SignIn
Kerala Kaumudi Online
Friday, 26 April 2024 3.02 PM IST

മാരക ലഹരിക്കെതിരെ ജനകീയയുദ്ധം

photo

നാടിന്റെ ഭാവിക്കുമേൽ ഇരുൾമൂടുന്നവിധം മയക്കുമരുന്ന് എന്ന മഹാവിപത്ത് പടരുകയാണ്. കേരളത്തിലും മയക്കുമരുന്ന് വലിയ രീതിയിൽ പ്രചരിക്കുന്നുവെന്ന യാഥാർത്ഥ്യം കടുത്ത ആശങ്കയുണർത്തുന്നു.

നിയമം കർശനമായി നടപ്പാക്കുകയും വിശാലമായ സാമൂഹിക പ്രതിരോധം തീർക്കുകയും ചെയ്യുന്ന ദ്വിമുഖ തന്ത്രമാണ് കേരളം ഇക്കാര്യത്തിൽ സ്വീകരിക്കുന്നത്. മുഖ്യമന്ത്രിയുടെയും സർക്കാരിന്റെയും നേതൃത്വത്തിൽ മയക്കുമരുന്നിനെതിരായ ജനകീയയുദ്ധമാണ് സംസ്ഥാനത്ത് ഇന്ന് മുതൽ ആരംഭിക്കുന്നത്.

കുട്ടികളിലെയും കൗമാരക്കാരിലെയും ലഹരി ഉപഭോഗത്തിനെതിരെയുള്ള കർശന നടപടികൾ സാമൂഹ്യ പങ്കാളിത്തത്തോടെ ഏറ്റെടുത്ത് സർക്കാർ മുന്നോട്ടുപോവുകയാണ്. ഇതിനായുള്ള വിപുലമായ പ്രചാരണ പരിപാടികൾക്കാണ് ഈ ഗാന്ധിജയന്തി ദിനത്തിൽ തുടക്കമാവുന്നത്. സംസ്ഥാന തലത്തിലും ജില്ലാ, തദ്ദേശസ്വയംഭരണ വാർഡ്, വിദ്യാലയ തലത്തിലുമായി വിപുലമായ നിരീക്ഷണ സമിതികളുടെ വിപുലമായ ശൃംഖലതന്നെ സംസ്ഥാനത്ത് നിലവിൽ വരും. നവംബർ ഒന്നിന് എല്ലാ വിദ്യാലയങ്ങളിലും രക്ഷിതാക്കളും പൂർവവിദ്യാർത്ഥികളും ഉൾപ്പെടെ പരമാവധിപേരെ പങ്കെടുപ്പിച്ച് ലഹരിവിരുദ്ധ ചങ്ങല സൃഷ്ടിക്കും.

ആവർത്തിച്ച് കുറ്റകൃത്യത്തിൽ ഏർപ്പെടുന്നവർക്കെതിരെ കരുതൽ തടങ്കൽ നടപടിയും, ലഹരി കടത്തുന്നവരുടെ ഡാറ്റാബാങ്ക് തയ്യാറാക്കാനും സർക്കാർ നടപടി സ്വീകരിച്ചിട്ടുണ്ട്. കുറ്രകൃത്യത്തിൽ ഏർപ്പെടുന്നവർക്ക് കടുത്തശിക്ഷ ഉറപ്പാക്കും. ഇത്തരക്കാർക്ക് ഇപ്പോൾ ജാമ്യം എളുപ്പമാക്കുന്ന കേന്ദ്രനിയമത്തിൽ (എൻ.ഡി.പി.എസ്. ആക്ട് ) ഭേദഗതി വരുത്താൻ കേരളം കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടുകഴിഞ്ഞു.

പുതുതലമുറ കൂടുതൽ അപകടകാരികളായ സിന്തറ്റിക്ക് ഡ്രഗുകൾ ഉപയോഗിക്കുന്നതായാണ് അടുത്തകാലത്തുണ്ടായ കേസുകളിൽ നിന്നും മനസ്സിലാക്കുന്നത്. വിലകൂടിയതും ഒളിപ്പിച്ച് കടത്താൻ എളുപ്പമുള്ളതും, അതിതീവ്ര ദൂഷ്യവശങ്ങളുള്ളതുമായ സിന്തറ്റിക്ക് ഡ്രഗ്ഗുകൾ ഉപയോഗിക്കുന്ന വരുംതലമുറയുടെ ഭാവി ഇരുളടയുന്നു. മയക്കുമരുന്നുകൾ ഉപയോഗിക്കുന്നവരിൽ പൊതുവേ വിഭ്രാന്തി, അകാരണഭീതി, ആകുലത, മിഥ്യാബോധം എന്നീ അവസ്ഥകളുണ്ടാവുന്നു. പക്വതയോടുകൂടിയ പെരുമാറ്റമോ പ്രതികരണങ്ങളോ മയക്കുമരുന്ന് ഉപയോഗിക്കുന്നവരിൽ നിന്നും പ്രതീക്ഷിക്കാനാകില്ല. മാത്രമല്ല, കൊടുംക്രൂരമായ പ്രവൃത്തികൾക്കും പ്രതികരണങ്ങൾക്കും മയക്കുമരുന്ന് ഉപയോഗം കാരണമാകുന്നു. ലഹരി മാഫിയ പ്രധാനമായും ലക്ഷ്യമിടുന്നത് വിദ്യാർത്ഥികളെയും യുവജനങ്ങളെയുമാണ് . അതുകൊണ്ടുതന്നെ ലഹരിമാഫിയയുടെ വേരറുക്കാൻ, അവരിലേക്കെത്താൻ ഏറെ സാദ്ധ്യതയുള്ള യുവാക്കളെയും കുട്ടികളെയും കേന്ദ്രീകരിച്ച് പ്രവർത്തനങ്ങൾ നടത്തേണ്ടതുണ്ട്.

ബോധവത്കരണം ശക്തമാക്കിയും ലഹരിക്കടത്തിന് തടയിട്ടും അടിമകളായവർക്ക് ചികിത്സയിലൂടെ മോചനം ഉറപ്പാക്കിയും മാത്രമേ ഈ പോരാട്ടം നമുക്ക് വിജയിക്കാനാകൂ. സ്‌കൂളുകളിലും പൊതുഇടങ്ങളിലുമുള്ള എക്‌സൈസിന്റെയും പൊലീസിന്റെയും പരിശോധനയും നിരീക്ഷണവും കൂടുതൽ ശക്തമാക്കിയിട്ടുണ്ട്. എങ്കിലും വിദ്യാർത്ഥികളിലും യുവജനങ്ങളിലും അവബോധം സൃഷ്ടിക്കലാണ് ലഹരി പ്രതിരോധത്തിനുള്ള ഒന്നാമത്തെ മാർഗം.

മഹാഭൂരിപക്ഷവും കൗതുകം മൂലമാണ് ആദ്യമായി ലഹരി ഉപയോഗിക്കുന്നതെന്നാണ് എക്‌സൈസ് വകുപ്പ് കൗമാരക്കാരിൽ നടത്തിയ പഠനത്തിൽ കണ്ടെത്തിയത്.

ലഹരി ഉപയോഗത്തിലെ ദേശീയ ശരാശരിയേക്കാൾ വളരെ പിന്നിലാണ് കേരളം. പല സംസ്ഥാനങ്ങളിലേക്കും വലിയ തോതിൽ എത്തുന്ന മയക്കുമരുന്ന്, ചെറിയ അളവുകളാക്കിയാണ് വിതരണം ചെയ്യുന്നത്. ഈ മയക്കുമരുന്ന് കേരളത്തിലും എത്തുന്നുണ്ട്. എൻഫോഴ്സ്‌മെന്റ് സംവിധാനം ശക്തിപ്പെടുത്തിയും സാമൂഹ്യ പ്രതിരോധത്തിലൂടെയും ഈ പ്രതിസന്ധിയെ നമുക്ക് അതിജീവിക്കണം

സംസ്ഥാനത്ത് മയക്കുമരുന്ന് കേസുകൾ വർദ്ധിക്കുന്നു എന്നതിന് എക്‌സൈസിന്റെ ശക്തമായ ഇടപെടൽ നടക്കുന്നു എന്നുകൂടി അർത്ഥമുണ്ട്. ഇത് ഉദ്യോഗസ്ഥരുടെ പ്രവർത്തനമികവ് കൊണ്ട് കൂടിയാണ്. 2021 വർഷത്തിൽ 3922 കേസ്സുകൾ കണ്ടെടുത്ത സ്ഥാനത്ത് 2022 ൽ ഇതിനകം 3668 കേസുകൾ കണ്ടെടുത്തിട്ടുണ്ട്. 2021 ൽ 6.130 കിലോഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തപ്പോൾ, 2022ൽ ഇതിനകം 5.71 കിലോഗ്രാം പിടിച്ചെടുത്തു. 3104 കിലോ കഞ്ചാവും പിടിച്ചെടുത്തിട്ടുണ്ട്. മയക്കുമരുന്ന് കണ്ടെത്താൻ എക്‌സൈസ് വകുപ്പും പൊലീസ് ഉൾപ്പെടെയുളള മറ്റ് ഏജൻസികളും ശക്തമായ പ്രവർത്തനമാണ് നടത്തുന്നത്.


എക്‌സൈസും വിമുക്തിമിഷനും ചേർന്ന് സ്‌കൂളുകളും കോളേജുകളും ഹോസ്റ്റലുകളും കേന്ദ്രീകരിച്ച് വിപുലമായ ബോധവത്കരണ പ്രചാരണ പരിപാടികളും സംസ്ഥാനത്താകെ നടപ്പിലാക്കുന്നുണ്ട്. വിമുക്തിക്ലബ്ബുകളും കൗൺസിലിംഗും കായിക പരിശീലനവും തുടങ്ങിയ പദ്ധതികളും ബോധവത്കരണവും ശക്തമാണ്. കുട്ടികൾ ഒരുമിച്ച് താമസിക്കുന്ന സ്ഥലങ്ങളിൽ ഓൺലൈൻ ഡെലിവറി നടത്തുന്ന ആളുകളുടെ പശ്ചാത്തലവും വിശദമായി അന്വേഷിക്കുന്നുണ്ട്.

വിദ്യാർത്ഥികളും യുവാക്കളും, ലഹരിക്കടത്തും ഉപയോഗവും തടയാനുള്ള സന്നദ്ധ പ്രവർത്തകരായി മാറാനുള്ള ശ്രമമാണ് നടത്തേണ്ടത്. 9447178000, 9061178000 എന്നീ നമ്പറുകളിൽ വിളിച്ച് ആർക്കും ലഹരിയുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങൾ കൈമാറാം.

ലഹരിക്ക് അടിപ്പെട്ടവരെ മോചിപ്പിക്കാനും സാമൂഹ്യ ഇടപെടൽ അനിവാര്യമാണ്. വിമുക്തി മിഷൻ ആരോഗ്യവകുപ്പുമായി ചേർന്ന് 14 ജില്ലകളിലും സ്ഥാപിച്ച ഡി അഡിക്ഷൻ കേന്ദ്രങ്ങൾ ഫലപ്രദമായി പ്രവർത്തിക്കുന്നുണ്ട്. 2022ൽ ആഗസ്റ്റ് വരെ 77,781 പേർക്ക് ഒ.പിയിലും 6593 പേർക്ക് ഐ.പിയിലും ചികിത്സ നൽകി. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് മേഖലാതലത്തിലും കൗൺസിലിംഗ്, ഡി അഡിക്ഷൻ കേന്ദ്രങ്ങളും പ്രവർത്തിക്കുന്നു. 14405 എന്ന ടോൾ ഫ്രീ നമ്പറുമുണ്ട്.
മയക്കുമരുന്ന് വിതരണവും കടത്തും തടയാനായി രഹസ്യ നിരീക്ഷണവും ശക്തമായ എൻഫോഴ്സ്‌മെന്റ് പ്രവർത്തനവും ചെക്ക്‌പോസ്റ്റുകളിൽ കർശന വാഹന പരിശോധനയും നടക്കുന്നുണ്ട്. എൻ.ഡി.പി.എസ് കേസുകളിലെ മുൻപ്രതികളുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുകയും അവർ തുടർകുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തും.

ആദിവാസി - തീരദേശ മേഖലകളിലും അതിഥി തൊഴിലാളികൾക്കിടയിലും ലഹരിവർജ്ജന പ്രവർത്തനങ്ങൾക്ക് പ്രത്യേകശ്രദ്ധ നൽകും. യുവാക്കളിലും കുട്ടികളിലും കായികശേഷി വർദ്ധിപ്പിക്കാനും അനഭിലഷണീയമായ പ്രവണതകളിൽ ഏർപ്പെടാതിരിക്കുന്നതിനും ഫിറ്റ്നസ് കേന്ദ്രങ്ങൾ ആരംഭിക്കുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കും.

നമ്മുടെ യുവതയെ ലഹരിയുടെ പിടിയിൽനിന്ന് മോചിപ്പിക്കാനുള്ള പ്രവർത്തനത്തിൽ കേരളം ഒറ്റക്കെട്ടായി അണിനിരക്കണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ANTI DRUGS
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.