SignIn
Kerala Kaumudi Online
Friday, 26 April 2024 1.31 PM IST

ഈ പോരാട്ടത്തിൽ പരാജയപ്പെടരുത്

photo

ഗാന്ധിജയന്തി ദിനമായ ഇന്ന് ലഹരിക്കെതിരെ സർക്കാരിന്റെ നേതൃത്വത്തിൽ ഒരു ജനകീയ പോരാട്ടത്തിന് തുടക്കമിടുകയാണ്. ആദ്യഘട്ടത്തിലെ ഒരുമാസം നീളുന്ന ലഹരിവിരുദ്ധ പ്രചാരണത്തിനാണ് മുഖ്യമന്ത്രി തുടക്കമിടുന്നത്. പ്രധാനമായും സ്‌കൂളുകളും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളും കേന്ദ്രീകരിച്ചാവും പ്രചാരണം നടക്കുക. ലഹരിവിരുദ്ധ പ്രചാരണം പാഠ്യപദ്ധതിയുടെ ഭാഗമാക്കുന്ന കാര്യം പരിഗണനയിലാണെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം സ്വാഗതാർഹമാണ്. മത, സാമുദായിക സംഘടനാ പ്രതിനിധികളുടെ യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. മതവിഭാഗങ്ങൾക്ക് നേതൃത്വം നൽകുന്നവരുടെ സഹകരണം ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് അത്യാവശ്യമാണ്. മതകേന്ദ്രങ്ങളും ലഹരിവിരുദ്ധ ബോധനത്തിന് തയ്യറാകണം.

ലഹരിക്കെതിരെ നല്ല തോതിൽ ജനങ്ങളെ അണിനിരത്തണമെങ്കിൽ എല്ലാവരുടെയും സഹകരണം ആവശ്യമാണ്. ഇത്തരം പ്രചാരണങ്ങൾ പാഠ്യപദ്ധതിയുടെ ഭാഗമാകുമ്പോൾ കുട്ടികൾ ചെറുപ്രായത്തിലേ ലഹരിയുടെ ദൂഷ്യവശങ്ങളെക്കുറിച്ച് മനസിലാക്കാൻ ഇടയാക്കും. ലഹരിക്കച്ചവടം നടത്തുന്നവർ പ്രധാനമായും ലക്ഷ്യമിടുന്നത് സ്‌കൂൾ കുട്ടികളെയാണ്. ആദ്യം കുട്ടികൾക്ക് സൗജന്യമായി ലഹരിനൽകി അടിമയാക്കി പിന്നീട് അവരെ കച്ചവടത്തിന്റെ ഇടനിലക്കാരായി പോലും ഉപയോഗിക്കുന്നതായി പൊലീസ് റിപ്പോർട്ടുണ്ട്. അതിനാൽ ലഹരിമാഫിയയെ നേരിടാനുള്ള സർക്കാരിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും പ്രതിപക്ഷവും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ലഹരി ഉപയോഗം അതീവ ഗുരുതരമായ സാമൂഹ്യപ്രശ്നമായി മാറിയിരിക്കുകയാണ്. പുതിയ ജനറേഷൻ ലഹരികളുടെ കടത്തും ഉപയോഗവും സംബന്ധിച്ച കേസുകൾ ഓരോ വർഷം കഴിയുന്തോറും ഇരട്ടിയിലധികമായാണ് വർദ്ധിക്കുന്നത്. ലഹരിക്ക് അടിമകളായ ഭൂരിപക്ഷംപേരും കൗമാരത്തിൽത്തന്നെ ലഹരി ഉപയോഗം തുടങ്ങിയതാണെന്ന എക്സൈസ് വകുപ്പിന്റെ റിപ്പോർട്ട് പ്രശ്നത്തിന്റെ ഗുരുതരാവസ്ഥ ബോദ്ധ്യപ്പെടുത്തുന്നു. അതിനാൽ ലഹരിക്കെതിരെയുള്ള സർക്കാരിന്റെ ഈ നീക്കത്തിൽ രക്ഷാകർത്താക്കളും സ്‌കൂൾ അധികൃതരും അദ്ധ്യാപകരും സന്നദ്ധ സംഘടനകളും മനഃശാസ്‌ത്രജ്ഞരും സാമൂഹ്യപ്രതിബദ്ധതയുള്ള എല്ലാവരും ഒന്നായി അണിനിരക്കണം.

ഗാന്ധിജയന്തിദിനം ഞായറാഴ്ചയായതിനാൽ ലഹരിവിരുദ്ധ പ്രചാരണത്തിനായി ചില സ്‌കൂളുകൾ തുറക്കില്ലെന്ന സമീപനം ഒരു വിഭാഗം കൈക്കൊണ്ടത് ശരിയായില്ല. അന്നത്തെ ദിവസത്തെ ഏറ്റവും വലിയ മതപരമായ പ്രാർത്ഥനയായിത്തന്നെ ഈ യജ്ഞത്തെ കാണുകയാണ് വേണ്ടത്. ആരോഗ്യമുള്ള സമൂഹം നിലനിന്നാലേ മതങ്ങൾക്കും നിലനില്പുള്ളൂ എന്ന യാഥാർത്ഥ്യം എല്ലാവരും ഉൾക്കൊള്ളേണ്ടതാണ്.

സ്‌കൂൾ തലങ്ങളിൽ കായികമായ പ്രവർത്തനങ്ങൾക്ക് ഇപ്പോഴുള്ളതിന്റെ ഇരട്ടി പ്രാധാന്യം നൽകിക്കൊണ്ടും ലഹരിക്കെതിരെയുള്ള പോരാട്ടം തുടരേണ്ടത് ആവശ്യമാണ്. പുതുതലമുറയെ ലഹരിയിലേക്ക് തള്ളിവിടാനുള്ള ലഹരി മാഫിയകളുടെ പ്രവർത്തനങ്ങളെ തടയാൻ വിദ്യാർത്ഥി സംഘടനകൾക്കും വലിയ പങ്ക് വഹിക്കാനാവും. സർക്കാരിന്റെ വിവിധ വകുപ്പുകളുമായി സഹകരിച്ചുകൊണ്ട് കേരളകൗമുദി ബോധപൗർണമി എന്ന പേരിൽ വർഷങ്ങളായി ലഹരിവിരുദ്ധ പ്രചാരണങ്ങൾ സ്‌കൂളുകൾ കേന്ദ്രീകരിച്ച് നടത്തുന്നുണ്ട്. ഈ യജ്ഞം വളരെ ശക്തമായി ഞങ്ങൾ തുടരും. എല്ലാവരും അണിനിരക്കേണ്ട ഒരു പോരാട്ടമാണിത്. ഇതിൽ നമുക്ക് പരാജയപ്പെടാനാവില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ANTI DRUGS
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.