SignIn
Kerala Kaumudi Online
Monday, 07 July 2025 8.05 AM IST

ശശികല ടീച്ചറുൾപ്പടെ  വർഗീയ വിഷം ചീറ്റുന്നവരെ ജയിലിലടക്കണം, രണ്ടാംതരം പൗരൻമാരായി കാണരുത്, പഴയ സിമിക്കാരൻ എന്ന് വിളിക്കുന്നവർക്കുള്ള മറുപടിയുമായി കെ ടി ജലീൽ

Increase Font Size Decrease Font Size Print Page
k-t-jaleel

പോപ്പുലർ ഫ്രണ്ടിനെയും അനുബന്ധ സംഘടനകളെയും നിരോധിച്ച കേന്ദ്ര സർക്കാർ നടപടിയെ സ്വാഗതം ചെയ്ത് ഇടത് സ്വതന്ത്ര എം എൽ എ കെ ടി ജലീൽ. എന്നാൽ ഹൈന്ദവ സമുദായത്തിൽ ഇതേ കാര്യങ്ങൾ ചെയ്യുന്ന ആർ എസ് എസ് അടക്കമുള്ള സംഘടനകൾക്കും നിരോധനം വേണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ശശികല ടീച്ചർ ഉൾപ്പടെയുള്ള വർഗീയ വിഷം ചീറ്റുന്നവരെ ജയിലിലടക്കണം.

ഇന്ത്യയിലെ ഒരു പൗരനും അരക്ഷിതനാണെന്ന് വരാതെ നോക്കാൻ കേന്ദ്ര സർക്കാറിന് ഉത്തരവാദിത്തമുണ്ടെന്നും. ഏതെങ്കിലും മതവിഭാഗക്കാരായതിനാൽ ഒരു തരത്തിലുള്ള വിവേചനവും ഒരു ജനവിഭാഗത്തോടും വ്യക്തിയോടും ഉണ്ടാകാതെ നോക്കാൻ അധികാരികൾക്ക് കഴിയണം. ആരെയും രണ്ടാംതരം പൗരൻമാരായി കാണരുതെന്നും കെ ടി ജലീൽ അഭിപ്രായപ്പെട്ടു.

'പഴയ സിമിക്കാരൻ' എന്ന വിശേഷണം തനിക്ക് ചാർത്തുന്നവരോടും ജലീൽ ഫേസ്ബുക്ക് പോസ്റ്റിലൂടെ മറുപടി നൽകി. തന്നെ ആക്ഷേപിക്കുന്ന ലീഗ് സൈബർ പോരാളികൾ അബ്ദുസ്സമദ് സമദാനി സിമിയുടെ സംസ്ഥാന കമ്മിറ്റി അംഗമായിരുന്നു എന്ന കാര്യം മറക്കരുതെന്നായിരുന്നു മറുപടി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

മുസ്ലിങ്ങൾക്കിടയിൽ തീവ്രവാദവും വർഗ്ഗീയതയും പ്രചരിപ്പിക്കുന്നതായും ദേശവിരുദ്ധ പ്രവർത്തനത്തിൽ പങ്കാളിത്തമുള്ളതായും അക്രമങ്ങൾക്കും കൊലപാതകങ്ങൾക്കും നേതൃത്വം നൽകിയതായും ദേശീയ അന്വേഷണ ഏജൻസികൾ കണ്ടെത്തിയതിൻ്റെ വെളിച്ചത്തിൽ പോപ്പുലർ ഫ്രണ്ടിനെയും അനുബന്ധ സംഘടനകളെയും നിരോധിച്ച കേന്ദ്ര സർക്കാർ നീക്കം സ്വാഗതാർഹമാണ്.

ഹൈന്ദവ സമുദായത്തിൽ ഇതേ കാര്യങ്ങൾ ചെയ്യുന്ന ആർ.എസ്.എസ് അടക്കമുള്ള സംഘടനകൾക്കും നിരോധനം ഏർപ്പെടുത്തേണ്ടതായിരുന്നു. ശശികല ടീച്ചർ ഉൾപ്പടെയുള്ള വർഗീയ വിഷം ചീറ്റുന്നവരെ ജയിലിലടക്കുകയും ചെയ്യണമായിരുന്നു.

കമൻ്റ് ബോക്സിൽ വന്ന് "പഴയ സിമിക്കാരൻ" എന്ന ചാപ്പ എനിക്കുമേൽ ചാർത്തുന്നവരോട് ഒരു വാക്ക്:

കൊള്ളയും കൊള്ളിവെപ്പും കൊലപാതകവും നടത്തി നിരവധി കേസുകളിൽ പ്രതിയായി, പിൽക്കാലത്ത് അതെല്ലാം ഉപേക്ഷിച്ച് സ്വന്തം രാഷ്ട്രീയ പാർട്ടി രൂപീകരിച്ച് പാർലമെൻ്റ് അംഗം വരെയായ ഫൂലൻദേവിയെ "പഴയ കൊള്ളക്കാരി" എന്ന് മുദ്രകുത്തി എന്തേ ആരും അപമാനിക്കാതിരുന്നത്?

നേരത്തെ ആർ.എസ്.എസിലോ സംഘ് കുടുംബത്തിലോ പ്രവർത്തിച്ച് പിന്നീട് ആ ബന്ധം ഉപേക്ഷിച്ച് മതേതര പാർട്ടികളിൽ എത്തിപെട്ടവർക്ക് "പഴയ സംഘി" എന്ന മേൽച്ചാർത്ത് എന്തേ ആരും പതിച്ചു നൽകാത്തത്?

ആ അളവുകോൽ എനിക്കു മാത്രം ബാധകമാക്കാത്തതിൻ്റെ "ഗുട്ടൻസ്" പിടികിട്ടുന്നില്ല.

എന്നെ "പഴയ സിമിക്കാരൻ" എന്ന് ആക്ഷേപിക്കുന്ന ലീഗ് സൈബർ പോരാളികൾ, 10 വർഷം ലീഗിൻ്റെ രാജ്യസഭാംഗവും 5 വർഷം എം.എൽ.എയും ഇപ്പോൾ ലോകസഭാംഗവും, മുസ്ലിം ലീഗ് ദേശീയ സെക്രട്ടറിയുമായ അബ്ദുസ്സമദ് സമദാനി സിമിയുടെ സംസ്ഥാന കമ്മിറ്റി അംഗമായിരുന്നു എന്ന കാര്യം മറക്കരുതെന്ന് അഭ്യർത്ഥിക്കുന്നു.

ഇന്ത്യയിലെ ഒരു പൗരനും അരക്ഷിതനാണെന്ന് വരാതെ നോക്കാൻ കേന്ദ്ര സർക്കാറിന് ഉത്തരവാദിത്തമുണ്ട്.

ഏതെങ്കിലും മതവിഭാഗക്കാരായതിനാൽ ഒരു തരത്തിലുള്ള വിവേചനവും ഒരു ജനവിഭാഗത്തോടും വ്യക്തിയോടും ഉണ്ടാകാതെ നോക്കാൻ അധികാരികൾക്ക് കഴിയണം.

ആരെയും രണ്ടാംതരം പൗരൻമാരായി കാണരുത്.

എല്ലാ ജനവിഭാഗങ്ങൾക്കും അധികാര തൊഴിൽ മേഖലകളിൽ അവരവരുടെ കഴിവിനും അനുപാതത്തിനുമനുസരിച്ച് അവസരങ്ങൾ നൽകാൻ രാജ്യം ഭരിക്കുന്നവർ ശ്രദ്ധിക്കണം.

നിരോധനം ഫലപ്രദമാകാൻ മേൽപറഞ്ഞ കാര്യങ്ങൾ കൂടി ചുമതലപ്പെട്ടവർ പ്രയോഗവൽക്കരിച്ചാൽ നന്നാകും.

മതമൈത്രിയും സാമുദായിക സൗഹാർദ്ദവും പൂത്തുലഞ്ഞ പഴയ നാളുകളിലേക്ക് നമുക്ക് തിരിച്ചു പോകണം. മഹാത്മാഗാന്ധിയും മൗലാനാ മുഹമ്മദലിയും തമ്മിലുള്ള ആത്മബന്ധം നാട്ടിൽ കളിയാടണം.

എല്ലാ വർഗ്ഗീയതകളും തുലയട്ടെ,

മാനവ ഐക്യം പുലരട്ടെ....

TAGS: K T JALEEL, FACEBOOK POST, SIMI, PFI, PFI BAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.