SignIn
Kerala Kaumudi Online
Friday, 26 April 2024 10.56 AM IST

ഗുരുദേവന്റെ ശ്രീശാരദാ സങ്കല്പം

photo

ശിവഗിരിയിൽ വിശ്രമിക്കുന്ന അവസരങ്ങളിൽ ദർശനാർത്ഥം എത്തിച്ചേരുന്നവരോട് ശ്രീനാരായണ ഗുരുദേവൻ ചോദിക്കുമായിരുന്നു. 'നിങ്ങൾ നമ്മുടെ അമ്മയേ കണ്ടുവോ ?​ ' എന്ന്. ഒരു അമ്മ ശരീരധാരണം ചെയ്ത് ശിവഗിരിയുടെ താഴ്വരയിൽ വിശ്രമിക്കുന്നതു പോലെയായിരുന്നു മഹാഗുരുവിന്റെ സങ്കല്പവും തീരുവചനങ്ങളും. ഒരിക്കൽ സി.വി. കുഞ്ഞുരാമൻ , സി.കേശവൻ, സഹോദരൻ അയ്യപ്പൻ എന്നിവർ അൽപ്പം ആശങ്കയോടെ ഈ സാന്നിദ്ധ്യത്തെക്കുറിച്ച് ഗുരുദേവനോട് സംസാരിച്ചപ്പോൾ ഗുരുദേവൻ അവരെ ശാരദാമഠത്തിൽ കൂട്ടിക്കൊണ്ട് പോയി സംശയം തീർത്തെന്നും ചരിത്രമുണ്ട്.
ഇന്നും ശിവഗിരിയിലെത്തുന്ന ജനലക്ഷങ്ങൾ ശ്രീശാരദാംബിക വരദായിനിയാണ്. കുട്ടികളുടെ വിദ്യാരംഭം, അന്നപ്രാശനം, നാമകരണം എന്നിവയാണ് ശാരദാമഠത്തിൽ പ്രധാനം. സാധാരണ ക്ഷേത്രങ്ങളിലെന്നപോലെ അഭിഷേകവും നിവേദ്യവും വൈദികതാന്ത്രികപൂജകളും ഗുരുദേവൻ വിധിച്ചിട്ടില്ല. വിദ്യാദേവതയായ ശ്രീശാരദാംബികയുടെ 108 മന്ത്രം ചൊല്ലി അർച്ചനചെയ്യാം. വിദ്യാദേവതയെ പൂജിച്ച് ആരാധിക്കുന്നവർക്ക് വിദ്യാലാഭമുണ്ടാക്കുക എന്ന സങ്കല്പത്തിൽ പേന ഇവിടെ നിന്നും പ്രസാദമായി നൽകാറുണ്ട്. ശ്രീശാരദാപ്രതിഷ്ഠാവേളയിൽ ഗുരുദേവ ശിഷ്യനായ ശ്രീ ശിവപ്രസാദ് സ്വാമികൾ 'നോക്കുകിൽ പേന രാജ്യം ഭരിക്കുന്നു' എന്നെഴുതിയത് ശ്രീ ശാരദയുടെ മഹിതമായ സങ്കല്പത്തിലാണ്.
ശാരദാമഠത്തോട് ചേർന്ന് നവരാത്രിക്ക് നടത്തുന്ന കാവ്യാർച്ചന പ്രസിദ്ധമാണ്. ഒൻപത് ദിവസവും വിവിധ കലകളിൽ പ്രാവീണ്യം സിദ്ധിച്ചവർ ഇവിടെ അരങ്ങേറ്റം നടത്തുന്നു. സരസ്വതി സങ്കല്പത്തിൽ ദേവിയുടെ നാലുകൈകളിലൊന്നിൽ വീണയാണ് ധരിച്ചിരിക്കുന്നത്. എന്നാൽ ഗുരുദേവൻ വിദ്യകൊണ്ട് സ്വാതന്ത്ര്യരാകുവിൻ എന്ന ദർശനപ്രകാരം വീണയ്ക്കുപകരം ദേവിയുടെ തൃക്കൈയിൽ പുസ്തകം നൽകിയിരിക്കുന്നു. നാലുകൈകളിൽ കൊടുത്തിരിക്കുന്ന പുസ്തകം, കലശം, കിളി, ചിൻമുദ്ര എന്നതിനെ യഥാക്രമം ധർമ്മം, അർത്ഥം, കാമം, മോക്ഷം എന്നീ പുരുഷാർത്ഥങ്ങളുമായി സമന്വയിപ്പിക്കാറുണ്ട്. രാഷ്ട്രമീമാംസകൻ കൂടിയായ ഗുരുദേവൻ ശിവഗിരി തീർത്ഥാടനത്തെ വിഭാവനം ചെയ്തപ്പോൾ അഷ്ടാംഗങ്ങളിൽ ഒന്നാമതായി നൽകിയിരിക്കുന്നത് വിദ്യാഭ്യാസത്തെയാണല്ലോ.
ശാരദാമഠത്തിലെ പ്രധാന സങ്കൽപ്പമായിരിക്കുന്നത് വിദ്യാരംഭമാണ്. സാധാരണ ദിവസങ്ങളിൽ നിരവധി വിദ്യാരംഭങ്ങൾ ശാരദാമഠത്തിൽ നടത്തിവരുന്നു. നവരാത്രിയ്ക്ക് പൂജവയ്പ്പും ദേവിയുടെ നാമാർച്ചനയും തുടർന്ന് വിജയദശമി നാളിൽ വിദ്യാരംഭവും. ശിവഗിരി മഠത്തിലെ ഗുരുവിന്റെ ശിഷ്യപരമ്പരയിൽപ്പെട്ട സംന്യാസിമാരാണ് വിദ്യാരംഭത്തിന് നേതൃത്വം നൽകുന്നത്.

ശാരദാപ്രതിഷ്ഠാ 1912 മേയ് ഒന്നിനായിരുന്നു. പ്രതിഷ്ഠാനന്തരം ഗുരുദേവൻ വിദ്യാർത്ഥി സമ്മേളനം, സ്ത്രീ സമ്മേളനം എന്നിവ സംഘടിപ്പിച്ചിരുന്നു. കൂടാതെ സ്‌പോർട്സും ഗെയിംസും. നമ്മുടെ രാജ്യം ചിന്തിക്കുന്നതിനും മുമ്പ് ഒരു നൂറ്റാണ്ടിന് മുമ്പ് ഗുരുദേവൻ ഇതൊക്കെ ശാരദാമഠത്തിൽ പ്രായോഗികമാക്കി. ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യയ്ക്കും പ്രാധാന്യം നൽകി. അമ്പലത്തിൽ തൊഴാൻ പോകുന്നയാൾ ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യ ശീലിയ്ക്കണമെന്ന് പറയുവാൻ ഒരു ശ്രീനാരായണ ഗുരുവിന് മാത്രമേ ചരിത്രത്തിൽ കാണാനാവൂ. ഗുരുവിന്റെ ചിന്ത അത്രയും പരിഷ്‌കൃതമായിരുന്നു. ശ്രീനാരായണ ഗുരു ഒരു രാജ്യത്തിന്റെ സമഗ്ര വികസനത്തിന് ആവശ്യമായ പദ്ധതികൾ ഒരു രാഷ്ട്രമീമാംസകനെപ്പോലെ മാർഗനിർദ്ദേശം നൽകി പ്രായോഗികമാക്കി കാണിച്ചുകൊടുത്തു.
ഗുരുദേവൻ ശ്രീശാരദയെ സങ്കൽപ്പിച്ചുകൊണ്ട് രചിച്ച കൃതിയാണ് ജനനീ നവരത്ന മഞ്ജരി. ഒൻപത് ശ്ലോകങ്ങളുള്ള ഈ കൃതി മലയാളഭാഷയ്ക്ക് ലഭിച്ച വരദാനമാണ്. അതിലെ ഒരു ശ്ലോകം ഉദ്ധരിക്കാം.
മീനായതും ഭവതി മാനായതും ജനനി
നീനാകവും നയഗഘം
നീനാമരൂപമതിൽ നാനാവിധ പ്രകൃതി
മാനായി നിന്നറിയു-
മീഞാനായതും ഭവതി ഹേ നാദരൂപിണി
അഹോ നാടകം നിഖിലവും
ഇതാണ് ഗുരുവിന്റെ ശാരദാസങ്കൽപ്പം. മീനായതും മാനായതും പക്ഷിയായതും ഓടുന്നതും ഇഴയുന്നതും നരനും നാരിയും സ്വർഗ്ഗവും നരകവും ദേവനും അസുരനും എന്ന് വേണ്ട സൗരയൂഥാദി സകലപ്രപഞ്ചവും ഒരേയൊരു സത്യം തന്നെ. ദൈവത്തിൽ നിന്നും - ദേവിയിൽ നിന്നും ഭിന്നമായി ഇവിടെ യാതൊന്നുമില്ല. അതാണ് പരമമായ അദ്വൈതാവസ്ഥ.

ഗുരുദേവൻ അവിടത്തെ അനന്തരഗാമിയായി ശിഷ്യപ്രമുഖൻ ബോധാനന്ദ സ്വാമികളെ അഭിഷേകം ചെയ്തത് വിജയദശമിയ്ക്കായിരുന്നു. അതുപോലെ പല ശിഷ്യന്മാർക്കും സംന്യാസദീക്ഷ നൽകിയതും ഈ ദിനത്തിലാണ്. മാത്രമല്ല ശിഷ്യസംഘമായ ശ്രീനാരായണ ധർമ്മസംഘത്തിന്റെ വാർഷികവും നവരാത്രികാലത്തെ വിജയദശമി തന്നെ. ഈ വർഷം ധർമ്മസംഘത്തിന്റെ 95-ാമത് വാർഷികം വിജയദശമിക്ക് നടത്താനുള്ള ഒരുക്കങ്ങൾ ശിവഗിരിയിൽ നടന്നുവരുന്നു. അന്നുതന്നെ പൂജയെടുപ്പും വിദ്യാരംഭവും. ഏവർക്കും വിദ്യാദേവതയുടെ കടാക്ഷം ഉണ്ടാകട്ടേ എന്ന് പ്രാർത്ഥിക്കുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ARE NARAYANA GURU
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.