SignIn
Kerala Kaumudi Online
Friday, 26 April 2024 8.21 AM IST

മുങ്ങി മരിക്കുന്ന യുവത്വം

opinion

വളർച്ചയുടെ ഒരു ഘട്ടത്തിൽ നാം തറയിൽ കമിഴ്ന്നു നീന്തുമെങ്കിലും മനുഷ്യന് സ്വാഭാവികമായുള്ള സിദ്ധിയല്ല ജലത്തിൽ നീന്തൽ. അത് നാം ആർജിച്ചെടുക്കുന്നതാണ്. അതുകൊണ്ട് തന്നെ നമ്മുടെ നാട്ടിൽ ഉണ്ടാവുന്ന അസ്വാഭാവിക മരണങ്ങളിൽ എണ്ണത്തിൽ വളരെ കൂടുതലാണ് മുങ്ങിമരണങ്ങൾ. വാഹനാപകടങ്ങളും ആത്മഹത്യയും കഴിഞ്ഞാൽ ഏറ്റവുമധികം ജീവൻ അപഹരിക്കുന്നത് മുങ്ങി മരണങ്ങളാണ്. ധാരാളം ചെറുപ്പക്കാരും വിദ്യാർത്ഥികളും കുട്ടികളും മുങ്ങി മരണങ്ങൾക്കിരയാവുന്നുണ്ട്. ഇടുക്കി ജില്ലയിൽ ഈ മാസം രണ്ട് സംഭവങ്ങളിലായി 24 മണിക്കൂറിനിടെ നാല് യുവാക്കളാണ് മുങ്ങിമരിച്ചത്.

മുങ്ങിമരണങ്ങൾ മിക്കവാറും ഒറ്റയ്‌ക്കൊറ്റയ്ക്കായതിനാൽ പ്രാദേശിക വാർത്തകൾക്കപ്പുറം അത് ശ്രദ്ധിക്കപ്പെടാറില്ല.

റോഡപകടത്തിന്റെ കാര്യത്തിൽ കേരളത്തിൽ സുരക്ഷയ്ക്ക് കമ്മിറ്റികളുണ്ട്, ഫണ്ട് ഉണ്ട്, റോഡ് സേഫ്റ്റി വകുപ്പുണ്ട്, പ്രോഗ്രാമുകളുണ്ട്. പരിക്കേറ്റവരുടെയും മരിച്ചവരുടെയും എണ്ണം, ഏതൊക്കെ മാസങ്ങളിലാണ് കൂടുതൽ അപകടം നടന്നത് തുടങ്ങിയ വിവരങ്ങളെല്ലാം കേരളാ പൊലീസിന്റെ വെബ്‌സൈറ്റിലുണ്ട്. പക്ഷേ, മുങ്ങിമരണത്തിന്റെ കാര്യത്തിൽ ഇതൊന്നുമില്ല. മുങ്ങിമരണം കേരളത്തിലെ സുരക്ഷാനിർവഹണ രംഗത്തെ ഒരു അനാഥ പ്രേതമാണ്. ഇതിനെപ്പറ്റി വിവരങ്ങൾ ശേഖരിക്കുന്നില്ല എന്നതോ പോട്ടെ, ഇതിനെതിരെ ബോധവത്കരണം നടത്താൻ റോഡ് സുരക്ഷാ അതോറിട്ടി പോലെ ഒരു അതോറിട്ടിയോ റോഡ് സുരക്ഷക്കുള്ളത് പോലെ ഒരു ഫണ്ടോ ഇല്ല എന്നതാണ് യാഥാർത്ഥ്യം. സംസ്ഥാനത്തിന് ഒരു ജലസുരക്ഷാ പദ്ധതി എത്ര അത്യന്താപേക്ഷിതമാണെന്നതിലേക്കാണ് ഇത് വിരൽചൂണ്ടുന്നത്. നീന്തൽ സ്‌കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുന്നത് ഇനിയും വൈകരുത്. വെള്ളത്തിൽ വീഴുന്നവർക്ക് പ്രഥമശുശ്രൂഷ നൽകാൻ നമ്മുടെ കുട്ടികളെ പഠിപ്പിക്കണം. അപകടസ്ഥലത്ത് വെറും കാഴ്ചക്കാരായി നിന്ന് ഫോട്ടോയും വീഡയോയും എടുക്കുന്നവരായി മാത്രം നമ്മുടെ യുവാക്കൾ അധഃപതിക്കരുത്. പൊതുജനം ജലാശയങ്ങളിലെ സുരക്ഷിതമില്ലാത്ത ഇടങ്ങളിൽ ഇറങ്ങാൻ അധികൃതർ അനുവദിക്കരുത്. ഇതിനെല്ലാം സർക്കാർ മുൻകൈയെടുക്കും വരെ മുങ്ങിമരണങ്ങൾക്ക് അവസാനമുണ്ടാകില്ല.

നീന്തൽ പാഠ്യപദ്ധതിയുടെ

ഭാഗമാക്കണം

നീന്തൽ പോലുള്ള അതിജീവന പാഠങ്ങൾ സ്‌കൂൾ പാഠ്യപദ്ധതിയുടെ തന്നെ ഭാഗമാക്കാൻ ഒട്ടും വൈകികൂടാ. നാലുവയസിന് മുമ്പ് നീന്തൽ പഠിച്ചാൽ കുട്ടികളിലെ മുങ്ങി മരണം 80 ശതമാനത്തിൽ കൂടുതൽ കുറയ്ക്കാമെന്നാണ് പഠനങ്ങൾ. ഒരു വയസിൽത്ന്നെത നീന്തൽ പഠിപ്പിക്കാൻ കഴിയുമെങ്കിലും പ്രായോഗിക ബുദ്ധിമുട്ടുകൾ കാരണം ആറ് വയസിലാണ് മിക്കയിടങ്ങളിലും നീന്തൽ പഠിപ്പിക്കാൻ തുടങ്ങുന്നത്. കുത്തിയൊലിക്കുന്ന നീരൊഴുക്കുള്ള സ്ഥലങ്ങൾ, അടിയൊഴുക്കുള്ള സ്ഥലങ്ങൾ എന്നിങ്ങനെ എവിടെയെല്ലാം നീന്തരുത് എന്ന് കൂടി പഠിപ്പിക്കണം. മുന്നറിയിപ്പുകൾ അനുസരിക്കാനും പ്രത്യേകം പരിശീലനം നല്കണം. ജലസമ്പർക്കം ഒഴിവാക്കേണ്ട അവസരങ്ങളെ കുറിച്ച് അറിവുണ്ടാകുക എന്നത് പ്രധാനമാണ്. അകത്തും പുറത്തും വെള്ളമെന്ന മട്ടിൽ മദ്യപിച്ച് ജലക്രീഡയ്ക്കിറങ്ങരുത്.



അപകട സാദ്ധ്യതകൾ

ഒഴിവാക്കുക

പ്രതീക്ഷിക്കാത്ത ഇടങ്ങളിലും മുതിർന്നവരില്ലാതെ കുട്ടികൾ എത്തിപ്പെടാവുന്ന ഇടങ്ങളിലുമുള്ള വെള്ളക്കെട്ടുകൾ ഒഴിവാക്കാൻ ശ്രമിക്കണം. ഇത് ചെയ്യാൻ പറ്റാത്ത ഇടങ്ങളിൽ വേലി, മതിൽ കെട്ട് തുടങ്ങിയവ ഒരുക്കി സുരക്ഷ ഉറപ്പാക്കുക. പ്രളയസാദ്ധ്യത ഉള്ളിടത്ത് വെള്ളപൊക്ക സുരക്ഷയ്ക്കായ് ശാസ്ത്രീയമായി ചിറകെട്ടുകയും വരമ്പ് തീർക്കുകയും ചെയ്യണം. മൂടാത്ത കിണറുകൾ മറ്റൊരു അപകട സാദ്ധ്യതയാണ്. പൊട്ടക്കിണറുകൾ, ചെറിയ കുളങ്ങൾ തുടങ്ങിയവയും അപകട സാദ്ധ്യതകളാണ്. തൊട്ടിലിൽ കിടക്കാൻ മാത്രം പ്രായമുള്ള കുഞ്ഞിന് മരിക്കാൻ ഒരു ചെറിയ പാത്രത്തിലെ വെള്ളം മതി. പ്രത്യേകിച്ച് ഫ്ളാറ്റുകളിലും മറ്റും ഇന്നത്തെ എല്ലാവർക്കും തിരക്കുള്ള ജീവിതത്തിൽ ഇത് ഓർമ്മയിലുണ്ടാവണം. പാറമടകൾ വലിയൊരു പ്രശ്‌നമാണ്. ഖനനം കഴിഞ്ഞാൽ അവ ഉപേക്ഷിക്കുകയാണ് പതിവ്. അവിടെയുള്ള ജലത്തിൽ മുങ്ങിമരണങ്ങൾ സാധാരണമാണ്. വേനൽ കാലത്ത് പോലും ധാരാളം ജലമുള്ള നിരവധി പാറമടകൾ നമ്മുടെ നാട്ടിലുണ്ട്. അവയൊക്കെ ഉപയോഗയോഗ്യമാക്കി ജലസേചനം നടത്തുന്നതിൽ തെറ്റില്ലായിരിക്കാം. എന്നാൽ അവയുടെ അപകടസാദ്ധ്യത ചെറുതല്ല.

പ്രഥ ശുശ്രൂഷ പ്രധാനം

ഒട്ടു മിക്ക മുങ്ങി മരണങ്ങളും തടയാവുന്നതാണ് . വെള്ളത്തിൽ വീഴുന്നവരെ രക്ഷിക്കുന്ന വാർത്തകൾ പലപ്പോഴും നമ്മൾ വായിക്കാറുണ്ട്. എന്നാൽ, പ്രഥമ ശുശ്രൂഷയെ കുറിച്ച് ചില തെറ്റായ ധാരണകൾ ഇന്നുമുണ്ടെന്ന് വിദഗ്ദ്ധർ പറയുന്നു. ഉദരഭാഗത്ത് അമർത്തി കുടിച്ച വെള്ളം കളയുക എന്നത് ഗുണകരമല്ല എന്നുമാത്രമല്ല ചിലപ്പോൾ ദോഷകരവുമാകാം. അങ്ങിനെ ചെയ്യുമ്പോൾ ആമാശയത്തിലെ ആഹാര പദാർത്ഥങ്ങൾ ശ്വാസനാളിയിൽ എത്തിപ്പെടാനുള്ള സാധ്യതയുണ്ട്. അതിനാൽ അതൊഴിവാക്കുക. വായിലും മൂക്കിലും മറ്റും എന്തെങ്കിലും തടസങ്ങളുണ്ടെങ്കിൽ മാറ്റുക. തല അൽപം ചെരിച്ചുകിടത്തുക. ആവശ്യമെങ്കിൽ കൃത്രിമ ശ്വാസോച്ഛ്വാസം നൽകുക. താമസം കൂടാതെ ആവശ്യമായ സൗകര്യങ്ങളുള്ള ആശുപത്രിയിൽ എത്തിക്കുക. അപകടത്തിൽപ്പെടുന്നവരെ കരയിലേക്കെത്തിച്ചാൽ സ്വീകരിക്കേണ്ട അടിസ്ഥാന ജീവരക്ഷാ നടപടികളിൽ സാധാരണക്കാർക്ക് പരിശീലനം നൽകുന്നത് വളരെ പ്രയോജനപ്രദമായിരിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: WATER ACCIDENTS IN KERALA
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.