SignIn
Kerala Kaumudi Online
Friday, 26 April 2024 6.14 PM IST

അഴക് കൂട്ടാം കേരളത്തിന്

ss

മനുഷ്യൻ മനുഷ്യനെ തിരിച്ചറിഞ്ഞില്ല. അവർക്കിടയിൽ അന്ധവിശ്വാസങ്ങൾ തീർത്ത വേലിക്കെട്ടുകളും, മതിലുകളും. ഇതുകണ്ട് സ്വാമി വിവേകാനന്ദൻ പറഞ്ഞു ''കേരളം ഭ്രാന്താലയമാണ്." കാലം കടന്നുപോയി. ബോധിവൃക്ഷച്ചുവട്ടിൽ നിന്നും ബോധോദയം നേടിയ ശ്രീബുദ്ധനെപ്പോലെ നെടുനാളത്തെ കൊടുംതപസിൽ നിന്നും സമാർജ്ജിച്ച മഹാമന്ത്രവുമായി ശ്രീനാരായണഗുരുദേവൻ ജനമദ്ധ്യത്തിലേക്ക് കടന്നുവന്നു. ജനലക്ഷങ്ങൾ തങ്ങളുടെ രക്ഷകനെ തിരിച്ചറിഞ്ഞു. ഗുരുദേവന്റെ മാന്ത്രികശക്തിയുള്ള മഹാവചനങ്ങൾ തരംഗങ്ങളായി, തിരമാലകളായി കേരളമാകമാനം വീശിയടിച്ചു. അന്ധവിശ്വാസങ്ങളുടേയും അനാചാരങ്ങളുടേയും ഗോപുരങ്ങൾ ഒന്നൊന്നായി നിലംപൊത്തി. കേരളം ഒരു നവോത്ഥാനത്തിന് സാക്ഷ്യം വഹിച്ചു. പോകപ്പോകെ കേരളം പ്രബുദ്ധരുടെ നാടായി മാറി.

കാലം മുന്നോട്ട്. ശാസ്ത്രസാങ്കേതിക രംഗങ്ങളിൽ വിജ്ഞാന വിസ്‌ഫോടനം നടന്നു. അത് ഭൗതിക ജീവിതത്തിൽ വിസ്‌മയങ്ങൾ സൃഷ്ടിച്ചു. തുടർന്നങ്ങോട്ട് നേട്ടങ്ങളുടെ ഘോഷയാത്ര തന്നെയായിരുന്നു. അതുൾക്കൊള്ളാനും പ്രായോഗികമാക്കാനും മലയാളികൾക്ക് കഴിഞ്ഞു. ഗൾഫ് നാടുകളിലേക്കും വികസിത രാജ്യങ്ങളിലേക്കും മലയാളിപ്രവാഹം തന്നെയുണ്ടായി. വിദേശപണം വെള്ളംപോലെ ഒഴുകിയെത്തി. ഒരാധുനിക പരിഷ്‌കൃത ലോകത്തിന്റെ മിന്നുന്നമുഖം കേരളം സ്വന്തമാക്കി.

സമാന്തരമായി അനഭിലഷണീയമായ മറ്റൊന്നുകൂടി സംഭവിച്ചു. കേരളത്തിന്റെ തെരുവീഥികളിൽ കൂടി മദ്യം പുഴയായൊഴുകി. അതിൽ നീന്തിക്കളിക്കാൻ തിരക്കേറി. മയക്കുമരുന്നും ഇന്റർനെറ്റും അകമ്പടിയായി. തെറ്റും ശരിയും തിരിച്ചറിഞ്ഞില്ല. കുഞ്ഞുങ്ങളും വൃദ്ധകളും വരെ ഇരകളായി. ഈ അപചയം സമസ്ത മണ്ഡലങ്ങളിലും ആളിപ്പടർന്നു. 'പഞ്ചവടിപ്പാല" നിർമ്മാണങ്ങളുടെ പേരിൽ, ഇല്ലാത്ത രോഗത്തിന് വേണ്ടാത്ത സ്‌കാനിംഗിന്റെ പേരിൽ.... അങ്ങനെ, അങ്ങനെ...

സാംസ്‌‌കാരിക കേരളം പ്രതികരിക്കാൻ കഴിയാതെ പകച്ചുനിന്നു. ''ഒന്ന് മരിച്ചുകിട്ടിയിരുന്നെങ്കിൽ" എന്ന് സ്വയം വിലപിക്കുന്ന സുമനസുകൾക്കായി ശിഷ്‌ടഭാഗം സമർപ്പിക്കുന്നു.

3.5 കോടിയോളം വരുന്ന മലയാളികളിൽ ഭൂരിഭാഗവും ഗ്രാമീണരാണ്. ആകൃതിയിലും ഘടനയിലും വേറിട്ടുനിൽക്കുന്ന ഗ്രാമങ്ങൾ. ഇതര സംസ്ഥാനങ്ങളിൽ ഗ്രാമീണർ ഒരിടത്ത് കൂട്ടമായി താമസിക്കുന്നു. കൃഷിപ്പാടങ്ങൾ അകലെ. കേരളത്തിലോ - ഒരു വീട് മുമ്പിൽ മുറ്റം, ചുറ്റും നിറഭംഗിയുള്ള ചെടികൾ, ഓരം ചേർന്ന് ഒരു കിണർ. അടുത്ത വീടും ഇതുപോലെ. സ്‌തുത്യർഹമാണ് ഈ ഘടന. നമ്മുടെ ഗ്രാമങ്ങൾ സുന്ദരം തന്നെ. ജീവിതവും സുന്ദരമാകണം. അതിനായി ഒരു പ്ളാൻ അവതരി​പ്പി​ക്കുന്നു. സംഗതി​ സുതാര്യമാക്കാൻ അക്കമി​ട്ട് എഴുതുന്നു.

ദൃഢനിശ്ചയം

'കിഴവനും കടലും" എന്ന നോവലിലെ വൃദ്ധനാണ് ഇവിടെ റോൾ മോഡൽ. കടലിന്റെ ഉള്ളിന്റെ ഉള്ളിൽ, വിശപ്പും ദാഹവും പ്രായവും മറന്ന് പരിക്ഷീണനായ വൃദ്ധനും, കരുത്തും ശക്തിയും കൊണ്ട് ബലവാനായ മീനും തമ്മിൽ ദിവസങ്ങൾ നീണ്ടുനിന്ന 'ജീവന്മരണ പോരാട്ടം" പതറി​യി​ല്ല, ചൂണ്ടയി​ലെ പി​ടി​ ഒന്നുകൂടി​ മുറുക്കി​, സാഗരം സാക്ഷി​യാക്കി​, അലറി​ ''നിനക്കെന്നെ കൊല്ലാൻ കഴിയും... തോൽപ്പിക്കാനാവില്ല. ആ ദൃഢനിശ്ചയം വിജയം കണ്ടു. സംരംഭങ്ങളുടെ വിജയരഹസ്യം പങ്കാളികളുടെ ദൃഢനിശ്ചയം തന്നെയാണ്.

പങ്കാളികൾ

1. ഗ്രാമഭരണം പഞ്ചായത്തിനാണ്. വാർഡ് മെമ്പർ, പ്രസിഡന്റ്, പഞ്ചായത്ത് സെക്രട്ടറി, ഈ മൂവർ സംഘം, ദൃഢനിശ്ചയത്തോടെ പ്രവർത്തിച്ചാൽ വിജയം സുനിശ്ചിതം.

2. പദ്ധതികൾ പ്രാവർത്തികമാക്കി വിജയിപ്പിക്കും എന്ന ദൃഢനിശ്ചയത്തിലാണ് കൃഷി, ആരോഗ്യ വിഭാഗം ഓഫീസർമാർ.

3. തങ്ങളെ സഹായിക്കാൻ തയ്യാറായി എത്തിയവരെ ഇരുകൈകളും നീട്ടി സ്വീകരിക്കുകയാണ് ഗുണഭോക്താക്കളായ ഗ്രാമീണർ. പങ്കാളികൾ ഒന്നും, രണ്ടും, മൂന്നും കൂടിയുള്ള കൂട്ടായ പ്രവർത്തനം ദൈവനിശ്ചയമായി കാണണം.

4. പദ്ധതികളുടെ പൂർണ വിജയത്തിന് പഞ്ചായത്തിൽ രണ്ടു പ്രസ്ഥാനങ്ങളുടെ പ്രവർത്തനം അനിവാര്യമാണ്.

ഫാർമേഴ്സ് ക്ളബ്

വിത്ത്, വളം, ഉപകരണം, തൈകൾ തുടങ്ങി സർവതും ഇവിടെ കിട്ടും. ഇവിടെ പ്രവർത്തിക്കുന്ന കാന്റീൻ, ഗ്രാമീണർക്ക് ഒത്തുചേരാനും അനുഭവങ്ങൾ പങ്കുവയ്ക്കാനും പൊട്ടിച്ചിരിക്കാനുമുള്ള ക്ളബ് കൂടിയാണ്.

ലീഗൽ സെൽ

ഗ്രാമീണർക്കിടയിലുണ്ടാകാവുന്ന പരാതികളും തർക്കങ്ങളും കേട്ട് ന്യായമായ പരിഹാരം കാണുന്ന മഹദ് പ്രസ്ഥാനം. മെമ്പർ, പ്രസിഡന്റ്, സെക്രട്ടറി രണ്ട് ലീഗൽ വിദഗ്ദ്ധർ (സിവിൽ, ക്രിമിനൽ പൊലീസ് ഓഫീസർ) ഇവരുൾപ്പെടുന്ന സെൽ. പരമാവധി കേസുകൾ കോടതിയിൽ പോകില്ലെന്ന് ഈ സംവിധാനം ഉറപ്പു നല്കുന്നു.

കർമ്മരംഗം

തിളങ്ങട്ടെ

മുൻകൂട്ടി തയ്യാറാക്കിയ പ്ളാൻപ്രകാരം കുറച്ച് വീടുകളിൽ കൃഷി ഓഫീസറുടെ നേതൃത്വത്തിൽ പങ്കാളികളുടെ സാന്നിദ്ധ്യത്തിലും സഹകരണത്തിലും വിത്തുകൾ നടുന്നു. സമാന്തരമായി ഹെൽത്ത് വിഭാഗത്തിന്റെ നേതൃത്വത്തിൽ മത്സ്യ മാർക്കറ്റിന്റെയും, കശാപ്പ് ശാലകളുടെയും ശുചിത്വം ഉറപ്പാക്കുന്നു. ഒപ്പം ഉപയോഗയോഗ്യമായവ മാത്രം വിൽക്കപ്പെടുന്നു.

കൃഷിയിൽ പ്രാവീണ്യം നേടിയ കൃഷി ഓഫീസറുടേയും ആരോഗ്യ പരിപാലനത്തിൽ പരിശീലനം കിട്ടിയിട്ടുള്ള ഹെൽത്ത് ഓഫീസറുടേയും സേവനമേഖല ഫീൽഡ് മാത്രമാണ്. ഗുമസ്തപ്പണിയല്ല. കൃഷി ഓഫീസർ ഗ്രാമീണരുടെ 'ദൈവമായി' മാറുമ്പോൾ, ദൈനംദി​ന പരി​ശോധനയി​ലൂടെ ചീയാത്ത മീനും, മാംസവും ഉറപ്പുവരുത്തുന്ന ഹെൽത്ത് ഓഫീസർ നോൺ​വെജുകാരുടെ 'ദൈവമായി" മാറുന്നു.

ആരോഗ്യം

ഉറപ്പാക്കാൻ

ശുദ്ധവായു, ശുദ്ധജലം, ഭക്ഷണം, കായികാദ്ധ്വാനം, സന്തോഷം, സംഘർഷമില്ലായ്മ ഇത്രയുമായാൽ ആരോഗ്യം ഉറപ്പായി. കൃഷിയും കായികാദ്ധ്വാനവും അനുപൂരകങ്ങളാണ്. വിത്തുകൾ മുളയ്ക്കുന്നതും തളിരിടുന്നതും പൂക്കൾ വിടരുന്നതും കായ്‌കൾ കൊണ്ട് നിറയുന്നതും, വട്ടികൾ നിറയെ വിഭവങ്ങൾ കൊയ്യുന്നതും എല്ലാമെല്ലാം ഗ്രാമീണർക്ക് സന്തോഷവും, സംതൃപ്തിയും സമ്പത്തും വാരിക്കോരി കൊടുക്കുന്നു. പിണങ്ങാനും പരാതിപ്പെടാനും സമയമില്ല. സംഘർഷത്തിന് വിട. ഗ്രാമത്തെ തഴുകിയെത്തിയ ഇളംതെന്നലും പറയും 'ഈ നാട് സുന്ദരമാണ്".

ലേഖകന്റെ ഫോൺ: 9995674502

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KERALA
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.