കിയല്ല കോടതി ഇടപെടുന്നത്. കോടതി കണ്ടില്ലെങ്കിൽ എന്തു നിയമവിരുദ്ധ പ്രവർത്തനങ്ങളുമാകാം എന്നാണോ? ഇത്തരം സാഹചര്യമുണ്ടാകുന്നത് ഭരണനിർവഹണത്തിന്റെ പരാജയം തന്നെയാണ്. ഭാരത് ജോഡോ യാത്രയുടെ കാര്യം അമിക്കസ് ക്യൂറി ചൂണ്ടിക്കാട്ടിയപ്പോൾ ആ ജാഥയ്‌ക്കൊപ്പമുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് കൺമുന്നിൽ ഇത്രയും വലിയ നിയമനിഷേധമുണ്ടായിട്ടും കാണാൻ കഴിഞ്ഞില്ലേയെന്നും ഹൈക്കോടതി ചോദിച്ചു. ഒരു പാർട്ടി ബോർഡും കൊടിയും വച്ചപ്പോൾ കോടതി ഒന്നും പറഞ്ഞില്ലല്ലോ ? ഇപ്പോൾ എന്തിനാണ് പറയുന്നതെന്നാണ് ഒരു വിഭാഗം ചോദിക്കുന്നത്. കോടതിയുടെ ശ്രദ്ധയിൽപ്പെടുന്ന കാര്യങ്ങളിൽ ഇടപെടും. ഉത്തരവുകൾ സർക്കാർ നടപ്പാക്കിയാൽ ഇത്തരം ആക്ഷേപങ്ങൾ ഉണ്ടാവില്ല. ഉത്തരവുകൾ നടപ്പാക്കാതെ സർക്കാർ പന്ത് കോടതിയുടെ കോർട്ടിൽ ഇടുകയാണ് ചെയ്യുന്നത്. ഉത്തരവുകൾ നടപ്പാക്കാനാവില്ലെങ്കിൽ സർക്കാർ അതു പറയണമെന്നും ശക്തമായ ഭാഷയിൽ കോടതി നയം വ്യക്തമാക്കുകയാണ്. അനധികൃതമായി സ്ഥാപിച്ച കൊടിതോരണങ്ങളും ബാനറുകളും മാലിന്യ സംസ്‌കരണത്തിനുള്ള നിലവിലെ സംവിധാനത്തിൽ സംസ്‌കരിക്കാൻ ഒരിക്കലും അനുവദിക്കരുത്. ഇക്കാര്യത്തിൽ സർക്കാർ കുറേക്കൂടി ഗൗരവമേറിയ സമീപനം സ്വീകരിക്കണം.

നഗരസൗന്ദര്യവത്കരണത്തിന് കോടികൾ ചെലവിടുമ്പോൾ വീഥികൾ കൊടിതോരണങ്ങളും ബാനറുകളും സ്ഥാപിച്ച് വിരൂപമാക്കുന്ന സ്ഥിതി ലോകത്ത് കേരളത്തിലല്ലാതെ മാത്രമേ കാണൂ. കോടതിയുടെയും റോഡ് സേഫ്ടി അതോറിറ്റിയുടെയും ഉത്തരവുകൾ നിലനിൽക്കുമ്പോഴാണ് കൊടിതോരണങ്ങൾ സ്ഥാപിക്കാൻ അനുമതി വേണമെന്നു രാഷ്ട്രീയപാർട്ടികൾ പറയുന്നത്. ഇതനുവദിച്ചാൽ പഴയ രീതിയിലേക്ക് തിരിച്ചുപോകും. കോടതി ഉത്തരവുകൾ നടപ്പാക്കാനുള്ളതല്ലെന്ന് വിശ്വസിക്കുന്നവരുടെ എണ്ണം കൂടി വരുന്നുവെന്ന കോടതിയുടെ നിരീക്ഷണം സമീപകാല സംഭവങ്ങളുടെ പശ്‌ചാത്തലത്തിലുള്ളതാണ്. ജനങ്ങൾക്ക് വേണ്ടിയാണ് നിയമങ്ങൾ കൊണ്ടുവരുന്നത്. അത് കൃത്യമായി നടപ്പാക്കുമ്പോഴാണ് ജനങ്ങൾക്ക് ഉപകാരപ്രദമാകുക. നിയമത്തെ എങ്ങനെ മറികടക്കാമെന്ന് സർക്കാർതന്നെ ചിന്തിക്കുന്നത് ഒരിക്കലും ആശാവഹമല്ല.

അനുവദനീയമല്ലാത്ത സ്ഥലങ്ങളിൽ പോസ്റ്ററുകളും കൊടിതോരണങ്ങളും സ്ഥാപിച്ചാൽ കനത്തതുക പിഴ ഈടാക്കണം. സാധാരണക്കാരിൽ നിന്ന് ചെറിയ കാര്യങ്ങൾക്കെല്ലാം പിഴയീടാക്കുന്ന ഈ നാട്ടിൽ രാഷ്ട്രീയ പാർട്ടികൾക്കെതിരെ നടപടിയെടുക്കാൻ ഉദ്യോഗസ്ഥർക്ക് മടിയാണ്. ഈ രീതി ശരിയല്ല. ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകുന്ന രീതിയിലുള്ള പ്രചാരണമാർഗങ്ങൾ ഉപേക്ഷിക്കേണ്ട കാലം കഴിഞ്ഞു. ഡിജിറ്റൽ ലോകത്ത് മറ്റ് മാർഗങ്ങൾ നിരവധിയുണ്ട്. കൊവിഡ് കാലത്ത് രാഷ്ട്രീയ പാർട്ടികൾ ഓൺലൈൻ പ്ളാറ്റ്ഫോമുകളിലേക്ക് ഇറങ്ങിയിരുന്നു. എന്നാൽ, കൊവിഡ് നിയന്ത്രണങ്ങൾ മാറിയതോടെ പ്രചാരണങ്ങൾ പഴയപടിയായി. നമ്മുടെ മുന്നിൽ ഒരു ബദൽ മാർഗമുള്ളപ്പോൾ അതിലേക്ക് വേഗത്തിൽ മടങ്ങാനുള്ള നടപടികൾ സ്വീകരിക്കുകയാണ് സർക്കാർ ചെയ്യേണ്ടത്.

വാഹനയാത്രികർക്ക് അപകടമുണ്ടാക്കുന്ന തരത്തിൽ കൊടിതോരണങ്ങൾ സ്ഥാപിക്കരുത്. എത്രയോ പേരാണ് അപകടത്തിൽപ്പെട്ട് കിടക്കയിൽ നിന്ന് എഴുന്നേൽക്കാനാവാതെ കഴിയുന്നത്. ജനങ്ങൾക്ക് അപകടമുണ്ടാക്കുന്ന തരത്തിൽ കൊടിതോരണങ്ങൾ സ്ഥാപിച്ചല്ല രാഷ്ട്രീയ പാർട്ടികൾ സമ്മേളനം നടത്തേണ്ടത്. എന്തിനും മാനദണ്ഡമുണ്ട്. അത് ലംഘിക്കുന്നവരെല്ലാം നിയമനടപടി നേരിടാൻ ബാദ്ധ്യസ്ഥരാണ്. തോന്നിയ സ്ഥലങ്ങളിലെല്ലാം കൊടിതോരണങ്ങൾ കെട്ടാമെന്ന രീതിക്ക് മാറ്റം വരണം. യാത്രികരുടെ സുരക്ഷയ്ക്കാണ് ഹെൽമറ്റ് നിർബന്ധമാക്കിയത്. തുടക്കത്തിൽ ഇത് ഉൾക്കൊള്ളാൻ പലരും തയ്യാറായിരുന്നില്ല. ബോധവത്ക്കരണത്തിലൂടെയും പിഴ നടപ്പാക്കുകയും ചെയ്തതോടെ മാറ്റമുണ്ടായി. അതുപോലെ അനധികൃതമായി കൊടിതോരണങ്ങൾ സ്ഥാപിക്കുന്നവർക്കെതിരെ നടപടിയെടുക്കാൻ സർക്കാർ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകണം.

കൊടിമരങ്ങൾ സൃഷ്ടിക്കുന്ന പ്രശ്‌നങ്ങൾ ചില്ലറയല്ല. കൊടിമരങ്ങൾ രാഷ്ട്രീയ കൊലപാതകങ്ങൾ മുതൽ കലാപങ്ങൾക്ക് വരെ വഴിവച്ച ചരിത്രമാണ് കേരളത്തിന്റേത്. കൊടിമരങ്ങൾ സ്ഥാപിക്കുന്നതിൽ കർശന മാനദണ്ഡം കൊണ്ടുവരണമെന്ന കാര്യത്തിൽ തർക്കമില്ല. തോന്നുന്ന സ്ഥലങ്ങളിൽ ആരോടും ചോദിക്കാതെ കൊടിമരങ്ങൾ സ്ഥാപിക്കാമെന്ന കാഴ്ചപ്പാടിൽ മാറ്റംവരണം. അതിനായി രാഷ്ട്രീയ പാർട്ടികൾ, സംഘടനകൾ, മതസംഘടനകൾ എന്നിവർ മാറിചിന്തിക്കണം. തങ്ങൾ ഇനി അനധികൃതമായി റോഡരികിൽ കൊടിമരങ്ങൾ സ്ഥാപിക്കില്ലെന്ന് സ്വയം തീരുമാനിക്കുകയാണ് വേണ്ടത്.

രാഷ്ട്രീയ പാർട്ടികൾ മാത്രമല്ല, വിവിധ മതസ്ഥാപനങ്ങളും സംഘടനകളുമൊക്കെ അനധികൃതമായി കൊടിമരങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. അനധികൃതമായി കൊടിമരങ്ങൾ സ്ഥാപിച്ചവർ അത് തിരിച്ചറിഞ്ഞ് സ്വയം നീക്കുകയാണ് വേണ്ടത്. ഭൂസംരക്ഷണ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം പിഴയടക്കമുള്ള നടപടികൾ ഉണ്ടെങ്കിലും ആരും സ്വീകരിക്കാറില്ല. കൊടിമരങ്ങൾ നാട്ടുന്നവർക്ക് ആ സ്ഥലം പിന്നീടു തങ്ങളുടെ സ്വന്തമാണെന്ന ധാരണയാണ്. യഥാർത്ഥത്തിൽ സാഹചര്യങ്ങൾ മനസിലാക്കി റോഡരികിൽ ഇനി കൊടിമരങ്ങൾ സ്ഥാപിക്കില്ലെന്ന പ്രഖ്യാപനമാണ് രാഷ്ട്രീയ പാർട്ടികൾ നടത്തേണ്ടത്. ഏതെങ്കിലുമൊരു പാർട്ടി അതിന് തുനിഞ്ഞാൽ നല്ലൊരു സന്ദേശമായിരിക്കും പിറക്കുക. ഇപ്പോൾ പന്ത് രാഷ്‌ട്രീയ പാർട്ടികളുടെ കോർട്ടിലാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: FLAGS AND HORDINGS ON THE ROAD
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.